കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ…..”മണിമലയ്ക്ക് ബസ്?”
ആ ചോദ്യം പൂർത്തിയാക്കാൻ പോലും സമ്മതിക്കാതെ മുഖത്ത് അടിച്ചപോലാണ് മറുപടി കിട്ടിയത്.
“ഹാ .വണ്ടിയില്ല”
വേറെ ഒന്നും എനിക്ക് ചോദിക്കാൻ തോന്നിയില്ല. പുള്ളിയുടെ മറുപടി കേട്ടാൽ ഈ നാഗമ്പടം സ്റ്റാൻഡിൽ നിന്ന് ഒരു വണ്ടി പോലും ഞങ്ങടെ മണിമലയ്ക്ക് പോയിട്ടില്ലെന്ന് തോന്നിപ്പോകും.
രണ്ടും കൽപ്പിച്ച് കറുകച്ചാലിനുള്ള ചമ്പക്കര ബസിൽ കയറി. കറുകച്ചാലിൽ നിന്നാൽ ചങ്ങാനാശ്ശേരിന്ന് വരുന്ന മണിമലയ്ക്ക് ഉള്ള ബസ് ഉണ്ടേൽ, അത് കിട്ടുമല്ലോ എന്ന് കരുതിയാണ്, കേട്ടോ. ഇനി മണിമലയ്ക്ക് ബസ് കിട്ടിയില്ലേൽ വല്ല മൂഴിയ്ക്കുള്ള ബസിൽ കേറിയാൽ പത്തനാട് ഇറങ്ങാമല്ലോ. അവിടെ എത്തിപ്പെട്ടാൽ, അച്ഛനെ കൂട്ടാൻ വിളിക്കാമല്ലോ. ഞാൻ ആലോചിച്ചു. ജീവിതത്തിലും ഇത് തന്നെ അല്ലെ നടക്കുന്നത്. ലക്ഷ്യത്തിൽ എത്തുമോ എന്ന് ഉറപ്പില്ലാത്ത കുറെ യാത്രകൾ. പക്ഷെ അതിന് ധൈര്യം തരുന്ന ശക്തികൾ.
——————————————
ബസിൽ.. പുതുപ്പള്ളി കഴിഞ്ഞപ്പോഴാണ് സീറ്റ് കിട്ടിയത്. ഏറ്റവും പുറകിലെ സീറ്റിൽ ഞാൻ ഇരുന്നു. അപ്പോഴാണ് ഒരു അപ്പൂപ്പൻ ബസിൽ കയറിയത്. പാവം വളരെ കഷ്ടപ്പെട്ട് പിടിച്ച് പിടിച്ച് ആണ് കയറിയത്. എന്നത്തേയും പോലെ ഞാൻ വെയിറ്റ് ചെയ്തു. ആരേലും എഴുന്നേറ്റ് കൊടുക്കാൻ ഞാൻ കുറച്ചു കാത്തു നിന്നു. ( ആർക്കേലും നന്മ ചെയ്യാനുള്ള അവസരം ഞാനായിട്ട് ഇല്ലാണ്ടാക്കേണ്ടാ എന്ന് കരുതിയാണെ😉) പക്ഷെ, ആരും അത് ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ തന്നെ എഴുന്നേറ്റ് കൊടുത്തു. ആ അപ്പൂപ്പനെ ഇരിക്കാനും ഞാൻ സഹായിച്ചു. പക്ഷെ, ടിക്കറ്റ് എടുക്കാനായി കണ്ടക്ടർ വന്നപ്പോഴാണ് അപ്പൂപ്പൻ വണ്ടി മാറി കയറിയതാണെന്ന് അറിഞ്ഞത്.
ആ അപ്പൂപ്പൻ അടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങി. പക്ഷെ, അപ്പോഴേക്കും ആ സീറ്റ് വേറൊരു ചെറുപ്പക്കാരൻ വന്നു കൈയടക്കിയിരുന്നു. സീറ്റുകളോട് ഒരു പുച്ഛ ഭാവം കാട്ടി ഞാൻ ആ നിൽപ്പ് തുടർന്നു.
———————————————
വീട്ടിൽ എത്തി…. “ഉണ്ണിമാമന് ഇത് വേണോ?”
രണ്ട് ചുവന്ന മുളക് കാട്ടി ശബരി (എന്റെ നാല് വയസ്സുള്ള എന്തിരവൻ) ചോദിച്ചു.
“വേണ്ടാ , മാമന് എരിക്കും ശബരി.”
“ഒരു കാര്യം പറേട്ടേ. ശബരിക്ക് ഫുൾട്ടോസിലുള്ള മുളക് ഭയങ്കര ഇഷ്ടാ.” ( ഫുൾട്ടോസ് – കുർകുറെ പോലുള്ള ഒരു സാധനം. ഇപ്പോൾ നാട്ടിലൊന്നും അവന് ഇഷ്‌ടപ്പെട്ട ഈ ഫുൾടോസ് കിട്ടാത്തൊണ്ട്, ഫുൽടോസിന്റെ മലയാളമാണ് കുർകുറെ എന്ന് പറഞ്ഞാണ് അവന്റെ ശാഠ്യം ഇപ്പോൾ നിയന്ത്രിക്കുന്നത്.😆)
“അതിന് ഫുൾട്ടോസിലെ ഈ മുളക് കാണാമോ?”
“അതിന്റെ കവറിൽ കാണാല്ലോ?”
കവറിൽ പറയുന്നത് എല്ലാമൊന്നും സത്യമാകില്ല. രുചി കിട്ടാൻ അഡിറ്റിവ്സ് എന്തേലും ഇട്ടതാണെന്ന് എനിക്ക് പറയാൻ തോന്നി. പക്ഷെ, ഞാൻ പറഞ്ഞില്ല. കാരണം അവൻ കുഞ്ഞല്ലേ?.. കള്ളങ്ങൾ അറിയാതെ, ചതികൾ ഈ ലോകത്ത് ഉണ്ടെന്ന് മനസിലാകാതെ കുറച്ച് നാൾ കൂടി അവൻ ദേവനായി ജീവിക്കട്ടെ.
കുറെ നാൾ കഴിഞ്ഞാൽ അവനും എല്ലാം മനസ്സിലാകുമല്ലോ.