വിഭാഗങ്ങള്‍
കഥകൾ

രാത്രി 12 മണി

ഈ രചന എന്റെ ശബ്ദത്തിൽ കേൾക്കൂ.. @ my podcast…

%% https://anchor.fm/sreekanth-r3/episodes/Rathri-12-e14aacb %%

സമയം രാത്രി 12 മണി… .

നഗരത്തിലേത് പോലെയല്ല അവളിവിടെ… നഗരത്തിൽ അവളെ അപമാനിക്കാനായി ഒരുപാട് പേരുണ്ട്. നെറ്റ് ലൈഫ് ആഘോഷിക്കാനാന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പുതുതലമുറയിലെ കുറെയെണ്ണം, വിധ്വംസക പ്രവർത്തനത്തിന് അവളെ മറപിടിക്കുന്ന കുറേ സാമൂഹ്യവിശുദ്ധന്മാർ, ഇടവിടാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന രാത്രി വാഹനങ്ങൾ, ഇതൊന്നും പോരാഞ്ഞ് റോഡിൽ പട്രോളിങ് നടത്തുന്ന പൊലീസുകാർ, പിന്നെ… തെരുവുകൾ നിറയെ കത്തുന്ന സ്ട്രീറ്റ് ലൈറ്റ്സ്… അവരൊക്കെ ഒന്നുകിൽ കൃത്രിമപ്രകാശം കൊണ്ട് അവളെ കീറിമുറിക്കുന്നു. അല്ലെങ്കിൽ അവളെ തെറ്റായി രീതിയിൽ ഉപയോഗിച്ച് കള്ളത്തരമൊക്കെ കാട്ടുന്നു.

എന്നാൽ ഇവിടെ ഈ ഗ്രാമത്തിൽ ഒരു കന്യകയായ് തന്നെ അവൾ എന്നും നിലനിന്നു. ആരുമിവിടെ രാത്രിയെ അപമാനിച്ചില്ല. മാടന്റെയും മറുതയുടെയും യക്ഷിയുടെയും കഥകൾ പറഞ്ഞ് മുത്തശ്ശിമാർ അവളെ പേടിക്കാനും ബഹുമാനിക്കാനും കുട്ടിക്കാലം മുതൽക്കേ പഠിപ്പിച്ചിരുന്നു. പിന്നെ സ്ട്രീറ്റ് ലൈറ്റുകളൊന്നും സ്ഥാപിച്ച് ഇവിടെ പഞ്ചായത്തുകൾ അവളെ അപമാനിക്കുകയും ചെയ്തില്ല. എങ്ങും ഇരുട്ട് മാത്രം.

വല്ലാത്തൊരു അനുഭവമാണ് ഇവിടെ ഈ രാത്രിയിലേയ്ക്ക് ഇറങ്ങുമ്പോൾ….ഹോ.. അതും അപ്പോൾ തനിച്ചാണെങ്കിലോ? .

ഈ ന്ലാവ്‌ ഉദിക്കാത്ത രാത്രിയിൽ എന്നെ വീടിന് വെളിയിൽ ഇറക്കിയത് ഒരു ശബ്ദമാണ്… ങേ!! ….നിങ്ങൾ ഇപ്പൊ കേട്ടില്ലേ? ആ ഒരു ശബ്ദം.

എന്റെ വീടിന്റെ മുറ്റത്താണ് ഞാൻ നിൽക്കുന്നത്… മുന്നിലെ റോഡിൽ ഒരു സ്ട്രീറ്റ് ലൈറ്റ് പോലുമില്ല. വീട്ടിലാണേൽ കറണ്ടുമില്ല.

എന്താണാ ശബ്ദം? ഞാൻ കണ്ണുകൾ അടച്ചു, ചെവി കൂർപ്പിച്ച് കൂടുതൽ ശ്രദ്ധിച്ച് നിന്നു. ചീവീടുകളുടെ അലപ്പ്. കുറച്ച് അകലെയായി തോട്ടിൽ വെള്ളം ഒഴുകുന്ന ശബ്ദം. അക്കരെ പുളിച്ചറക്കാവിൽ കുറുക്കന്മാർ ഒരിയിടുന്നതും ഇടയ്ക്ക് കേൾക്കാം. പക്ഷെ ആ ഒരു പ്രത്യേക ശബ്ദം എന്തെന്ന് മനസ്സിലാകുന്നില്ല. ആരോ ഒരു തടിയിൽ ആഞ്ഞിടിക്കുന്നത് പോലെ.

ങേ… വീണ്ടും..ആ ശബ്ദം… പേടിച്ച് ഞാൻ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി.

ഹോ… ഈ ഇരുട്ടിന് എന്തൊരു ഇരുട്ടാണ്. ( 😆ഞാനും അതുപോലൊരെണ്ണം പറയട്ടെന്ന്.) കണ്ണടയ്ക്കുമ്പോൾ പോലും ഇത്ര ഇരുട്ടില്ല…ഹാ..

വീട്ടില് രാവിലെ കറണ്ട് പോയതാണെ. പകൽ മുഴുവൻ കനത്ത മഴയായിരുന്നു. കൂടെ കാറ്റും. ഒരുപാട് മരം പെടന്ന് കാണും. ഹാ .. ഇനി നാളെ കറന്റിനെ പ്രതീക്ഷിച്ചാൽ മതി.. മൊബൈലിൽ ആണേൽ ചാർജ്ജ് തീർന്നു. എന്നിട്ടും ആ ഇരുട്ടിൽ പേടിയില്ലാതെ ഇറങ്ങിയത് കൈയിലുള്ള കത്തിക്കാത്ത ആ ഒരു മെഴുകുതിരിയുടെയും രണ്ട് കൊള്ളി മാത്രമുള്ള ഒരു തീപ്പെട്ടിയുടെയും ധൈര്യത്തിലാണ്.

ആ തീപ്പെട്ടിയെ നോക്കി ഞാൻ പാടി. അമ്പോറ്റിയച്ഛൻ പഠിപ്പിച്ച ആ പാട്ട്.

🔊

🎶തീപ്പെട്ടിയില്ലാഞ്ഞതിനാൽ, ജനങ്ങൾക്ക്

ഏർപ്പെട്ട കഷ്ടം പറയാവതല്ല

ഇപ്പോളതിൻമാതിരി ഒന്നുമില്ല

തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല.🎶

———————–

പേടിതോന്നുന്ന രംഗമാണെങ്കിലും പാട്ടൊക്കെ പാടി ഞാൻ വല്യ കൂളായി ഇരിക്കുവാണെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. പേടി വരുമ്പോൾ പാടുന്നത് എന്റെ ഒരു രീതി ആണേ..

ദേവിയേ.. അമ്മ പറയും പേടി തോന്നിയാൽ ഓം നമശിവായ ജപിച്ചാൽ മതിയെന്ന്. അർജ്ജുനപ്പത്ത് ജപിക്കാൻ അമ്മൂമ്മയും പറയും. ഹാ.. ഓരോരോ വിശ്വാസങ്ങളെ..

അപ്പോളൊരു തണുത്ത കാറ്റ് വീശി. മുറ്റത്തെ പുളിമരത്തിന്റെ സ്പർശനം ആ കാറ്റിൽ ഞാനറിഞ്ഞു. ആ പുളിമരത്തിന്റെ മറവ് പറ്റി, കാറ്റ് പിടിക്കാതെ ഞാൻ എന്റെ കൈയിലിരിക്കുന്ന മെഴുകുതിരി കത്തിച്ചു. എന്നിട്ട് റോഡിലേയ്ക്ക് ഇറങ്ങി.

ഇരുവശത്തേക്കും നോക്കി. പ്രത്യേകിച്ച് ഒന്നും കാണുന്നില്ല.

ഞാൻ മെല്ലെ നടന്നു തുടങ്ങി. ഏതോ ഒരു വശത്തേയ്ക്ക്. മെഴുകുതിരി പിടിച്ച വശം.. ഹാ.. വലത്തേയ്ക്ക്… നടക്കും തോറും തോട്ടിലെ ഒഴുക്കിന്റെ ശബ്ദം കൂടി കൂടി വന്നു.

അവിടെ ആ തോട്ടിന്റെ കരയിൽ എന്തോ ഒന്ന് തിളങ്ങുന്നു. എന്താണത്?

ഞാൻ ഒരു വലിയ കല്ല് ആ മെഴുകുതിരി വെളിച്ചത്തിൽ തപ്പി പിടിച്ചു. എന്നിട്ടാ കല്ല് തോട്ടിലേക്ക് ആഞ്ഞ് എറിഞ്ഞു.

ബ്ലും

മ്യാവൂ…. ഒരു പൂച്ചയാണ്..ഹോ… പക്ഷെ, അപ്പോൾ അവിടെ എനിക്കെന്തോ ഒരു പന്തികേട് പോലെ തോന്നി. ഞാൻ വേഗം തിരിച്ചു നടന്നു.. ങേ! വീണ്ടും… ആ ശബ്ദം… ഇത്തവണ അത് വീടിന്റെ ഭാഗത്ത് നിന്നാണെന്ന് എനിക്ക് തോന്നി. തിരിഞ്ഞ് നടന്നപ്പോൾ മെഴുകുതിരി ആ കാറ്റിൽ പെട്ട് കെട്ടു. ഞാൻ തീപ്പെട്ടിയിലെ അവസാന കൊള്ളിയെടുത്ത്, മനസ്സിൽ കുളത്തിങ്കൽ ഭഗവതിയെ വിളിച്ചു കത്തിക്കാൻ ശ്രമിച്ചു…

ഫ്..ഫ്..

കത്തിയില്ല. ശെടാ.. മുന്നിൽ മുഴുവൻ ഇരുട്ട്.

ഓം നമശിവായ ഓം നമശിവായ…

ഒരു ഉദ്ദേശം വച്ച് ഞാൻ ഓടി…. വീട് ലക്ഷ്യമാക്കി. വഴിയിലെവിടെയോ തട്ടി വീഴാൻ തുടങ്ങി. കൈയിലുള്ളതൊക്കെ താഴെ പോയി. എന്നാലും ഞാൻ ഓടി. വീടിന്റെയുള്ളിൽ കത്തിച്ചു വെച്ചിരുന്ന ആ വിളക്ക് ഇപ്പോഴും കത്തുന്നുണ്ടേ. ആ വെട്ടം ലക്ഷ്യമാക്കിയാണ് ഞാൻ ഓടിയത്.

പക്ഷെ, ആ കാഴ്ച്ച എന്നെ കൂടുതൽ ഭയപ്പെടുത്തി.

ചാരിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ മലർക്കെ തുറന്ന് കിടക്കുന്നു. ആ രംഗം കൂടുതൽ ഭീതിജനകമാക്കാൻ പുളിച്ചിറക്കാവിലെ കുറുക്കന്മാർ ഒരു വലിയ ശബ്ദത്തിൽ ഓരിയിട്ടു.

വാതിൽ ഞാൻ അടച്ചതാരുന്നല്ലോ…?. ഏയ്‌… കാറ്റ് കൊണ്ട് തുറന്ന് പോയതാവും.. അല്ലാതെ…ഛേ..

ഞാൻ മെല്ലെ വീടിനകത്ത് കയറി. പെട്ടെന്ന് തന്നെ, വാതിൽ അടച്ച് കുറ്റി ഇട്ടു. കത്തുന്ന വിളക്കിലെ തിരി അൽപ്പം കയറ്റി വച്ച്, കുറച്ച് എണ്ണ കൂടി ഞാൻ അതിൽ ഒഴിച്ചു.

ശെടാ…..വീണ്ടും ആ ശബ്ദം.. ഇത്തവണ അതെന്റെ മുറിയിൽ നിന്ന്… അയ്യോ..!

ഞാൻ വിളിച്ച് ചോദിച്ചു.

“ഴാരാ?”

ഒരു മറുപടി കിട്ടിയില്ല. മുറി ലക്ഷ്യമാക്കി ഞാൻ നടന്നു. എന്തോ അവിടെ പ്രകാശിക്കുന്നുണ്ട്…കേട്ടോ..!!

ഞാൻ വേഗം അടുക്കളയിൽ ചെന്ന്, ഒരു കത്തിയൊക്കെ എടുത്തു കൊണ്ട് വന്നു. ഒന്നൂടെ അങ്ങോട്ട് ചോദിച്ചു. ഈ സമയം കുറച്ച് ധൈര്യത്തോടെ തന്നെ ചോദിച്ചു.

“ആരാന്ന്?”

മുറിയുടെ വാതിൽക്കൽ എത്തി ഞാൻ നിന്നു. മുറി തുറന്ന് കിടക്കുകയായിരുന്നു. ഞാൻ ഉള്ളിലേയ്ക്ക് നോക്കി.

ങേ… ഒരു മനുഷ്യരൂപം. എന്റെ അലമാരി തുറന്ന് എന്തോ തപ്പുകയാണ്. എന്റെ പേപ്പറുകളും ബുക്കുകളും എല്ലാം താഴെ നിരത്തിയിരിക്കുന്നു. കൈയിലെ കത്തി മുറുകെ പിടിച്ചു കൊണ്ട് ധൈര്യ സമേതം ഞാൻ പറഞ്ഞു.

“ഹലോ.. ബ്രോ.. അതിൽ പണവും പണ്ടവുമൊന്നുമില്ല. മര്യാദയ്ക്കാണെൽ എന്റെ കൈയിലുള്ള ഒരു 500 രൂപ തരാം. എന്തായാലും നീ ഇത്ര കഷ്ടപ്പെട്ടതല്ലേ.”

എന്റെ ശബ്ദം കേട്ട് ആ രൂപം തല തിരിച്ചു നോക്കി… മുഖം മറച്ച് ഒരു മാസ്‌ക് വെച്ചിട്ടുണ്ട്.

ആ രൂപം പറഞ്ഞു.

“പണമല്ല എനിക്ക് വേണ്ടത്.”

ങേ.. ആ രൂപത്തിൽ നിന്ന് ഒരു സ്ത്രീ ശബ്ദമാണ് വന്നത്. അപ്പോഴാണ് ആ വേഷം ഞാൻ ശ്രദ്ധിക്കുന്നത്. അത്ഭുതത്തോടെ (പേടിയൊഴിഞ്ഞു എന്ന് പറയാൻ പറ്റില്ല) ഞാൻ ചോദിച്ചു.

“ഭവതിയ്ക്ക് പിന്നെ എന്താണ് വേണ്ടത്?”

“എനിക്ക് വേണ്ടത് നീ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ അടുത്ത അധ്യായമാണ്.”

“എന്ത്? ഞാൻ ഒരു നോവൽ എഴുതുന്നുണ്ടെന്ന് നീ എങ്ങനെ അറിഞ്ഞു? ഈ ലോകത്തിൽ തന്നെ വേറെ ഒരാൾക്കും അത് അറിയില്ലല്ലോ.. സത്യം പറാ..നീ ആരാ?”

“ഹാ… എന്റെ രൂപം കാണിച്ചു തരാൻ എനിക്ക് സാധിക്കില്ല. പക്ഷെ എനിക്ക് പേരുണ്ട്… മോനിഷാ..”

അത് കേട്ട് ഞാൻ ഞെട്ടി. മോനിഷാ… എന്റെ ദൈവമേ ഇതെങ്ങനെ? ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ ഒരു കഥാപാത്രത്തിന്റെ പേരാണ് മോനിഷ. ഇനി അവളാണോ? കാരണം ആ പേരിൽ നേരിട്ട് എനിക്കാരെയും അറിയില്ല.

ഞാൻ അവളോട് ചോദിച്ചു.

“മോനിഷാ..?”

“അതേ..മോനിഷ തന്നെ. നീ ഇതുവരെ ഒരു രൂപം എനിക്ക് തന്നില്ല. അത് കൊണ്ട് എന്റെ മുഖം എനിക്ക് പോലുമറിയില്ല. അതിലെനിക്ക് ദുഃഖമില്ല. പക്ഷെ, എന്റെ വിധി എനിക്കറിയണം. ഇപ്പോൾ തന്നെ അറിയണം. കഴിഞ്ഞ അധ്യായത്തിൽ ഒരു അപകടത്തിലാണ് നീ എന്നെ കൊണ്ട് എത്തിച്ചത്. എനിക്കറിയണം. ഞാൻ അതിൽ നിന്ന് രക്ഷപ്പെടുമോ? അതേലും പറാ.”

ഞാൻ അടുത്തുള്ള ഒരു കസേരയിൽ ഇരുന്നു. അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു. പക്ഷെ അവൾക്ക് ഇരിക്കാൻ ഒരു കസേര കാണിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

“മോനിഷാ, നീ ഇത് കേൾക്ക്. ഞാൻ നിനക്ക് ഒരു രൂപം തരാത്തത് മനഃപൂർവ്വമാണ്. കാരണം നീയല്ല എന്റെ കഥയിലെ നായിക. തുടക്കത്തിൽ നീയെന്ന കഥാപാത്രത്തിന് കൊടുത്ത ഹൈപ്പ് കണ്ട് നീ വല്ലോം കരുതിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. നായികയ്ക്ക് വേണ്ട ലക്ഷണങ്ങൾ ഒന്നും തന്നെ നിന്നിൽ ഞാൻ ആരോപിച്ചിട്ടില്ലലോ. പിന്നെ ഇനിയുള്ള നിന്റെ വിധി. അത് ഞാൻ ആലോചിക്കുന്നതെ ഉള്ളൂ.”

“അങ്ങനെ പറയരുത്. നീ അത് ഇപ്പോൾ തന്നെ തീരുമാനിക്കണം. ഒരു രൂപം പോലുമില്ലാത്ത ഈ ജീവിതം ഇങ്ങനെ തുടരാൻ എനിക്ക് വയ്യ.”

“ഞാൻ രണ്ട് രീതിയിലാണ് അത് ചിന്തിച്ചു വച്ചിരിക്കുന്നത്. ഒന്നിൽ അധികം ദുരിതം അനുഭവിക്കാതെ പെട്ടെന്ന് നീ ഇല്ലാതാവുകയാണ്. മറ്റേതിൽ നിന്റെ ജീവിതം ഒരു ദുരിതത്തിൽ നിന്ന് മറ്റൊരു ദുരിതത്തിലേയ്ക്ക് മാറുന്നു..അതിൽ നിനക്ക് കൂടുതൽ കാലം ജീവിക്കാം. എനിക്ക് എഴുതാൻ കുറെ അധ്യായങ്ങൾ കിട്ടുകയും ചെയ്യും. ഇതിൽ ഏത് വേണം? ആദ്യമായാവും ഒരു കഥാകാരൻ അയാളുടെ കഥാപാത്രത്തിന് അതിന്റെ വിധി തീരുമാനിക്കാനുള്ള അവസരം കൊടുക്കുന്നത്. നീ തന്നെ പറാ.

ഓപ്ഷൻ ഒന്ന് വേണോ ഓപ്ഷൻ രണ്ട് വേണോ…”

ഓപ്ഷൻ ഒന്ന് വേണോ ഓപ്ഷൻ രണ്ട് വേണോ.. കൈ ഞാൻ നീട്ടി.. രണ്ട് വിരൽ ഉയർത്തി ഞാൻ പിന്നെയും ചോദിച്ചും.

“ഓപ്ഷൻ ഒന്ന് വേണോ ഓപ്ഷൻ രണ്ട് വേണോ..?”

പെട്ടെന്ന് ആ വിരലിൽ ഞാൻ ഒരു സ്പർശനം അറിഞ്ഞു.

“എടാ … എഴുന്നേക്ക്.. എന്താ ഈ രാവിലെ കിടന്ന് പിച്ചും പെയ്യും പറയുന്നേ.. നീ എന്താ കോടീശ്വരൻ കളിക്കുവാണോ?”

ങേ..!! കണ്ണ് തുറന്നപ്പോൾ കട്ടിലിൽ ഞാൻ കിടക്കുന്നു. അമ്മ മുന്നിൽ.

“നീ എന്താ വാതില് കുറ്റി ഇടാതെ കിടന്നേ?. ഞങ്ങള് വന്നപ്പോൾ നീ നല്ല ഉറക്കമായിരുന്നല്ലോ. വല്ല കള്ളമാര് കേറിയാ പോലും ഒന്നും അറിയില്ലല്ലോടാ. ഹോ.. ഇനിയേലും ഒന്ന് എഴുന്നേക്കടാ”

കണ്ണുകൾ ഒന്നൂടെ അടച്ചു ഞാൻ കിടന്നു.

അമ്മ തുടർന്ന് പറഞ്ഞു.

“എടാ, നീ എന്ത് ചെയ്യുവാരുന്നു ഇന്നലെ? ഈ പുസ്തകോം പേപ്പറുമൊക്കെ ഇങ്ങനെ നിരത്തി ഇട്ടിരിക്കുന്നെ എന്തിനാ..?”

ഞാൻ മനസ്സിൽ മെല്ലെ പറഞ്ഞു.

“ഞാനല്ല അമ്മേ. അതാ മോനിഷ കൊച്ചാ.”


💐💐💐💐💐💐💐💐💐💐💐

ഈ രചന എന്റെ ശബ്ദത്തിൽ കേൾക്കൂ.. @ my podcast…

%% https://anchor.fm/sreekanth-r3/episodes/Rathri-12-e14aacb %%

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.