വിഭാഗങ്ങള്‍
അനന്തം അജ്ഞാതം കഥകൾ

അനന്തം അജ്ഞാതം 3 : ഫ്രോയിഡ് മാത്തുക്കുട്ടി

ഇങ്ങനെ ഒരു യമണ്ടൻ തെറി ഇത്ര പബ്ലിക് ആയിട്ട് അവൻ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു.

തെറി കേട്ടിട്ട് സോറി പറയുന്നത് ശരിയല്ലല്ലോ. അതു കൊണ്ട് മാത്തു ഒന്നും കേട്ടിട്ടില്ലാന്ന മട്ടിൽ നിന്നു….Click on the title to read more

(തുടർച്ച…)

ട്രെയിൻ നീങ്ങി തുടങ്ങി. വാതിലുകളിലെ കൊളുത്തുകൾ ചിണുങ്ങാൻ തുടങ്ങിയിരിക്കുന്നു. ആ തിരക്കിനിടയിലും ‘ചയ് ചയ്’, ‘കാഫി കാഫി’ വിളികൾ മുഴങ്ങുന്നു. ട്രെയിനിന്റെ താളവും മാത്തുവിന്റെ മനസ്സിന്റെ താളവും ഒത്തു വന്നപ്പോൾ വീണ്ടും എന്തൊക്കെയോ കുത്തിക്കുറിക്കാൻ അവന് തോന്നി. പക്ഷെ ആ തിരക്കിനിടയിൽ അതിന് ഒട്ടും നിർവ്വാഹമില്ലായിരുന്നു. അതിനാൽ, മാത്തു ആ ചിന്തകൾക്ക് മനസ്സിൽ തന്നെ ഒരു രൂപം കൊടുക്കാൻ ശ്രമിച്ചു…

കാലിനിട്ടൊരു ചവിട്ട്…

“ഏതവനാടാ…#$#*$#$”

കുറ്റവാളി മാത്തുവാണ്. കാരണം അവനാണ് ആരെയോ ചവിട്ടിയത്. ആ കുറ്റത്തിന്റെ മറുഭാഗത്ത് ഒരു മധ്യവയസ്‌കനായിരുന്നു. വട്ട കണ്ണാടിയും കട്ടി മീശയും വച്ച്, നല്ല രീതിയിൽ വസ്ത്രം ധരിച്ച ഒരാൾ. അങ്ങേരുടെ വായിൽ നിന്ന് തന്നെ ആണോ അത് കേട്ടത്? ആരും സംശയിച്ചു പോകും.

ഒരു നിമിഷം മാത്തുവിന് സംഭവിച്ചത് എന്താണെന്ന് മനസ്സിലായില്ല. വേറൊരാൾ തിരക്കിനിടയിലൂടെ കടന്ന് പോയപ്പോൾ അവനെ തട്ടിയത് കൊണ്ട്, അവന്റെ ബാലൻസ് പോയതായിരുന്നു സംഭവം.

എന്നാലും ഇങ്ങനെ ഒരു യമണ്ടൻ തെറി ഇത്ര പബ്ലിക് ആയിട്ട് അവൻ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. ഹോ..

തെറി കേട്ടിട്ട് സോറി പറയുന്നത് ശരിയല്ലല്ലോ. മാത്തുവിന്റെ ഭാഗത്തും തെറ്റുണ്ട്. അതു കൊണ്ട് മാത്തു ഒന്നും കേട്ടില്ലാന്ന മട്ടിൽ നിന്നു. ഒന്നും രണ്ടും പറഞ്ഞ്, അവിടെ ഒരു സീൻ ഉണ്ടാക്കേണ്ട എന്നവൻ കരുതി. ബാക്കി ഉള്ളവരും തെറി കേട്ടില്ലാന്ന ഭാവത്തിൽ തന്നെയാണ് നിൽക്കുന്നതെന്നും മാത്തുവിന് തോന്നി. പിന്നെ ആ തിരക്കിനിടയിലേക്ക് എല്ലാവരുടെയും മനസ്സ് മേഞ്ഞു നടന്നു. ചെങ്ങന്നൂർ സ്റ്റേഷൻ മുതൽ ആളുകൾ ട്രെയിനിൽ നിന്ന് ഇറങ്ങാൻ തുടങ്ങി. മാത്തുവിന് സീറ്റ് കിട്ടാനുള്ള സാധ്യതകൾ കൂടി കൂടി വന്നു. അത് കൊണ്ടാണ് upper birth-ൽ സ്ഥലം ഉണ്ടായിട്ടും, അവിടെ കയറി ഇരിക്കുന്നില്ലെന്നു അവൻ തീരുമാനിച്ചത്.

കായംകുളം കഴിഞ്ഞപ്പോൾ മാത്തുവിന് സീറ്റ് കിട്ടി.

നിങ്ങൾ ചിരിക്കല്ലേ… എന്താണെന്നോ?

അവന് സീറ്റ് കിട്ടിയത് അവനെ ചീത്ത വിളിച്ച ആ മാന്യന്റെ അടുത്ത് തന്നെയാണ്. പ്ലിംഗ്…

അവൻ പുലിവാൽ കല്യാണം സിനിമയിൽ ജഗതി ഇരിക്കുന്ന പോലെ ആ സീറ്റിന്റെ നടുക്ക് ഇരുന്നു. അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. അടുത്തിരിക്കുന്ന ആരും തന്നെ സംസാരം തുടങ്ങാനുള്ള ഒരു സാധ്യതയും കാണിക്കുന്നില്ല. ശോ…സമയം കൊല്ലാനായി വായിക്കാൻ എടുത്ത ആ പുസ്തകം, പ്ലാറ്റ്ഫോമിൽ ഇരുന്നു തന്നെ അവൻ വായിച്ചു തീർത്തിരുന്നു.

അവൻ വാച്ചിന്റെ സൂചികൾ എല്ലാം ശരിയായി തന്നെയാണോ പ്രവർത്തിക്കുന്നത് എന്ന് നോക്കി ഉറപ്പ് വരുത്തിക്കൊണ്ടിരുന്നു.

ശാസ്‌താംകോട്ട കഴിഞ്ഞു…

ആഹാ….ഫോൺ വൈബ്രേറ്റ് ചെയ്യുന്നു. ശെ…മാത്തുവിന്റെ അല്ല. അവൻ കൂടുതൽ ശ്രദ്ധിച്ചപ്പോൾ, അത്‌ അടുത്തിരിക്കുന്ന ആ മാന്യദേഹത്തിന്റെ ആണെന്ന് മനസ്സിലായി. പുള്ളിക്കാരൻ നല്ല ഉറക്കം ആയത്കൊണ്ട് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് അറിയുന്നില്ല.

ഉറക്കത്തിന്ന് ശല്യപ്പെടുത്തിയാൽ അടുത്ത തെറി കേട്ടാലോ?.. ‘ടാ മാത്തു വേണ്ടടാ!’ പക്ഷെ, ആ ഉപദേശ രൂപത്തിലുള്ള impulse തലയിൽ എത്തുന്നതിന് മുൻപേ മാത്തു അത് ചെയ്ത് കഴിഞ്ഞിരുന്നു.

ഭാഗ്യം! ചീത്ത വിളി കേൾക്കേണ്ടിവന്നില്ല. പകരം ഒരു നന്ദി മാത്തുവിനോട് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം ആ ഫോൺ അറ്റൻഡ് ചെയ്തത്.

ഫോണിലൂടെ എന്തോ ശുഭകരമായ വാർത്തയാണ് അദ്ദേഹം കേട്ടതെന്ന് തോന്നുന്നു. ഫോൺ വെച്ചതിന് ശേഷം, മാത്തുവിനെ നോക്കി മന്ദസ്മിതം പൊഴിച്ചതിൽ നിന്ന് അവൻ മനസിലാക്കി എടുത്തതാണ്.

“മോൻ എവിടെയ്ക്കാണ്?”

ആ ഒരു ചോദ്യം മതിയായിരുന്നു. അദ്ദേഹവുമായുള്ള എല്ലാ പ്രശ്‌നങ്ങളും അലിഞ്ഞുത്തീരാൻ..

അത് വരെ യാത്രയിൽ മിണ്ടാതിരുന്നതിന്റെയും എഴുതാതിരുന്നതിന്റെയും വിഷമം മാത്തു അവിടെ തീർത്തു.

ഒരു നീണ്ട സംഭാഷണം ആയിരുന്നു അത്.

അദ്ദേഹം PWD ൽ ആണ് ജോലി ചെയ്യുന്നതെന്നും, നാട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന അദ്ദേഹത്തിന്, കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരത്തേക്ക് പ്രൊമോഷനോടെ മാറ്റം കിട്ടിയതെന്നും മാത്തു മനസ്സിലാക്കി. കുറേക്കാലം കൂടി, ആദ്യമായി വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ ഉണ്ടാകുന്ന വിഷമങ്ങൾ, അദ്ദേഹം അവനോട് പറഞ്ഞു. അവനെ ചീത്ത വിളിച്ചതിന്റെ കാരണം വിശദീകരിക്കുകയാണെന്ന് പോലും മാത്തുവിന് തോന്നി.

കുടുംബത്തെപ്പറ്റിയും നാടിനെപ്പറ്റിയും പറഞ്ഞു വന്നപ്പോൾ, അദ്ദേഹത്തിന് മാത്തുവിന്റെ നാടായ മണിമലയൊക്കെ നന്നായി അദ്ദേഹത്തിന് അറിയാം. മണിമല അക്കരപള്ളിയിലെ കൊച്ചച്ഛൻ അദ്ദേഹത്തിന്റെ ഒരു കസിൻ ആണ് പോലും. ചെറ്റെപ്പള്ളി എന്ന്‌ വിളിക്കുന്ന ഇക്കര പള്ളിയാണ് മാത്തുവിന്റെ ഇടവക . മാത്തുവിന്റെ ഇടവകയിലുള്ള തേക്കുമൂട്ടിൽ കുടുംബവുമായി അദ്ദേഹത്തിന്റെ wife house ന് ബന്ധം ഉണ്ടെന്നും കണ്ടെത്തി. അങ്ങനെ വരുമ്പോൾ മാത്തുവിന്റെ അച്ചാച്ചിക്ക് ‘ജോസ് സാറിനെ’ അറിയാമായിരിക്കും.. (ജോസ് എന്നായിരുന്നു മാത്തു പരിചയപ്പെട്ട അദ്ദേഹത്തിന്റെ പേര്.). വലിയ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായിട്ടുകൂടി വളരെ സിംപിൾ ആയിട്ടാണ് അദ്ദേഹം മാത്തുവുമായി ഇടപഴകിയത്. രണ്ടു പേർക്കും പൊതുവായി അറിയാവുന്നവർ ഉണ്ടെന്ന് കേട്ടുകഴിഞ്ഞപ്പോൾ മുതൽ ഒരു ബന്ധുവിനെ പോലെ ആണ് അദ്ദേഹം അവനോട് പെരുമാറിയത്.

ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന മാത്തുവിന് കുറെ നല്ല ഉപദേശങ്ങൾ ജോസ് സാർ നൽകി. ജീവിതത്തിൽ പാലിക്കേണ്ട work-life ബാലൻസിനെപ്പറ്റിയും ജോസ് സാർ മാത്തുവിനോട് സംസാരിച്ചു. അദ്ദേഹത്തിന്റെ മനോഹരമായ വ്യക്തിത്വം മാത്തു മനസ്സിലാക്കുകയായിരുന്നു.

അത് അങ്ങനെയാണ്. ആളുകളുടെ സ്വഭാവം കൂടുതൽ അടുത്തറിയുമ്പോൾ മാത്രമെ ചിലപ്പോൾ ശരിയായി മനസ്സിലാകൂ. ആ ചീത്ത വിളിയിൽ കാര്യങ്ങൾ ഒതുങ്ങിയിരുന്നേൽ…

മാത്തു ചിന്തിക്കുന്നു….

ആൾക്കാരുടെ ചില പ്രവർത്തികൾ മാത്രം വച്ച് ഒരിക്കലും ഒരാളെ ജഡ്ജ് ചെയ്യരുത്. അതിന് പിന്നിലുള്ള വികാരങ്ങളും നമ്മൾ തിരിച്ചറിയണം. അപ്പോൾ നിങ്ങൾ പറയുമായിരിക്കും, നിങ്ങൾ അതിന് ബാധ്യസ്ഥരല്ലെന്ന്. അങ്ങനെ ചിന്തിക്കുന്നവരോട് ഒന്നേ മാത്തുവിന് പറയാനുള്ളൂ.

“You are missing a humongous opportunity to get acquainted with, may be, one of the beautiful minds of the world.”

ട്രെയിൻ കൊല്ലം കഴിഞ്ഞിരിക്കുന്നു. എല്ലാവരും ഉറക്കത്തിലും വായനയിലും മൊബൈലിലുമൊക്കെയായി ഇരിക്കുന്നു. മാത്തു മാത്രമാണ് കൂട്ടത്തിൽപ്പെടാത്തതെന്ന് അവന് തോന്നി. ട്രെയിൻ യാത്രകളുടെ ഓർമ്മകളിലേയ്ക്ക് അവൻ വഴുതി വീഴാൻ തുടങ്ങി. അപ്പോഴാണ് തന്റെ സുഹൃത്തായ അഭിനന്ദിനെപ്പറ്റി മാത്തു ഓർത്തത്.

ഒട്ടുമിക്ക ട്രെയിൻ യാത്രകളിലും അവന്റെ കൂടെ ഉണ്ടായിരുന്ന അഭി, ഇന്ന് പക്ഷെ അവന്റെ കൂടെയില്ല. ജീവിതം അങ്ങനെയാണെന്ന് മാത്തു മനസ്സിലാക്കുന്നു. ഭൗതികമായ ഒന്നിനും ഒരു സ്ഥിരതയില്ല.

സ്വന്തം ജീവൻ പോലെ കൊണ്ടു നടന്ന arsenal FC യുടെ സിംബലുണ്ടായിരുന്ന ഒരു കപ്പ്, ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് പൊടിഞ്ഞു പോയപ്പോൾ അവൻ അന്നത് മനസ്സിലാക്കിയതാണ്. അന്ന് അവൻ ഒരുപാട് അതിനെക്കുറിച്ച് ഡയറിയിൽ എഴുതി.

മത് കരോ മായ കൊ അഹങ്കാർ,

മത് കരോ കായാ കൊ അഭിമാൻ

(Don’t be deluded by maaya,

don’t take pride in the body.)

എന്ന കബീർദാസിന്റെ വരികൾ അവൻ അന്ന് ഒരുപാട് ചിന്തിച്ച് മനസ്സിലാക്കിയെടുത്തതാണ്.

മാത്തുവിന്റെ മനസ്സ് പിന്നെ എപ്പോഴോ ട്രെയിനിന്റെ താളത്തിലേക്ക് തിരിച്ചു വന്നു.

കഴക്കൂട്ടം എത്താറാകുമ്പോൾ പറയാമെന്ന് ജോസ് സർ പറഞ്ഞിരുന്നു. സാർ പക്ഷെ, നല്ല ഉറക്കമാണ്. വർക്കല കഴിഞ്ഞപ്പോൾ സാർ ഉണർന്നു.

” സാറേ , കഴക്കൂട്ടം എത്താറായോ?”

ഇനിയും കുറച്ചു കൂടി സമയം എടുക്കുമെന്ന് സാർ മാത്തുവിനോട് പറഞ്ഞു.

“ഇന്ന് എന്തായാലും വണ്ടി സമയത്താണ്. ഇനി പേട്ടയിൽ വല്ലോം പിടിച്ചിട്ടാലെ താമസം വരൂ. കഴക്കൂട്ടത്ത് കൃത്യ സമയത്ത് എത്തും.”


കഴക്കൂട്ടം എത്തിയപ്പോൾ ജോസ് സാറിനോട് യാത്ര പറഞ്ഞത് ഇനി കാണാമല്ലോ എന്ന പ്രതീക്ഷയിലാണ്. സാർ എന്റെ ഫോൺ നമ്പർ വാങ്ങിയിരുന്നു. മണിമലയിൽ വരുമ്പോൾ വിളിക്കാമെന്നും തമ്മിൽ കാണാമെന്നും സാർ പറഞ്ഞിരുന്നു.

കഴക്കൂട്ടം…സ്റ്റേഷൻ…ആദ്യമായാണ് മാത്തു കഴക്കൂട്ടം സ്റ്റേഷനിൽ ഇറങ്ങുന്നത്. പക്ഷെ, മാത്തുവിന് ആ സ്റ്റേഷനിൽ പണ്ടെന്നോ വന്നപോലെ തോന്നി. അവന്റെ ഓർമ്മകളിൽ എവിടെയോ പറ്റി പിടിച്ചിരിക്കുന്ന ചിത്രങ്ങൾ അവന്റെ മുന്നിൽ തെളിയുന്നതായാണ് അവന് തോന്നിയത്.

……..


അടുത്ത ഭാഗം :

അനന്തം അജ്ഞാതം 4 — അമ്മ

http://sreekanthan.in/2020/05/22/anatham_anjatham_4/


NB :

(കബീർ സംഗീതയാത്രയുടെ ഒരു സഹയാത്രികനായിരുന്നു മാത്തു. ഷബ്നം വിർമാണിയും വാസു ദീക്ഷിതിനെയും പോലെയുള്ള ഗായകരായിരുന്നു അവന്റെ favourite.)

കബീർദാസ് — ഹിന്ദി ഭക്തി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. കബീറിൽ രാമനും റഹിമും സമന്വയിച്ചു.

ഹിന്ദുവായ് ജനിച്ച് മുസ്ലിം ദമ്പതികൾ എടുത്ത് വളർത്തിയ ഒരു മകൻ..

സ്നേഹവും സാഹോദര്യവും പ്രകീർത്തിക്കുന്ന കബീറിന്റെ ഗാനങ്ങളിൽ (ദോഹകൾ) ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നു..

കോയി സുൻ ത്താ ഹേ?”

(ആരെങ്കിലും കേൾക്കുന്നുണ്ടോ?)

കബീർ പാടുന്നു….

സോദരാ, നീ എവിടെയാണ് എന്നെ തിരയുന്നത്?

നോക്കൂ, ഞാൻ നിന്നരികിലുണ്ട്.

ഞാൻ മന്ദിറിലില്ല, മസ്ജിദിലില്ല…

ഹേ സാധൂ, ജീവജാലങ്ങളിലെ ശ്വാസധാരയാണ് ഈശ്വരൻ.

കബീറിന്റെ ‘ദോഹകൾ’ ഇന്നും ഇവിടെ മാറ്റൊലികൊള്ളുന്നു…. മതവിദ്വേഷവും മതസ്പർധയും കൊണ്ട് കലുഷിതമായ കലാപഭൂമിയായ് മാറുന്ന നമ്മുടെ ഭാരതത്തിൽ…

കോയി സുൻ ത്താ ഹേ?”

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.