ഇന്നലെ ഒരു അസംബ്ലികൂടിയിട്ട് കുറെ കാര്യങ്ങൾ കുട്ടികളോട് വിശദീകരിച്ചു. അപ്പോൾ തന്നെ സ്കൂൾ വിടുകയും ചെയ്തു…. ആദ്യ ദിവസമായിരുന്നില്ലേ….. ആ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ആറാം ക്ലാസ്സിലേക്ക് ചേർന്ന എല്ലാ പുതിയ കുട്ടികൾക്കും കൂടിയായി ഒരു പുതിയ ഡിവിഷൻ ആരംഭിക്കുയാണെന്ന്.
🤔 . എല്ലാം പുതിയ കുട്ടികളാകുമ്പോൾ, അവരെല്ലാം ഈ പരിതസ്ഥിതിയുമായി പെട്ടെന്ന് ഒത്തുപോകാൻ കൂടുതൽ സമയം എടുത്തേക്കും. പഴയ കുട്ടികളുടെ കൂടെ ആണെങ്കിൽ, അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെ ഈ സ്കൂളുമായ് പെട്ടെന്ന് ഇണങ്ങി ചേരാൻ പുതിയ കുട്ടികൾക്ക് സാധിക്കുമെന്ന് തോന്നുന്നില്ലേ? പ്രണവ് പക്ഷെ, അങ്ങനെയൊന്നും ചിന്തിച്ചില്ലായിരുന്നു. ‘എന്നതായാലും’ അവനപ്പോൾ ഒരുപോലെ ആയിരുന്നു.
ഭാഗ്യമെന്നോ നിര്ഭാഗ്യമെന്നോ എന്നറിയില്ല, എന്തായാലും നമ്മുടെ പ്രണവ് പുതിയതായി തുടങ്ങിയ ആറ് എചിലേക്കല്ല ചേർക്കപ്പെട്ടത്. പുതിയ കുട്ടികളിൽ 45 പേര് ആറ് എചിലേക്ക് ചേർക്കപ്പെട്ടു. ബാക്കി ഉണ്ടായിരുന്ന 12 പേർ സ്ട്രെങ്ത് 45 തികച്ചില്ലാതിരുന്ന മറ്റ് ഡിവിഷനിലേക്ക് ചേർക്കപ്പെട്ടു.
ആ ‘സ്‌പെഷ്യൽ ട്വൽവിൽ’ ഉൾപ്പെട്ടതിനെ തുടർന്ന് പ്രണവ് ആറ് സി യുടെ വാതിൽക്കൽ മുൻപിൽ രാവിലെ വാ പൊളിച്ചു നിൽക്കുകയാണ്. വാതിൽക്കൽ എന്നുപറയാനായി വാതിൽ ഒന്നുമില്ലായിരുന്നു കേട്ടോ, അതുകൊണ്ടാ..( ഹാ.. ഒരു കാര്യം കൂടി പറയാം. നമ്മുടെ സ്റ്റൈലൻ സ്റ്റെല്ലയ്ക്ക് ആറ് എചിൽ തന്നെയാണെ കിട്ടിയത്. പിന്നെ, അവൻ ഇന്നലെ പരിചയപ്പെട്ട മറ്റൊരു സുഹൃത്ത്, ചെറുകുളംകാരൻ ജോസഫ്, അവനും ആറ് എചിലാണ് കിട്ടിയത്).
അവന് തോന്നിയ ഒരേയൊരു വിഷമം , അവന്റെ ഒപ്പം ആറ് സി യിലേക്ക് പുതിയതായി വന്ന ആരുമില്ലല്ലോ എന്നതായിരുന്നു.
പ്രണവ് ആറ് സിയിലേയ്ക്ക് വലത് കാൽവച്ചു കയറി. ഓലമേഞ്ഞ കെട്ടിടമാണെന്നു പറഞ്ഞതായിരുന്നല്ലോ. ഭിത്തി പോലും, സിമന്റ് കൊണ്ട് നിർമിച്ച ഒരു അരഭിത്തിയ്ക്ക് മുകളിലായി, ഓല കൊണ്ട് മേടഞ്ഞതായിരുന്നു.
ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികൾ പ്രണവിനെ ഒരു അന്യഗ്രഹജീവിയെ കണ്ട പോലെ നിരീക്ഷിച്ചു.
ആ ക്ലാസിൽ എന്തോ കുറവുള്ളപോലെ അവന് അപ്പോൾ തോന്നി. ഒന്നുകൂടെ നോക്കിയപ്പോൾ കാര്യം മനസ്സിലായി. കുറെ ബെഞ്ചുകൾ മാത്രമേ ഉള്ളൂ. ഡെസ്കുകൾ ഒന്നുമില്ല ക്ലാസ്സിൽ.
അതെന്തേങ്കിലുമാകട്ടെ.. പക്ഷെ ഈ അറെജ്മെന്റ്… ബെഞ്ചുകളുടെ..? ഒരു ഫുട്ബോൾ ക്ലബ്ബിന്റെ ഡ്രസിങ് റൂമിലെ അവൻ ഇങ്ങനെ ഒന്ന് കണ്ടിട്ടുള്ളൂ.(ടിവിയിലാണെ കണ്ടത്.) ക്ലാസ്സിന്റെ മൂന്നു ഭാഗത്തുമായി ബെഞ്ചുകൾ സൈഡ് ചേർത്ത് ഇട്ടിരിക്കുന്നു. പിന്നെ ഒത്ത നടുക്കായി രണ്ട് ബെഞ്ചുകൾ. നടുക്കത്തെ ആ രണ്ട് ബെഞ്ചിലും പിന്നെ വലതു വശത്തെയും പുറകിലെയും ബെഞ്ചിൽ മുഴുവൻ പെണ്കുട്ടികളാണ് ഇരിക്കുന്നത്. ആണ്കുട്ടികൾ സൈഡിൽ സൈഡ് ആയി ഇരിക്കുന്നു.
ഇവിടെയെങ്കിലും ആണ്കുട്ടികൾ ഒന്ന് സൈഡായിരിക്കട്ടെയെന്നവൻ, പക്ഷെ ചിന്തിച്ചില്ല.
അവൻ സ്ഥലമുണ്ടായിരുന്ന ഒരു ബെഞ്ചിലിരുന്നു. അടുത്തിരിക്കുന്ന കുട്ടിയെ പരിചയപ്പെട്ടു. ആനന്ദ്.. കൂടുതൽ എന്തേങ്കിലും ചോദിക്കുന്നതിന് മുൻപ് ക്ലാസ്സിലേക്ക് ഒരു ടീച്ചർ വന്നു.
“ഗുഡ് മോർണിംഗ് ടീച്ചർ..”
പ്രണവിന് ആ ടീച്ചറെ കണ്ടപ്പോൾ നാലാം ക്ലാസിലെ അവന്റെ ക്ലാസ് ടീച്ചർ ആയിരുന്ന മോളി ടീച്ചറെയാണ് ഓർമ്മ വന്നത്. എന്നും അവനെ ‘മോനെ’ എന്നു മാത്രം വിളിക്കാറുണ്ടായിരുന്ന അവന്റെ മോളി ടീച്ചർ.
വന്ന ടീച്ചർ ഒരു നല്ല ചിരിയോടെ കൈകെട്ടി മേശയിൽ ചാരിനിന്നു. എല്ലാവരെയും നോക്കി. എന്നിട്ട് സംസാരിച്ചു തുടങ്ങി.
“എന്റെ പേര് ഗീത. ഞാനാണ് നിങ്ങളുടെ ക്ലാസ് ടീച്ചർ. ഇംഗ്ലീഷും ഞാനാണ് നിങ്ങളെ പഠിപ്പിക്കുന്നത്. നിങ്ങൾ കൂടുതൽ പേർക്കും തമ്മിൽ അറിയാരിക്കുമല്ലോ. അല്ലെ? ഞാൻ മാത്രമല്ലെ ഇവിടെ പുതിയത്? അപ്പോൾ നമ്മക്ക് ഒരു കാര്യം ചെയ്യാം. നിങ്ങൾ രണ്ടുപേരായി വന്നു ഒരാൾ മറ്റെയാളിനെ എനിക്ക് പരിചയപ്പെടുത്തി തരണം..ഒക്കെ.. റെഡിയല്ലേ? ”
ക്ലാസ്സിൽ എല്ലാവരും അപ്പോൾ പ്രണവിനെ ചൂണ്ടി അവൻ ന്യൂ അഡ്മിഷൻ ആണെന്ന കാര്യം ടീച്ചറോട് പറഞ്ഞു. പ്രണവ് എഴുന്നേറ്റ് നിന്നു. ടീച്ചർ ചോദിച്ചു.
“മോന്റെ പേരെന്താണ്?”
“പ്രണവ് മോഹൻ”
“എന്നാൽ പ്രണവും എന്റെ കൂടെ വന്ന് നിൽക്ക്.. നമ്മുക്ക് രണ്ടുപേർക്ക് കൂടി എല്ലാരെയും പരിചയപ്പെടാം. വാ..”
പ്രണവ് ടീച്ചറിന്റെ ഒപ്പം പോയി നിന്നു.
രണ്ടു പേരായി വന്ന് ഒരാൾ മറ്റൊരാളെ പരിചയപ്പെടുത്തി കൊടുത്തുകൊണ്ടിരുന്നു. ഗീത ടീച്ചർ ഇടയ്ക്കിടെ കുറച്ച് ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. പ്രണവിനോടും ചോദിക്കാൻ ടീച്ചർ ആവശ്യപ്പെട്ടു.
അടുത്തതായി രണ്ട് പെണ്കുട്ടികളാണ് വന്നത്, തമ്മിൽ പരിചയപ്പെടുത്താൻ. അവരോട് പ്രണവ് ചോദ്യം ചോദിക്കുന്നതായിരിക്കും എന്ന് ഗീത ടീച്ചർ പ്രഖ്യാപിച്ചു.
“ഇവളുടെ പേര് അനുജ.. അനുജ കൃഷ്ണൻ. അരുവിക്കരയിൽ നിന്ന് വരുന്നു.”
“ഇവള് മാനസ സുകുമാരൻ. ആര്യനാട് ആണ് ഇവളുടെ വീട്. പിന്നെ ടീച്ചറെ, ഇവള് നന്നായി പാടും ..”
“ആഹാ..” ഗീത ടീച്ചർ എന്തോ പറയാൻ വന്നപ്പോഴേക്ക്, ഒരു നോട്ടീസ് കൊണ്ട് പ്യൂണ് വന്നു.
ടീച്ചർ മാറിയ ആ സമയം പ്രണവ് ചിന്തിച്ചു.
അയ്യോ.. ഞാൻ എന്ത് ചോദിക്കും. ആ കുട്ടിയോട് തന്നെ ചോദിക്കാം. ഒരു പാട്ട് പാടാൻ പറയണോ? ഏയ്.. വേണ്ട. വീട് ആര്യനാട് എന്നല്ലെ പറഞ്ഞത്.. ? അപ്പോൾ ആര്യനാട്ട് എവിടെയാണെന്ന് ചോദിക്കണോ?…
ഗീത ടീച്ചർ തിരിച്ചു വന്നു. എന്നിട്ട് ചോദിച്ചു.
“പിള്ളേരെ, നമ്മൾ എവിടെ പറഞ്ഞായിരുന്നു നിർത്തിയേ..?”
ഒരു ചുരുണ്ട മുടിക്കാരൻ വിളിച്ച് പറഞ്ഞു.
“പ്രണവിനെ കൊണ്ട് ഒരു ചോദ്യം.”
പ്രണവ് അവനെ ഒന്ന് സ്കെച്ച് ചെയ്തു. എടാ…
“വോ.. മോനെ പ്രണവേ നീ ചോദിക്കടാ”
ഗീത ടീച്ചർ പ്രണവിനോട് പറഞ്ഞു.
പ്രണവ് പെട്ടെന്ന് വായിൽ തോന്നിയ എന്തോ ചോദിച്ചു.
“വീട്ടിൽ ആരെക്കൊണ്ട് ?”
അനുജയാണ് ആ ചോദ്യം ഏറ്റെടുത്ത് ഉത്തരം പറഞ്ഞത്.
😕
💐💐 💐💐 💐💐 💐💐
ബസ്സിൽ നിൽക്കാൻ പോലും ഒട്ടും സ്ഥലമില്ലായിരുന്നു. മുന്പിൽ ഫുട്ബോൾ കളിക്കാനുള്ള കണ്ടക്ടർ പറഞ്ഞ ആ സ്ഥലം, പ്രണവ് ഇതുവരെ കണ്ടെത്തിയില്ല. അവന്റെ ബാഗ്, ബസ്സിൽ കയറിയപ്പോൾ തന്നെ ഇരിക്കുന്ന ആരെയോ ഏല്പിച്ചതായിരുന്നു. അതിപ്പോൾ എവിടെ ആണോ.. എന്തോ?
തിരക്ക് കാരണം കയറാൻ പറ്റാതിരുന്ന ബസിന്റെ തൊട്ട് പുറകിൽ വന്നതായിരുന്നു ഈ കെ.എസ്.ആർ.ടി.സി. അവിടെ ബസ് സ്റ്റോപ്പിൽ നിന്നവർ കയറിയപ്പോൾ തന്നെ ഈ ബസ്സും ഹൗസ് ഫുളായി.
ഇനി ആൾക്കാർ ആരേലും ഇറങ്ങാൻ ഉണ്ടെങ്കിൽ മാത്രം നിർത്തിയാൽ മതിയെന്ന് ആരോ ബസ്സിൽ വിളിച്ച് പറയുന്നു.
ബസിന്റെ മുന്നിൽ കൂടി കയറാൻ പോയ പ്രണവിനെ അവന്റെ ചേച്ചി കണ്ണുരുട്ടിയാണ്, ചേച്ചിയുടെ കൂടെ തന്നെ, പുറകിലെ വാതിലിൽക്കൂടെ കയറ്റിയത്. അത് കഴിഞ്ഞ് ചേച്ചിയെ ഇതുവരെ അവൻ കണ്ടില്ല. അവൻ ബസ്സിന്റെ ഏകദേശം നടുഭാഗത്ത് എത്തിയിരുന്നു.
ഭാഗ്യം മഴ നിന്നത്. അല്ലേൽ മുഴുവൻ അളിപിളിയായെനെ. പ്രണവ് ചിന്തിച്ചു.
ബസ് ചെറുകുളം എത്തി. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന അവന്റെ സുഹൃത്ത് ജോസഫിനെ ഒരു ‘റ്റാറ്റ’ കൊടുക്കാനെ അവന് പറ്റിയുള്ളൂ.
ബസ്സ് വെള്ളനാട് സ്റ്റാന്റിൽ എത്തിയപ്പോൾ ഒമ്പതര കഴിഞ്ഞിരുന്നു. പ്രണവ് വളരെ കഷ്ടപ്പെട്ട് ഫ്രണ്ടിലെ ഡോറ് വഴിയാണ് ഇറങ്ങിയത്. അവന്റെ ബാഗ് ഏതോ ഒരു നല്ല മനുഷ്യൻ താഴെ ഇറക്കി വച്ചിട്ടുണ്ടായിരുന്നു. അവൻ അതും എടുത്ത് പുറകിലെ ഡോറിലൂടെ അവന്റെ ചേച്ചി ഇറങ്ങുന്നത് നോക്കി നിന്നു.
ചേച്ചിയെ കാണുന്നില്ലലോ?
പെട്ടെന്ന് ആരോ ഉറക്കെ പിന്നിൽ നിന്ന് വിളിക്കുന്നു. ഒരു പരിചയമുള്ള വിളി.
“ടാ… കൊരങ്ങാ..എടാ..”
ചേച്ചി അവനേക്കാൾ നേരത്തെ ഇറങ്ങി, അവൻ വരുന്നത് നോക്കി കുറച്ച് മാറി നിൽക്കുകയായിരുന്നു.
അടുത്ത് ആ മാനസകൊച്ച് നിന്ന് ചിരിക്കുന്നുമുണ്ട്.
“പെട്ടെന്ന് വാടാ… ”
അവൻ കൂടുതൽ മാനഹാനി ഉണ്ടാകാതെ പെട്ടെന്ന് ചേച്ചിയുടെ അടുത്ത് ഓടി ചെന്നു. അപ്പോൾ ചേച്ചി മാനസയെ ചൂണ്ടി കാണിച്ചുകൊണ്ട് അവനോട് പറഞ്ഞു.
“നിങ്ങൾക്ക് ക്ലാസ്സിലോട്ട് പോകാൻ ഒരു ഷൊർട്കട്ട് ഉണ്ടെന്ന്. ഇവൾക്കതറിയാം. നീ കൂടെ ചെല്ലു. ഞങ്ങൾ പോവാ.. വൈകിട്ട് കാണാം..ശരി..”
ചേച്ചി ഇതും പറഞ്ഞു വേഗത്തിൽ അവിടെ നിന്ന് പോയി.
പ്രണവ് മോഹൻ, അവന്റെ അപ്രഖ്യാപിത ശത്രു മാനസ സുകുമാരന്റെ പിറകെ നടന്നു തുടങ്ങി.
എന്താല്ലേ…😢
………
💐💐 💐💐 💐💐 💐💐
അടുത്ത ഭാഗം വായിക്കൂ @
One reply on “മഴത്തുള്ളികൾ ooo4”
സ്കൂൾ കാലഘട്ടം..മറക്കാനാവാത്ത ഇന്നലെകളുടെ ആ വർണ്ണ ലോകത്തുകൂടെ ..🥰
LikeLiked by 1 person