“അപ്പാച്ചൻ ബല്യ പത്തിരി കഴിച്ചുമ്പോ, മാധാവികുട്ടിയ്ക്ക് ചെറീന പത്തിരി മതി.”
അപ്പാച്ചന്റെ കൂടെ ബഷീറിക്കയുടെ ചായകടേൽ വന്ന മാധവിക്കുട്ടി ചിണുങ്ങി.
“ടോ മാപ്പിളെ, കൊച്ച് പറഞ്ഞ കേട്ടില്ലേ? ഒരു ചെറിയ പത്തിരി ഉണ്ടാക്കി ഇവിടെ കൊടുക്ക്..”
ബഷീറിക്കയുടെ കടയിൽ പത്തിരിയ്ക്ക്, ഒന്നാമത് വലിപ്പം കുറവാണ് എന്നൊരു പരാതിയുണ്ട്. അതിനിടയിൽ ഒരു പത്തിരിയ്ക്ക് ഇരുപത്തഞ്ചു പൈസ കൂട്ടുകയും ചെയ്തിരുന്നു. ബഷീറിക്കാ പറയും.
“ഇങ്ങക്ക് ഒന്നും അരീണ്ടല്ലോ. സാനങ്ങൾക്ക് ഇപ്പൊ എന്താ വെല? ജ്ജ് ആ മാത്തന്റെ പിടീകേന്ന് എന്തേലും വാങ്ങിച്ച് നോക്ക്.. അപ്പോ അറിയാ.”
ബഷീറിക്കയ്ക്ക് മാധാവികുട്ടിയെ വല്യ കാര്യാണ്. ചെറിയ പ്രായത്തിൽ തന്നെ കെട്ടിച്ചു വിട്ട തന്റെ കുഞ്ഞുപാത്തൂന്റെ ഓർമ്മയാണ് മാധവിയെ കാണുമ്പോൾ ബഷീറിക്കായ്ക്ക് വരുന്നത്. അപ്പാച്ചന്റെ കൂടെ ആഴ്ചയിൽ ഒരിക്കല്ലേലും മാധവിക്കുട്ടി ആ ചായ പീടികേലെത്തുന്നതാണ്.
ബഷീറിക്കാ പറഞ്ഞു.
“അതിനെന്താ മാഷേ.. ഞമ്മടെ സുറുമികുട്ടിയ്ക്ക് സ്പെസൽ കുഞ്ഞിപ്പത്തിരി തന്നെ ഈ ബഷീറിക്ക ഉണ്ടാക്കി കൊടുക്കാല്ലോ.”
എന്നും വാലിട്ട് കണ്ണെഴുതി എത്തുന്ന മാധാവിയെ സുറുമികുട്ടി എന്നാണ് ബഷീറിക്ക വിളിക്കുന്നത്.
അന്നത്തെ ദിവത്തിന് ശേഷം എല്ലാ തവണ വരുമ്പോഴും സ്പെഷ്യൽ കുഞ്ഞിപ്പത്തിരി മാധാവിയ്ക്ക് കിട്ടി കൊണ്ടിരുന്നു. അപ്പാച്ചൻ വെളിയിൽ എവിടേലും പോയി വരുമ്പോഴും കുഞ്ഞിപ്പത്തിരിയുടെ ഒരു പൊതി വീട്ടിലേയ്ക്ക് കൊണ്ട് വരുന്നതും പതിവായി തീർന്നു.
💐💐💐💐💐💐💐💐💐💐💐💐💐
“നീ ദൈവം ഒന്നുമല്ലല്ലോ, എല്ലാരുടെയും ജീവൻ രക്ഷിക്കാൻ?”
ഡോ. അരുൺ ഡോ.മാധവിയെ ശകാരിച്ചു. അവളുടെ ഒരു പെഷ്യൻറ് മരിച്ചാൽ അവൾക്ക് ഉണ്ടാകുന്ന മാനസികാഘാതം കണ്ടാണ് അരുൺ ഇങ്ങനെ പറഞ്ഞത്.
“നമ്മൾ ഡോക്ട്ടെർസ് ഒരിക്കലും പേഷ്യന്റ് മായി ഇത്ര അറ്റാച്ഡ് ആകാൻ പാടില്ല. എന്ജിനീയേഴ്സിനെ കണ്ടിട്ടില്ലേ? അവർ അവരുടെ ഒരു യന്ത്രം കേടുവരുമ്പോൾ അത് മാറ്റി പുതിയത് വെയ്ക്കുന്ന പോലെ നമ്മുക്ക് ഒന്നിൽ നിന്ന് സ്മൂത്തായി മാറാൻ കഴിയണം.”
അരുൺ പറയുന്ന കാര്യങ്ങൾ പലരുടെയും വായിൽ നിന്ന് മാധവി കുറെ കേട്ടതാണ്. പക്ഷെ, അത് പ്രാവർത്തികമാക്കാൻ അവൾക്ക് പറ്റുന്നില്ല. അവളുടെ സുഹൃത്ത് ഹിമ പറയുന്ന പോലെ ‘ബെഡ് എം 3 ഓഫ് ആയി’ എന്ന് ലാഘവത്തോടെ ഒരു മരണത്തെപ്പറ്റി മാധവിയ്ക്ക് ഇനിയും പറയാൻ പറ്റാത്തത് അതുകൊണ്ടാണ്.
അടുത്ത ഭാഗം വായിക്കൂ.. @