വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo5

ഉച്ചയ്ക്ക് കഴിക്കാനായുള്ള ചോറും കറിയും വീട്ടിൽ നിന്ന് രാവിലെ തന്നുവിടുന്നതിൽ ഉണ്ണിയുടെ അമ്മയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ, ആ അമ്മയ്ക്ക് അങ്ങനെ ചെയ്യുന്നതിലായിരുന്നു തൃപ്തി. പക്ഷെ ഉണ്ണി അത് മനസ്സിലാക്കിയിരുന്നില്ല. അവൻ വെള്ളനാട് സ്കൂളിൽ ചേർന്നതിന്റെ അടുത്ത ആഴ്ച്ച അമ്മയോട് പറഞ്ഞു.

“ഇനി ചോറ് തന്നു വിടേണ്ട അമ്മേ. ഞാൻ സ്കൂളിന്ന് കഞ്ഞി കുടിച്ചൊള്ളാം.”

അവൻ സോഷ്യലിസത്തിന്റെ ആദ്യപാഠങ്ങൾ സ്കൂളിൽ നിന്ന് പഠിക്കാൻ തുടങ്ങിയിരുന്നു എന്ന് വേണം കരുതാൻ.

ഓരോ ക്ലാസ്സിലും കഞ്ഞി വിളമ്പാൻ ഓരോരുത്തരെ ഒരാഴ്ചത്തേക്ക് ക്ലാസ്സിന്ന് തിരഞ്ഞെടുക്കും. ഈ ആഴ്ച്ച അവരുടെ ക്ലാസ്സിൽ നിന്ന് വിഷ്ണുവിനെയായിരുന്നു അതിന് തിരഞ്ഞെടുത്തത്.

ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ട് വരെയാണ് ബ്രേക്ക്. ഒന്നിന് ബെൽ മുഴങ്ങിയപ്പോൾ തന്നെ വിഷ്ണു കഞ്ഞിപ്പെരയിലേക്ക് പോയി. ഓരോ ക്ലാസ്സിനും സേപ്പരെട് ഓരോ ബക്കറ്റ് അവിടെ വച്ചിട്ടുണ്ട് പോലും. അത് എടുത്തുകൊണ്ട് ക്ലാസ്സിൽ വന്ന് എല്ലാവർക്കും വിളമ്പി കൊടുക്കണം. അതാണ് വിഷ്ണുവിന്റെ ഈ ആഴ്ചത്തെ ഡ്യൂട്ടി.

വിഷ്ണു വരുമ്പോഴേയ്ക്ക് പാത്രമൊക്കെ എടുത്ത്, കൈ കഴുകി എല്ലാവരും റെഡിയായി ഇരുന്നു. ആണ്കുട്ടികൾക്ക് കൈ കഴുകാൻ വെളിയിൽ പോകേണ്ട ആവശ്യം ഇല്ലായിരുന്നു. കാരണം അവർ ഇരിക്കുന്ന ആ വശത്തെ ഓലമേടഞ്ഞ ഭിത്തിയുടെ കുറച്ച് ഭാഗം കീറി ഇരിപ്പുണ്ട്. അതു വഴിയാണ് അവർ കൈ കഴുകുന്നത്. പെണ്കുട്ടികളെ ആരേം അങ്ങോട്ട് അടുപ്പിക്കുകയുമില്ല ആ കപീന്ദ്രന്മാർ.

ചൂട് കഞ്ഞിയും പയറും. പിന്നെ ചന്ദ്രൻ ചേട്ടന്റെ കടയിൽ നിന്ന് പിരിവിട്ട് വാങ്ങിയ അച്ചാർ. അച്ചാറൊക്കെ എന്ത് പിരിവിട്ട് വാങ്ങാനാണ് എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിച്ചത്.

പ്രണവ് ഇരിക്കുന്ന ബെഞ്ചിലെ എല്ലാവരും ചേർന്ന് ഒരു ചെറിയ തുക എല്ലാ ആഴ്ചയും തമ്മിൽ പിരിക്കാൻ തീരുമാനിച്ചിരുന്നു. ആ ‘കുബേര ഫണ്ടിൽ’ നിന്നാണ് അവർ അച്ചാറിനുള്ള കാശ് എടുത്തത്. പുതിയ ഒരു മെമ്പർ എന്ന പേരിൽ മെംബെർഷിപ് ഫീസായി പ്രണവിന്റെ പത്തു രൂപയായിരുന്നു അതിലെ ആദ്യ നിക്ഷേപം. ആനന്ദിനായിരുന്നു ആ ഫണ്ടിന്റെ ചുമതല. ചുമതല എന്ന് പറഞ്ഞാൽ – പൈസ കൈയിൽ സൂക്ഷിക്കണം, അച്ചാറോ മുട്ടായിയോ പോയി വാങ്ങണം, പിന്നെ എല്ലാത്തിനും ഒരു കണക്ക് വെക്കണം. അത്രേ ഉള്ളൂ. ആനന്ദിനെ ഏല്പിച്ചതിന് ഒരു കാരണമുണ്ട്. കൂട്ടത്തിൽ ഒരു പേഴ്സ് ക്ലാസ്സിൽ കൊണ്ട് വരുന്നത് അവൻ മാത്രമായിരുന്നു.

സത്യത്തിൽ ആ പേഴ്സിന്റെ ഉള്ളിൽ ക്രിക്കറ്റ് കളിക്കാരുടെ കുറെ കാർഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം പ്രണവിനെ ആനന്ദ് ആ കളക്ഷൻ കാണിച്ചതായിരുന്നു. ഹോ .. സച്ചിന്റെ കാർഡുകൾ മാത്രം ഉണ്ടായിരുന്നു.. ഇരുപതിൽ കൂടുതൽ.

അയ്യോ.. നമ്മുടെ ടോപികീന്ന് മാറി പോയി. ചൂട് ആവി പാറുന്ന കഞ്ഞിയും പയറും…

പ്രണവിന് കഞ്ഞി വാങ്ങാനായി അന്ന് ഒരു ചോറ്റു പാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാവർക്കും പരന്ന സ്റ്റീൽ പാത്രമുണ്ടായിരുന്നു.

നാളെ അങ്ങനെയുള്ള ഒരു സ്റ്റീൽ പാത്രം എന്തായാലും കൊണ്ടു വരണമെന്ന് അവൻ ചിന്തിച്ചു. ചോറ്റു പാത്രത്തിൽ കഴിച്ചാൽ ചൂടാറാനായി കൂടുതൽ നേരം വേണ്ടിവരും.

അതുകൊണ്ടു ബാക്കിയുള്ള ആണ്കുട്ടികൾ എല്ലാം കഴിച്ച് കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് പോയപ്പോഴും, പ്രണവ് കഴിച്ചു കഴിഞ്ഞിരുന്നില്ല.

അന്നേരം അവൻ ഒറ്റയ്ക്ക് ആ ക്ലാസ്സിൽ…. ബാക്കി മുഴുവൻ പെണ്കുട്ടികൾ. ഹോ.. അവൻ വേഗം കഞ്ഞി കുടിച്ച് പാത്രം കഴുകാൻ പോയി. തിരിച്ച് ക്ലാസ്സിൽ പാത്രം വയ്ക്കാൻ തിരിച്ച് വന്നപ്പോൾ, പെണ്കുട്ടികൾ കുറെ പേർ അവന്റെ അടുത്തേയ്ക്ക് വന്നു.

പുതിയ ആളെ പരിചയപ്പെടൽ ആയിരുന്നു അവരുടെ ലക്ഷ്യം.. വിശദമായി.

“പ്രണവിന്റെ ചേച്ചീടെ പേര് പ്രവീണ എന്നല്ലേ? ഒമ്പത് ബി യിലല്ലേ പഠിക്കുന്നെ?”

കൂട്ടത്തിൽ അവന് പേരറിയാത്ത ഒരു കണ്ണാടി വച്ച പെണ്കുട്ടി ചോദിച്ചു. അവന്റെ മുഖത്ത് ഒരു അത്ഭുതഭാവം പ്രതീക്ഷിച്ചു കൊണ്ട്.

അവൻ പക്ഷെ, അത്ഭുതപ്പെട്ടില്ല. അത്ഭുതപ്പെടാതെ അഭിനയിച്ചു എന്നു പറയുന്നതാവും ശരി. അവൻ സാധാരണ പോലെ അവളോട് പറഞ്ഞു.

“അതെ… കുട്ടിടെ ആരേലും എന്റെ ചേച്ചീടെ കൂടെ പഠിക്കുന്നുണ്ടാവും. അല്ലെ?”

അത്ഭുതപ്പെടാതിരുന്നതിലുള്ള നിരാശ അവളുടെ മറുപടിയിൽ ഉണ്ടായിരുന്നു.

“ഹും… ന്റെ ചേച്ചിയുണ്ട്.. ആ ക്ലാസ്സിൽ”

കൂട്ടത്തിലുള്ള ഒരു കുട്ടിയിൽ നിന്ന് അവൻ ചോദ്യം പ്രതീക്ഷിച്ചു. അവൾ എന്തോ ചോദിക്കാനും വന്നതായിരുന്നു. അപ്പോഴേക്ക് വേറൊരുത്തി… (അയ്യോ.. ഒരുത്തിയെന്ന് അവന്റെ വിഷമം കണക്കിലെടുത്തു പറഞ്ഞതാ…) മറ്റൊരു പെണ്കുട്ടി വേറെ എന്തോ ചോദിച്ചു.

അവന് അതിനും ഉത്തരം നൽകി. അപ്പോഴേക്ക് അവൻ ഒരു ചോദ്യമാരിൽ നിന്നാണോ പ്രതീക്ഷിച്ചത്, ആ പെണ്കുട്ടി അവിടെ നിന്നും പോയിരുന്നു.

ആ കണ്ണാടിക്കാരിയ്ക്ക് ഇനിയും ചോദ്യം ഉണ്ടായിരുന്നു.

“പ്രണവ് നന്നായി പാടില്ലേ? ഒരു പാട്ട് പാടിക്കെ..”

ഇതൊരു റാഗിംഗിന്റെ ടോണിലേയ്ക്ക് മാറുന്നു എന്നവന് തോന്നി. സത്യം പറയണമല്ലോ, അവൾ അവിടെ നിന്നിരുന്നെങ്കിൽ അവൻ ഒരു ശ്രമം പാട്ടിൽ നടത്തിയെന്നേ.. ഇനിയിപ്പോ..

“പോകിനടിയെല്ലാം… ഇതെന്താ റാഗിംഗോ..!”

പ്രണവ് തമാശയുടെ രൂപത്തിലാണ് ഇതു പറഞ്ഞു അവരെയെല്ലാം ഓടിച്ചത്.


💐💐 💐💐 💐💐 💐💐


അവൾ ധൃതിയിൽ നടക്കുന്നതിനിടയിൽ സമയം എത്രയായെന്നു പ്രണവിനോട് ചോദിച്ചു.

രാവിലെ അവർ സ്കൂളിലേക്ക് വന്ന ആ ബസ് പഞ്ചറായത് നമ്മൾ കണ്ടതായിരുന്നല്ലോ. അങ്ങനെ അവർ താമസിച്ചാണ് വെള്ളനാട് ബസ് സ്റ്റാൻഡിൽ അന്ന് എത്തിയതെന്നും പറഞ്ഞിരുന്നു.

പ്രണവിനൊപ്പം സ്കൂളിലേക്ക് നടക്കുകയായിരുന്ന മാനസയ്ക്ക് സമയത്തു ക്ലാസ്സിൽ എത്താൻ പറ്റുമോ എന്ന് പേടിയുണ്ടായിരുന്നു. അത് അവളുടെ ആ നടപ്പിൽ നിന്ന് വ്യക്തവുമായിരുന്നു. പക്ഷെ പ്രണവിന്റെ വേഗതയിൽ ഉള്ള ലക്ഷ്യം, അവളുടെ ഒപ്പം എങ്ങനെയെങ്കിലും എത്തണമെന്ന് മാത്രമായിരുന്നു.

തന്റെ മിക്കി മൗസിനെ അവളെ കാണിക്കാതെ അവൻ ഒരു ഒതുക്കത്തിൽ വാച്ച് നോക്കി സമയം പറഞ്ഞു.

“ഒമ്പത് നാൽപ്പതാകുന്നു”

മാനസ പറഞ്ഞു.

“ഹോ.. എന്തെര് ആയാലും സമയം ഉണ്ട്. നമ്മൾ തമസ്സിച്ചിട്ടില്ല..”

അവളുടെ ആ സ്ലാങ് കേട്ട് അവന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അവൻ ചിരിക്കുന്നത് എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല. അവൾ നടപ്പിന്റെ വേഗം കുറച്ച് അവന്റെ ഒപ്പം എത്തി.

“എന്തെര് ചിരിക്കണത്”

“ഞാൻ തിരുവനന്തപുരം വന്നിട്ട് കുറച്ച് നാളായതല്ലെ ഉള്ളൂ. ഈ സ്ലാങ് കേൾക്കുമ്പോൾ ചിരി വരും അതാ..സോറി..”

“വോ.. അതെക്കോ ഇപ്പൊ ശരിയാകൂന്ന്.. ഈ തിരോന്തരത്തു കൊറച്ചു നാളൂടെ നിന്നാ മതി.”

അവർ ഒരു കുളത്തിന്റെ സമീപം എത്തി. നീന്തല് പഠിപ്പിക്കുന്നുണ്ടെന്ന കാര്യം അവിടെ എഴുതി വച്ചിട്ടുണ്ട്. അത് കണ്ട് പ്രണവ് പറഞ്ഞു.

“ഓ.. ഇവിടെ നമ്മൾ കുട്ടികൾക്കും ചേരാൻ പറ്റുമോ?”

“വോ.. പിള്ളേർക്ക് വേണ്ടിയുള്ളതാണ്. ഇയാക്ക് നീന്തല് അറിയാമോ?”

മാനസ അവനോട് ചോദിച്ചു.

സത്യത്തിൽ അവന് നീന്താൻ അറിയില്ലായിരുന്നു. അവന്റെ സ്വന്തം വീട് മണിമലയാറിന്റെ തീരത്ത് ആയിരുന്നു. എന്നിട്ടും അവന് നീന്തൽ അറിയില്ല എന്ന് പറയുന്നത് മോശമല്ലേ?

“ഹാ.. പഠിച്ചിട്ടുണ്ട്.”

ഒരു കള്ളം പറയുമ്പോൾ, അതിന് കൂടുതൽ അലങ്കാരം പാടില്ലെന്ന് അവന് അറിയാമായിരുന്നത് കൊണ്ടാണോ അവൻ അതിനോട് കൂടെ ഒന്നും ചേർക്കാതിരുന്നത്?

“ചേരാനാണേൽ ഞാൻ ഇടുത്തെ തോമസ് മാഷിനെ പരിചയപ്പെടുത്തി തരാം. ഞാൻ ഇവിടെയാണ് പ്രാക്ട്ടീസ് ചെയ്യുന്നേ. അവധിയുള്ളപ്പോ വന്ന്”

അവളിൽ നിന്ന് പ്രണവ് ഇത് പ്രതീക്ഷിച്ചില്ല. അവള് ഒരു പഠിപ്പിസ്റ്റ്, ‘പൊട്ടിക്കാളി’ ആയിരിക്കുമെന്നാ അവൻ വിചാരിച്ചത്.

ശെടാ .. അവൻ പറഞ്ഞത് കള്ളമാണെന്ന് ഇങ്ങനെയാണേൽ ഇവൾ മനസ്സിലാക്കുമല്ലോ!😢

നൈസായി ടോപിക് അങ് മാറ്റാനായി അവൻ അവളോട് ചോദിച്ചു.

“ഓഹോ.. കുട്ടി പാട്ടൊക്കെ പാടുന്ന ആളാണെന്ന് കേട്ടപ്പോൾ, ആർട്സിന്റെ ആളാണെന്നാ ഞാൻ വിചാരിച്ചെ..”

“പാട്ട് ചെറുതായിട്ടെള്ളൂ. ഇതാണ് മെയിൻ. ജില്ലാ മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്…സ്വിമ്മിങ്ങില്”

“ആഹാ.. അതുശരി. ഞാൻ പക്ഷെ സ്പോർട്സിൽ ഒന്നിനുമില്ല. ആർട്സിന്റെ ആളാ..”

അവളോട് പൊരുതി നിൽക്കാനായി അവന് ഇതേലും പറഞ്ഞില്ലേൽ മോശമല്ലേ?

“എന്തെരൊക്കെ ഐറ്റമാരുന്നു?”

അവൻ പറയുന്നത് കള്ളമാണോ എന്ന് ഉറപ്പിക്കാൻ ചോദിച്ച പോലെ അവനത് തോന്നി.

“മോണോആക്ട്, കതാപ്രസംഗം, പദ്യോച്ചാരണം… അങ്ങനെയൊക്കെ..”

“എനിക്ക് കതാപ്രസംഗം ഭയങ്കര ഇഷ്ടാണ്. ഇയാള് എന്തെര് കതയാ പറയുന്നേ.?”

ആ കഥാപ്രസംഗം അവൻ ഓർത്തു. നമ്പൂരിയച്ഛനും കടുവയും.. നാലാം ക്ലാസിൽ അവനെ അവന്റെ സൂസമ്മ ടീച്ചർ പഠിപ്പിച്ചത്. അവൻ മനസ്സിൽ അതിലെ വരികൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

അവൻ അവളോട് ആ കഥയുടെ പേര് പറഞ്ഞു.

“നമ്പൂരിയച്ഛനും കടുവയും…ഡിഷ്‌”

ഒരു സിംബലിന്റെ ശബ്ദം ഉണ്ടാക്കിക്കൊണ്ടാണ് അവൻ അത് പറഞ്ഞത്. ആ കഥയുടെ പേര് കേട്ടിട്ടാണോ അതോ, അവന്റെ ആ പെർഫോമൻസ് കണ്ടിട്ടാണോ എന്തോ?.. അയ്യോ.. ആ കുട്ടി ചിരി നിർത്തുന്നില്ല..

അപ്പോഴാണ് അവൻ അവളുടെ ആ കൊന്ത്രപ്പല്ല് ശ്രദ്ധിക്കുന്നത്.

ഹോ..എന്റെ സാറേ… (അവന്റെ മനസ്സിൽ എന്തോ ഒന്ന് പിടഞ്ഞു.)

അവൻ അവളിൽ നിന്ന് കൂടുതൽ കേൾക്കാൻ ആഗ്രഹിച്ചു കൊണ്ട് ചോദിച്ചു.

“അപ്പൊ കുട്ടി പാട്ട് പഠിക്കുന്നില്ലേ?”

ചിരി ചെറുതായൊന്ന് മാറ്റി നിർത്തി അവൾ മറുപടി പറഞ്ഞു.

“കർണാടിക് പഠിച്ചു തൊടങ്ങിയാരുന്നു. നിർത്തി.. ഇപ്പൊ കഥകളി സംഗീതം പഠിക്കുന്നുണ്ട്.”

കഥകളി സംഗീതം അവനും വലിയ ഇഷ്ടമായിരുന്നു. അവന്റെ മണിമലയിലെ വീട്ടിൽ അതിന്റെ വലിയൊരു ശേഖരം തന്നെ ഉണ്ടായിരുന്നു. അവന്റെ മുത്തച്ഛൻ ഒരു കഥകളി ആസ്വാദകൻ ആണ്. അവന് കഥകളി സംഗീതം എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് അവന്റെ മുത്തച്ഛൻ വീട്ടിലെ ചാരുകസേരയിലിരുന്നുംകൊണ്ട് കലാമണ്ഡലം ഗംഗാധരനാശാൻ കർണശപഥം പാടുന്നത് ടേപ്പിൽ കേൾക്കുന്നതാണ്… അങ്ങനെയങ്ങനെ പാട്ട് കേട്ട്, മുറിക്കിക്കൊണ്ട്… ആ ചുണാമ്പിന്റെ മണവും ആ ശബ്ദവും. ആ..ആ

കർണശപഥത്തിലെ ഒരു വരി പെട്ടെന്ന് പ്രണവിന്റെ ഓർമ്മയിൽ വന്നു. അത് പാടാൻ ഇതിലും പറ്റിയ ഒരു സമയമില്ലെന്ന് അവന് തോന്നി. മഴയ്ക്ക് പിന്നാലെ വീശുന്ന ഒരു തണുത്ത കാറ്റ് അവന്റെ ശരീരവും മനസ്സും തൊട്ട് തലോടി പോയി. അവൻ ഒരു തണുത്ത ശ്വാസം മനസ്സിലേക്ക് എടുത്തു.

അവൻ മാനസയെ നോക്കി പാടി….

“എന്തിഹ മൻ മാനസേ.. സന്ദേഹം വളരുന്നു..”

അവൾ ഒരു നിമിഷം നിന്നു.

(അടുത്ത ഭാഗം വായിക്കൂ @

http://sreekanthan.in/2020/08/08/mazhathullikal_06/ ..)


ഞാൻ എഴുതിയ ഭാവനയ്ക്ക് രൂപം നൽകിയ ഭഗിനി നന്ദിനിയ്ക്ക് ഇവിടെ ഞാനൊരു നന്ദി പറഞ്ഞ് വെറുതെ ചളവാക്കുന്നില്ല.😊😊😊😊😁😁😁😁😃😃😃😃😄😄😄😄

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

6 replies on “മഴത്തുള്ളികൾ ooo5”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.