“നന്ദു, നാളെ രാവിലെ പോയാ പോരെ? നമ്മുക്ക് ഒരുമിച്ചിറങ്ങാടാ?”
ശ്രീനന്ദ് സാധാരണയായി ഓഫീസിൽ നിന്ന് ഇതിലും താമസിച്ചാണ് ഇറങ്ങാറുള്ളത്. പക്ഷെ, വെള്ളിയാഴ്ചകളിൽ, പ്രത്യേകിച്ച് നാട്ടിലേയ്ക്ക് പോകുന്ന ദിവസങ്ങളിൽ ആറ് മണിക്ക് മുൻപ് തന്നെ അവൻ ഓഫീസിൽ നിന്ന് ഇറങ്ങുന്നതായിരുന്നു. അതാണ് അന്ന് യാത്ര പറയാൻ അടുത്ത് വന്നപ്പോൾ നന്ദുനോട് ശ്രീജിത്ത് ഇങ്ങനെ ചോദിച്ചത്.
നന്ദു ശ്രീജിത്തിനെ പരിചയപ്പെട്ടിട്ട് ഏതാണ്ട് രണ്ട് വർഷമാകുന്നതെയുള്ളൂ. ക്യാമ്പസ് പ്ലേസ്മെന്റിലൂടെ കിട്ടിയ ഇപ്പോഴത്തെ ഈ ജോലിയുടെ ട്രെയിനിങ് നടക്കുന്ന സമയത്താണത്. പിന്നീട് ആ സൗഹൃദം വളർന്ന്, നന്ദുവിന് ശ്രീജിത്ത് സ്വന്തം സഹോദരനെ പോലെ ആയിത്തീർന്നു. ശ്രീജിത്തിനെ നന്ദു അണ്ണാന്നാണ് വിളിക്കുന്നത്. പക്ഷെ അതവൻ എല്ലാവരെയും പോലെ കളിയാക്കി വിളിക്കുന്നതാണ്, കേട്ടോ.
അണ്ണൻ ചോദിച്ച ആ ചോദ്യം, നന്ദു കാര്യമായി എടുത്തില്ല. അതിനൊരു കാരണമുണ്ട്.
കായംകുളം പോകേണ്ട അണ്ണനും മണിമല പോകേണ്ട നന്ദുവും ഒരുമിച്ച് ഇറങ്ങീട്ട് വല്യ കാര്യമൊന്നുമില്ല. ഹാ.. പിന്നെ ഒരു പ്രശ്നവുമുണ്ട്. ഒരുമിച്ച് പിറ്റേന്ന് അതിരാവിലെ ഇറങ്ങിയാൽ, അണ്ണനെ കാക്കനാട് നിന്ന് പാലാരിവട്ടത്തോ വൈറ്റില്ലയോ കൊണ്ട് വിടേണ്ടിവരും. അത് നന്ദുവിന് ചുറ്റലാണ്. കാരണം നന്ദുവിന് നാട്ടിൽ പോകാൻ സീപോർട്- എയർപോർട് റോഡ് വഴി നേരെയങ് പോകുന്നതാണ് എളുപ്പം. കൂടാതെ, നന്ദുവിന് അന്ന് തന്നെ നാട്ടിൽ എത്തേണ്ട ഒരു ആവശ്യമുണ്ടായിരുന്നു. ശ്രീജിത്തിനും ലാലിനും, പിന്നെ അവന്റെ ഇപ്പോഴത്തെ ടാസ്ക് പാർട്ണറായ മായയ്ക്കും റ്റാറ്റ കൊടുത്ത് ആ ഓ.ഡി.സിയിൽ നിന്ന് അവൻ വേഗം ഇറങ്ങി. അവന്റെ ടാസ്ക് തീർക്കാത്തതിന്റെ കാരണം സെർവർ ഡൗണായത് കൊണ്ടാണെന്ന് ആരേലും ചോദിച്ചാൽ പറയാനും പാവം മായയെ അവൻ ചട്ടം കെട്ടിയിരുന്നു.
സോഫ്ട്-വയർ ഫീൽഡിൽ സോഫ്ടായി നിലനിൽക്കാൻ അവനെ ആ രണ്ടു വർഷത്തെ ജീവിതം നന്നായി പഠിപ്പിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.
ഓഫീസിലെ കാർ പാർക്കിങ്ങിലേയ്ക്ക് അവൻ വേഗം നടന്നു. കുറച്ച് അധികം നടക്കാനുണ്ട് അങ്ങോട്ടേക്ക്. ഇരുവശത്തുമുള്ള ജിമും ടേബിൾ ടെന്നീസ് കോർട്ടുകളും കടന്ന് വേണം ആ മൾട്ടി ലെവൽ പാർക്കിങ് ബിൽഡിങ്ങിൽ ചെന്നെത്താൻ.
ഹാ.. കൂടെ താമസിക്കുന്ന സുഹൃത്ത് ജോ ടേബിൾ ടെന്നീസ് കളിക്കുന്ന സ്ഥലത്തു കാണും. ജോയും ചിലപ്പോൾ നാട്ടിലേയ്ക്ക് ഉണ്ടാകും. ചങ്ങനാശ്ശേരിയിലാണ് അവന്റെ വീട്. അവൻ ഉണ്ടെങ്കിൽ കോട്ടയം വരെ നന്ദുവിന് കൂട്ടാകും. ഒറ്റയ്ക്കാണെന്ന് പറഞ്ഞാൽ വീട്ടിലിരുന്ന് മമ്മി പേടിക്കും. അല്ലേൽ തന്നെ ഈ ഒറ്റയ്ക്കുള്ള യാത്ര അവന് മടുപ്പാണ്. കഴിഞ്ഞ ആഴ്ച പൊൻകുന്നം കാരൻ അനന്ദ് ഉണ്ടായിരുന്നു കൂട്ട്. അന്ന് കടുത്തുരുത്തി- പാലാ- പൊൻകുന്നം റൂട്ടാണ് നന്ദു പോയത്. ജോ ആണ് കൂടെയെങ്കിൽ നേരെ കോട്ടയം ചെന്ന് പോകണം.
നന്ദു വിചാരിച്ച പോലെ തന്നെ ജോ അവിടെ ടേബിൾ ടെന്നീസ് കളിക്കുന്നുണ്ടായിരുന്നു.
“ജോ. ഞാൻ ദേ നാട്ടിൽ പോവാ. നീ വരുന്നുണ്ടോ?”
“ഇല്ല ബ്രോ. ഈ വീക്കില്ല. ഉണ്ടെങ്കിൽ തന്നെ നാളെ എഴുന്നേക്കുന്ന മൂഡ് പോലിരിക്കും.”
കളിക്കുന്നതിന്റെ ഇടയ്ക്ക് മുഖത്തു നോക്കാതെയാണ് അവൻ ആ മറുപടി പറഞ്ഞത്.
“എങ്കിൽ ശരി”
ജോ നന്ദുവിന്റെ മുഖത്തേയ്ക്ക് നോക്കി ഒരു ബൈ പറഞ്ഞതും ബിഷോയുടെ ഒരു കിടിലൻ സ്മാഷ് അവന്റെ ദേഹത്ത് കൊണ്ടതും ഒരുമിച്ചായിരുന്നു. 😂
ശ്രീനന്ദ് പാർക്കിങ്ങിലേയ്ക്ക് നടന്നു. അപ്പോഴാണ് അവൻ ഒരു കാര്യം ഓർത്തത്. കാർ എവിടെയാണ് പാർക്ക് ചെയ്തതെന്ന് അവൻ അറിയില്ല. അവനല്ല പാർക്ക് ചെയ്തത്. അതുകൊണ്ടാണ്.
അതൊരു മൾട്ടി ലെവൽ കാർ പാർക്കിങ് ആണെന്ന് പറഞ്ഞല്ലോ. എന്നത്തെയും പോലെ ഇന്നും രാവിലെ നേരത്ത വന്ന്, സെക്കന്റ് ഫ്ലോറിൽ തന്നെ അവൻ കാർ പാർക് ചെയ്തതാണ്. പക്ഷെ ഉച്ചയ്ക്ക്, പതിവിന് വിപരീതമായി അവനും ഫ്രഡിയും കൂടി കഴിക്കാനായി വെളിയിൽ പോയിരുന്നു. ഓഫീസിലെ കാന്റീനിൽ നിന്നാണ് മിക്ക ദിവസങ്ങളിലും അവർ കഴിക്കാറുള്ളത്. അവിടുന്ന് കഴിച്ചു മടുക്കുമ്പോൾ അവർ ചില ദിവസം വെളിയിൽ പോയി കഴിക്കാറുണ്ട്. അത് കഴിഞ്ഞു അന്ന് തിരിച്ചു വന്നപ്പോൾ, നന്ദുവിന് പെട്ടെന്ന് തിരിച്ചു കയറണ്ടതിനാൽ ഫ്രഡിയാണ് കാർ പാർക്ക് ചെയ്തത്. ഏത് ഫ്ലോറിൽ ആണോ എന്തോ.🤔 ( നന്ദുവിന്റെ കൂടെ താമസിക്കുന്ന മറ്റൊരു സുഹൃത്താണ് ഫ്രഡി.)
ഫ്രഡിയെ ഉടനെ ഫോണ് ചെയ്തു നോക്കി. അവൻ എടുക്കുന്നില്ല.. ശെടാ.. താക്കോൽ തിരികെ തന്നപ്പോൾ അത് ചോദിക്കേണ്ടതായിരുന്നു. ഹാ… ഇനിയിപ്പോളത് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ.
അപ്പോഴാണ് നന്ദുവിന്റെ മറ്റൊരു സുഹൃത്ത് മനോജേട്ടൻ അങ്ങോട്ടേക്ക് വരുന്നത്. അവൻ ഓണാഘോഷത്തിലെ വടം വലിയ്ക്ക് പരിചയപ്പെട്ടതാണ് മനോജേട്ടനെ. വൈക്കം കാരനാണ് കക്ഷി. നന്ദുവിന്റെ തന്നെ കോളേജിലെ സീനിയറാണ്. പക്ഷെ ഇവിടെ വന്നപ്പോഴാണ് പരിചയപ്പെടുന്നത്. കൂടെ പഠിച്ചിരുന്ന നന്ദുവിന്റെ ഒരു സീനിയർ ചേച്ചിയെ തന്നെയാണ് പുള്ളി കെട്ടിയത്. ആ ചേച്ചിയും ഈ കാക്കനാട് ഇന്ഫോപാർക്കിൽ തന്നെയാണ് വർക്ക് ചെയ്യുന്നേ. വിസ്മയ ബിൽഡിങ്ങിലുള്ള ഏതോ ഒരു കമ്പനിയിലാണ്. പേര് മനോജേട്ടൻ ഒരിക്കൽ പറഞ്ഞതാണ്. അവന് ആവശ്യം തോന്നാത്ത കാര്യങ്ങൾ അവൻ ഓർമ്മയിൽ സൂക്ഷിക്കാറില്ലായിരുന്നു. അതൊക്കെ പോട്ടെ.. മനോജേട്ടൻ നടന്നു വരുന്നത് നന്ദു കാണുന്നില്ലായിരുന്നു. എന്തായാലും ;
കാർ പാർക്കിങ്ങിന്റെ താഴെ എന്തോ നഷ്ടപ്പെട്ട ആരെയോ പോലെ നിൽക്കുന്ന ശ്രീനന്ദിനെ മനോജേട്ടൻ ശ്രദ്ധിച്ചു. അവനോട് കാര്യം ചോദിച്ചറിഞ്ഞു.
മനോജേട്ടന് ഒരു സൊലൂഷൻ ഉണ്ടായിരുന്നു. പുള്ളി പറഞ്ഞു.
“ടാ, എന്റെ വണ്ടി എട്ത് ഫ്ലോറിലാണ്. നീ എന്റെ കൂടെ പോരെ. നമ്മുക്ക് കണ്ടുപിടിക്കാം.”
അത് നല്ലൊരു ഐഡിയായി നന്ദുവിന് തോന്നി. കാരണം, എട്ട് ഫ്ലോറുകളെയുള്ളൂ. ഓരോ ഫ്ലോറും ഒരു വട്ടം കറങ്ങിയാണ് വണ്ടി പാർക്ക് ചെയ്യുന്നതും ഇറക്കുന്നതും. അപ്പോൾ മനോജേട്ടൻ വണ്ടി ഇറക്കുമ്പോൾ, അതിൽ ഇരുന്നാൽ ഓരോ ഫ്ലോറും നോക്കി നന്ദുവിന്റെ കാർ കണ്ടുപിടിക്കാം.
ലിഫ്റ്റ് വഴി എട്ത് ഫ്ലോറിൽ എത്തി അവൻ മനോജേട്ടന്റെ കൂടെ കാറിൽ കയറി. എട്ത് ഫ്ലോറിൽ അവന്റെ കാർ ഉണ്ടോന്ന് നോക്കിയിട്ടാണെ കയറിയത്.
മനോജേട്ടൻ കാർ സ്റ്റർട് ആക്കിക്കൊണ്ട് ചോദിച്ചു.
“നന്ദു, ഏതാ നിന്റെ വണ്ടി?”
“റെഡ് ആൾട്ടോ.”
“ഹാ.. നീ ഇടത് വശം നോക്ക്. ഞാൻ വലത് പിടിക്കാം. നീ ഒരു വലതനാണെന്ന് എനിക്കറിയാം. എന്നാലും.” മനോജേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
നന്ദു ആ തമാശ കേട്ട് ഒന്ന് ചിരിച്ചു. അവന്റെ എഫ്.ബി സുഹൃത്താണ് മനോജേട്ടൻ. അവൻ ഷെയർ ചെയ്ത ഏതേലും പോസ്റ്റോ അല്ലെങ്കിൽ അവന്റെ വാട്സപ്പ് സ്റ്റാറ്റസോ കണ്ട് മനോജേട്ടന് അങ്ങനെ തോന്നിയതാവും. ആ…അതെന്തുമാവട്ടെ. സത്യത്തിൽ നന്ദു ആശയപരമായി ഇടത് പക്ഷമാണ്. പക്ഷെ, ഇന്നത്തെ പ്രായോഗിക രാഷ്ട്രീയത്തിൽ ഇടതും വലതുമൊന്നുമില്ലെന്ന് അവൻ തിരിച്ചറിഞ്ഞതുകൊണ്ട് ഇടം-വലം എന്നൊന്നും പറയുന്നതിൽ അവൻ ശ്രദ്ധകൊടുക്കാറില്ലായിരുന്നു.
ഓരോ ഫ്ലോറും നന്ദു അവന്റെ കണ്ണുകൾ കൂർപ്പിച്ച് നോക്കിയിരുന്നു.
ഏഴാം ഫ്ളോർ കഴിഞ്ഞു. ആറ് കഴിഞ്ഞു. അഞ്ചാം ഫ്ളോർ എത്തി.
മനോജേട്ടൻ ഒന്ന് വണ്ടി നിർത്തി. ഒരു റെഡ് ആൾട്ടോയുടെ മുന്നിൽ. പക്ഷെ അത് നന്ദുവിന്റെ അല്ലായിരുന്നു.
“മനോജേട്ടാ, കെ.എൽ തെർട്ടി ത്രീ ആണ്. ”
അവർ പിന്നെയും തേടി കറങ്ങിയിറങ്ങി.
നാല് കഴിഞ്ഞു. മൂന്ന് കഴിഞ്ഞു.
നന്ദുവിന്റെ മാനേജറിന്റെ വാഗ്നർ, ലില്ലി ചേച്ചിയുടെ റിറ്റ്സ്, ആദിലിന്റെ ഐ ടെൻ.. അവന്റേത് മാത്രം🙄
..ദേ… രണ്ടും കഴിഞ്ഞു. ദേ..ദേ.. ഒന്നും കഴിഞ്ഞു…
കണ്ടില്ല.😬🙄….
“മനോജേട്ടാ, ഒന്നുങ്കിൽ നമ്മുക്ക് മിസ് ആയതാവും..അല്ലെങ്കിൽ.. എന്തായാലും ഫ്രഡി തിരിച്ചു വിളിക്കട്ടെ”
“ശ്രീനന്ദേ, ഞാനും അൽപ്പം തിരക്കിലാണ്. വൈഫ് വെളിയിൽ വെയിറ്റ് ചെയ്യുന്നുണ്ട്.”.
“കുഴപ്പമില്ല ചേട്ടാ, ചേട്ടൻ വിട്ടോ. എന്തായാലും അവൻ തിരിച്ചു വിളിക്കുമല്ലോ.”
മനോജേട്ടന്റെ കാറിൽ നിന്ന് ഇറങ്ങി അവൻ അതേ കാർ പാർക്കിന്റെ എൻട്രൻസിലേയ്ക്ക് നടന്നു.
പെട്ടന്നാണ് ഫോൺ സൈലന്റിലാണെന്ന കാര്യം അവൻ ഓർത്തത്.
പെട്ടെന്ന് അവൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു… നോക്കിയപ്പോൾ..
ഫ്രഡിയുടെ നാല് മിസ്ഡ് കാൾ.
ഉടനെ തന്നെ നന്ദു തിരിച്ച് വിളിച്ചു. ശെടാ.. ഫോൺ സ്വിച്ച്ട് ഓഫ്.
🙄
അടുത്ത ഭാഗം വായിക്കൂ.. @
http://sreekanthan.in/2021/05/30/chuvanna_alto-2/