“എന്തേലും ഒന്ന് സംസാരിക്കാമോ? ഈ നിശബ്ദത എങ്ങോട്ടേയ്ക്കോ എന്നെ വലിച്ച് ഇഴച്ച് കൊണ്ടുപോകുന്നു.”
“എന്ത് സംസാരിക്കാനാ? ഈ മാസ്‌ക് വെച്ച് നടക്കുന്നത് കൊണ്ട് ശ്വാസമെടുക്കാൻ തന്നെ പാടുപെടുകയാ. അപ്പോഴാ.. നമ്മുക്ക് ഇങ്ങനെ തന്നെ നടക്കാം. ഈ മ്യൂസിയം കോംപ്ലെക്സിലെ മരങ്ങളെയും പക്ഷികളെയും നോക്കി കൊണ്ട്…”
“അത് ശരിയാ…ഹാ.. സാധാരണയിൽ കൂടുതൽ പക്ഷികളെ കാണുന്നു. ഒരുപാട് മാറ്റം വന്നിരിക്കുന്നു. ഈ ലോക്ക്ഡൗണ് മനുഷ്യർക്ക് മാത്രമേ ബുദ്ധിമുട്ട് ഉണ്ടാക്കിയുള്ളല്ലോ ലെ? ഇവിടുത്തെ ഈ പ്രകൃതിയെ നോക്ക്.. പുനർജനിച്ചിരിക്കുന്നതായി തോന്നുന്നില്ലേ?.”
“എടോ. ഇനി ഞാൻ മിണ്ടില്ല, കേട്ടോ? നമ്മുക്ക് ഈ കാഴ്ചകൾ ആസ്വദിച്ച് നടക്കാം.”
“പക്ഷെ..”
“ഉം..എന്താ..?”
“ഞാൻ പറഞ്ഞില്ലേ?”
“എന്ത്?”
“ഈ നിശബ്ദത എനിക്ക് പറ്റുന്നില്ലെന്ന്.”
“ഹോ.. എന്റെ കൂടെ നടക്കുമ്പോൾ അതൊക്കെ താൻ സഹിക്കണം, കേട്ടോ? ഹി ..ഹി..”
“ഹ്മ്മ . എന്താന്ന് അറിയാമോ? നമ്മൾ രണ്ടും രണ്ട് മൂഡിലാണ്. എല്ലാം രണ്ട് രീതിയിലാണ് കാണാൻ ശ്രമിക്കുന്നേ. അതുകൊണ്ട്…”
“അതുകൊണ്ട്?”
“താൻ മുന്നോട്ട് നടന്നൊള്ളൂ. എന്റെ വഴി വേറെയാണ്.”
അവർ പിരിഞ്ഞു.
ആഗ്രഹിച്ചു പോവുകയാണ്… വേർപിരിയലുകൾ ഇത്ര ലളിതമായിരുന്നെങ്കിൽ…