മാനസയും പ്രണവും തമ്മിലുള്ള പ്രശ്നങ്ങൾ ദിവസം ചെല്ലുംതോറും വലുതായിക്കൊണ്ടിരിക്കുക ആയിരുന്നു. അവർ നേരിട്ട് ഇടപ്പെട്ട് കാര്യങ്ങൾ വഷളാക്കിയതല്ല. ബാഹ്യമായ കുറെ സംഭവങ്ങൾ അതിന് കാരണമായി ഭവിക്കുകയായിരുന്നു.
അതിൽ ഒന്ന് ആമോസിനെ ഗീത ടീച്ചർ ആണ്കുട്ടികളുടെ മോണിറ്റർ ആക്കിയതായിരുന്നു. അതിന് പുറകിൽ പ്രവർത്തിച്ച കരങ്ങൾ പ്രണവിന്റേത് മാത്രമാണെന്ന് അവൾ വിശ്വസിച്ചു.
വേറൊന്ന് മലയാളം പീരിയഡിൽ നടന്ന ഒരു സംഭവമായിരുന്നു.
ഹാ… അത് പറയാം.
അവരെ മലയാളം പഠിപ്പിച്ചിരുന്നത് വർക്കി സാറായിരുന്നു. കാഴ്ചയിൽ തന്നെ ഒരു രസികൻ. അമ്പത് കഴിഞ്ഞ പ്രായം. മുഖത്ത് എപ്പോഴും ഒരു കുസൃതി ചിരി. ഒരു കൂളിംഗുള്ള ഗ്ലാസ് വച്ച്, പാന്റും ഷർട്ടും ഒക്കെ ഇട്ട്, സ്റ്റൈലായാണ് സാർ ക്ലാസ്സിൽ വന്നിരുന്നത്. പക്ഷെ സാറിനു ചേരുന്നത് ഒരു വെള്ളമുണ്ടും ഷർട്ടുമാണെന്ന് എല്ലാവർക്കും തോന്നിയിരുന്നു. തമാശകൾ ഒരുപാട് പറയുന്ന വർക്കി സാറിന്റെ ക്ലാസ് എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു.
ഏറ്റവും രസം അതല്ല. സാറിന്റെ ക്ലാസിൽ മലയാളം മാത്രമേ സംസാരിക്കാവൂ. ആദ്യ ദിവസം മാത്രമേ സാർ കുട്ടികളെക്കൊണ്ട് ‘ഗുഡ് ആഫ്റ്റർ നൂൻ’ പറയിച്ചുള്ളൂ. ഇപ്പോൾ എല്ലാവരും സാറ് ക്ലാസ്സിൽ വരുമ്പോൾ ആശംസിക്കുന്നത് ‘വന്ദനം’ എന്നാണ്.
സാറിന്റെ മറ്റൊരു പ്രത്യേകത, സാർ കഥാഭാഗങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കില്ല എന്നതായിരുന്നു. അത് പോസിറ്റീവായി പറഞ്ഞാൽ, സാർ കാവ്യ ഭാഗങ്ങൾക്കാണ് കഥാഭാഗങ്ങളെക്കാൾ പ്രാധാന്യം കൊടുക്കുന്നതെന്ന് പറയാം.
പദ്യം പഠിപ്പിക്കുമ്പോൾ, വിശദമായി രണ്ടു പീരിയഡൊക്കെയെടുത്താണ് അർത്ഥവും അതിന്റെ ആസ്വാദന രീതികളുമൊക്കെ സാറ് പറഞ്ഞു തന്നിരുന്നത്. അത് കഴിഞ്ഞുള്ള പീരിയഡ്, സാർ ആ പദ്യം കുട്ടികളെ കൊണ്ട് കാണാതെ എഴുതിപ്പിക്കും. അക്ഷരതെറ്റിലാതെ എഴുതുന്നവർക്ക് പിന്നെ ആ പീരിയഡ് ക്ലാസ്സിൽ ഇരിക്കേണ്ട, കളിക്കാൻ ഗ്രൗണ്ടിലേക്ക് പോകാം. എഴുതി തെറ്റിയവർ എഴുതി ശരിയാക്കുന്നത് വരെ, പിന്നീടുള്ള എല്ലാ മലയാളം പീരിയഡുകളിലും ഇത് തുടരും.
അന്നൊരു ദിവസം വള്ളത്തോളിന്റെ ‘തൃപ്പതാക’ എന്ന പദ്യം എഴുതിപ്പിക്കുന്ന ദിവസമായിരുന്നു.
പ്രണവിന് മലയാളം പദ്യങ്ങൾ പഠിക്കാൻ വളരെ താത്പര്യമുണ്ടായിരുന്നു. എല്ലാ തവണയും വർക്കി സാർ പദ്യം കാണാതെ എഴുതിപ്പിക്കുമ്പോൾ, അവനായിരിന്നു ആദ്യം എഴുതി കാണിച്ചിട്ട് കളിക്കാൻ പോയിരുന്നത്. ഹാ.. ഒരു കാര്യം പറയട്ടെ. ക്ലാസ് തുടങ്ങിട്ട് ആകെക്കൂടി രണ്ട് പദ്യമേ എഴുതിച്ചിട്ടുള്ളൂ. കേട്ടോ?. ആദ്യം എഴുതിത്തീർക്കുന്നതിൽ അവിടെ ചെറിയൊരു മത്സരം മാനസയും പ്രണവും തമ്മിൽ രൂപപ്പെട്ട് വരുന്നുണ്ടായിരുന്നു.(ഹെല്ത്തി കോമ്പറ്റീഷൻ എന്നൊക്കെ പറയില്ലേ? അതാണ്.. പക്ഷെ അത് അന്ഹെല്തിയായി മാറി കൊണ്ടിരിക്കുകയായിരുന്നു എന്ന് വേണം കരുതാൻ.)
“പോരാ പോരാ നാളിൽ നാളിൽ ദൂരെ ദൂരെമുയരട്ടെ ഭാരതക്ഷ്‌മദേവിയുടെ തൃപ്പതാകകൾ
ആകാശപൊയ്കയിൽ…..”
പ്രണവ് വളരെ പെട്ടെന്ന് തന്നെ എഴുതി. അവന്റെ കൈയക്ഷരം വളരെ മോശമായിരുന്നു. അപ്പോൾ പിന്നെ ധൃതിയിൽ എഴുതുമ്പോൾ അതിനെപ്പറ്റി കൂടുതൽ പറയുകയും വേണ്ട. കഷ്ടിച്ചു വായിക്കാം അത്ര തന്നെ.
എന്നത്തെയും പോലെ, അവൻ തന്നെ ആദ്യം എഴുതി കഴിഞ്ഞു. സാറിന്റെ മേശപ്പുറത്ത് നോട്ട് വച്ചു. സാർ ക്ലാസിന് വെളിയിൽ എവിടെയോ പോയതായിരുന്നു. പക്ഷെ, സാർ തിരിച്ചു വന്നപ്പോഴേയ്ക്ക് ആ മേശ ബുക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു.
സാർ അനുജയെ സഹായത്തിനായി വിളിച്ചു..നോട്ട് നോക്കാൻ…. ഒപ്പം ഒരു നിർദ്ദേശവും അനുജയ്ക്ക് കൊടുത്തു. അക്ഷരത്തെറ്റ് മാത്രമല്ല, എഴുത്തിന്റെ വൃത്തിയും നോക്കണമെന്ന്. പ്രണവിന്റെ ബുക്ക് അനുജയുടെ കൈയിലാണ് കിട്ടിയത്. അവന്റെ ആ എഴുത്ത് ആരു നോക്കിയാലും ഒന്നുകൂടി എഴുതിക്കൊണ്ടു വരാൻ പറയുമായിരുന്നു. (കൈയക്ഷരം അത്രയ്ക്ക് മോശമാണെന്ന് പറഞ്ഞതാണല്ലോ.) അതു തന്നെയാണ് അനുജയും ചെയ്തത്. പക്ഷെ അത് തനിക്ക് കിട്ടിയ വലിയൊരു അടിയായിയാണ് പ്രണവിന് തോന്നിയത്.
അവൻ രണ്ടാമത് പരമാവധി വൃത്തിയായി എഴുതി കാണിച്ചാണ്, പിന്നെ ഗ്രൗണ്ടിലേക്ക് ചെല്ലുന്നത്.
അവിടെ ഒരു കശുവണ്ടിമാവിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു അനുജയും മാനസയും. അവനെ കണ്ടതും അവർ ആക്കിയൊരു ചിരി.
ഓഹോ…
ആ ചിരി മതിയായിരുന്നു, അവനെക്കൊണ്ട് രണ്ടാമതും എഴുതിപ്പിച്ചത് മാനസയുടെ താൽപ്പര്യം ആണെന്ന് അവന് തോന്നാൻ.
പ്രണവ് പല്ലിറുമ്മിക്കൊണ്ട് കോട്ടയം കുഞ്ഞച്ചനിലെ ആ ‘ശ്രീ വിരുദ്ധ‘ ഡയലോഗ് ഓർത്തു.
😡
“ടാ പ്രണവേ ടാ, നീ ഉത്തോലകം പഠിച്ചോ?”
ആനന്ദ് ചോദിച്ചു.
“മുഴവൻ നോക്കിയിട്ടില്ല. തൊടക്കം മാത്രം.. ഉത്തോലകത്തത്വങ്ങൾ നോക്കിയിട്ടില്ല…”
രാവിലെ ഇന്റർവെൽ കഴിഞ്ഞുള്ള പീരിയഡായിരുന്നു ഉഷ ടീച്ചർ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞത്. അതുകൊണ്ട് തന്നെ ആ ഇന്റർവെല്ലിന് എല്ലാവരും തകൃതിയായി അത് നോക്കുകയായിരുന്നു.
ആനന്ദിനോട് എന്തോ തമാശ പറഞ്ഞ് ചിരിക്കുകയായിരുന്ന പ്രണവിന്റെ മുന്നിലേയ്ക്ക് ആ സമയം മാനസ വന്നു. എന്ത് പറയാനായിരിക്കും വന്നത്? പ്രണവ് ഒരു ചെറിയ അത്ഭുതത്തോടെ തന്നെ അവളെ നോക്കി.
അവൾ ആനന്ദിനെ നോക്കി ചോദിച്ചു.
“ഈ ഐസ്ടോങ്‌സ് എന്തരാ?…”
“ഐസ് ടോങ്സോ??” ആനന്ദ് മിഴിങ്ങസ്യായിരുന്നു..
അവൾ ഒന്നുകൂടെ തെളിച്ചു പറഞ്ഞു.
“ഈ മൂന്നാം വർഗ്ഗ ഉത്തോലകത്തിന്റെ ഉദാഹരണമായി കൊടുത്തിരിക്കുന്നത് ഇല്ലേ..? അത്..” അത് അവൾ ചോദിച്ചപ്പോൾ പ്രണവിനെ കൂടെ ഒന്ന് നോക്കിയിരുന്നു.
അപ്പോഴാണ് മാനസ പ്രണവിനോടാണ് ചോദിക്കുന്നത് എന്ന് ആനന്ദിന് വ്യക്തമായത്. ആനന്ദ് ഒന്നും പറയാതെ അവിടുന്ന് മാറി.
“ഉച്ചയ്ക്ക് അറിഞ്ഞാൽ മതിയോ?” പ്രണവ് പെട്ടെന്ന് തന്നെ മാനസയോട് തിരിച്ചു ചോദിച്ചു.
“അടുത്ത പീരിയഡ് അല്ലെ, സയൻസ്? അറിയാങ്കിൽ ഇപ്പൊ പറഞ്ഞു തന്നൂടെ..?” അവൾ പരിഭവപ്പെട്ടു.
“ഹോ.. ഇപ്പൊ പറഞ്ഞുത്തരാൻ സാധിക്കില്ല. വേണങ്കിൽ ഉച്ചയ്ക്ക് പറയാം..”
മാനസ പിന്നെ ഒന്നും പറഞ്ഞില്ല. അവൾ ആ ചോദ്യം ചോദിച്ചതിനെ കളിയാക്കിയപ്പോലെയാണ് അവൾക്ക് തോന്നിയത്.
എന്തായാലും സയൻസ് പീരിയഡ് കഴിഞ്ഞു. ഉഷ ടീച്ചർ ചോദ്യം ചോദിക്കുന്നതിനെ പറ്റി ഓർത്തതുമില്ല. ആരും തന്നെ ടീച്ചറിനെ ഓർമ്മിപ്പിച്ചതുമില്ല.
ഉച്ചയ്ക്കത്തെ ഇന്റർവെലായി. സാധാരണ അനുജയ്ക്കൊപ്പം ഗ്രൗണ്ടിൽ പോയിരിക്കാറുള്ള മാനസ ഇന്ന് ഒരിടത്തും പോകാതെ ക്ലാസ്സിൽ തന്നെ ഇരിക്കുകയാണ്.(ശെടാ… ഈ പൊട്ടൻ പ്രണവിന് ഇതൊന്നും മനസ്സിലാകുന്നില്ലേ??)
ഉച്ചയ്ക്കത്തെ ഇന്റർവെൽ കഴിഞ്ഞു ബെൽ അടിക്കാറായപ്പോഴാണ് പ്രണവ് മാനസയോട് ചോദിച്ചത്. (അയ്യോ… ഒരു സമയനിഷ്ഠയൊക്കെ ഈ കാര്യത്തിൽ പാലിക്കണ്ടേ??😢..)
“ഐസ് ടോങ്‌സ് എന്താന്ന് അറിയണ്ടേ?.. എന്റെ കൂടെ വാ കാട്ടിത്തരാം.”
“ശോ.. ഇപ്പൊ ബെൽ അടിക്കും. എങ്ങോട്ടാ?”
“ഒട്ടും സമയം എടുക്കില്ല. ദാ പോയി ദേ വന്നു..”
അവൾ അവനെ വിശ്വസിച്ച് ഒപ്പം നടന്നു. ചന്ദ്രൻ ചേട്ടന്റെ കടയുടെ നേർക്കാണ് പ്രണവ് നടന്നത്. അവിടെ അവർ എത്തുന്നതിന് മുൻപ് തന്നെ ബെൽ അടിച്ചു.
പ്രണവ് “പെട്ടെന്ന് ” എന്ന് പറഞ്ഞുകൊണ്ട് നടപ്പിന്റെ വേഗത കൂട്ടി. അവർ രണ്ടു പേരും ചന്ദ്രൻ ചേട്ടന്റെ പെട്ടിക്കടയുടെ മുന്നിൽ.
ബെൽ അടിച്ചപ്പോൾ തന്നെ കടയുടെ മുന്നിലെ എല്ലാ കുട്ടികളും അവിടെ നിന്ന് പോയിരുന്നു. ഇപ്പോൾ അവിടെ മാനസയും പ്രണവും മാത്രം.
മാനസയുടെ മുഖത്ത് ഒരു പരിഭ്രമം. ഈ പ്രണവ് എന്താണ് ചെയ്യാൻ പോകുന്നത്? ക്ലാസ്സിൽ സമയത്ത് കേറിയില്ലെങ്കിൽ ഗീത ടീച്ചർ വഴക്കു പറയില്ലേ?
പക്ഷെ ആ പരിഭ്രമം പ്രണവിന്റെ മുഖത്ത് ഇല്ലായിരുന്നു. അവൻ ചന്ദ്രൻ ചേട്ടനോട് പറഞ്ഞു.
“ചേട്ടാ.., ഒരു ഗുലാബ് ജാമുൻ എടുത്തെ..പെട്ടെന്ന്”
ഒരു രണ്ടു രൂപത്തുട്ട് നീട്ടിക്കൊണ്ടായിരുന്നു അവൻ അത് പറഞ്ഞത്.
ചന്ദ്രൻ ചേട്ടൻ ഗുലാബ് ജാമുൻ എടുത്ത് ഒരു ചെറിയ ഒരു കഷ്ണം പേപ്പറിൽ വച്ച് പ്രണവിന് കൊടുത്തു.
പ്രണവ് അപ്പോൾ തന്നെയത് മാനസയ്ക്ക് നീട്ടി.
“ഇതിനായിരുന്നോ?” മാനസ വാങ്ങാനൊന്ന് മടിച്ചു.
“പെട്ടെന്ന് മേടിക്ക്, ക്ലാസ്സിൽ കയറേണ്ട?.” പ്രണവ് പറഞ്ഞു.
അവൾ അത് വാങ്ങിച്ചു. അതിന്റെ പകുതി പ്രണവിന് കഴിക്കാൻ നീട്ടി. എന്നിട്ട് രണ്ടു പേരും ക്ലാസ്സിലേക്ക് ഓടി. ആ ഗുലാബ് ജാമുൻ കഴിച്ചു കൊണ്ട്.
ഭാഗ്യം… ക്ലാസ്സിൽ ഇതുവരെ ടീച്ചർ എത്തിയിട്ടില്ല. എന്തോ സ്റ്റാഫ് മീറ്റിങ് നടക്കുകയായിരുന്നു അപ്പോൾ. ടീച്ചർ വരാൻ ഇനിയും കുറച്ച് സമയമെടുക്കുമെന്ന് തോന്നുന്നു. പ്രണവും മാനസയും ക്ലാസ് എത്താറായപ്പോൾ, ഓട്ടത്തിന്റെ വേഗം കുറച്ച് അന്യോന്യം നോക്കി.
പ്രണവ് ചോദിച്ചു.
“എങ്ങനുണ്ട്?”
മാനസ ഒരു പരിഭവത്തോടെ പറഞ്ഞു.
“ഇതിനാരുന്നല്ലേ? ഗുലാബ് ജാമുൻ എല്ലാരും കഴിച്ചിട്ടുള്ളതല്ലേ.. അതിനെന്താരാ പ്രത്യേകിച്ച്?”
“അപ്പോൾ കുട്ടി ശ്രദ്ധിച്ചില്ലേ?”
“എന്തെര്”
“ചന്ദ്രൻ ചേട്ടൻ ഗുലാബ് ജാമുൻ ആ സ്ഫടികഭരണിയിൽ നിന്ന് എടുക്കാൻ ഉപയോഗിച്ച ഒരു സാധനം.”
അവൻ ചിരിച്ചു കൊണ്ട് തുടർന്നു.
“അതിനാണ് ബേക്കറിടോങ് എന്ന് പറയുന്നത്… അത് പോലെ തന്നെ ഇരിക്കുന്നതാ ഐസ്ടോങ്ങും..”
മാനസയുടെ മനസ്സിൽ ആ ഗുലാബ് ജാമുന്റെ മധുരം ഇരട്ടിക്കുന്നതായി തോന്നി.
(തുടരും…)
അടുത്ത ഭാഗം വായിക്കൂ.. @
http://sreekanthan.in/2020/08/21/mazhathullikal_08/
💐💐 💐💐 💐💐 💐💐
2 replies on “മഴത്തുള്ളികൾ ooo7”
മധുരം ഇനിയുമിനിയും ഇരട്ടിക്കട്ടെ 🥰
LikeLiked by 1 person
👍
LikeLiked by 1 person