കരുതൽ

മഴതോർന്ന് നിന്ന, ജൂലൈ മാസത്തിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ, അവന്റെ മുന്നിൽ ഞാൻ അത്ഭുതപ്പെട്ടു നിന്നു.


ഒരു മാസത്തെ ട്രെയിനിങിനായി എറണാകുളത്ത് എത്തിയതായിരുന്നു ഞാൻ. അവിടെ എനിക്ക് കിട്ടിയ ഒരുപാട് നല്ല സുഹൃത്തുക്കളിൽ ഒരാൾ മാത്രമായിരുന്നു ഷിനോയ്‌. ട്രെയിനിങ് തീർന്നതിന്റെ പിറ്റേന്ന് രാവിലെ, തിരിച്ചു നാട്ടിലേക്ക് പോകാൻ വന്ന എന്റെ മുന്നിലേക്ക് ഷിനോയ്‌ അന്ന് വന്ന് നിന്നത് അപ്രതീക്ഷിതമായിയായിരുന്നു. അവന്റെ വീട് സ്റ്റേഷനടുത്താകും. അപ്പോൾ അവൻ ബൈക്കു എടുത്ത് വന്ന് എന്നെ യാത്രയാക്കാൻ വന്നതാവും എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പക്ഷെ, അങ്ങനെയായിരുന്നില്ല.


അവൻ എന്നോട് അന്ന് പറഞ്ഞു.


“ഹോ.. ബൈക്ക് വർക്ഷോപ്പിലാണ്. രാവിലെ ഓടിപിടിച്ച് ഒരു ബസിലാ വന്നേ. ട്രെയിൻ പോയി കാണുമെന്ന് ഞാൻ പേടിച്ചു. “


അവന്റെ ആ മറുപടി എന്നെ ചിന്തിപ്പിച്ചു.
തലേന്ന് ഫോൺ വിളിച്ചപ്പോൾ നാട്ടിൽ രാവിലെ പോകുന്ന കാര്യം അവനോട് ഞാൻ പറഞ്ഞിരുന്നു. എന്നെ യാത്രയാക്കാൻ വരുമെന്ന് അപ്പോൾ അവൻ പറഞ്ഞപ്പോൾ, അതൊരു തമാശയായി പറഞ്ഞതാവും എന്നാണ് ഞാൻ കരുതിയത്.


അവന്റെ മനസ്സിൽ ഞാൻ എന്ന ഫ്രണ്ടിന്റെ സ്ഥാനം, അവന് ഞാൻ കൊടുക്കുന്ന സ്ഥാനത്തിനെക്കാൾ മുകളിലാണെന്ന കാര്യം അപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു.


————————————


ഇന്ന്, തുലാമാസത്തിലെ ഒരു വൈകുന്നേരം, ഒരു സുഹൃത്തിന് വിവാഹ സമ്മാനം വാങ്ങിക്കാൻ പുറത്തു ഇറങ്ങിയപ്പോൾ, പണ്ട് നടന്ന ഈ സംഭവം ഓർമ്മയിൽ വന്നത് യാദൃച്ഛികമായാണോ?


നമ്മൾ മനസ്സിൽ ഒരാൾക്ക് കൊടുക്കുന്ന സ്ഥാനം, നമുക്ക് അയാൾ തരുന്ന സ്ഥാനത്തേക്കാൾ കൂടുതലാണോ, കുറവാണോയെന്ന് എങ്ങനെ കണ്ടുപിടിക്കും? ഒരാളോടുള്ള സ്നേഹവും കരുതലും മനസ്സിൽ മാത്രം വെച്ച് കൊണ്ട് നടന്നാൽ ശരിയാകുമോ? പ്രകടിപ്പിക്കുമ്പോൾ മാത്രമേ ബന്ധങ്ങൾക്ക് അർത്ഥം ഉണ്ടാവൂയെന്ന് എനിക്ക് തോന്നുന്നു. ശരിയല്ലേ?

അതെ.. സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ഉള്ളത് തന്നെയാണ്.

–💐———————————————–💐——-

Dedicated to Ali Fathima Shanavaz 💐🥰 —

–💐———————————————💐——–

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑