ഭൂതകാലം

ഭൂതത്തെപ്പറ്റി ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ആ ഒരു രൂപമില്ലേ?  അത് അല്പ്പം പേടിപ്പെടുത്തുന്നതായിരിക്കും. അപ്പോൾ ഭൂതകാലത്തെപ്പറ്റി ഓർക്കുമ്പോഴോ?

കഴിഞ്ഞുപോയ കാലം എങ്ങനെ ‘ഭൂത’കാലമായി? ചിന്തിച്ചിട്ടുണ്ടോ?

നമ്മളെ പേടിപ്പെടുത്തുന്ന, വേദനിപ്പിക്കുന്ന എന്തോക്കൊയോ ആയതുകൊണ്ടാണോ?

ശരിയല്ലല്ലോ. 🤔. ഭൂതകാലത്തിൽ ഒരുപാട് നല്ല ഓർമ്മകളും ഉണ്ടായിരുന്നു.

പക്ഷെ, അവയെപ്പറ്റി ഓർക്കുമ്പോൾ, അവയൊക്കെ പെട്ടെന്ന് കടന്ന് പോയല്ലോ എന്ന വേദനയിലേക്കും നമ്മൾ ചെന്നെത്തിയേക്കാം എന്ന കാര്യം മറക്കരുത്. അങ്ങനെ ചിന്തിക്കുമ്പോൾ ഈ ഭൂതകാലം എന്നുള്ളത് നമ്മളെ പേടിപ്പിക്കുന്ന അല്ലെങ്കിൽ വേദനിപ്പിക്കുന്ന ഒരു “ഭൂതം” തന്നെയാണെന്ന് തന്നെ കരുതേണ്ടി വരും.

ഈ ഭൂതകാലത്തിലെ ഭൂതത്തെ എങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിക്കൂ.

മിലൻ കുന്ദേരയുടെ ലാഫർ ആൻഡ് ഫോർഗറ്റിങ് എന്ന കഥാസമാഹാരത്തിൽ ലോസ്റ്റ്‌ ലെറ്റേഴ്സ് എന്ന ഒരു കഥയുണ്ട്. അതിലെ നായകനായ കഥാപാത്രം തന്റെ പഴയ കാമുകിയെ അന്വേഷിച്ചു പോകുന്നുണ്ട്. എന്തിനാണെന്ന് അറിയോ? അവൾക്ക് താൻ പണ്ട് അയച്ച കത്തുകൾ തിരികെ മേടിച്ചു നശിപ്പിക്കാൻ. അങ്ങനെ ചെയ്ത് അയാളുടെ ഭൂതകാലത്തെ തിരുത്താനാണ് അയാൾ അതിലൂടെ ശ്രമിക്കുന്നത് എന്നും അതിൽ പറയുന്നുണ്ട്. ആ കഥയിൽ അങ്ങനെ നടന്നോ ഇല്ലയോ എന്ന് ഞാൻ ഇവിടെ പറയുന്നില്ല. പക്ഷെ, അങ്ങനെ ചെയ്‌താൽ കഴിഞ്ഞതിനെയൊക്കെ ഇല്ലാതാക്കാൻ കഴിയുമോ? അങ്ങനെ പറ്റിയിരുന്നേൽ എന്ത് എളുപ്പമായിരുന്നേനെ കാര്യങ്ങൾ. ഈ പുതിയ ലോകത്ത് ചാറ്റ് ഹിസ്റ്ററിയും മെയിലുകളും (നമ്മുടെ ഭാഗത്ത് നിന്ന് ) നശിപ്പിച്ചാൽ മതിയല്ലോ.

പക്ഷേ, നമ്മുടെ ഉദ്ദേശമായ ഭൂതത്തെ ഇല്ലാതാക്കാൻ അതിലൂടെ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഒന്നിനും അതിന് കഴിയുമെന്ന് തോന്നുന്നില്ല. കാരണം;

വർത്തമാനകാലത്ത് ജീവിക്കുന്ന ഒരു ശരീരത്തിനും ഭൂതകാലത്തിൽ ജീവിക്കുന്ന ഒരു മനസ്സിനും ഉടമയാണ് ഓരോ മനുഷ്യനും.

വെറുതെ ചിന്തിച്ച് പോവുകയാണ്….

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑