വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo3

അച്ചാച്ചിയുടെ കൂടെ സ്കൂളിൽ ചേരാൻ വന്നപ്പോൾതന്നെ അവൻ അറിഞ്ഞതായിരുന്നു, പഠിക്കാൻ പോകുന്ന യു.പി സെക്ഷൻ, മെയിൻ ബിൽഡിങ്ങുകളിൽ നിന്ന് മാറി കുറച്ച് അകലെയാനുള്ളതെന്ന്. പക്ഷെ ഇത്ര ദൂരം അങ്ങോട്ട് ഉണ്ടാകുമെന്ന് നടക്കാൻ തുടങ്ങിയപ്പോൾ അവൻ കരുതിയിരിക്കില്ല. സ്കൂളിലേക്കുള്ള ആദ്യ ദിവസത്തിൽ വെള്ളനാട് ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങി, സ്കൂളിലേയ്ക്ക് നടക്കുകയായിരുന്നു നമ്മുടെ പ്രണവ് മോഹൻ.

കൂടെ ഉണ്ടായിരുന്ന ഒമ്പതാം ക്ലാസിലേയ്ക്ക് ചേരാൻ പോകുന്ന അവന്റെ ചേച്ചി, മെയിൻ ബിൽഡിങ്ങിലേയ്ക്ക് കയറുമ്പോൾ അവനോട് ചോദിച്ചതായിരുന്നു.

“ടാ … ഉണ്ണീ, നിന്നെ അവിടെ കൊണ്ടവിടണോ?”

ഹോ.. അവനത് മോശമല്ലേ? അവൻ വളർന്ന് ഒത്ത ഒരു ആണായില്ലേ? അവനാണ് ഇനി അവന്റെ ചേച്ചിയെ നോക്കേണ്ടത്. അല്ലാതെ ചേച്ചി അവനെ അല്ല. ചേച്ചിയുടെ സഹായം നിരസിക്കാൻ അവന് ഒരു വാക്കിന്റെ പോലും സഹായം ആവശ്യമില്ലായിരുന്നു.

“ഏയ്…” ഒരു ശബ്ദം മാത്രം മതിയായിരുന്നു.

അവൻ മുന്നോട്ട് നടന്നു.

പ്രണവിന്റെ അച്ചാച്ചി പോലീസ് ഡിപാർട്മെന്റിൽ ആയിരുന്നു. വർഷം തോറും ആ ജോലിയിൽ സ്ഥലമാറ്റം ഉണ്ടായിരുന്നതിനാൽ പ്രണവ് പല സ്കൂളുകളിലാണ് അവന്റെ പഠനം നടത്തിക്കൊണ്ടിരുന്നത്.

നാലാം ക്ലാസ് അവൻ കോട്ടയത്ത് എം.ഡി സെമിനാരി സ്കൂളിലാണ് പഠിച്ചത്. അഞ്ചാം ക്ലാസാകട്ടെ ഫോർട്ട് കൊച്ചിയിലെ എഡ്വേർഡ് മെമ്മോറിയൽ ഗവണ്മെന്റ് സ്കൂളിലും. മറ്റൊരു സ്ഥാന ചലനത്തിന്റെ ഭാഗമായാണ് ഇവിടെ ഇപ്പോൾ തിരുവനന്തപുരത്തെ വെള്ളനാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അവൻ എത്തി നിൽക്കുന്നത്.

സ്കൂളുകൾ മാറുന്നത്, ആദ്യമൊക്കെ വലിയ വിഷമം പ്രണവിന്റെ മനസ്സിൽ ഉണ്ടാക്കിയിരുന്നു. എന്നാൽ ഒരുപാട് സുഹൃത്തുക്കളെ പരിചയപ്പെടുന്നതിൽ നിന്ന് അവൻ കുറച്ച് ആശ്വാസം കണ്ടെത്തി. ഇവിടെയും ഒരുപാട് കൂട്ടുകാരെ കിട്ടുമല്ലോ എന്ന് ഓർത്തു അവൻ സന്തോഷിക്കുകയും ചെയ്തു.

സ്കൂളിന്റെ യു.പി സെക്ഷനിലേക്കുള്ള വഴിയിലൂടെ അവൻ നടന്നു. കഴിഞ്ഞ ദിവസം അവന്റെ അച്ചാച്ചി പോകാനുള്ള വഴി പറഞ്ഞുത്തന്നതാണെങ്കിലും, പ്രണവിന് അത് പൂർണമായും മനസ്സിലായില്ലായിരുന്നില്ല. ആദ്യ ദിവസമല്ലേ എന്ന് വിചാരിച്ച് നേരത്തെ ഇറങ്ങിയതാണ് വിനയായത്. കുട്ടികളെയാരെയും വഴിയിലും കാണാനില്ല.

പച്ച വിരിച്ച നെൽപ്പാടങ്ങളിലേയ്ക്കാണ് അവൻ നടന്ന് ചെന്നത്. അതിന്റെ ഒരു വശം ചേർന്ന്, മറ്റൊരു വഴിയിലൂടെ അവൻ ആ നടപ്പ് തുടർന്നു. രാവിലെ പെയ്തു തോർന്ന മഴയുടെ ഒരു നനവ് ആ നെൽപ്പാടങ്ങളിൽ തങ്ങി നിൽപ്പുണ്ടായിരുന്നു. അധികം ദൂരെയല്ലാത്ത ഒരു സ്ഥലത്ത് നിന്ന് വെള്ളം ഒഴുകുന്ന ഒരു ശബ്ദം. ഉറവ വെള്ളമായിരിക്കും. പ്രണവ് വിചാരിച്ചു. അവൻ ആ ഉറവ എവിടെയാണെന്നറിയാൻ ഒന്ന് എത്തിനോക്കി. അവന് ഉറവവെള്ളത്തിന്റെ തണുപ്പ് അനുഭവിക്കാൻ ഉള്ളിലൊരു വെമ്പലുണ്ടായി. പക്ഷെ അത് പ്രണവിന് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.

പ്രണവ് അവിടെയൊക്കെ വാപൊളിച് പ്രകൃതിഭംഗി നോക്കിനിന്ന ആ സമയം, ഒരു പെണ്കുട്ടി അവനെ കടന്ന് പോയി. ഹോ.. ഭാഗ്യം എന്തായാലും വഴി തെറ്റിയിട്ടില്ല. അവന് യൂണിഫോം തയിച്ച് കിട്ടിയിട്ടില്ലെങ്കിലും, ആ വെള്ളയും നീലയും നിറം അവൻ തിരിച്ചറിഞ്ഞു. അവൾ ആ സ്കൂളിലേക്ക് തന്നെ.

മുന്നോട്ട് അവൻ നടന്നു. ഒരു പെട്ടിക്കട. ആഹാ..പക്ഷെ തുറന്നിട്ടില്ല. അവന് സന്തോഷമായി. എന്നും വൈകിട്ട് കഴിച്ച് ശീലിച്ച നാരങ്ങാ മിട്ടായി ഇനിയിവിടുന്ന് വാങ്ങാമല്ലോ. ഉച്ചയ്ക്ക് സ്കൂളിൽ കിട്ടുന്ന കഞ്ഞിക്കൊപ്പം കഴിക്കാനായി അച്ചാറും വാങ്ങാം. പ്രണവ് ചിന്തിച്ചു.

അവൻ സ്കൂളിന്റെ കോമ്പൗണ്ടിൽ പ്രവേശിച്ചു. ഓലമേഞ്ഞ കുറെ കെട്ടിടങ്ങൾ. അതിനിടയിലൂടെ അവൻ നടന്നു. ഓരോ ക്ലാസിന് വെളിയിലും അതേത് ഡിവിഷനാണെന്ന് എഴുതിയിട്ടുണ്ട്. പ്രണവ് അത് വായിച്ച് കൊണ്ട് നടന്നു.

5സി, 5ബി, 5എ, പിന്നെ 5ഡി, 5ഇ, 5എഫ്

സ്വന്തം നാട്ടിലുള്ള ഗവണ്മെന്റ് സ്കൂളുകളുടെ അവസ്ഥ അവൻ അപ്പോൾ ആലോചിച്ചു. അവിടെയൊക്കെ കുട്ടികളെ കിട്ടാതെ ആ സ്കൂളുകൾ അടക്കൽ ഭീഷണി നേരിടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അപ്പോൾ ഇവിടേയോ! അഞ്ചാം ക്ലാസ് എഫ് വരെ ഡിവിഷൻ. അവന്റെ ചേച്ചി പഠിക്കുന്ന ഒമ്പതാം ക്ലാസ്, കെ വരെ ഡിവിഷൻ ഉണ്ടെന്നാ കേട്ടത്. മെയിൻ ബിൽഡിങ്ങിൽ സ്ഥലം ഇല്ലാതെ വന്നപ്പോൾ ആണെത്ര, യു പി സെക്ഷൻ അവിടുന്ന് മാറ്റി, ഇങ്ങോട്ട് വച്ചത് പോലും. അവന്റെ അച്ചാച്ചീടെ ഡ്രൈവർ അങ്കിൾ പറഞ്ഞതാണെ.

അപ്പോൾ ആറാം ക്ലാസ് എത്ര ഡിവിഷൻ ഉണ്ടായിരിക്കും. പ്രണവ് ആലോചിച്ചു. എന്തായാലും അവൻ ഏത് ഡിവിഷനിലാണെന്ന് അറിയാത്തത് കൊണ്ട് ഇപ്പോൾ നേരെ ചെന്ന് ക്ലാസ്സിൽ കയറിയിരിക്കാൻ പറ്റില്ലല്ലോ.

ഓലമേഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ഒരു കോണ്ക്രീറ്റ് കെട്ടിടം അവൻ ശ്രദ്ധിച്ചു. അവിടെ ആയിരിക്കണം സ്റ്റാഫ് റൂമും ഓഫീസും ഒക്കെ. പ്രണവ് അങ്ങോട്ട് നടന്നു.

അവിടെ വരാന്തയിലെ ഒരു ബെഞ്ചിൽ മുൻപ് കണ്ട ആ പെണ്കുട്ടി ഇരിക്കുന്നുണ്ടായിരുന്നു. അവളും പ്രണവിനെ പോലെ ന്യൂ അഡ്മിഷൻ ആണെന്ന് അവന് തോന്നി. അവൻ മറ്റൊരു ബെഞ്ചിലിരുന്നു. ഓഫീസ് റൂമാണേൽ തുറന്നിട്ടു പോലുമില്ല.

പ്രണവ് അവന്റെ മിക്കി മൗസ് വാച്ചിൽ സമയം നോക്കി. 8.25 am..

ആ…വാച്ചിന്റെ കാര്യം പറയാൻ മറന്നു. അതിനെപ്പറ്റി കുറച്ച് പറയാൻ ഉണ്ട്. ഒന്നാം ക്ലാസ്സിൽ മേലുകാവ്മറ്റം സ്കൂളിൽ ചേരുമ്പോൾ, അവന്റെ അച്ചാച്ചി വാങ്ങി തന്നതായിരുന്നു ആ വാച്ച്. അത് കടയിൽ നിന്ന് സെലക്ട് ചെയ്തത് അവന്റെ ചേച്ചിയാണെ. ഇപ്പോഴും അവന് താൻ തിരഞ്ഞെടുക്കുന്നതിനെക്കാൾ ഇഷ്ടം അവന്റെ ചേച്ചി തിരഞ്ഞെടുത്ത് തരുന്നതിനെയാണ്.

ഒരുപാട് ഇഷ്ടമായാണ് അന്നവൻ ഈ വാച്ചു കെട്ടിക്കൊണ്ട് നടന്നത്. പക്ഷെ ഇന്ന് അവനെ ഒരു ചെറിയ കുട്ടിയായി മാറ്റി നിർത്തുന്ന ഒരേയൊരു ഘടകം ഈ മിക്കി മൗസ് വാച്ചാണെന്ന് അവൻ വിശ്വസിക്കുന്നു. അവന്റെ കൊച്ചച്ഛൻ അടുത്ത തവണ ഗൾഫിൽ നിന്ന് വരുമ്പോൾ അതിന് ഒരു തീരുമാനം കൊണ്ടു വരാമെന്ന് പറഞ്ഞിട്ടുണ്ട്.

പക്ഷെ, എന്തോക്കെ പറഞ്ഞാലും അവന് അതൊരു ഭാഗ്യ വാച്ചാണ്. സ്കൂൾ പരീക്ഷകളിൽ മറ്റൊരു വാച്ചുമായി കയറി ചെല്ലാൻ, ഇപ്പോഴും അവനൊന്ന് മടിക്കും. ആദ്യ ദിവസമായത് കൊണ്ട്, അന്നിനി വേറെ ഏത് വാച്ച് ഉണ്ടായിരുന്നാലും പ്രണവ് തന്റെ മിക്കി മൗസിനെയെ എടുക്കുമായിരുന്നുള്ളൂ. ഉറപ്പ്…

ഇരിക്കുന്നിടത്തു ഇരുന്നുതന്നെ പ്രണവ് ചുറ്റും ഒന്ന്‌ നോക്കി. കഞ്ഞിപ്പുര, വിറകുപുര, പെണ്കുട്ടികളുടെ മൂത്രപ്പുരയിലേയ്ക്ക് പോകുന്ന വഴി… ഇതെല്ലാം ആ കണ്ണിൽ തടഞ്ഞു. ആണ്കുട്ടികളുടെ മൂത്രപ്പുര എവിടെയായിരിക്കും. ഹാ.. അത് വല്ല കാട്ടിലുമായിരിക്കും അവൻ ചിന്തിച്ചു.

ആ കോണ്ക്രീറ്റ് കെട്ടിടത്തിൽ തന്നെ രണ്ട് ക്ലാസ് റൂം ഉണ്ട്. ദൈവമേ അതിലായിരിക്കരുതെ തന്റെ ക്ലാസ് എന്നവൻ പ്രാർത്ഥിച്ചു. കാരണം ഓലമേഞ്ഞ ക്ലാസ് റൂമിൽ പഠിക്കുന്ന ഒരു അനുഭവം അവൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഏഴ്എ, ഏഴ്ബി എന്ന് ആ ക്ലാസ് റൂമിന്റെ മുന്നിൽ എഴുതിയിരിക്കുന്നത് കണ്ടപ്പോൾ പ്രണവിന് ആശ്വാസമായി.

അടുത്ത ബെഞ്ചിൽ ഇരിക്കുന്ന കുട്ടി എന്തോ അവനോട് ചോദിക്കാനായി അവനെ നോക്കുന്നുണ്ടായിരുന്നു. ഹോ.. അവൻ അങ്ങോട്ടൊന്ന് ശ്രദ്ധിച്ചാലല്ലേ വല്ലതും ചോദിക്കാൻ പറ്റൂ.

എന്തായാലും അവന്റെ നിരീക്ഷണങ്ങൾ തടസ്സപ്പെടുത്തി കൊണ്ട് ആ കുട്ടി ചോദിച്ചു.

“പുതിയ അഡ്മിഷൻ ആണോ?”

“അതെ..”

“ഏത് ക്ലാസിലേയ്ക്കാ?”

“ആറ്”

ഇതെന്നാ ചോദ്യം ചോദിക്കുന്ന മെഷീനോ?. ആ കുട്ടി ചോദ്യത്തോട് ചേർത്ത് ഒന്നും സംസാരിക്കാതിരുന്നപ്പോൾ പ്രണവ് ആ ബാറ്റണ് സ്വയം ഏറ്റെടുത്തു.

“കുട്ടിയോ?”

“ഞാനും ന്യൂ അഡ്മിഷൻ ആണ് . ആറാം ക്ലാസ്.”

സ്വന്തം അവസ്ഥയിലുള്ള ഒരു കുട്ടിയാണ് അവളെന്ന് അറിഞ്ഞപ്പോൾ പ്രണവിന് സന്തോഷം തോന്നി. അവൻ തുടർന്നും ചോദിച്ചു.

“പേരെന്താണ് കുട്ടിയുടെ?”

“സ്റ്റെല്ല… സ്റ്റെല്ല മറിയം തോമസ്.”

ഹോ…സ്റ്റൈലൻ പേര്. അവൻ മനസിൽ ഓർത്തു. അവന്റെ പേര് പ്രണവ് മോഹൻ. ഹാ.. വലിയ കുഴപ്പമില്ല. പക്ഷെ ഒരു ഗുമ്മില്ല. എന്തായാലും അവള് ഇങ്ങോട്ട് ചോദിക്കാതെ തന്റെ പേര് വെളിപ്പെടുത്തേണ്ടെന്ന് അവൻ വിചാരിച്ചു. ഇല്ലാത്ത ഒരു ഗൗരവവും മുഖത്തു വരുത്തി അവൻ ആ ബെഞ്ചിൽ ഇരുപ്പ് തുടർന്നു.


💐💐 💐💐 💐💐 💐💐


“നമ്മുക്ക് ബസ് സ്റ്റാൻഡിൽ പോയി നിന്ന് കയറണോ? ബസ്സിൽ നല്ല തിരക്കായിരിക്കും.”

ആര്യനാട് ബസ് സ്റ്റോപ്പിൽ നിന്ന് പ്രണവിന്റെ ചേച്ചി ഈ സംശയം കൂടെ നിന്ന കൂട്ടുകാരിമാരോടാണ് ചോദിച്ചത്. (അവർ ആദ്യം കയറിയ ബസ് പഞ്ചറായത് നമ്മൾ കണ്ടതാണല്ലോ.) അവിടെയുണ്ടായിരുന്ന എല്ലാ ചേച്ചിമാരുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത പ്രണവാണ് അതിന് മറുപടി കൊടുത്തത്.

“അത്ര തിരക്ക് കാണില്ല, ചേച്ചിയേ. നമ്മൾ കഴിഞ്ഞ ആഴ്ച ഒരു ദിവസം ഈ ബസ്സേൽ കയറിയതല്ലാരുന്നോ?”

പ്രണവ് പറഞ്ഞത് കേട്ടത് കൊണ്ടാണോ അതോ, അവർക്ക് ബസ് സ്റ്റാന്റിലേയ്ക്ക് നടക്കാനുള്ള മടികൊണ്ടാണോ എന്തോ, അവർ എന്തായാലും അവിടെ തന്നെ ആ കാത്ത്‌ നിൽപ്പ് തുടർന്നു.

“കുട്ടി അപ്പോൾ നന്നായി പഠിച്ചു കാണുവല്ലോ?”

നേരത്തെ നിർത്തി വച്ചൊരു സംഭാഷണം, പ്രണവ് ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി.

“ഹാ..അയ്യോ… അല്ലാ..ഞാൻ ശരിക്കും നോക്കീട്ടില്ല. രാത്രീൽ പവർ കട്ട് അല്ലാരുന്നോ?”

മാനസ എളിമയോടെ മറുപടി പറഞ്ഞു.

പിന്നെ… എളിമ…ഇത് വിശ്വസിക്കാൻ വേറെ ആളെ നോക്കണം. തന്നെ പോലെ കുറെ പഠിപ്പിസ്റ്റുകളെ ഈ സംഭവബഹുലമായ ജീവിതത്തിൽ കണ്ടിട്ടുണ്ട്.. ശരിക്കും നോക്കിയിട്ടിലെന്ന്..ഉവ്വേ… പ്രണവ് മനസ്സിൽ ഓർത്തു.

പ്രണവിന്റെ ആലോചന കണ്ട് മാനസ തുടർന്ന് സംസാരിച്ചു.

“ഈയാള് എന്തരാ ഓർത്തെന്ന് ഞാൻ പറെട്ടെ.?.”

ദൈവമേ..ഇവൾക്ക് മനസ്സ് വായിക്കാൻ പറ്റുമോ.😢 അവൻ അല്പ്പം ഒന്ന് മാറി നിന്നു.

അവൾ കൂടുതൽ അടുത്തേയ്ക്ക് വന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ഈയാള്, അതെങ്ങനെ മാറ്റി വെപ്പിക്കാം എന്നല്ലേ ആലോച്ചേ? നമ്മക്ക് ടീച്ചറിനോട് പറയാം .. പവർ കട്ടിന്റെ കാര്യം.”

സംഭവം നല്ലൊരു ഐഡിയ ആണെന്ന് അവന് തോന്നിയെങ്കിലും പൂർണമായും അവനങ്ങനെ സമ്മതിക്കാൻ പറ്റുമോ?. പ്രണവ് പറഞ്ഞു. അവള് സംസാരിച്ച അതേ മയത്തിൽ…

“ഹോ..ഞങ്ങൾ പറഞ്ഞാലൊന്നും ടീച്ചർ കേൾക്കത്തില്ല. കുട്ടി പറഞ്ഞാൽ കേൾക്കും.. വലിയ ക്ലാസ് മോണിറ്റർ ഓക്കെ അല്ലെ?”

എത്ര ഒതുക്കി വച്ചാലും വെളിയിൽ വരാനുള്ളത് പലപ്പോഴും ചാടി മുന്നിലേയ്ക്ക് വീഴുകതന്നെ ചെയ്യും. മാനസ മോണിറ്റർ ആയതിലുള്ള നീരസമെന്ന പൂച്ച് അങ്ങനെ പുറത്തായി.

അപ്പോഴേക്കും ബസിന്റെ ഹോർന് മുഴക്കം കേട്ടു. ഒരു നീല കെ.എസ്.ആർ.ടി. സി. അവരുടെ മുന്നിൽ വന്നു നിന്നു. (നീല കെ.എസ്.ആർ.ടി.സി എന്നാണ് പറഞ്ഞതെങ്കിലും, അതിൽ വെള്ള പെയ്‌ന്റാണെ കൂടുതൽ അടിച്ചിരിക്കുന്നത്.) രണ്ടു ഡോറിലും ആളുകൾ തൂങ്ങി പിടിച്ചു നിൽക്കുന്നു. കയറാൻ ഒരു ഇഞ്ച് സ്ഥലം ഇല്ല.

🙄

പ്രണവ് ചേച്ചിയുടെയും കൂട്ടുകാരികളുടെയും മുഖത്തേയ്ക്ക് കുറച്ച് നേരത്തേയ്ക്ക് നോക്കിയതെയില്ല.

(തുടരും…)


💐💐 💐💐 💐💐 💐💐


അടുത്ത ഭാഗം വായിക്കൂ… @

http://sreekanthan.in/2020/08/03/mazhathullikal_04/


എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.