“താനാ ഈ കൊഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നേ. അല്ലെ? ”
മാനസ പ്രണവിന്റെ മുന്നിൽ ഭദ്രകാളി രൂപം പൂണ്ട് പറഞ്ഞു.
ക്ലാസ്സിലെ മോണിറ്ററായി തിരഞ്ഞെടുത്ത മാനസയെ അനുസരിക്കേണ്ട എന്ന ആണ്കുട്ടികളുടെ ആ തീരുമാനത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് അവളെ കൊണ്ട് ഇങ്ങനെ പറയിച്ചത്.
ഇംഗ്ലീഷ് പീരിയഡ് കഴിഞ്ഞ്, ബോര്ഡിൽ ഗീത ടീച്ചർ എഴുതി വച്ചത് പ്രണവ് നോട്ടിലേക്ക് പകർത്തി എഴുതി കൊണ്ടിരിക്കുകയായിരുന്നു.( ഹാ.. ആ ക്ലാസ്സിൽ ഡെസ്ക്കിലെന്നു പറഞ്ഞതായിരുന്നല്ലോ. അതുകൊണ്ട്, ബെഞ്ചിന് പുറകിൽ ചെരുപ്പ് വച്ച്, അതിൻമേൽ മുട്ടുക്കുത്തി നിന്നാണ് എല്ലാവരും ക്ലാസ്സിൽ നോട്ടുകൾ എഴുതിയിരുന്നത്.)
അങ്ങനെ എഴുതി കൊണ്ടിരിക്കുമ്പോഴാണ് മാനസയുടെ ഈ താണ്ഡവം.
“താനാ ഈ കൊഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നേ. അല്ലെ? ഞാൻ തന്നെയായിരുന്നു അഞ്ചാം ക്ലാസ്സിലെം മോണിറ്റര്. ഒരു കൊഴപ്പോം ഈ ചെക്കന്മാർക്ക് അപ്പൊയില്ലാരുന്നല്ലോ. ഇപ്പൊ എന്തെരായിങ്ങനെ?”
പ്രണവ് തല ഉയർത്തി നോക്കി. എന്നിട്ടവൻ എഴുന്നേറ്റു . നേരെ നിന്ന്, മുഖത്ത് നോക്കി മറുപടി പറയാനായി.
“തനിക്ക് അവരെ നിയന്ത്രിക്കാൻ പറ്റുന്നില്ലേൽ, കളത്തിട്ട് പോണം. അല്ലാതെ ബാക്കി ഉള്ളവനെ ‘ചെറയാൻ’ വരരുത്.”
അവൻ ആ തിരുവന്തപുരം സ്ലാങ് ഉപയോഗിച്ചതിൽ അവൻ തന്നെ അത്ഭുതപ്പെട്ടുപോയി.
“താൻ വല്യ നേതാവ് കളിക്കൊന്നും വേണ്ട കേട്ടാ.. ഞാൻ പോയി ടീച്ചരോട് പറഞ്ഞ് കൊടുക്കും.”
അവളുടെ ആ ഭീഷണി അവനെ ശരിക്കും ദേഷ്യം പിടിപ്പിച്ചു.
പ്രണവ് കുറച്ചു കൂടി അടുത്ത് ചെന്ന് പതുക്കെ, എന്നാൽ ഉറച്ചൊരു സ്വരത്തിൽ പറഞ്ഞു.
“നീ പോയി പറയടി. എനിക്കൊരു ചുക്കുമില്ല..”
രണ്ടുപേരും മുഖം തിരിച്ചു. അവൾ നടന്ന് പോയി അവളുടെ സീറ്റിൽ ഇരുന്നു. എന്നിട്ടും ദേഷ്യം മാറാതെ, മാനസ പ്രണവിനെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവനും വിട്ടുകൊടുത്തില്ല…. ഉഷ ടീച്ചർ ക്ലാസ്സിൽ വരുന്നത് വരെ ….
അന്നേ ദിവസം ഇന്റർവെല്ലിനെല്ലാം രണ്ടു പേരും അനോന്യം മുഖം വീർപ്പിച്ചു തന്നെ നടന്നു.
ആ ദിവസം ഉച്ച കഴിഞ്ഞുള്ള ഡ്രിൽ പീരിയഡാണ് രണ്ടു പേരും മുഖാമുഖം വരുന്നത്.
പ്രണവിന് ഒരു പ്രശ്നമുണ്ടായിരുന്നു. ആരും തന്നോട് പിണങ്ങിയിരിക്കുന്നത് അവന് തീരെ ഇഷ്ടമല്ല. ഇതിപ്പോൾ ആദ്യമായിട്ടാണ് ഒരു പെണ്കുട്ടി അവനോട് ദേഷ്യപ്പെടുന്നതും, അവൻ ഒരു പെണ്കുട്ടിയെ ‘എടി’ എന്നു ദേഷ്യത്തിൽ വിളിക്കുന്നതും.
പക്ഷെ നേരിട്ട് ക്ഷമ ചോദിക്കാൻ അവന്റെ ഈഗോ അവനെ അനുവദിച്ചില്ല. ഷെറീനയ്ക്കൊപ്പം നടന്ന് ഗ്രൗണ്ടിലേക്ക് നടക്കുകയായിരുന്ന അവളെ തടഞ്ഞ് നിർത്തി അവൻ സംസാരിച്ചു.
“കുട്ടി, എന്തേലും പ്രശ്നം തോന്നിയെങ്കിൽ ഇപ്പോൾ എല്ലാം പറഞ്ഞു തീർക്കണം. ഇങ്ങനെ ഒരു മുഖം കണ്ടോണ്ടിരിക്കാൻ പറ്റാത്തൊണ്ടാ.” വാക്കുകളിൽ വന്ന മയം പക്ഷെ, അവന്റെ സ്വരത്തിലോ ഭാവത്തിലോ ഇല്ലായിരുന്നു.
അവൾ കുറച്ച് അഹങ്കാരത്തോടെ തന്നെ അതിന് മറുപടി പറഞ്ഞു.
“അതിന് പ്രശ്നമൊന്നും ഇല്ലലോ. ഇനി താൻ എന്തരേലും ഉണ്ടാക്കിയാൽ ഞാൻ തന്റെ ചേച്ചിയോട് ചെന്ന് പറയും?”
ദേ.. അടുത്ത ഭീഷണി. അതിനിടയിൽ അവന്റെ ചേച്ചിയെങ്ങനെ വന്നു..?
“ടീച്ചറോട് പറഞ്ഞാൽ പോരെ?. അത് എന്തിന് എന്റെ ചേച്ചിയോടൊക്കെ പറയണം. ഇയാൾക്ക് എന്റെ ചേച്ചിയെ അതിന് അറിയാമോ?” പ്രണവ് ചോദിച്ചു.
“ഓ.. അറിയാം. രേഷ്മയെ കൊണ്ട് അന്ന് ചോദിപ്പിച്ചില്ലേ? അത് ഞാനാ. എന്റെ ചേച്ചിയാ ഇയാളുടെ ചേച്ചീടെ കൂടെ പഠിക്കുന്നേ.”
ഓഹോ.. ഈ പെണ്കുട്ടികൾക്ക് ആണ്കുട്ടികളെ ഒരു കാര്യവുമില്ലാതെ പൊട്ടൻ കളിപ്പിച്ചിട്ടു എന്ത് സുഖമാണ് കിട്ടുന്നത്. അവൻ ചിന്തിച്ചു.
ചേച്ചി ഇതൊക്കെ അറിയുന്നതിൽ അവന് വലിയ താല്പര്യം ഇല്ലായിരുന്നു എന്നതായിരുന്നു സത്യം.
ഏയ്.. ചേച്ചിയെ പേടിച്ചിട്ട് ഒന്നുമല്ല കേട്ടോ. ഒരു ചെറിയ ഭയം.😢
അവൾ നടന്ന് അകന്നപ്പോൾ, പ്രണവ് അണ്ണാക്കിൽ പിരിവെട്ടിയ പോലെ അവിടെ നിന്നു… ആ പൊരി വെയിലിൽ…
💐💐 💐💐 💐💐 💐💐
ആ ഷൊർട്കട്ട് റോഡ് കഴിഞ്ഞ് മെയിൻ റോഡിലേയ്ക്ക് കയറാൻ തുടങ്ങുകയായിരുന്നു ആ രണ്ട് പേർ.
“ഇയാൾക്ക് അപ്പൊ ട്യൂഷൻ ഒന്നുമില്ലേ?”
പ്രണവ് ക്ലാസ്സിൽ ഈ ചോദ്യം ചോദിച്ച എല്ലാവരും അവിടെയുള്ള ഏതെങ്കിലും ഒരു ട്യൂഷൻ സെന്ററിൽ പഠിക്കുന്നവരായിരുന്നു. നളന്ദ, തക്ഷശില എന്നൊക്കെ പേരുകളുള്ള ആ ട്യൂഷൻ സെന്ററുകളിൽ പോലും ഒരു ക്ലാസിന് തന്നെ പല ഡിവിഷനുകൾ ഉണ്ടായിരുന്നു.
ഇതുവരെ പഠിച്ച ഒരു സ്ഥലത്തും പ്രണവ് ട്യൂഷന് പോയിട്ടില്ല. അവന് എന്തേലും സംശയം തോന്നിയാൽ തന്നെ, വീട്ടിൽ അവന്റെ ചേച്ചിയുണ്ടല്ലോ. മാനസയും ഏതേലും ഒരു ട്യൂഷൻ സെന്ററിന്റെ പേര് പറയുമെന്ന് തന്നെ ഓർത്താണ് അവനത് ചോദിച്ചത്. പക്ഷെ അവളുടെ മറുപടി ഇതായിരുന്നു.
“ഇല്ല.. ട്യൂഷന് പോകുന്നില്ല. എന്തെരെലും ഡൗട്ട് വന്നാൽ എന്റെ ചേച്ചിയുണ്ടല്ലോ.”
പ്രണവിന് താനും അങ്ങനെ തന്നെയാണെന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എന്തോ.. (മാനസയുടെ ശബ്ദത്തിൽ പറഞ്ഞാൽ -‘എന്തെരോ’-..) അവനത് പറയാൻ തോന്നിയില്ല.
മെയിൻറോഡ് എത്തി. അവന് മാനസയോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ വന്നു. അവൻ ചിന്തിച്ചു. ഇപ്പോൾ എല്ലാം കൂടെ ചോദിച്ചാൽ എങ്ങനെ ശരിയാകും? പിന്നെത്തേയ്ക്കും എന്തെങ്കിലും ചോദിക്കാൻ വേണ്ടേ?
ആ പാടത്തിന്റെ സൈഡിലൂടെയുള്ള വഴിയിൽ എത്തിയപ്പോൾ റോഡ് നിറയെ കുട്ടികളായിരുന്നു. മാനസ അവളുടെ കൂട്ടുകാരി അനുജയെ കണ്ടിട്ട് അവളുടെ കൂടെ നടന്നു. പ്രണവിനും കിട്ടി കൂട്ട്. അജീഷിനെയും പിന്നെ ആറ് എ-യിലെ അരുണിനെയും.
അവൾ അനുജയുടെ വേഗത്തിനൊപ്പം നടന്ന് നീങ്ങിയപ്പോൾ, പ്രണവിന് ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു. പക്ഷെ കൂട്ടുകാരോട് തലേ ദിവസത്തെ ക്രിക്കറ്റ് കളിയെക്കുറിച്ച് വളരെ സീരിയസായി സംസാരിക്കുകയായിരുന്ന പ്രണവ്, അത് കണ്ടില്ലെന്ന് നടിച്ചു.
പ്രണവ് ക്ലാസ്സിൽ ചെന്നതും ഒമ്പത് അമ്പതിന്റെ ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു. നേരത്തെ ക്ലാസ്സിൽ എത്തിയ മാനസ ബ്ലാക്ക് ബോർഡ് ക്ലീൻ ചെയ്ത്, അതിൽ അന്നത്തെ തീയതി എഴുതാൻ തുടങ്ങുകയായിരുന്നു. അവൾ പ്രണവ് കയറി വരുന്നത് ശ്രദ്ധിച്ചിരുന്നു. അവൻ അടുത്തെത്തിയതും അവൾ ആരോടോയെന്ന പോലെ ചോദിച്ചു.
“ഇന്ന് എന്തെരാരുന്നു ദിവസം?”
പ്രണവ് ചിരിച്ചു കൊണ്ട് അതിന് ഉത്തരം പറഞ്ഞു.
“തുടങ്ങിയപ്പോൾ മോശമായാ തോന്നിയേ. പക്ഷെ ഇപ്പോ ഒരു നല്ല ദിവസം പോലെ തോന്നുന്നു. എന്തേ?”
അത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അവൾ തീയതി ബോര്ഡില് എഴുതി.
ഓഹോ…അപ്പോൾ തീയതി അറിയാഞ്ഞിട്ടല്ല ഭവതി ചോദിച്ചത്. പ്രണവ് മനസ്സിൽ ഓർത്തു. അവൻ സീറ്റിലേക്ക് പോയി.
മാനസ പ്രാർത്ഥനാഗാനം പാടാൻ കൂട്ടുകാരികൾക്കൊപ്പം ഓഫീസ് കെട്ടിടത്തിലേക്ക് പോയി. അടുത്ത ബെൽ അടിച്ചപ്പോൾ മൈക്കിലൂടെ ആ ഗാനം ഒഴുകി.
കൈകൂപ്പി, കണ്ണുകൾ അടച്ചു നിന്ന പ്രണവ് ആ ശബ്ദം മാത്രം വേറിട്ടു കേട്ടു.
ചന്തമേറിയ പൂവിലും ശബളാഭമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളർക്ക-
രശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങു-
മീശനെ വാഴ്ത്തുവിൻ!*
(തുടരും..)
അടുത്ത ഭാഗം വായിക്കൂ @
http://sreekanthan.in/2020/08/14/mazhathullikal_07/
💐💐 💐💐 💐💐 💐💐
*പുഷ്പവാടി – കുമാരനാശാൻ.
One reply on “മഴത്തുള്ളികൾ ooo6”
കഥയിലെ ലോകത്തിലേക്ക് കൂടുതൽ മുഴുകിപ്പോവുന്നു മനസ്സ് … സുന്ദരം 🥰
LikeLiked by 1 person