മരണത്തിന്റെ തണുപ്പ് ആദ്യമായല്ല ഡോ. മാധവിയ്ക്ക് അനുഭവപ്പെടുന്നത്.
പക്ഷെ, ഈ തണുപ്പ്..
പണ്ട് കുട്ടിയായിരുന്നപ്പോൾ ഈ കൈ പിടിച്ച്, ഒരുപാട് നടന്നിരുന്നതാണ്. അന്ന് തോന്നിയ ഒരു സുരക്ഷിതത്വം സ്വന്തം അച്ഛന്റെയോ, പിന്നീട് ജീവിതത്തിലേയ്ക്ക് കടന്ന് വന്ന അരുണിന്റെയോ കൈകളിൽ ഒരിക്കലും മാധവിയ്ക്ക് തോന്നിയിരുന്നില്ല.
മുറിയുടെ വെളിയിൽ ആരൊക്കെയോ നിന്ന് സംസാരിക്കുന്നുണ്ട്. പരിചയമുള്ള ചെറിയൊരു ചിണുങ്ങലും കൂട്ടത്തിൽ മുഴങ്ങുന്നുണ്ട്.
“മരണം സ്ഥിതീകരിക്കാനിനി ആസ്പത്രിയിലേക്ക് കൊണ്ട് പോണോ? മാധവിക്കുട്ടി ഉണ്ടല്ലോ… ങേ..?”
മാധവിയ്ക്ക് പരിചയമില്ലാത്ത ഒരു ശബ്ദമായിരുന്നത്.
മാധവി പൾസ് നോക്കാൻ ശ്രമിച്ചു. വെയ്ൻ കിട്ടുന്നില്ല. പഠിച്ച കാര്യങ്ങൾ ഒന്നും ഓർമ്മയിൽ വരുന്നില്ല. ഏതു മരണത്തിന്റെ മുന്നിലും സംയമനം പാലിക്കാറുള്ള, അപ്പോളോ ഹോസ്പിറ്റലിലെ എല്ലാവരും പറയാറുള്ള, ആ കൊച്ചു മിടുക്കി ഡോക്ടർ ഇപ്പോൾ എവിടെ?
അവളുടെ തൊണ്ട വരളുന്നു. കരയാതിരിക്കാൻ പാടുപെട്ട് കൊണ്ട്, അവൾ ആരോടോ എന്ന പോലെ പറഞ്ഞു.
“ഇ.സി.ജി നോക്കണം. എന്നാലേ ..”
അവൾ തടഞ്ഞ് വച്ച ആ അണക്കെട്ട് പൊട്ടി. ആ മുറിയിൽ നിന്ന് മുഖം പൊത്തികൊണ്ട് അവൾ ഓടി. ഒരിക്കൽ തന്റേതായിരുന്ന ഒരു മുറിയിലെ കട്ടിലിലേയ്ക്ക് മുഖം പൊത്തി വീണു.
💐💐💐💐💐💐💐💐💐💐💐💐
സ്നേഹത്തെപ്പറ്റി പറഞ്ഞു മനസിലാക്കുവാൻ ഒരു വിചിത്ര ഭാഷ എനിക്ക് പ്രദാനം ചെയ്യണമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു…
മാധവിയ്ക്ക് ലഭിച്ച ഒരു പ്രണയലേഖനത്തിന്റെ ആദ്യവരികൾ ഇതായിരുന്നു. കമലാസുരയ്യയുടെ വരികൾ. ആ ലേഖകൻ എപ്പോഴോ മാധവിയോട് ചോദിച്ചിരുന്നു.
“നിനക്ക് ആരാണ് ഈ മാധവിക്കുട്ടി എന്ന് പേരിട്ടത്?”
“എന്റെ അപ്പാച്ചൻ. എന്നോട് അപ്പാച്ചൻ പറയുമായിരുന്നു. ചുറുചുറുക്കും തന്റേടവുമുള്ള അവരെപോലെ ഒരു പെണ്ണായിതന്നെ ഞാൻ വളരണമെന്ന്.. പഠിച്ച് പഠിച്ച് മിടുക്കിയാവണമെന്ന്.. വളർന്ന് വളർന്ന് വസന്തമാകണമെന്ന്..”
അപ്പാച്ചനെക്കുറിച്ച് ഓർത്തപ്പോൾ അന്നും മാധവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കുട്ടിക്കാലത്തെ ഒരു കൂട്ടം ഓർമ്മകൾ അവളുടെ മനം കുളിർപ്പിച്ചിരുന്നു. മാധവി അപ്പാച്ചനെന്ന് വിളിച്ചിരുന്ന, അവളുടെ മുത്തച്ഛനെ ചുറ്റിപ്പറ്റിയായിരുന്നു ആ ഓർമ്മകളൊക്കെത്തന്നെ..
💐💐💐💐💐💐💐💐💐💐💐💐💐
അടുത്ത ഭാഗം വായിക്കൂ… കുഞ്ഞിപ്പത്തിരി 02 @
….http://sreekanthan.in/2021/03/25/kunjippathiri_02/