അവൻ കളിസ്ഥലത്ത് നിന്ന് ഓടി വന്നപ്പോൾ വീടിന് വെളിയിൽ രണ്ട് ജോടി പരിചയമില്ലാത്ത ചെരുപ്പുകൾ.. ദേ കിടക്കുന്നു.
വളരെ ആകാംക്ഷയോടെ പ്രണവ് ഹാളിലേക്ക് കടന്നു ചെന്നു. അവിടെ ഒരു അത്ഭുത കാഴ്ച്ചയായിരുന്നു അവനെ വരവേറ്റത്.
😯
അവന്റെ അമ്മയും മാനസയും സംസാരിച്ചു നിൽക്കുന്നു.
ങേ.! അവളെന്താ ഇവിടെ???
ആദ്യമായിട്ടാണ് അവളെ മുടി അഴിച്ച് അവൻ കാണുന്നത്. അവന്റെ മനസ്സിലുള്ള ആ രൂപത്തിൽ ആ മുഖത്തിന്റെ കൂടെ, രണ്ടായി പിന്നിയിട്ട് മുടി കെട്ടാൻ ഉപയോഗിക്കുന്ന ആ ചുമപ്പ് റിബ്ബണ് എപ്പോഴും ഉണ്ടായിരുന്നു.
ആദ്യമായി കാണുന്ന പോലെ അവൻ മാനസയെ നോക്കി നിന്നു.
ഹോ…..
അതൊക്കെപോട്ടെ..
മാനസ എന്താ ഇവിടെ..??
ചേച്ചിയുടെ റൂമിൽ നിന്ന് ഒരു ചിരി കേൾക്കുന്നുണ്ട്. ആഹാ.. മഞ്ജുഷ ചേച്ചി.. ചേച്ചിയെ കാണാൻ വന്നതാവണം.
അപ്പോൾ കൂടെ വന്നതാവും ഇവൾ. വെറുതെ മനുഷ്യനെ പേടിപ്പിച്ചു.
ശെടാ.. അവനെ കളിയാക്കിയാണോ ആ രണ്ട് പേരും കൂടി നിന്ന്, എന്തോ പറഞ്ഞു ചിരിക്കുന്നത്?
അവന് വന്ന ആ ഒരു അത്ഭുതം മറച്ചു വച്ചു കൊണ്ട് നേരെ അങ്ങോട്ട് കയറി ചെന്നു. അമ്മയോട് വിളിപ്പിച്ചതിന്റെ കാര്യം തിരക്കി.
“ദേ, മോൾക്ക് നിന്റെ എന്തോ നോട്ട്, നോക്കി എഴുതാൻ വേണമെന്ന്. അതിനാ.”
അതും പറഞ്ഞു, അമ്മ അടുക്കളയിലേക്ക് പോയി. പ്രണവ് തന്റെ പഠനമുറിയിലേയ്ക്ക് കയറി. പ്രതീക്ഷിച്ച പോലെ, അവൾ പുറകെ റൂമിലേയ്ക്ക് വന്നു.
അവൾ ആ മുറി ചുറ്റി ഒന്ന് കണ്ണോടിച്ചു. ചുമര് നിറയെ സച്ചിനായിരുന്നു…പേപ്പർ കട്ടിങ്‌സ് രൂപത്തിൽ. പിന്നെ ആ ഒരു വലിയ പോസ്റ്ററും. അത് ആരാണെന്ന് ചോദിച്ചു കൊണ്ടായിരുന്നു അവള് സംഭാഷണം തുടങ്ങിയത്.
“ഇത് പ്രണവ് മോഹന്റെ റൂമാണോ?”
“അല്ല. ഞാൻ എന്റെ ബുക്ക് വെക്കുന്ന റൂമാണ്. അച്ഛനും അമ്മയും കിടക്കുന്ന റൂമാണ്.”
“അപ്പൊ പ്രണവോ?”
“ഞാനും ചേച്ചിയും അപ്പുറത്തെ റൂമിലാണ്.”
സത്യത്തിൽ അവൻ ഇപ്പോഴും അവന്റെ അച്ഛന്റേം അമ്മേടേം ഇടയ്ക്കാണ് കിടക്കാറ്. പക്ഷെ, അങ്ങനെ പറഞ്ഞാൽ മോശമല്ലേ?
ആ ടോപിക് മാറ്റാനായി പ്രണവ് അങ്ങോട്ട് ചോദിച്ചു.
“കുറേ ദിവസമായല്ലോ കണ്ടിട്ട്. വ്യാഴവും വെളളിയും ക്ലാസ്സിൽ കണ്ടില്ലലോ! എന്തുപറ്റി?”
“അതോ. എനിക്ക് പനിയായിരുന്നു. പ്രണവ് മോഹൻ ബുധനാഴ്ച ഇല്ലാരുന്നല്ലോ?”
“അന്ന് എനിക്ക് തലവേദനയായിരുന്നു.”
“ഹീ.. ഹീ . ആന്റി പറഞ്ഞു”
ശെടാ, ഈ അമ്മ എല്ലാം പറഞ്ഞോ. ശീ. അവന് അന്ന് വയര് ഇളക്കമായിട്ടാണ് ക്ലാസ്സിൽ പോകാതിരുന്നത്. ഹോ ഈ അമ്മ…
😟
“ഞാനേ, നോട്ട്സ് എഴുതാൻ വന്നതാ. എന്തൊക്കെ എഴുതിപ്പിച്ചു?”
“അങ്ങനെ വലുതായി ഒന്നുമില്ല.”
“അനുജ പറഞ്ഞല്ലോ സയൻസിന്റെ ഒരുപാട് നോട്ട് എഴുതിപ്പിച്ചെന്നു.”
“എങ്കിൽ അനുജയോട് പോയി നോട്ട് ചോദിക്ക്.”
താൻ എഴുതി വച്ച ആ കവിത അവൾ കണ്ടുപിടിക്കുമല്ലോ എന്ന് കരുതിയാണ് അവൻ ആ സയൻസ് നോട്ട് അവൾക്ക് കൊടുക്കാൻ മടിക്കുന്നത്.
“ആഹാ..എന്നോട് പിണങ്ങിയാണോ?”
“പിന്നെ, അന്ന് പറയാതെ പോയിട്ട് ഞാൻ എത്ര നേരം തന്നെ നോക്കിനടന്നു എന്നറിയുമോ?”
“അത് പിന്നെ.. എന്റെ അച്ഛൻ ആ വഴി വന്നപ്പോൾ കയറി പോയതല്ലേ? ഓട്ടത്തിന്റെ ഇടയിലായിരുന്നു. അതാ തന്നെ കാത്തുനിൽക്കാതിരുന്നേ. പിന്നെ അച്ഛനോട് ഞാൻ എന്തരാ പറയാ?.. എന്റെ കയ്യിലാണേൽ വണ്ടി കൂലീം ഇല്ലാരുന്നല്ലോ. അതിന് ഇത്ര പിണങ്ങാൻ ഒന്നുമില്ലല്ലോ. അതൊക്കെപോട്ടെ, ആ കുട്ടി ഏതായിരുന്നു?”
“ഏത്?”
“പ്രണവ് മോഹനോട് അന്ന് സംസാരിച്ചു നിന്നത്, ഓട്ടോയിൽ പോകാൻ വിളിക്കാൻ വന്നപ്പോ.”
“അതോ. അത് ആറ് എഛ് ലെ സ്റ്റെല്ല.”
“എങ്ങനെയാ പരിചയം?”
“എന്തേ?”
“എഹ്.. ചുമ്മാ… സയൻസിന്റെ നോട്ട് താ.. ചേച്ചിയും പ്രവീണ ചേച്ചിയുടെ നോട്ട് നോക്കി എഴുതാൻ വന്നതാ. ഇപ്പൊ തന്നെ ഇരുന്ന് എഴുതീട്ടു തിരിച്ചു തരാം.”
“ഇല്ല. ഞാൻ തരില്ല. എന്റെ നോട്ട് വേറാരും നോക്കി എഴുതുന്നത് എനിക്ക് ഇഷ്ടല്ല.”
“ഓഹോ.. അങ്ങനെയാണോ? ഞാനും എന്നാൽ പിണങ്ങാൻ പോവാ.”
അവൾ കൂട്ടു വെട്ടി. കവിൾ വീർപ്പിച്ചു പൊട്ടിച്ചു. അവൾ ചേച്ചിയുടെ റൂമിലേക്ക് പിണങ്ങി നടന്ന് പോയി.
🙄
ആര്യനാട് ജംഗ്ഷനിൽ ഓട്ടോകൂലി കൊടുക്കാൻ പൈസയില്ലാതെ പരുങ്ങുന്ന പ്രണവിനെ കണ്ട് മാനസയുടെ അച്ഛൻ പറഞ്ഞു.
“ഇവിടെ വരെയേ ഉള്ളെങ്കിലൊന്നും തരണ്ടാ മോനെ”
പ്രണവ് അവന്റെ കൈയിൽ മാനസയ്ക്ക് കൊടുക്കാൻ മേടിച്ച ആ കോഫി ബൈറ്റ്സ് നീട്ടി കൊണ്ട് പറഞ്ഞു.
“എങ്കില് ഈ മുട്ടായി വാങ്ങണം. ”
“വേണ്ട മോനെ”
“അങ്കിളിന്റെ പിള്ളേർക്ക് കൊടുക്കാൻ. വാങ് അങ്കിളെ.”
“എന്നാ താ. മോന്റെ പേര് എന്തെരാണ്?”
ആ ചോദ്യം പ്രണവ് പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അവൻ ശരിക്കുമുള്ള പേര് പറയണോയെന്ന് സംശയിച്ചു. അവൻ മറുപടിയായ് പറഞ്ഞു.
“ഉണ്ണികൃഷ്ണൻ”😢
വെറുതെ പറഞ്ഞ ആ ഒരു കള്ളത്തിന്റെ പ്രത്യാഘാതങ്ങൾ അവൻ മനസ്സിലാക്കാൻ പോകുന്നതെ ഉണ്ടായിരുന്നുള്ളൂ.
മഞ്ജുഷ ചേച്ചി നോട്ട് എഴുതി കഴിഞ്ഞിട്ട്, അവർ പോകാൻ തുടങ്ങുമ്പോൾ തന്നെ ഈ സയൻസ് നോട്ട് ബുക്ക് മാനസയ്ക്ക് കൊടുക്കണം.
അതിന് മുൻപ് അതിലെ ആ കവിത മായിക്കണം. അവൻ ഒരു വൈറ്റനർ തപ്പി വീട് മുഴുവൻ നടന്നു. ഹോ.. അത് ചിലപ്പോൾ ചേച്ചീടെ മുറീൽ ആയിരിക്കും. ഇപ്പോൾ അങ്ങോട്ട് പോവണ്ടാ.
അവസാനം ആ പേപ്പർ അവൻ ബുക്കിൽ നിന്ന് കീറിയെടുത്തു, ചുരുട്ടി.. അത് വേസ്റ്റ് ബിനിൽ കളയുന്നതിന് മുൻപ് അവസാനമായി ആ വരികൾ ഒന്ന് കൂടി അവൻ വായിച്ചു.
“ആന്റി ഞങ്ങൾ ഇറങ്ങുവാനെ. അച്ഛൻ വന്നു.”
മഞ്ജുഷ ചേച്ചീടെ ആ ശബ്ദം കേട്ടപ്പോഴാണ്, കണ്ണുകൾ തുറന്ന് കാണുന്ന സ്വപ്നങ്ങളിൽ നിന്ന് പ്രണവ് ഉണർന്നത്.
അവൻ ആ ബുക്ക് എടുത്ത് കൊണ്ട് ഹാളിലേക്ക് വേഗം വന്നു. പക്ഷെ അപ്പോഴേക്ക് മാനസയും അവളുടെ ചേച്ചിയും ഓട്ടോയിൽ കയറിയിരുന്നു.
അയ്യോ..ഇപ്പോൾ ഇറങ്ങി ചെന്നാൽ മാനസയുടെ അച്ഛന്റെ മുന്നിൽ പെടും… അത് വേണ്ടാ. അവൻ ചിന്തിച്ചു.
ശെടാ…
അവർ ഓട്ടോയിൽ പോകുന്നത് ഹാളിലെ ജനാലയിലൂടെ നോക്കി നിൽക്കാനെ അവന് കഴിഞ്ഞൊള്ളൂ.
(തുടരും..)
NB:
എന്റെ ഭാവനയ്ക്ക് ചിറകുകൾ നൽകിയ ഭഗിനി നന്ദിനിയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ.
നന്ദിനി: “വരച്ചു കഴിഞ്ഞപ്പോ, അമ്മയ്ക്ക് ഒരു സിനിമ നടീടെ മുഖഛായ. 🙄 കുഴപ്പണ്ടോ?”
🤗
“☺️😊😇👌👏👍”
2 replies on “മഴത്തുള്ളികൾ oo13”
ഉണ്ണികൃഷ്ണൻ തകർക്കുന്നു ❤️❤️
LikeLiked by 1 person
😊👍 താങ്കൂ…😄
LikeLiked by 1 person