മപ്പന്റെ കല്യാണത്തിന് പോയപ്പോൾ അവന് ആശംസകളേകാൻ സ്റ്റേജിലേക്ക് ഞാൻ വിളിക്കപ്പെട്ടു. അവനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ ഒരു അടുക്കും ചിട്ടയും ഇല്ലാതെ കിടന്നതുകൊണ്ട് അന്ന് സ്റ്റേജിൽ കയറി എന്തൊക്കെയോ ആണ് പറഞ്ഞത്. മറ്റൊരു ഫ്രണ്ടിന്റെ കല്യാണത്തിന് പറയാൻ തയ്യാറാക്കി വച്ചിരുന്ന ഒരു ആശംസ ഡയലോഗും ഒപ്പമങ് കാച്ചി. തത്കാലം ഒരു കയ്യടി വാങ്ങാൻ, അന്ന് അത് മതിയാരുന്നു. അതാണ് ആൻഡ്രൂനെ പറ്റിയുള്ള ഓർമ്മകൾ ഒന്ന് അടുക്കി വെക്കാൻ ഇന്ന് തീരുമാനിച്ചേ. കാരണം, നാളെ അവന്റെ കല്യാണമാണ്. മപ്പന്റെ കല്യാണത്തിന് കിട്ടിയ അവസരം പോലെ ഒന്ന് കിട്ടുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു സുഹൃത്തിനെ കാണുമ്പോൾ ഓർമ്മകളുടെ തള്ളിപ്പ് ഉണ്ടാകാതിരിക്കാൻ അത് സഹായിക്കുമെന്ന് കരുതിയിട്ടാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ തന്നെ ഒരു തള്ളിപ്പ് ഉണ്ടല്ലോ😅. പക്ഷേ, ആ ഓർമ്മകൾക്ക് വ്യക്തമായ ഒരു സ്റ്റാർട്ടിങ് പോയിന്റ് ഉണ്ടേ… കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ വൺ. ഹാ… 😅
സമയം അഞ്ചേ കാല് കഴിഞ്ഞു കാണണം. മലബാർ എക്സ്പ്രസ്സ് പ്ലാറ്റ്ഫോംമിൽ വന്നു ചേർന്നിട്ടുണ്ട്. അതിലെ ജനറൽ കമ്പാർട്മെന്റിലെ ഒരു കൂപ്പയിൽ കുറേ വിദ്യാർത്ഥികൾ ഇരിക്കുന്നു. അച്യുത്, അലൻ, ആൽഫിൻ, ഗോകുൽ, ഞാൻ പിന്നെ… പിന്നേ… നമ്മുടെ കഥാനായകൻ. പഴുതാരെയേക്കാൾ അല്പ്പം കട്ടിക്ക് മീശയുള്ള ആ മുഖം എനിക്ക് പരിചയപ്പെടുത്തി തന്നത് ആൽഫിനാണ്. മീശയുള്ള ആ ഗൗരവക്കാരന്റെ മുഖം ഇന്നും ഞാൻ ഓർക്കുന്നു. കാരണം, അതിന് ശേഷം അങ്ങനെയൊരു മുഖം ഞാൻ കണ്ടിട്ടില്ല. അന്ന് കോളേജിൽ ചെന്നപ്പോൾ തന്നെ സീനിയേർസ്, അവന്റെ മീശ വടിപ്പിച്ചു എന്നാണ് കേട്ടത് 😂. അതിനെ തുടർന്ന് അവൻ വല്ല ശപഥവും എടുത്തോന്നു അറിയില്ല. പക്ഷേ, ഫൈനൽ ഇയർ എത്തിയപ്പോൾ പോലും ആ ഗൗരവം എനിക്ക് കാണാൻ സാധിച്ചിട്ടില്ല. ഹാ… നാളെ അവന്റെ കല്യാണത്തിന് ചെല്ലുമ്പോഴേലും ആ ഗൗരവം കാണാൻ പറ്റട്ടെ. 🤗
എന്നെ സംബന്ധിച്ചിടത്തോളം കോളേജ് ലൈഫ് എന്നത് കൂടുതലും അവിടുത്തെ ഹോസ്റ്റൽ ലൈഫ് ആണ്. അത് കൊണ്ടാണ് ആൻഡ്രൂ വേറൊരു ഡിപ്പാർട്മെന്റ് ആയിരുന്നു എന്നത് പോലും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ല. ഹോസ്റ്റൽ ഓർമ്മകൾ അവിടെ നിൽക്കട്ടെ. ട്രെയിനിൽ അല്ലേ തുടങ്ങിയെ അപ്പോൾ ട്രെയിനിൽ തന്നെയാവട്ടെ അടുത്ത ഓർമ്മയും. ഇതിൽ ഞാനും ആൻഡ്രൂവും മാത്രമേ ഉള്ളേ. കൊല്ലം എറണാകുളം മെമു സർവീസ് തുടങ്ങിയ കാലമായിരുന്നു അത്. എല്ലാ കാര്യങ്ങളും നന്നായി ആലോചിച്ചു ചെയ്യുന്ന ശാന്ത സ്വഭാവക്കാരനായിരുന്നു ആൻഡ്രൂ🤭. ദേഷ്യം വരുമ്പോൾ അല്പ്പം ചീത്ത വിളി ഉണ്ടെന്ന് മാത്രം. പക്ഷേ അന്ന് മെമുവിൽ അങ്ങനെയുള്ള സാഹചര്യം ഒന്നും ഇല്ലായിരുന്നു.ഞങ്ങൾ കയറിയ കമ്പാർട്മെന്റിൽ എന്നല്ല, ആ ട്രെയിനിൽ മൊത്തമായി പോലും അധികം ആളുകളില്ല. ചെങ്ങന്നൂർ സ്റ്റേഷൻ കഴിഞ്ഞു. ഡോറിന് സമീപമുള്ള വിശാലമായ സ്ഥലത്ത് ഞങ്ങൾ സംസാരിച്ചു നിൽക്കുകയായിരുന്നു. പെട്ടെന്നാണ് അവന് ഒരു തോന്നൽ ഉണ്ടായത്. അവൻ ആ വാതിൽക്കൽ ഇരുന്നു. അവന്റെ ഒപ്പം ഇരിക്കണോ വേണ്ടയോ എന്ന് ചിന്തിക്കാൻ പോലും എനിക്ക് സമയം കിട്ടിയില്ല. പെട്ടെന്നാണ്…. തിരുവല്ല സ്റ്റേഷൻ എത്തിയതും. ആ കമ്പാർട്മെന്റിൽ തന്നെ ഒരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ കയറിയതും.😲. പിന്നെ താമസം ഒന്നും ഉണ്ടായില്ല. പേരും അഡ്രസ്സും മാത്രം ചോദിച്ചു. വേറെ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല. എന്തോ ഒരു കടലാസ് അവന്റെ കൈയിൽ കൊടുത്തു. അവനും ഞാനും മുഖത്തോട് മുഖം നോക്കി നിന്നു. അവനാ ഫൈൻ കോടതിയിൽ ചെന്ന് അടച്ചു എന്നാണ് പിന്നീട് എന്നോട് പറഞ്ഞത്.🥴
ട്രെയിനിൽ കയറുമ്പോൾ ഇനി അങ്ങനെ ഒന്നും ചെയ്യല്ലേ എന്നല്ല ഞാൻ പറയാൻ വന്നത്. ജീവിതത്തിൽ ഇങ്ങനെ ചാടി കയറി തീരുമാനം എടുക്കല്ലേയെന്നുമല്ല. ജീവിതത്തിൽ അങ്ങനെയൊക്കെ സംഭവിക്കും. ചില തീരുമാനങ്ങൾ അബദ്ധങ്ങൾ ആയിരിക്കും. ഹാ.. അന്ന് നിന്റെ ഒപ്പം ഇരിക്കാത്തത്തിൽ എനിക്ക് ചെറിയ ഒരു വിഷമം ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ? … അത് അങ്ങനെയാണ് കൂട്ടുകാർക്ക് എല്ലാം അതിന്റേതായ ഒരു പരിധി ഉണ്ട്. പക്ഷെ, നിനക്ക് എന്നും കൂടെയിരിക്കാനും ഒരുമിച്ചു പോയി ഫൈൻ അടയ്ക്കാനും ഒരു യഥാർത്ഥ പങ്കാളിയെ കിട്ടിയതിൽ ഞാൻ സന്തോഷിക്കുന്നു….
ജീവിതത്തിലെ തുടർന്നുള്ള എല്ലാ സാഹസികയാത്രകൾക്കും (ഒരുമിച്ച് അടച്ചു തീർക്കേണ്ട ഫൈനുകൾക്കും) ആൻഡ്രൂവിനും സ്നേഹയ്ക്കും എന്റെ ഭാവുകങ്ങൾ* 😍😍..

*ബാക്കി ആശംസകൾ നേരിട്ട് അറിയിക്കുന്നതായിരിക്കും…


ഒരു അഭിപ്രായം ഇടൂ