ഖാണ്ഡവദഹനം (ഭാഗം-3)

“മുത്തശ്ശി, എനിക്കാരാ അനന്തിക എന്ന് സ്കൂളിൽ പേരിട്ടത്?”

ഒരു ദിവസം സ്കൂൾ വിട്ട് വന്ന ഉടനെ അമ്മിണിക്കുട്ടി മുത്തശ്ശിയോട് ചോദിച്ചു.

“അതോ… നിന്റെ അമ്മ തന്നെ. അവൾ ഒരുപാട് പ്രാർത്ഥിച്ചും, നാഗപഞ്ചമി വെര്തം നോക്കിയുമൊക്കെയാണ്, മോളെ നീ ഉണ്ടായത്. അന്നേ, നിന്റെ അമ്മ തീരുമാനിച്ചാരുന്നു. ആണ്കുട്ടിയാണേ അനന്തൻയെന്നും പെണ്കുട്ടിയാണേ അനന്തികയെന്നും പേരിടണമെന്ന്.”

അവൾ ധൃതിയിൽ യൂണിഫോം മാറ്റി, കാവിലേയ്ക്ക് ഓടി. അവളുടെ പേരിട്ടത് അവളുടെ അമ്മയാണെന്ന് കൂട്ടുകാരോട് പറയാൻ അവൾക്ക് അത്രയ്ക്ക് തിടുക്കമായിരുന്നു.

💐💐💐💐💐“അവര് പിന്മാറിയല്ലോ, ശങ്കരൻകുട്ടി. സർപ്പ ദോഷം വരുമെന്നൊക്കെ പറഞ്ഞു അവരെ ആരോ പേടിപ്പിച്ചു പോലും.”

ഗോപാലൻനായരെ അറിയാവുന്ന എല്ലാവർക്കും അറിയാം, വേറെ ഏതെലും കൂടുതൽ കാശ് തടയുന്ന സ്ഥലം കിട്ടിയപ്പോൾ, പുള്ളി ഇത് മനപ്പൂർവം ഒഴിവാക്കിയതാവുമെന്ന്.

ശങ്കരൻകുട്ടിയുടെ മുന്നിൽ ഒരു രാക്ഷസൻ കൂർത്ത നഖങ്ങളോട് കൂടി കൈ ഉയർത്തി നിന്നു.“ശങ്കരാ, ഇവിടെ എന്താ നടക്കുന്നെ?”

തറവാടിന്റെ തൊടിയിൽ ആൾതിരക്കും ജെ.സി.ബിയുമൊക്കെ കണ്ട് വന്ന അമ്മിണിയുടെ അച്ഛൻ തന്റെ അനിയനോട് വളരെ സൗമ്യമായാണിത് ചോദിച്ചത്.

ആ ചേട്ടൻ അനുജനോട് ഒന്ന്‌ സംസാരിച്ചിട്ട് തന്നെ എത്ര നാളായി? ശങ്കരൻകുട്ടി ഒരു നിമിഷം ആ ചേട്ടന്റെ പഴയ അനിയൻകുട്ടിയാകാൻ ആഗ്രഹിച്ചു പോയി. മറുപടിയിൽ പക്ഷെ, കുറച്ച് പരിഭവവും കലർന്നിരുന്നു. ശങ്കരൻകുട്ടി പറഞ്ഞു.

“ചേട്ടാ, ഈ സ്ഥലം വിൽക്കാൻ പോവാണ്. പണത്തിന്റെ ആവശ്യ ണ്ട്. ചേട്ടന് ഒന്നും അറിയണ്ടാല്ലോ?”

“പണത്തിന് ആവശ്യം ന്നാൽ ഈ സർപ്പകാവ് തന്നെ നശിപ്പിക്കണോ? ആ ദോഷം നമ്മുടെ കുട്ടികൾക്ക് പോലും വരില്ലേ?”

“ഓഹോ. കമ്മുണിസ്റ്റ്കാരനായിരുന്ന ചേട്ടനെപ്പോഴാ ഒരു വിശ്വാസിയായത്?”

ചേട്ടനോട് എതിർത്ത് സംസാരിക്കാൻ താൻ വളർന്നെന്ന കാര്യം അവനെ അത്ഭുതപ്പെടുത്തി.

അമ്മിണിയുടെ അച്ഛൻ ആ സർപ്പശിലകളിലേയ്ക്ക് നോക്കി കൊണ്ട് പറഞ്ഞു. (ആ ശബ്ദം ഇടറിയിരുന്നു.)

“അവളുമായിട്ട് ഞാൻ എന്നും തർക്കിക്കുമായിരുന്നു. വിശ്വാസത്തിന്റെ പേരിൽ.. എന്റെ ഭാനു….. ഇപ്പോൾ എന്തായി? അവൾ ജയിച്ചു….(എന്തോ ആലോചിക്കുന്നു)… ഞാൻ തോറ്റു. അവൾ എന്നും വിളക്ക് വെച്ചിരുന്ന കാവാണിത് . അവളുടെ സാന്നിധ്യം ഇവിടെ എനിക്ക് തോന്നാറുണ്ട്. (ശങ്കരൻകുട്ടിയെ നോക്കുന്നു)…അത് നീ ഇല്ലാതാക്കരുത്. നിന്നോട് ഞാൻ ഇതുവരെ ഒന്നും അപേക്ഷിച്ചിട്ടലോ? ശരിയാണ്…. ഭാഗം വെച്ചപ്പോൾ നിനക്ക് കിട്ടിയ സ്ഥലമാണത്. നിനക്കതിൽ എന്ത് വേണേലും ചെയ്യാം. പക്ഷെ…”

അമ്മിണിക്കുട്ടിയുടെ അച്ഛന്റെ കണ്ണ് നിറഞ്ഞു. ഭാനുമതി മരിച്ചപ്പോൾ ആ കണ്ണിലെ നിർവികാരത കണ്ട് ആ തറവാട്ടിലുള്ളവർ പേടിച്ചതാണ്. ഇന്നാണ് ആ കണ്ണുകൾ നിറഞ്ഞ് കാണുന്നത്.

________

“ടാ, ശങ്കരാ..”

അവന്റെ ‘യെടത്തിയമ്മ’യുടെ വിളിയാണോ ശങ്കരൻകുട്ടി കേട്ടത്? അവന്റെ കണ്ണുകൾ ആ കൂവളത്തിന്റെ ചുറ്റിലും പരതി.

💐💐💐💐💐“അവർക്ക് രണ്ടിനും ചക്രവും ഗാൻടിവോമൊക്കെ കിട്ടീല്ലോ. കൊച്ചച്ഛനെന്താ കിട്ടുന്നെ?”

“മോളെ, നീ വിഷമിക്കേണ്ട. നമ്മൾ അത് വിൽക്കുന്നില്ല. ഞാൻ ഒന്നും മനസ്സിലാക്കിയിരുന്നില്ല.”

ശങ്കരൻകുട്ടി അവളുടെ നെറുകയിൽ തലോടി, ഉമ്മ വച്ചു. അവളെ തന്നെ കുറെ നേരം നോക്കി നിന്നു.

💐💐💐💐💐അന്ന് ദു:സ്വപ്നങ്ങൾ കാണാതെ അവൾ നന്നായി ഉറങ്ങി, പതിവിലും കൂടുതൽ നേരം.

നേരം പുലർന്നപ്പോൾ കട്ടിലിൽ, തന്നെ നോക്കിയിരിക്കുന്ന അച്ഛനെ കണ്ട് അവൾ അത്ഭുതപ്പെട്ടു.

അവളെ അച്ഛൻ വാരിയെടുത്ത് മുറ്റത്തേക്ക് ഇറങ്ങി.

ഉറക്കത്തിൽ കാണാൻ ആഗ്രഹിച്ചിരുന്ന ഏതോ ഒരു സ്വപ്നം നേരിൽ നടക്കുന്നത് പോലെ അവൾക്ക് തോന്നി.

അവളെയും കൊണ്ട് അച്ഛൻ സർപ്പ കാവിലേയ്ക്ക് നടന്നു.

പകൽ മഞ്ഞിന്റെ തണുപ്പ് മാറ്റാൻ അവൾ അച്ഛന്റെ നെഞ്ചിന്റെ ചൂടിനോട് ചേർന്നിരിന്നു. അവൾക്ക് അതുവരെ നഷ്ടമായത് എന്തോ തിരിച്ചു കിട്ടിയതുപ്പോലെ തോന്നി.

അവിടെ ആരോ വിളക്ക് വച്ചിരിക്കുന്നു. സർപ്പത്തറയും ചുറ്റുപാടും വൃത്തിയായി കിടക്കുന്നു. സർപ്പശിലകൾക്ക് മുൻപിൽ കുറച്ച് കൂവളത്തിലകൾ മാത്രം.

അച്ഛൻ അവളെ നിലത്തിറക്കി നിർത്തി. അവൾ അച്ഛന്റെ മുഖത്തേക്ക് മുഖം ഉയർത്തി നോക്കി. അച്ഛൻ കണ്ണുകൾ അടച്ച് തൊഴുത് നിൽക്കുന്നു. പിന്നെ കണ്ണ് തുറന്ന് അവളെ നോക്കുന്നു. ആ കണ്ണുകൾ തിളങ്ങുന്നു.

അച്ഛൻ ആരോടോ എന്ന പോലെ പറഞ്ഞു.

“ഒന്നും മാറീട്ടില്ല. മാറാൻ സമ്മതിക്കേംമില്ല.”


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: