“യുവർ ഓണർ, എനിക്ക് നീതി വേണം.”
കോടതിയിൽ മജിസ്ട്രേറ്റിന്റെ മുന്നിൽ നിന്ന് ശംഭു വാദിച്ചു. ആരും പ്രതീക്ഷിക്കാതെ..
ശെടാ.. ഇവൻ എന്തിനുള്ള പുറപ്പാടാ..
പൊതു സ്ഥലത്ത് മാസ്ക് വച്ചില്ല എന്ന കുറ്റത്തിന് പിഴ അടക്കാൻ വന്നതാണ് ശംഭു, കാഞ്ഞിരപ്പള്ളിയിലെ കോടതിയിൽ. ആ തെറ്റിന് തക്കതായ പിഴ മജിസ്ട്രേറ്റ് വിധിക്കുകയും ചെയ്തു. അതിനിടയിലാണ് ശംഭുവിന്റെ വായിൽ നിന്ന് ഇങ്ങനെ ഒന്ന് വന്നത്.
ശെടാ..ഇവന് ആ പിഴയങ് അടച്ചിട്ട് പോയാ പോരെ…
ഫ്ഭ്ർ.. ഫ്ഭ്ർ….
ഭാഗം -1
“ചെക്കാ, ഈ ചക്കപ്പുഴുക്ക് ചിറ്റയുടെ വീട്ടിലോട്ട് ഒന്ന് കൊണ്ട് കൊടുക്ക്.”
അമ്മ ശംഭുവിനോട് ഇത് പറയുമ്പോൾ അവൻ ആറരയുടെ മഹാഭാരതം സീരിയൽ ടിവിയിൽ കാണുകയായിരുന്നു.
മഹാ..ആ..ആ..ആ…ഭാരതം 🎶🎶.
ഫാൻസി ഡ്രസിൽ വന്ന ഇന്ദ്രന്, കർണൻ ജന്മനാ തനിയ്ക്കുള്ള കവചവും പിന്നെ എന്തോ ഒരു ‘കെടുതാപ്പു’മൊക്കെ ദാനം ചെയ്യാൻ തുടങ്ങുകയായിരുന്നു. ശംഭു കർണനോട് ഉറക്കെ വിളിച്ച് പറഞ്ഞു.
“കൊടുക്കരുത്…”
അതിന് മറുപടി പറഞ്ഞത് ശംഭുവിന്റെ അമ്മച്ചിയായിരുന്നു.
“ആഹാ … നീ ഇപ്പൊ തന്നെ താഴെ കൊണ്ടോയി കൊടുക്കണം.”
പ്ലിങ്…
ശംഭുവിന്റെ വീടിന്റെ തൊട്ട് താഴെയാണ് അവന്റെ ചിറ്റയുടെ വീട്. താഴെ എന്നു പറയുമ്പോൾ, ഹൈ റെയ്ഞ്ച്കാർക്ക്, താഴത്തെ നിലയിലെന്നല്ല, രണ്ടു ‘ഈടി’ താഴെയെന്നാണ്. (അത് പോട്ടെ. ഹൈ റെയ്ഞ്ച് ലെ ഭൂമിശാസ്ത്രം വച്ച് ഉപയോഗിക്കുന്ന പ്രത്യേകം കുറച്ച് വാക്കുകളുണ്ടെന്ന് മാത്രം മനസ്സിലാക്കുക.)
അമ്മച്ചിയേ, ഇതൊന്ന് കഴിഞ്ഞിട്ട് പോരെ എന്ന് ചോദിക്കാൻ തുടങ്ങിയപ്പോഴേക്ക് ടീവിയിൽ പരസ്യം വന്നു. എന്നാൽ ആ ഗ്യാപ്പിൽ ഓടി പോയി കൊടുത്തിട്ട് വരാമെന്ന് ശംഭു വിചാരിച്ചു.
രാവിലെ കോടതിയിലേക്ക് വരാൻ ഈയിടെയായി അന്നമ്മയ്ക്ക് വലിയ മടുപ്പാണ്. വരാതെ ഇരിക്കാൻ പറ്റുമോ? കാഞ്ഞിരപ്പള്ളി കോടതിയിലെ ഏക വനിതാ മജിസ്ട്രേറ്റല്ലെ ‘അന്നമ്മ പത്രോസ് പൗലോമറ്റം’.
പൗലോമറ്റം അന്നമ്മയുടെ വീട്ട് പേരാണെ. ആരേങ്കിലും ചോദിച്ചാൽ അന്നമ്മ പറയും.
“ഓഫ്കോഴ്സ്, അതിനെന്താ പ്രശ്നം. ഹസിന്റെ വീട്ടുപേര് വേണ്ടാ എന്ന് വച്ചതാണ്. തളിയെമാക്കം… നോട്ട് മാച്ചിങ് വിത് മൈ നയിമ്.”
അങ്ങനെ പറയുമെങ്കിലും, കാരണം വേറെ ആണ് കേട്ടോ. എന്തിനേറെ പറയുന്നു അന്നമ്മ പത്രോസ് ലെ പത്രോസ് അന്നമ്മയുടെ അച്ഛനാണ്. അതും പേരിനോട് ചേരുന്നതുകൊണ്ട് നിലനിർത്തിയതാണെന്ന് കരുതാൻ പ്രയാസം.
(ഞാൻ സ്ത്രീകളുടെ പേരിനോട് ഭർത്താവിന്റെ പേര് ചേർക്കുന്നതിനോട് യോജിക്കുന്നയാളാണെ – പുരുഷന്മാരുടെ മേന്മ തിരിച്ചറിഞ്ഞ ഒരു അപ്രഖ്യാപിത മേയിൽ ഷോവനിസ്റ്റ്. ആ പേരിലൂടെ ഭർത്താവിന് അവന്റെ ഭാര്യമേലുള്ള ഉടമസ്ഥാവകാശം എളുപ്പം സ്ഥാപിക്കാൻ പറ്റും. അതെ, സ്ത്രീകൾ എന്നും പുരുഷന്മാരുടെ ‘വസ്തു’ക്കളായി തന്നെ ഇരിക്കണം. എന്റെ മുഖത്തേയ്ക്ക് നോക്കണ്ടാ, ഉണ്ണിയേ.😷)
ഹാ.. പറഞ്ഞു വന്നത് ഒരു മടുപ്പിന്റെ കാര്യമാണ്. ഈ കൊറോണ കാരണം, കേസുകൾ കുറെയെണ്ണം മാറ്റി വച്ചിരിക്കുകയാണ്. എന്നാലും നല്ല പണിയുണ്ട്. പക്ഷെ, ഇപ്പോൾ വരുന്ന കേസുകളിൽ കൂടുതലും ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരിൽ പിടിക്കുന്നവയാണ്. അതിലിപ്പോൾ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാ. കുറ്റം അനുസരിച്ച് ഒരു പിഴ അങ് വിധിക്കുക. 500, 1000, 2000 അങ്ങനെയൊക്കെ. അതിൽ ഏതു വേണമെന്ന് മാത്രം തീരുമാനിച്ചാൽ മതി.
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പയ്യൻ, മീശയൊക്കെ മുളക്കുന്നതെയുള്ളൂ, കോടതിയോട് നീതി ആവശ്യപ്പെടുന്നത്.
നീതി കൊടുക്കാനാണല്ലോ കോടതി. എന്നാ കൊടുത്തേക്കാം. ഫ്ർ ഫ്ർ….
ഇവന്റെ കഥ കേട്ടുകളയാം. ഹാ… അൽപ്പം ബോറടി മാറ്റുവേം ചെയ്യാം. മജിസ്ട്രേറ്റ് അന്നമ്മ ചിന്തിച്ചു.
“യെസ്, യു മേ പ്രോസിഡ്, മോനിതിൽ എന്ത് പ്രശ്നമാണുള്ളത്? കേൾക്കട്ടെ.”
“സാറേ, ഇന്ന് ഇതുവരെ എട്ട് പെറ്റി കേസെ കിട്ടിയുള്ളൂ. ഇത് കൊണ്ട് എസ്.ഐ സാറിന്റെ അടുത്ത് ചെന്നാൽ, അങ്ങേർടെ വായിലുള്ളത് മുഴുവൻ കേക്കേണ്ടി വരും. നാളെ സി.ഐ സാർ അങ്ങേരെ പൊരിക്കുന്നതിന് മുൻപ്, ഇന്നേ നമ്മളെ എസ്.ഐ സാര്‍ അടുപ്പേൽ കേറ്റും.”
സത്യപാലൻ വരാൻ പോകുന്ന അപകടം പ്രഭാകരനോട് സൂചിപ്പിച്ചു.
പട്രോളിങിന് ഇറങ്ങിയതായിരുന്നു ഹെഡ് കോണ്‍സ്റ്റബിൽ പ്രഭാകരനും കോണ്‍സ്റ്റബിൽ സത്യപാലനും. പിന്നെ കൂടെ ജീപ്പിൽ, പുതിയതായി സർവീസിൽ കയറിയ ഡ്രൈവർ രമേശനും.
ഹെഡ് നിർദ്ദേശിച്ചു.
“എന്നാൽ ഒരു കാര്യം ചെയ്യാം. ഈ വഴി ഒന്ന് പോയി നോക്കാം. വല്യ തിരക്കൊന്നും കാണില്ല. പക്ഷെ, വാറ്റൊക്കെ പണ്ട് നടന്നിരുന്ന സ്ഥലമാ. ആരേയെലും കാണാതെയിരിക്കില്ല. രമേശാ, താൻ ജീപ്പ് ഇടത്തോട്ട് എടുത്തോ. ആ വഴി നമ്മുക്ക് ഒന്നു ചുറ്റി വരാം.”
ഇരയെ പിടിക്കാൻ രാത്രിയിൽ ഇറങ്ങുന്നവരെ പോലെ അവർ….
പോലീസ് ജീപ്പിന് മുന്നിൽ നിന്ന് പതറുന്ന ആ പയ്യനോട് കോണ്‍സ്റ്റബിൽ സത്യപാലൻ ചോദിച്ചു.
“ഹും.. എങ്ങോട്ടാ? മാസ്ക് ഒന്നും ഇല്ലാതെ?”
പയ്യൻ പേടിച്ച് നിൽക്കുവാണെന്ന് കണ്ട പ്രഭാകരൻ പോലീസ് കുറച്ച് മയത്തിൽ അവനോട് ചോദിച്ചു.
“മോന്റെ പേരെന്താണ്? വീട് എവിടെയാണ്?”
(ഹലോ.. ഇവിടെ പഞ്ചാബി ഹൗസിലെ രമണനെ ഓർക്കണ്ട കേട്ടോ! സീരിയസായി തന്നെയാ കഥ പറയുന്നേ. ശോ..എന്റെ മുഖം നോക്കണ്ടാന്ന് 😷….ഹും.. )
ആ ഇരുട്ടിൽ, രണ്ട് ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ, രണ്ട് ഉണ്ടക്കണ്ണുകൾ തിളങ്ങി നിന്നു….
(തുടരും…)
ഭാഗം – 2 വായിക്കൂ @
http://sreekanthan.in/2020/07/04/objection_your_honour_02/