നിങ്ങളോട് ഒരാൾ ഒരു രഹസ്യം വെളിപ്പെടുത്തുകയാണെന്ന് വിചാരിക്കുക. അയാളെ സംബന്ധിക്കുന്ന ഒരു രഹസ്യമാണെ. അപ്പോൾ നിങ്ങൾക്ക് എന്തായിരിക്കും തോന്നുക. ആ രഹസ്യം എന്തുമായിക്കൊള്ളട്ടെ. അയാൾ നിങ്ങൾക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് ചിന്തിക്കാം. അയാൾക്ക് നിങ്ങളിലുള്ള വിശ്വാസമാണ് അത് കാണിക്കുന്നതെന്ന് ചിന്തിക്കാം. പക്ഷെ, അങ്ങനെയാണോ? ഞാൻ ഒരു രഹസ്യം പറഞ്ഞപ്പോഴാണ് ഇതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്നത്.
രഹസ്യം… ഈ രഹസ്യം എന്ന് പറയുന്നത് പല ലയറായിട്ടുണ്ട്. ചിലപ്പോൾ രഹസ്യം ഒരു മറയായി ഉപയോഗിക്കാൻ സാധിക്കും. ആർക്കും ചേതമില്ലാത്ത ഒരു രഹസ്യം വെളിപ്പെടുത്തിയാൽ അതിന് താഴെയുള്ള പരമപ്രധാനമായ രഹസ്യം വളരെ സുരക്ഷിതമായിരിക്കുമെന്ന് ചിന്തിക്കാം. ഒരുപാട് രഹസ്യം പറയുന്നവന്, മറയ്ക്കാൻ ഏറെ ഉണ്ടെന്ന് കരുതുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. സാമ്പത്തികശാസ്ത്രത്തിലെ ‘കോക്രോച് തിയറി’ പോലെ….
———————————–
NB: ജോസ് സാർ ക്ലാസ്സിൽ പറയാറുണ്ടായിരുന്നു. “ആണായാൽ ചാണകം വേണം. ചാണകത്തിൽ ഒരു കോണകം വേണം”.
അയ്യേന്നോ! ഒന്നൂടെ നിർത്തി നിർത്തി വായിക്കടോ… ആണായാൽ ( ഞങ്ങടെ ബോയ്സ് സ്കൂൾ ആയിരുന്നെ) ചാണ് അകം വേണം ആ ചാണ് അകത്തിൽ ഒരു കോണ് അകം വേണം. ആണായാലും പെണ്ണായാലും ഒരു വലിയ മനസ്സ് വേണം. ആ മനസ്സിൽ ഒരു ചെറിയ ഭാഗം ആരേം കാണിക്കാതെ വെക്കണം എന്ന്.
ശൂ..ശൂ… ഇതൊന്നും ആരോടും പറയല്ലേ.🤭 ഇതൊക്കെ ഒരു രഹസ്യമായി തന്നെ നിങ്ങടെ കോണകത്തിൽ സൂക്ഷിച്ചോ.😛
💐💐💐💐💐💐💐💐💐💐💐💐