‘മഴുതിന്നമാമരകൊമ്പിൽ തനിച്ചിരുന്ന്’ പാട്ടുകൾ മൂളാനായി, ആ കാട്ടുപ്പക്ഷി ഇനിയില്ല…
സാഹിത്യകാരന്മാർ എല്ലാവരും പ്രകൃതി സ്നേഹികളല്ലേ?.. ആണെന്നല്ലേ ഒരു വെപ്പ്..
പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക മാത്രമല്ല സുഗതകുമാരി എന്ന സാഹിത്യകാരി ചെയ്തത്. അതിന്റെ സംരക്ഷണത്തിന് വേണ്ടിയും പോരാടി. അതാണ് ഈ കവയിത്രിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്.
ഒ.എൻ.വി യെ പോലെ കാല്പനികതയിലും ടീച്ചർ രാഷ്ട്രീയം പറഞ്ഞു. പക്ഷെ, അത് തികച്ചും ഇക്കോ-ഫെമിനിസത്തിൽ അടിയുറച്ചുള്ളതായിരുന്നു.
ടീച്ചറുടെ പ്രകൃതി രാധയായിരുന്നു.
(കൃഷ്ണകവിതകളിൽ കൃഷ്‌ണനെ രാധയ്ക്ക്(പ്രകൃതിയ്ക്ക്) വിധേയനായാണ് സുഗതകുമാരി അവതരിപ്പിക്കുന്നത്.)
സൈലന്റ് വാലിയ്ക്ക് വേണ്ടി സുഗതകുമാരി ടീച്ചർ പാടി…
“അടിവേരു തൊട്ട് മുടി-
യിലവരെ, നന്ദികെട്ടോ-
രടിയങ്ങൾക്കവിടുന്നു
തന്നുപോറ്റുമ്പോൾ
പകരം നല്കുവാതെന്തേ?
മഴുവും തീയുമല്ലാതെ!”
(മരത്തിന് സ്തുതി)
പ്രകൃതിസ്നേഹത്തിൽ തന്നെ അടങ്ങുന്നതല്ലേ മനുഷ്യസ്നേഹവും? എന്തായാലും, അതിനെ രണ്ടിനെയും വേറിട്ട് കാണാൻ കഴിയാത്ത ഒരു വ്യക്തിത്വത്തെ നമ്മുക്ക് സുഗതകുമാരി ടീച്ചറിൽ കാണുവാൻ സാധിക്കും. ആ അഭയകേന്ദ്രത്തിലെ അന്തേവാസികളുടെ ‘ടീച്ചറമ്മ’ വിളിയിൽ അതിന്റെ എല്ലാ ഉത്തരവും അടങ്ങുന്നു.
ടീച്ചർ പാടി…
“പെണ്ണാണ് കൊന്നൊഴിച്ചീടാൻ
കഴിഞ്ഞില്ല, പൊറുക്കുക.
നിൻമടിത്തട്ടിൽ ജീവിക്കാൻ
ഇവൾക്കുമിടമേകുക” (പെണ് കുഞ്ഞ്).
പെണ്ണായി പിറന്നതിനാൽ അനുഭവിക്കുന്ന യാതനകൾ ആത്മാവിൽ തിരിച്ചറിഞ്ഞാണ് ആ ജീവിതങ്ങൾക്ക് ടീച്ചർ ‘അഭയം’ നൽകിയത്.
സുഗതകുമാരി ടീച്ചർ പാടി..
“ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ
ചിറകൊടിഞ്ഞുളോരീ കാട്ടുപ്പക്ഷി.
മഴുതിന്ന മാമര കൊമ്പിൽ തനിച്ചിരുന്ന്
ഒടിയാച്ചിറകു ചെറുതിളക്കി.”
പണ്ട് പഠിച്ച പാഠപുസ്തകത്തിലെ ആ കവിത ഓർത്തു പോയി..
‘പിന്നെയും പിന്നെയും..’ എന്ന സിനിമ ഗാനത്തിന്റെ ട്യൂണിൽ എന്നോ ഓർമ്മയിൽ സൂക്ഷിച്ച് വച്ച ഈ വരികൾ, ഇപ്പോൾ എവിടുന്നോ തികട്ടി പുറത്തേയ്ക്ക് വരുന്നു.
നോവുമെന്നോർത്തോ പതുക്കെ അനങ്ങാതെ
പാവം പണിപ്പെട്ട് പാടിടുന്നു,
ഇടറുമീ ഗാനമൊന്നേറ്റുപാടാൻ കൂടെ
ഇണയില്ല, കൂട്ടിന് കിളികളില്ല.”
ബാക്കി വരികളും മറന്ന് പോയിട്ടില്ല കേട്ടോ..
“പതിവുപോൽ കൊത്തി പറന്ന് പോയി
മെയ് ചൂടിൽ അടവച്ചുണർത്തിയ കൊച്ചുമക്കൾ……..”
വരവായൊരന്തിയെ കണ്ണാൽ ഉഴിഞ്ഞുകൊണ്ട് ഒരു കൊച്ചു രാപ്പൂവ് ഉണർന്ന നേരം, വെളിച്ചവും ഗാനവും മനസ്സിൽ കുടിയിരുത്തി വീണ്ടും വീണ്ടും കവിതകൾ പാടുന്ന ആ പക്ഷി…
……ഇനിയില്ല.
സുഗതകുമാരി ടീച്ചർക്ക് പ്രണാമം.
💐💐💐💐💐💐💐💐💐💐💐💐
2 replies on “രാധയുടെ തീരാ നഷ്ടം”
അക്ഷരങ്ങൾ കൊണ്ടുള്ള ആദരാജ്ഞലികൾ വളരെ ഉചിതവും അതിലുപരി മനോഹരവുമായിറ്റുണ്ട്…… സുഗതകുമാരി അമ്മയ്ക്ക് പ്രണാമം🙏
LikeLiked by 1 person
😊😊😊താങ്ക്സ്🤗🤗
LikeLike