ഗുരുതിസുവികെ 2

പോലീസിന്റെ അടുത്തേക്ക് ലോറിയുടെ പേപ്പറുകളൊക്കെ കൊണ്ട്പോയ ഡ്രൈവറെന്താ ഇനിയും തിരിച്ചു വരാത്തേ? കുറെ സമയായല്ലോ..

അബി ജോസഫ് ലോറിയിൽ ഇരുന്ന് ആലോചിച്ചു.

ക്ലീനര് പയ്യനും അങ്ങേർടെ കൂടെ പോയിട്ടുണ്ട്.

അബിയ്ക്ക് അത് ലോറിയിൽ ഇരുന്ന് തന്നെ വ്യക്തമായി കാണാം… അവർ എന്തോ കാര്യമായാണ് സംസാരിക്കുന്നത്.

ആഹാ… അവർ അബിയെ കൈചൂണ്ടിയും എന്തോ പറയുന്നു.

ദേ… ഒരു പോലീസുകാരനെയും വിളിച്ചു കൊണ്ടുവരുന്നു.. വണ്ടിയുടെ അടുത്തേയ്ക്ക്..

അബി ലോറിയിൽ നിന്ന് ചാടി ഇറങ്ങി.. അവരുടെ മുന്നിലേയ്ക്ക്…

പോലീസുകാരൻ അവനെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് ചോദിച്ചു.

“മീകു ആങ്കലം തെലുസാ?.. ഇംഗ്ലീസ്, ഇംഗ്ലീസ്…?”

അബി തലയാട്ടി.

തുടർന്ന് കുറെ മുറി ഇംഗ്ലീഷിൽ പോലീസ്കാരൻ കാര്യങ്ങൾ ചോദിച്ചു.

താൻ മസെപ്പെട്ട് കാനറാ ബാങ്കിലെ ഓഫീസർ ആണെന്നും, അത്യാവശ്യമായി നാട്ടിൽ പോകേണ്ട ഒരു കാര്യമുണ്ടെന്നും അവൻ വിശദീകരിച്ചു. കൊച്ചിയിലേക്ക് പോകാനായി ബാംഗ്ലൂരിൽ ഒരു ഫ്രണ്ട് വെയ്റ്റ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ബാംഗ്ലൂരിലേക്ക് പോകുന്നതിന്റെ കാരണം പോലീസ്കാരന് മനസ്സിലായെന്നു തോന്നുന്നു. കാരണം അതിന് ശേഷം, അധികം ചോദ്യങ്ങൾ, പിന്നെ ചോദിച്ചില്ല.

അബിയുടെ ഐഡി കാർഡ് ആ സംസാരത്തിനിടയിൽ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു.

പോലീസ്കാരൻ തുടർന്ന് പറഞ്ഞു.

“ബോർഡർ ക്രോസ്സിങ് ഇൻ നൈറ്റ് നോട് അല്ലോവ്ഡ്. കോവിഡ് റീസ്‌ട്രീക്ഷൻസ്… ട്രാവെല്ലിങ് അല്ലോവ്ഡ് ഒൺലി മോർണിംഗ് … റെജിസ്ട്രേഷൻ കാവാലി”

ശെടാ, ഇനി എന്തു ചെയ്യും? ബാംഗ്ലൂരിലെത്താൻ താമസിച്ചാലും കുഴപ്പമില്ല. പാവം കുര്യൻ ചേട്ടൻ എത്ര നേരം വേണമെങ്കിലും വെയ്റ്റ് ചെയ്തോളും. പക്ഷെ, ഇന്ന് രാത്രി?

അബി പോലീസ്കാരനോട് ചോദിച്ചു.

“സാർ, ഇസ് ദേർ എനി ഹോട്ടൽ നിയർ ബൈ…”

“നോ ഹോട്ടൽ..”

ആ സമയം ഡ്രൈവർ എന്തോ കന്നഡയിൽ പോലീസ്കാരനോട് പറഞ്ഞു. ആഹാ.. കന്നഡയല്ല തെലുങ്കിൽ… ഡ്രൈവർക്ക് തെലുങ്കും അറിയമായിരുന്നോ! അബിയ്ക്ക് തെലുങ്ക് കേട്ടാൽ കുറച്ച് വേർഡ്‌സ് ഒക്കെ മനസ്സിലാകും. കേട്ടോ.

ആ മനസ്സിലായ വാക്കുകളിൽ നിന്ന് കുറെയൊക്കെ അർത്ഥം കണ്ടെത്തി അവൻ പണ്ട് പവർ സ്റ്റാർ പവൻ കല്യാണിന്റെ സിനിമ കാണുമായിരുന്നു. അത് അവന്റെ ഒരു ഹോബി ആയിരുന്നു… കോളെജിൽ പഠിക്കുന്ന കാലം.

ആ കഴിവ് വച്ച് ഡ്രൈവർ പോലീസികാരനോട് പറഞ്ഞത് അബി മനസ്സിലാക്കിയെടുത്തു.

ഡ്രൈവറുടെ വീട് അടുത്താണെന്നും, അബിയ്ക്ക് കുഴപ്പമിലെങ്കിൽ ഇന്ന് അവിടെ തങ്ങാമെന്നും, നാളെ രാവിലെ ‘എരുവുലു’ മായി പോകുമ്പോൾ ബാംഗ്ലൂരിൽ അവനെ എത്തിക്കാമെന്നുമാണ് ഡ്രൈവർ പറഞ്ഞത്.

പോലീസികാരൻ ആ കാര്യം ഇംഗ്ലീഷിലാക്കി പറയുന്നതിന്റെയിടയിൽ തന്നെ അബി സമ്മതം ഡ്രൈവറെ അറിയിച്ചു.

പോലീസ്കാരനോട് നന്ദി പറഞ്ഞ് ലോറിയിൽ കയറി.

ഇരുട്ടിൽ പ്രകാശത്തിന്റെ പുതപ്പ് വിരിച്ച് ലോറി മുന്നോട്ട് നീങ്ങി.

അബി ലോറിയിലിരുന്ന് തന്റെ ഫോൺ കൈയിലെടുത്തു. ചാർജ് കുറവാണ്. അത് കൊണ്ടാണ് ഡാറ്റ ഓഫാക്കി ഇട്ടത്. അവൻ ഫോണിലെ ഡാറ്റ ഒന്ന് ഓണാക്കി നോക്കി. റെയിഞ്ചുണ്ട്..

ഒരു ഡാം തുറന്ന് വിട്ടത് പോലെ.. ദേ.. നോട്ടിഫിക്കേഷൻസ് വന്നു നിറയുന്നു. കൂട്ടത്തിൽ അവളുടെ ഒരു മെസ്സേജും. അവനത് തുറന്ന് വായിച്ചില്ല. അവൻ ഡാറ്റ ഓഫാക്കി ആ മുന്നിലെ നീണ്ട വഴിയിൽ നോക്കിയിരുന്നു.

അവൻ ചിന്തിച്ചു.

ലൈഫിൽ അപ്രതീക്ഷിതമായി ഒരു തീരുമാനം എടുത്തത് കൊണ്ടല്ലേ, ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?

ഇതൊരു സാധാരണ ദിനം ആയിരുന്നെങ്കിലോ? ബാങ്കിൽ നിന്ന് ജോലി ചെയ്ത് ക്ഷീണിച്ച് രാത്രി എട്ട് മണിയ്ക്ക് തിരിച്ചു അവൻ റൂമിൽ എത്തും. എന്നിട്ട് ഫ്രിഡ്ജിലെ ആ തക്കാളി ചോറ് ചൂടാക്കി, നാട്ടിന്ന് കൊണ്ട് വന്ന ചമ്മന്തിപൊടിയും മീൻ അച്ചാറും.. അതും പിശുക്കി പിശുക്കി കൂട്ടി,.. കഴിക്കും…വിശപ്പ് മാറിയെന്ന് വരുത്തിവയ്ക്കും.. ഹാ.. പിന്നെ മമ്മിയെ ഒന്ന് ഫോൺ ചെയ്യും..അതിന് ശേഷം അനുവുമായി കുറെ ചാറ്റ് ചെയ്യും.. അവസാനം അവളുമായി അടിയുണ്ടാക്കി പിണങ്ങും.. ഇതായിരുന്നു ഒന്ന് രണ്ട് മാസക്കാലമായുള്ള അവന്റെ സ്ഥിരം കലാപരിപാടികൾ..

ഇന്ന് നോക്കൂ.. അവൻ എവിടെയാണെന്ന്?

ആ സമയം ലോറി ഒരു പാലം കയറുകയായിരുന്നു. ഡന്റിഹനളി ഡാം 5 Km എന്നൊരു ബോർഡ് ആ പാലത്തിന്റെ കൈവരിയിൽ അവൻ കണ്ടു. ഇരുട്ടായതിനാൽ ദൂരെ കാഴ്ചകളൊന്നുമില്ലായിരുന്നു.

പക്ഷെ, അപ്പോൾ വീശിയ ഒരു കാറ്റ് ആ ഒഴുക്കിന്റെ വേഗവും തണുപ്പും അവന് മനസ്സിലാക്കി കൊടുത്തു.


ഓഫീസിലെ ആദ്യ ദിനം.

മസെപ്പെട്ട് ബ്രാഞ്ച്.. ബാംഗ്ലൂരിലെ രണ്ടാഴ്ചത്തെ ട്രെയിനിങ് കഴിഞ്ഞ് നേരെ അങ്ങോട്ടേക്ക്..

ബാങ്കിന്റെ മുന്നിൽ തോക്ക് പിടിച്ച് നിൽക്കുന്ന സെക്യൂരിറ്റിയെ കണ്ട് അബി അത്ഭുതപ്പെട്ടു. പിന്നീടാണ് കാര്യം അറിഞ്ഞത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ ബ്രാഞ്ച് കൊള്ളയടിക്കപ്പെട്ടതാണെന്നു. അത് കൊണ്ട് ഈ മേടക് ജില്ലയിലെ എല്ലാ ബാങ്കുകളും ഹൈ സെക്യൂരിറ്റി സോണിൽ ആണെന്ന്.

ബെൻസി എന്നൊരു മലയാളി ഇവിടെ കൂടെ വർക് ചെയ്യുവാൻ ഉണ്ടാകുമെന്ന് ഫോണിൽ കൂടെ അറിഞ്ഞതാണ്.

നാല് ഓഫീസർമാരുള്ള വലിയൊരു ബ്രാഞ്ചാണിത്. അതിൽ രണ്ട് പേര് സീനിയെർസ്.. പിന്നേ രണ്ട് പ്രൊബേഷനറിസ്.. ഒന്ന് അബി. മറ്റേത് ബെൻസി.

തന്റെ കൂടെ വർക് ചെയുന്ന പ്രൊബേഷനറിയാണ് ബെൻസി എന്നറിഞ്ഞപ്പോൾ അബിയുടെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി.

ഒരു സ്റ്റാഫ് മീറ്റിംഗിന്റെ ഇടയിലേയ്ക്കാണ് അവൻ ആദ്യം ദിനം കയറി ചെന്നത്.

ബാങ്ക് മാനേജരുടെ പേര് ശ്രീനിവാസ്. അബി പരിചയപ്പെട്ടു. അവന്റെ കണ്ണുകൾ ബെൻസിയെ തേടി അലഞ്ഞു. ആ കൂട്ടത്തിലെ സുന്ദരിയായ കുട്ടിയാകും ബെൻസി എന്ന് ഉറപ്പിച്ച് കൊണ്ട് അവൻ എല്ലാരേം പരിചയപ്പെട്ടു. ഓരോ സ്ത്രീകളും പേര് പറഞ്ഞു പരിചയപ്പെടുമ്പോൾ അത് ബെൻസി അല്ലാത്തത്തിൽ അവൻ സന്തോഷിച്ചു. അവസാനം ആ സുന്ദരിയുടെ മുന്നിൽ അവൻ എത്തി. അവൾ ഇങ്ങോട്ട് പരിചയപ്പെടുന്നതിന് മുൻപേ തന്നെ അവൻ അങ്ങോട്ട് കയറി ചോദിച്ചു.

“ബെൻസി?”

(തുടരും….)

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑