എനിക്കാരാണ് വിജയമ്മച്ചി? എന്റെ അച്ഛന്റെ അമ്മ. അങ്ങനെ ഒറ്റ വാക്കിൽ ഒതുക്കാൻ പറ്റുന്നതാണോ?
ഈ ഹോസ്പിറ്റലിലെ ബെഡിന് അരികിലിരിക്കുമ്പോൾ, ഒരു ഓർമ്മ മനസ്സിൽ തെളിയുന്നു.
അന്ന് അപ്രതീക്ഷിതമായാണ് സൂസമ്മ ടീച്ചറും ആനി ടീച്ചറും എന്റെ വീട്ടിൽ വന്നത്. വീട്ടിൽ അപ്പോൾ, വിജയമ്മച്ചിയും ഞാനും മാത്രം. സമയം ഉച്ച കഴിഞ്ഞിരുന്നു. നാരങ്ങ വെള്ളം ഉണ്ടാക്കി, എന്റെ കൈപ്പുണ്യം ടീച്ചർമാരെ അറിയിക്കാൻ ഞാൻ തീരുമാനിച്ചു. ആ സമയത്ത് വിജയമ്മച്ചി ടീച്ചർമാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു . അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് ഇന്നും എനിക്കറിയില്ല. പക്ഷേ, സൂസമ്മ ടീച്ചർ ഇറങ്ങുമ്പോൾ എന്നോട് ചോദിച്ച ഒരു ചോദ്യം, എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. “അമ്മൂമ്മേടെ ഈ ബുദ്ധിയൊക്കെ ആയിരിക്കുമല്ലേ ശ്രീകാന്തിന് കിട്ടിയേ?”
ഇന്ന് ഞാൻ ചിന്തിക്കുന്നു. ആ ചോദ്യത്തെപ്പറ്റി… ഹാ… അങ്ങനെ തന്നെയല്ലേ വരൂ. ആ ജനിതകം തന്നെയല്ലേ ഞാനും വഹിക്കുന്നേ. വിജയമ്മച്ചിയുടെ കൈയുടെയും കാലിന്റെയും വിരലുകളിൽ ഞാൻ കണ്ടെത്തിയ സാമ്യം, ഇന്നെനിക്ക് ഈ നീരുവന്ന വിരലുകളിൽ കാണാൻ സാധിക്കുന്നില്ല. കണ്ണുകൾ മെല്ലെ തുറന്നെങ്കിലും, എന്റെ ‘അമ്മേ’ എന്ന വിളിക്ക് ഉത്തരം ലഭിച്ചില്ല.
അമ്മ.. വിജയമ്മ… വിജയമ്മച്ചി.. കുട്ടിയാരുന്നപ്പോൾ വിജയമ്മ എന്നാണ് വിളിച്ചു തുടങ്ങിയത്. എന്റെ അമ്മ ലേഖേമ്മ, അച്ഛന്റെ അമ്മ വിജയമ്മ അങ്ങനെ.. പിന്നീട് എപ്പോഴോ തിരിച്ചറിഞ്ഞു. അമ്മൂമ്മയുടെ പേരാണ് വിജയമ്മയെന്ന്. അന്ന് മുതലാണ് വിജയമ്മച്ചിയെന്നും അമ്മൂമ്മയെന്നുമൊക്കെ വിളിക്കാൻ തുടങ്ങിയത്. പക്ഷേ, ആ വിളി ഏച്ചു കെട്ടിയത് പോലെ തോന്നുന്നുണ്ടോ?
മലയാളം ഓപ്ഷണൽ ന്റെ നോട്ട് ബുക്കിന്റെ ആദ്യ പേജിൽ ഞാൻ ഒരിക്കൽ ഇങ്ങനെ എഴുതി. മലയാളം = അമ്പോറ്റിയച്ഛൻ. പക്ഷേ വിജയമ്മച്ചിയുടെ സാന്നിധ്യം ആ സമവാക്യത്തിലുണ്ടെന്ന് ഇന്നെനിക്ക് തോന്നുന്നു. എന്റെ ബാല്യകാലത്തെ ഓർമ്മകളിൽ അതിന് ഉത്തരമുണ്ട്. ചേച്ചിക്കും എനിക്കും പുരാണകഥകൾ പറഞ്ഞ് തരുന്നത് വിജയമ്മച്ചിയാരുന്നു. വെക്കേഷന് നാട്ടിൽ വരുമ്പോൾ ഞാൻ അമ്പോറ്റിയച്ഛന്റെ കൂടെയും ചേച്ചി വിജയമ്മച്ചിയുടെ കൂടെയുമാണ് കിടന്നിരുന്നത്. എന്നും രാത്രി… ഓരോ കഥകൾ. ഉറങ്ങുന്നതിന് മുൻപ്. പുരാണ കഥകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടായിരുന്നു ഈ ബുദ്ധിയിൽ. ആ കഥകളിൽ നിന്നൊക്കെയാണ് ഞാൻ എഴുതുന്നതിന്റെയൊക്കെ ഉറവയെന്ന് നിസ്സംശയം പറയാം.
ആ കണ്ണുകൾ വീണ്ടും തെളിഞ്ഞു. പക്ഷേ, എന്റെ വിളികൾക്ക് ഉത്തരം തന്നില്ല. ഞാനെന്ന ചോദ്യങ്ങൾക്കുള്ള എല്ലാ ഉത്തരത്തിന്റെയും തുടക്കം ഈ കണ്ണുകളിലെ വെളിച്ചത്തിൽ നിന്ന് കൂടിയാരുന്നെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഞാൻ ഒന്നൂടെ വിളിച്ചു.
“വിജയമ്മച്ചീ”
ഒരു അഭിപ്രായം ഇടൂ