ഖാണ്ഡവദഹനം

(ഭാഗം – 1)

“നമ്മടെ അമ്മിണിക്കുട്ടി ഒരു ദു:സ്വപ്നം കണ്ടൂന്ന്. നീയ് കേൾക്കുന്നുണ്ടോ ശങ്കരാ? ഈ ശകുനങ്ങളൊന്നും കണ്ടിലാന്ന് വെക്കേണ്ടാട്ടൊ. ഇതൊക്കെ കാരണമാര് കാണിച്‌ തരുന്നതാന്ന് നിരീച്ചൊ. ”

തറവാടിന്റെ ഉമ്മറത്ത് ഇരുന്ന് മുത്തശ്ശി ശങ്കരൻകുട്ടിയോട് ഇത് പറയുമ്പോൾ, അമ്മിണിക്കുട്ടി മുത്തശ്ശിയുടെ ഉള്ളം കൈയിൽ മുഖം അമർത്തിവച്ച്, മടിയിൽ കിടക്കുകയായിരുന്നു.

ശങ്കരൻകുട്ടി രാവിലെ തന്നെ എവിടെയോ പോകാനായി തറവാട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. റബർ ചെരുപ്പിന്റെ വാര് നേരെയാക്കുന്നതിനിടയ്‌ക്ക് ശങ്കരൻകുട്ടി കുറച്ച് ദേഷ്യം ഭാവിച്ച് കൊണ്ട് തന്നെ മറുപടി പറഞ്ഞു.

“ഹോ… തറവാടിന്റെ പ്രതാപവും പാരമ്പര്യവുമൊക്കെ ഓർത്ത്നിയാരേം പട്ടിണിയ്ക്കിടാൻ വയ്യാ. പിന്നെ, അമ്മ ഈ കൊച്ചിനെ കുറെ കഥയൊക്കെ പറഞ്ഞ് പേടിപ്പിച്ചൊണ്ടല്ലേ അവളിങ്ങനെ സ്വപ്നം കാണുന്നെ? ഞാനൊന്ന് പറഞ്ഞേക്കാം, എന്റെ ഈ തീരുമാനത്തിൽ ഇനി ഒരു മാറ്റവും വരാൻ പോന്നില്ല. അല്ലെച്ചാൽ, കൂമന്തറയിലെ ബഗൊതി നേരിട്ടെന്റെ മുമ്പെ വന്ന്‌ പറേണം. അല്ലേ, റോഡ് സൈഡിലുള്ള സ്ഥലമാ. നല്ല വില കിട്ടുമെന്നാ ആ ഗോപാലൻ നായര് പറഞ്ഞെ.”

അമ്മിണിക്കുട്ടി എന്നും വൈകിട്ട് വിളക്ക് വയ്ക്കുന്ന സർപ്പക്കാവ് വെട്ടിത്തെളിച്ചു, ആ സ്ഥലം വിൽക്കുന്നതിനെപ്പറ്റിയാണ് തറവാട്ടിൽ ഇപ്പോൾ സംസാരിച്ചത്.

അമ്മിണിക്കുട്ടിയുടെ ആകെയുള്ള കൂട്ടുകാരാണ്, അവിടെയുള്ള സർപ്പശിലകളും കൂവളവും പിന്നെ കൂവളത്തിൽ വന്നിരുന്ന് അവളോട് കൊഞ്ചുന്ന ഒരു മൈനയും. അവളുടെ ദുഃഖം ശങ്കരൻകുട്ടി കൊച്ചച്ഛന് ഒരിക്കലും മനസ്സിലാകില്ല.

കൊച്ചച്ഛൻ അവളുടെ അച്ഛനോട് പോലും ചോദിക്കാതെയാണ് ഈ തീരുമാനം എടുത്തത്. അത് മോശമല്ലെ ശങ്കരാന്ന് ആരെങ്കിലും ചോദിച്ചാൽ കൊച്ചച്ഛൻ നല്ല കനത്തിൽ പറയും.

“അതെങ്ങനെ മോശാവും? പഗൽ വെട്ടത്തിൽ ആളെ കാണുകേമില്ല. രാത്രിയാച്ചാൽ പിന്നെ പറേണ്ട പുകില്. ലോകത്ത് ഇങേർടെ മാത്രേ കെട്ടിയോൾ ചത്തിട്ടുള്ളോ!… ഹും..”

അമ്മയിലാത്ത അമ്മിണികുട്ടിയെ സ്വന്തം മോളായി തന്നെയാണ്‌ മുത്തശ്ശി വളർത്തുന്നത്. അവളെ അവളുടെ മുത്തശ്ശിയമ്മക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ.

മുത്തശ്ശിയുടെ മനസ്സിൽ ആ സർപ്പകാവ്, പഴയ എന്തിന്റെയൊക്കെയോ ഒരു സ്മാരകമാണ്. മുത്തശ്ശിയോട് കാവിനെപ്പറ്റി ചോദിച്ചാൽ പറയും.

“എങ്ങനെ നിന്നിരുന്ന കാവാ. തെക്കേതിലൂടെ വഴി വെട്ടിയപ്പോൾ, എല്ലാം നശിച്ചതാ. പണ്ട് കാവിൽ നിന്ന മരങ്ങളെല്ലാം വെട്ടി മാറ്റിയിരിക്കുണ്. പണ്ടാരുന്നേൽ കാഞ്ഞിറോം, ഇരുളും, മഞ്ചാടീം ആലുമൊക്കെ നിന്നിരുന്ന കാവിൽ ഇപ്പോ ഒരു കൂവളം മാത്രം. എത്ര എത്ര പക്ഷികൾ, ശലഭങ്ങൾ, മൃഗങ്ങൾ.. ഉണ്ടാരുന്നതാ. ഇപ്പൊ ഒന്നൂല്ല. പണ്ടെന്തേലും സൂക്കേട് വന്നാൽ, അല്ലേൽ മുറിപ്പറ്റിയാൽ, ഇന്നത്തെപ്പോലെ ആസൂത്രിലോട്ടല്ല പോവുന്നെ.. നേരെ കാവിലേയ്ക്ക്.. നീരലോം, കടുക്കേം, അമരിമ്.. അങ്ങനെ അങ്ങനെയെത്രയെത്ര ഔഷധങ്ങൾ.. ഇക്കഴിഞ്ഞ കൊല്ലം എനിക്ക് കൊറച്ച് വാതംകൊല്ലി വേണ്ടീട്ട്, അന്വേഷിച്ച് എടെല്ലാം പോയി! അത് നമ്മടെ കാവിൽ പണ്ടുണ്ടാരുന്നതാ. ഹാ.. എന്ത് പറയാനാ.. ഈ ജന്മം ഇതൊക്കെ കാണാൻ വേണ്ടിട്ടാണോ കൃഷ്ണാ ഇങ്ങനെ നീട്ടണത്.. നാരായണ..നാരായണ..”


💐💐💐💐💐💐💐💐💐


അമ്മിണി : “മുത്തശ്ശി, ഇന്ന് ഖാണ്ഡവദഹനം മുഴൊൻ പറഞ്ഞു തരാന്ന് മോളോട് പറഞ്ഞാന്നു.”

അമ്മിണിക്കുട്ടി എന്നത്തേയും പോലെ രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ അവളുടെ മുത്തശ്ശിയമ്മയോട് ചിണുങ്ങി.

മുത്തശ്ശി :

“ന്താ.. കുട്ടിയേ.. നീ നാമം ജപിക്കാൻ സമ്മതീക്കൂല്ലലോ. ”

അമ്മിണി: “ഇന്നലെ പറഞ്ഞതലെ.. നിക്കിന്ന് പറഞ്ഞുതാരാന്ന്. ഞാൻ മിണ്ടൂല മുത്തശ്ശിയോട്.”

മുത്തശ്ശി: “ഇന്നലെ ഞാൻ ജരിതടെയും മന്ദപാലന്റേം കഥ പറഞ്ഞതലെ. ഇനിയെന്താ..? തക്ഷകൻ രക്ഷപ്പെട്ട കഥയോ?”

അമ്മിണി: “ങി..ങി.. അതല്ല മുത്തശ്ശിയേ, എന്തിനാണ് കൃഷ്ണാർജ്ജുനന്മാർ ഇങ്ങനെ ചെയ്തെന്ന് നിക്ക് മനസ്സിലായില്ല.”

മുത്തശ്ശി : “അത് ഞാൻ പറഞ്ഞതാരുന്നല്ലോ കുട്ടിയോട്. അഗ്നി ഭഗവാന് ഭയങ്കരമായ ഒരു വിശപ്പ് തോന്നിയപ്പോൾ ഭക്ഷിക്കാനായി കൃഷ്ണാർജ്ജുനന്മാർ ഒരുക്കി കൊടുത്തതാണ് ആ വനമെന്ന്. പറഞ്ഞതല്ലെ?”

അമ്മിണിയ്ക്ക് അത് മനസ്സിലായില്ല. അവിടെ എത്ര ജീവനുകളാണ് അഗ്നിക്കിരയായത്. അവളുടെ കൃഷ്ണൻ മിണ്ടാപ്രാണികളെ ഇത്ര വലിയ കുരുതിക്ക് വിട്ടുകൊടുക്കുമെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. വീണ്ടും മുത്തശ്ശിയോട് അമ്മിണിക്കുട്ടിയ്ക്ക് സംശയം ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ, മുത്തശ്ശി വീണ്ടും നാമം ജപിക്കാൻ തുടങ്ങിയിരുന്നു.

മുത്തശ്ശി: “നമ:ശിവായ ജപിച്ച് ഉറങ് കുട്ടിയേ, ദു:സ്വപ്‍നം കാണാതെ ഉറങ്ങണെൽ. പേടി തോന്നുവാണെൽ അര്ജുനപ്പത്ത് ജപിക്കൂട്ടൊ. അർജ്‌ജുനൻ, ഫല്ഗുണൻ, പാർത്ഥൻ, വിജയനും, പിന്നെ കിരീടിയും സ്വെതാംശുയെന്നും ധനജ്ജയൻ, ജിഷ്ണുവും പ്രീതിഹരം സർവ്വസാചി, ബീഭൽത്സഉം – പത്ത് നാമങ്ങൾ ഭക്ത്യാ ജപിച്ചിലോ നിത്യ ഭയങ്ങൾ ഒഴിഞ്ഞു പോം നിർണയം.”

ആ രാത്രിയിൽ പക്ഷെ, അമ്മിണിയുടെ മനസ് നിറയെ സംശയങ്ങളായിരുന്നു.

അതിനിടയിൽ, അവൾ നാമം ജപിച്ചു കിടന്നു.

“ഓം നമ:ശിവായ, ഓം നമ:ശിവായ …”

(തുടരും…)


ഭാഗം 2 വായിക്കൂ..@

http://sreekanthan.in/2020/06/26/khandavadahanam_2/

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: