കാർമേഘങ്ങളാൽ മൂടപ്പെട്ട ആകാശം, ഒന്ന് വിങ്ങിപ്പൊട്ടാൻ മടിച്ചു നിന്നു. നിലാവൊഴിഞ്ഞു നിന്ന രജനിയെ പോലെ…
തീപ്പന്തത്തിന്റെ കനൽ വിതറിക്കൊണ്ട് എത്തുന്ന ആ ശംഖനാദം ആരുടെയോ വരവറിയ്ക്കുന്നു.
പറയാൻ വിട്ടുപോയതാവണം. ഒരിക്കലും മറന്ന് പോയതാവില്ല. കാരണം, മറക്കാനും ഓർക്കാനുമായുള്ള ഓർമ്മകൾ ഒന്നുമില്ലല്ലോ. എല്ലാം ഹൃദയത്തിൽ കോറിയിട്ട വരകളായിരുന്നില്ലേ?
മെതിയടികൾ ഒന്നും വാതിൽക്കൽ കണ്ടില്ല. അതാണ് വാതിൽ തുറന്ന് തന്നപ്പോൾ, ഉള്ളിൽ കയറാൻ ശ്രമിച്ച് ഇളിഭ്യനായത്.
ജീവൻ കളഞ്ഞ് രക്ഷിച്ചതിന്റെ പ്രതിഫലമായല്ല ആ കൈകൾ കാംക്ഷിച്ചത്. എന്നും സംരക്ഷിക്കാൻ ആവുമെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് .
ആ സൗന്ദര്യത്തിലും നൃത്തത്തിലും മയങ്ങിയാണ്, മോഹിതമായ ആ ചുവടുകൾ പിന്തുടർന്നതും, പിന്നെ ആ മായയിൽ ഭസ്മമായി തീർന്നതും.