ജോലിയുടെ ട്രെയിനിങ് സമയത്ത് കമ്പനി ഏർപ്പാടാക്കി കൊടുത്തതാണ് ആ അപാർട്മെന്റസ് എന്ന് പറഞ്ഞതാണല്ലോ. അതിന് 18 നില ഉണ്ടായിരുന്നു. അവിടെ ജോയിൻ ചെയ്ത ദിവസം, വരുന്ന ആ മുറയ്ക്ക് തന്നെ എല്ലാവർക്കും റൂം അലോട്ട് ചെയ്യുകയായിരുന്നു. അതു കൊണ്ടു തന്നെ മാത്തുവിനും അവന്റെ രണ്ടു കൂട്ടുകാർക്കും ഒരേ അപാർട്മെന്റ് കിട്ടി. എന്നാൽ അവരുടെ കോളേജിൽ തന്നെ പഠിച്ച മറ്റൊരു സുഹൃത്തായ നവീൻ അവരെക്കാൾ നേരത്തെ അവിടെ വന്നു ചേർന്നിരുന്നു. അവന് റൂം കിട്ടിയത് 18-ആം നിലയിലാണ്. കൂടെ 5 ‘ഹിന്ദിക്കാരും’. നവീൻ തമാശയ്ക്ക് പറയുവായിരുന്നു.
“ടാ…. ഒരു ഫ്ലൈറ്റ് മുകളിൽ കൂടെ പോകുമ്പോൾ..ഹോ.. നിലംപ്പറ്റി കിടക്കാൻ തോന്നും. എന്താ ശബ്ദം!”
അങ്ങനെ ദിവസങ്ങൾ പെട്ടെന്ന് നീങ്ങുകയായിരുന്നു. മാത്തുവിന്റെ പിറന്നാൾ മാസമായ ഒക്ടോബർ വന്നതും പെട്ടെന്നായിരുന്നു. മാത്തു ഒരു അപകടം മണത്തു. അവിടെ ആഘോഷിക്കപ്പെടുന്ന പിറന്നാളുകളുടെ രീതി തന്നെയായിരുന്നു അതിന് കാരണം. കഴിഞ്ഞ ഏതോ ഒരു ദിവസത്തെ ആഘോഷങ്ങളിൽ ഒരുത്തന്റെ റൂമിലെ കട്ടില് വരെ പിറന്നാൾ ആഘോഷത്തിൽ ‘കലാപകാരികൾ’ തകർത്തു. ആർക്കും ഒരു മയമില്ല. അതിൽ വിക്ടിംസായ ബർത്ഡേ ബോയ്സ് വേദന കൊണ്ട് പുളഞ്ഞു. മൊബ് സൈക്കോളജിയുടെ തലയിൽ കാരണം കെട്ടിവച്ച്, നമ്മുടെ മാത്തുവും ആ ‘ആക്രമണങ്ങളിൽ’ പങ്കെടുക്കുന്നുണ്ടായിരുന്നു.
കൂട്ടത്തിൽ ഏറ്റവും അപകടകാരി മാത്തുവിന്റെ റൂം മെറ്റ് ബിട്ടുവായിരുന്നു. എവിടെ ബർത്ഡേ സെലിബ്രേഷൻ ഉണ്ടെന്ന് കേട്ടാലും അവിടെ ചെന്ന് പിറന്നാൾക്കാരനെ തല്ലിയിട്ടെ അവൻ തിരിച്ച് വരാറുള്ളായിരുന്നു. പിറന്നാൾക്കാരന്റെ ഒപ്പം അവന്റെ റൂം മെറ്റിനെയും തല്ലുന്ന ഒരു ആചാരം ബിട്ടുവാണ് തുടക്കമിട്ടത്. അതുകൊണ്ട് തന്നെ, ബിട്ടുവിന്റെയോ മാത്തുവിന്റെയോ പിറന്നാൾ വരുന്നതും നോക്കി ദേശഭാഷഭേദമന്യേ എല്ലാവരും കാത്തിരിക്കുകയായിരുന്നു.
പിറന്നാളിന്റെ തലേ ദിവസം വന്നെത്തി. എല്ലാം സാധാരണ ഒരു ദിവസം പോലെ. ട്രെയിനിങ് കഴിഞ്ഞ് എല്ലാവരും തിരിച്ചു റൂമിലെത്തി. മാത്തു തലവേദന അഭിനയിച്ചു കൊണ്ട് നേരത്തെ കിടന്നു. അവൻ ഫേസ്ബുക്കിൽ dob ഹെയ്ഡ് ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചു.
“അയ്യോ.. അതു വേണ്ടാ.. ആരും അറിഞ്ഞില്ലെങ്കിൽ ബർത്ഡേ വളരെ ശോകമായി പോകും.”
അവൻ ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരുന്നില്ല.
സമയം 10 ആയി..
11 ആയി…
12 ആയി..
ഇടയ്ക്ക് എപ്പോഴോ ബിട്ടുവും വന്നു കിടന്നു. ഇത്ര നേരത്തെ കിടന്നിട്ടാവും ഉറക്കം വരാത്തത്. മാത്തു ചിന്തിച്ചു.
1 മണി ആകാറായി.
ആരും തന്റെ ബർത്ഡേ ഓർക്കാഞ്ഞതിൽ അവൻ സന്തോഷിക്കുന്നു.
പെട്ടെന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത്.
“കർത്താവേ!”
മാത്തു ഉറക്കം അഭിനയിച്ച് മിണ്ടാതെ കിടന്നു. നോക്കിയപ്പോൾ, ദാ ബിട്ടു എഴുന്നേൽക്കുന്നു… വാതിൽ തുറക്കാൻ പോകുന്നു..
“ബിട്ടൂ , നോ…..”
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മാത്തുവിനെ അവർ നിലത്ത് നിർത്തിയില്ല.. അറഞ്ചാം പുറഞ്ചാം മാത്തുവിന് തല്ലു കിട്ടി. നവീൻ ആയിരുന്നു എല്ലാത്തിനും മുന്നിൽ. കൈകൊണ്ടും ചെരുപ്പുകൊണ്ടും പിന്നെ ഒന്നിനെം മാത്തുവിന് നോക്കി കണക്കെടുക്കാൻ പറ്റിയില്ല.
ആഹാ… കൂട്ടത്തിൽ പരിചയമില്ലാത്ത കുറെ മുഖങ്ങളും ഉണ്ടല്ലോ. ബിട്ടുവിന്റെ സുഹൃത്തുക്കളാണ്.
അവർ മാത്തുവിന് ഒരു കൈയും കൊണ്ട് ഷെയ്ക്ക് ഹാൻഡ് കൊടുത്ത് പരിചയപ്പെട്ടിട്ടു. സന്തോഷം. മറ്റേ കൈ കൊണ്ട് പുറം തീർത്തു അടിക്കുകയും ചെയ്തു. ഹോ…ഹമ്മെ!
ബിട്ടുവിനെ തല്ല് കിട്ടിയ കാര്യം പ്രത്യേകം പറയണ്ടല്ലോ. പിറന്നാൾക്കാരെനേക്കാൾ ചിലപ്പോൾ കൂടുതൽ കിട്ടിയത് ബിട്ടുവിന് ആണെന്ന് തോന്നുന്നു.
ഇടയിൽ എപ്പോഴോ അടുത്ത റൂമിലെ തമിഴ് നാട്ടുകാരൻ വന്ന്, തമിഴ് കലണ്ടർ പ്രകാരം അവന്റെയും ബർത്ഡേ ആണെന്ന് പറഞ്ഞു.
“മണ്ടൻ!”
‘കലാപകാരികളുടെ’ കരങ്ങൾ പിന്നെ അവന്റെ മുതുക് തേടി പോവുകയാണ് ഉണ്ടായത്.
അങ്ങനെ മാത്തുവിന്റെ ആ മറക്കാൻ കഴിയാത്ത പിറന്നാൾ ദിനം അവിടെ തുടങ്ങുകയായിരുന്നു.
NB:
സൗഹൃദം എന്ന് പറയുന്നത് ജീവിതത്തിൽ വിലമതിക്കാനാൻ ആവാത്തതാണ്. ഒരു വാക്കോ, പണ്ട് സംഭവിച്ച ഒരു കാര്യത്തിന്റെ സൂചനയോ മാത്രം മതി, പണ്ട് നമ്മുക്കുണ്ടായ ആ അനുഭൂതി നമ്മളിൽ വീണ്ടുമുണ്ടാക്കാൻ.
ഒരുമിച്ച്, ഒന്നായി തുഴഞ്ഞ് (കാലത്തിനെതിരെ).. സന്തോഷത്തിന്റെ മുത്തുകൾ വാരിക്കൂട്ടാൻ.
പണ്ട് നമ്മുക്ക് തോന്നിയ ഒരു ദുഃഖപോലും ഇന്ന് ഓർക്കുമ്പോൾ തമാശയായി ചിലപ്പോൾ അനുഭവപ്പെടുന്നെങ്കിൽ അത് ഈ സൗഹൃദത്തിന്റെ ശക്തികൊണ്ട് മാത്രമാണ്. ശരിയല്ലെ?