മഴ

അവൾ വന്നത് എങ്ങനെയെന്ന് അറിഞ്ഞില്ല. തൊട്ടടുത്ത് എത്തി നിന്നപ്പോഴാണ് ആ കാലൊച്ച കേട്ടത്.

അവൾ എത്ര നേരം കാത്തു നിന്നെന്ന് ആരും പറഞ്ഞില്ല. സ്വപ്നത്തിലെന്ന പോലെ, ഘടികാരങ്ങൾ പോലും അവൾക്ക് വഴങ്ങി നിന്നു.

അവൾ മനസ്സിൽ കുളിര് പകർന്ന് തന്നു. അവളെ നോക്കിയിരുന്നപ്പോൾ തന്നെ ഉള്ള് നനഞ്ഞിരുന്നു.

അവൾ എല്ലാവർക്കും ഉന്മേഷം പകുത്ത് കൊടുത്തു. മരങ്ങളും, അതിന്റെ പച്ചിലകളും സന്തോഷാശ്രു പൊഴിച്ചു നിന്നു.

അവൾ മെല്ലെ എന്റെ ചെവിയിൽ മന്ത്രിച്ചു; എന്നെ തേടിയാണ് അവൾ വന്നതെന്ന്. ഞാൻ മുറ്റത്തേക്ക് ഇറങ്ങി ചെന്നു. ഞാൻ അവളെ പുണർന്നു. അല്ല. അവൾ എന്നെയാണ് പുണർന്നത്. ആ നിമിഷത്തിൽ, മണ്ണിലേയ്ക്ക് അലിഞ്ഞു ചേരുന്നതായി എനിക്ക് തോന്നി.

കണ്ണുകളെ മെല്ലെ ഞാൻ അടച്ചു.

———————————————————

NB:

മഴ നമ്മുക്ക് എന്തെല്ലാമോ ആണ്. അല്ലേ? ഒന്ന് ആലോചിച്ചു നോക്കൂ.

ബാല്യത്തിൽ നമ്മളോടൊപ്പം കളിച്ചു വളർന്ന ഒരു കളിക്കൂട്ടുകാരിയാണ്.

സ്കൂളിൽ പോകുമ്പോൾ നമ്മളോട് പിണങ്ങി നിന്ന ഒരു വഴക്കാളിയാണ്.

പിന്നീടെപ്പോഴോ പ്രണയത്തിന്റെ നിറമായി അവൾ പെയ്തിറങ്ങി.

വിരഹത്തിന്റെ നോവായി അവൾ ഒപ്പം കരഞ്ഞു.

ഉറ്റവരുടെ മരണത്തിൽ കണ്ണീർ ചാലായി അവൾ പെയ്തു തോർന്നു.

അവസാനം, മണ്ണിൽ അലിയിക്കാനും അവൾ വരും .

അപ്പോഴും ആ ഒരു ചോദ്യം ബാക്കിനിൽക്കും.

ആരായിരുന്നു അവൾ നമ്മുക്ക്?

4 thoughts on “മഴ

Add yours

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑