ഗുരുതിസുവികെ

“കന്നഡ ഗോത്തില്ല?”

ഹോ.. ഈ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞ് പറഞ്ഞു മടുത്തിട്ടാണ്, അവൻ അവിടെ നിന്ന് ഓടി പോന്നത്.

ദേ.. ഇവരും അതന്നെ ചോദിക്കുന്നു.

“ഹാ.. ഗോത്തില്ല.” അബി ജോസഫ് മറുപടി കൊടുത്തു.

ശെടാ… ഇനിയിപ്പോ ബാംഗ്ലൂര് എത്തുന്ന വരെ ഇവരോട് ഒന്നും സംസാരിക്കാൻ പറ്റില്ലാലോ.

വളരെ അപ്രതീക്ഷിതമായാണ് അബിയ്ക്ക് ബാംഗ്ളൂർക്കുള്ള ഈ ചരക്ക് ലോറി കിട്ടിയത്. അല്ലെങ്കിലുണ്ടല്ലോ… അവൻ അവിടെ, ഹൈദരബാദിൽ തന്നെ പെട്ടു പോയേനേ. ഇതിപ്പോ നാളെ രാവിലെയെങ്കിലും അവന് ബാംഗ്ലൂരിലെത്താം.

കുര്യൻ ചേട്ടൻ അവന് വേണ്ടി എന്തായാലും ബാംഗ്ളൂരില് കാത്തുനിൽക്കും. ബാംഗ്ലൂരിൽ അവൻ എത്തിയിട്ടെ ഒപ്പം നാട്ടിലേക്കുള്ള യാത്ര പുള്ളി തുടങ്ങൂയെന്ന് അവനോട് പറഞ്ഞിട്ടുണ്ട്. അവന് വേണ്ടി നാട്ടിലേക്കുള്ള യാത്ര ഒരു ദിവസം വരെ നീട്ടി വച്ചതാണ് പുള്ളിക്കാരൻ.

ങേ.. ഈ ലോറിയുടെ പുറകിൽ എന്തോ കിടന്ന് കിലുങ്ങുന്നു.

എന്താണ് ലോറിയിലെ ചരക്ക് എന്നവൻ ആംഗ്യഭാഷയിൽ ഈ ക്ലീനര് പയ്യനോട് ചോദിച്ചതായിരുന്നു.

ഗോബ്ബറയെന്നോ ഗീബറയെന്നോ മറ്റോ ആണ് അവന് ലഭിച്ച മറുപടി….. അതെനാണാവോ? ആ..ആ..

ലോറിയിൽ കയറിയപ്പോൾ തന്നെ അറിയാവുന്ന കന്നഡ അബി ഉപയോഗിച്ച് തീർത്തു.

“ഹേഗേ ഇതിരാ?”

“ഊട്ടാ ആയ്ത്താ?”

ഇനി അവൻ എനാ എടുത്തിട്ട് ചോദിക്കും?

ഡ്രൈവറും ക്ലീനര് പയ്യനും തമ്മിൽ വലിയ എന്തോ സംസാരം നടക്കുന്നുണ്ട്. ക്ലീനര് പയ്യന് ഡ്രൈവറിന്റെ മകനാകാനുള്ള പ്രായമേയുള്ളൂ.

ഇനി മകൻ തന്നെ ആണോ?

ആ സംസാരത്തിന്റെ ടോണിൽ നിന്ന് എന്തോ ഉപദേശമാണ് ഡ്രൈവർ ആ പയ്യന് കൊടുക്കുന്നത് എന്ന് അബിയ്ക്ക് തോന്നിയിരുന്നു.

വഴിയുടെ ഇരുവശവും ഇരുട്ട് പുതച്ചു അങ്ങനെ കിടക്കുകയാണ്. അത് കൃഷിസ്ഥലമാണോ അതോ വല്ല തരിശുനിലമാണോ എന്നറിയാൻ പോലും പറ്റുന്നില്ല. ലോറിയുടെ വെളിച്ചം മാത്രം മുന്നിലെ വഴിയിൽ നീണ്ടു നിവർന്ന് കിടക്കുന്നു.

ലോറിയിൽ സിഗരറ്റിന്റെയോ മറ്റോ പുക നിറഞ്ഞിരിക്കുന്നു.

സിഗരറ്റിന്റെ പുക അവന് സാധാരണ പ്രശ്നമില്ലാത്തതാണ്. സ്ഥിരമായി വലിക്കുന്നയാളല്ലെങ്കിലും, അവന്റെ പണ്ടത്തെ ഹോസ്റ്റൽ റൂമ് മിക്കപ്പോഴും ഇതുപോലെ പുക നിറഞ്ഞ അവസ്‌ഥയിലായിരിക്കും.

പക്ഷെ, ഈ പുക സിഗരറ്റിന്റേതാണെന്ന് അവന് തോന്നുന്നില്ല. ഇത്‌ ഏതോ നാടൻ ചുരുട്ടിന്റേതാണ്. പിന്നെ, പാനിന്റെ ഒരു ഗന്ധവുമുണ്ട്. അബിയ്ക്ക് ആ മണമടിച്ചിട്ട് ഓക്കാനിക്കാൻ വരുന്നു.

തല വെളിയിൽ ഇട്ട് കാറ്റിനെ കൊണ്ട് അവൻ മുഖം കഴുകിയിരുന്നു.

ഒരുപാട് സ്പീഡിൽ പൊക്കൊണ്ടിരുന്ന ആ ലോറി പെട്ടെന്ന് ഡ്രൈവർ സ്പീഡ് കുറയ്ക്കുന്നു. ആഹാ.. റൊട്ടിന്റെ നടുക്ക് വലിയ ഒരു കുഴി. ഡ്രൈവർക്ക് ഈ റൂട്ട് നല്ല പരിചയമുണ്ടെന്നു അവന് മനസ്സിലായി.

പതിയെയാണ് ലോറി ആ കുഴിയിൽ ഡ്രൈവർ ചവിട്ടി ഇറക്കിയത്. പക്ഷെ, അബിയുടെ വയറ്റിൽ ഒരു ബഹളത്തിന് ആ ഒരു ചാട്ടം കാരണമായി.

അവൻ എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ദൂരയാത്രയ്ക്ക് മുൻപ് ലഘുഭക്ഷണമാണ് അവൻ കഴിക്കാറ്. ഇന്ന് പക്ഷെ, അതിന് പോലുമുള്ള അവസരം കിട്ടിയില്ല. പെട്ടെന്ന് തീരുമാനിച്ച യാത്രയായത് കൊണ്ട് കഴിക്കാനായി ഒന്നും കൈയിൽ കരുതാനും പറ്റിയില്ല.

ഈ വിശപ്പിന് ഇനി എനാ ചെയ്യും. അവൻ അയഞ്ഞു കിടന്ന അരയിലെ ബെൽറ്റ്‌ ഒന്നൂടെ മുറുക്കി.


💐💐💐💐💐💐💐💐💐💐💐💐💐💐


അബിയ്ക്ക് കാനറാ ബാങ്കിൽ പി.ഓ ആയി ജോലി ലഭിച്ചപ്പോൾ അവന്റെ വീട്ടിൽ എല്ലാവർക്കും വളരെ സന്തോഷമായി. അവന്റെ മമ്മിയുടെ പ്രാർത്ഥനകൾക്ക് അന്ന് കുറച്ച് കൂടി കനം വച്ചു. അങ്ങനെ പള്ളികളിൽ നേർച്ചകൾ നടത്തി ഓടി നടക്കുമ്പോഴാണ് പോസ്റ്റിംഗ് എവിടെയാണെന്ന ആ വാർത്ത വന്നത്.

‘മസൈപ്പെട്ട്’.

“അതെവിടാ ബ്രോ?” സുഹൃത്തുക്കൾ എല്ലാവരും അവനോട് ചോദിച്ചു.

“തെലങ്കാനയിലെ മേടക് ജില്ലയിലെ ഒരു സ്ഥലം. ബാക്കി കാര്യം അവിടെ ചെന്ന് കണ്ട് പറയാം.”

ഗൂഗിള് ചെയ്ത് ആ സ്ഥലത്തെ കുറിച്ച് കുറെ അറിവുകൾ അവൻ ശേഖരിച്ചു.

മമ്മിയ്ക്ക് അതറിഞ്ഞപ്പോൾ വിഷമായി.

പപ്പാ പറഞ്ഞു.

“അവിടെയൊക്കെപ്പോയി ജോലി ചെയ്യുന്നത് നല്ല എകസ്പെരിൻസാണ്. എന്തായാലും രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞാൽ നാട്ടിലേയ്ക്ക് മാറ്റം കിട്ടുമല്ലോ.”

“എന്നാലും പപ്പാ, പേര് പോലും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്തേയ്ക്ക്..”

“ആര് പറഞ്ഞു. നീ കേട്ടിട്ടില്ലാന്ന് പറയ്. ഈ മേടകെയ്‌, പണ്ട് നമ്മുടെ ഇന്ദിരാജി നിന്ന് ജയിച്ച സ്ഥലമാ..”

കേരളാ കോണ്ഗ്രെസ്സുകാരനായ അബിയുടെ പപ്പായിൽ പഴയകാല ഒരു ഇന്ദിരാനുഭാവി ഉണർന്നു.

ആദ്യമൊക്കെ ഒരു വിഷമം തോന്നിയെങ്കിലും പിന്നെ അവനും ഭയങ്കര എക്സൈറ്റഡായി ചിന്തിക്കാൻ തുടങ്ങി. ഒറ്റയ്ക്കുള്ള ഒരു ജീവിതം ആസ്വദിക്കാൻ അവൻ തയ്യാറെടുത്തു.

അനു ഫോൺ വിളിച്ചപ്പോൾ അതുകൊണ്ടാണ് അവൻ പറഞ്ഞത്.

“ടി, ഇത്രേം നാളും ജീവിതം സെലിബ്രേറ്റ് ചെയ്യുവല്ലായിരുന്നോ.. ചുറ്റും സുഹൃത്തുക്കൾ.. നമ്മളെ കെയർ ചെയ്യുന്ന ഒരുപാട് പേര്.. ഇനി കുറച്ചു നാൾ ഇതൊന്നുമില്ലാതെ… ഫ്രീയായി ജീവിക്കട്ടെ.. ഹോ….. അതൊരു വേറെ ലൈഫാരിക്കും.”

മാക്കാൻ കണ്ടപ്പോൾ പറഞ്ഞു.

“ടാ, നീ ഒന്നും വിഷമിക്കേണ്ടാ. അവിടെ ചെന്നിട്ട് എന്തേലും വിഷമം നിനക്ക് തോന്നിയാൽ.. ജസ്റ്റ് ഒരു മിസ്ഡ് കാൾ.. ഞാനും കീരിയും ജോയും ഉടനെ അവിടെ എത്തും. ഹാ..പിന്നെ ചാത്തനല്ലാത്ത സാനം എന്തേലും കരുതി വച്ചാ മതിട്ടൊ. നമ്മുക്ക് നിന്റെ ആ .. എന്താരുന്നു ? മേടയോ.. ആ .. മേടക്…അത് തന്നെ.. അവിടം പൊളിക്കാം.”


💐💐💐💐💐💐💐💐💐💐💐💐💐💐


ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ലോറിയുടെ വെളിച്ചം മുന്നോട്ട് പായുന്നു.

അന്ന് അബി ബാംഗ്ലൂരിലേയ്ക്ക് യാത്ര ചെയ്യുന്ന ആ രാത്രി ആരെയും പേടിപ്പെടുത്തുന്ന ഒന്നായിരുന്നില്ല. പക്ഷെ, ആ രാത്രി തന്നെ മറ്റാരെയോ പേടിക്കുന്നത് പോലെയാണ് അബിയ്ക്ക് തോന്നിയത്.

പയ്യെ പയ്യെ… അബിയുടെ കണ്ണുകൾ അടഞ്ഞ് പോകുന്നു. ഏത് നിമിഷം വേണമെങ്കിലും, പെട്ടെന്ന് നാളെയാകാം.

ആ സമയത്ത് അവന്റെ കാഴ്ചയിൽ…. അങ് ദൂരെ…

മുന്നിലുള്ള വെളിച്ചത്തിന്റെ അറ്റത്ത് മറ്റൊരു വെളിച്ചം തെളിഞ്ഞിരിക്കുന്നു. ഏതോ ഒരു വാഹനത്തിന്റെ വെളിച്ചമാണെന്നു അവന് തോന്നി. അടുക്കും തോറും ആ വെളിച്ചത്തിലെ പല നിറങ്ങൾ തെളിഞ്ഞ്, തെളിഞ്ഞ് വന്നു.

“പൊലീസ്”

ഡ്രൈവറുടെ ആ ശബ്ദത്തിൽ അൽപ്പം വിറവല് അബിയ്ക്ക് തോന്നിയോ? ഏയ്‌…

ഗുരുതിസുവികെ 2 വായിക്കുക @..

http://sreekanthan.in/2021/01/15/guruthisuvike2/


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: