അനന്തം അജ്ഞാതം 1 : ജ്യോതിഷരത്നം മാത്തുക്കുട്ടിചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ, പരിചയമുള്ള ആരെയെങ്കിലും കാണുമെന്ന പ്രതീക്ഷ അവനിൽ ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ട് തന്നെയാവണം, വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മാത്തുകുട്ടി ഇടയ്ക്ക് ഇടയ്ക്ക് തലപൊക്കി നോക്കുന്നത്.

കൂട്ടം കൂട്ടമായി വരുന്ന ഫാമിലികളിലേക്കും ഒറ്റയ്ക്ക് ഒറ്റയ്ക്ക് വരുന്നവരിലേക്കും മാത്തുകുട്ടി കണ്ണ് എറിഞ്ഞുകൊണ്ടിരുന്നു. അവനെ ഒരു വായിനോക്കി എന്നു വിളിച്ചു തള്ളാൻ വരട്ടെ.. ഒരാൾ ചെയ്യുന്ന പ്രവർത്തിയിലല്ല, മറിച്ച് അതിന്റെ പിന്നിലുള്ള ‘ഉദ്ദേശശുദ്ധി’ മനസ്സിലാക്കുമ്പോഴെ നമ്മുക്ക് ഒരാളെ ശരിക്കും ജഡ്ജ് ചെയ്യാൻ പറ്റൂ. എന്താ ശരിയല്ലേ?

അവന്റെ സ്വഭാവശുദ്ധി (ഉദ്ദേശശുദ്ധി മാത്രമായി ഒതുക്കേണ്ട) മനസ്സിലാക്കാനായി നമ്മുക്ക് കുറച്ചു കാലം പിന്നോട്ട് പോകാം. അതേ…അത്രേം അങ്ങ് പോകണ്ട. ഒരു രണ്ട് മാസം പിന്നോട്ട് പോയാൽ മതി.

ആ സമയത്താണ് കോളേജ് പഠനം കഴിഞ്ഞ് അവനും അവന്റെ സുഹൃത്ത് അഭിനന്ദും ‘കത്തിയടി’ക്കാനായി ആ ആൽത്തറയിൻമേൽ സ്ഥാനം പിടിച്ചത്. വായിനോക്കാനല്ല എന്നു ആദ്യമേ പറഞ്ഞേക്കാം. കാരണം, ആ നാട്ടിൻപുറത്തുള്ള ആ വഴിയിലൂടെ സാധാരണയായി ഒരാളും വരാറില്ല. വന്നാൽ തന്നെ അത് ആ ‘കൊശവൻ’മാരുടെ ബന്ധുക്കളാരെങ്കിലുമൊക്കെ ആയിരിക്കും.

ആ കാലത്ത് തന്നെയാണ് അഭിനന്ദിന് ജ്യോതിഷത്തിൽ വലിയ കമ്പം കയറിയതും, അതു പഠിക്കാനായി ഒരു പുസ്തകം വാങ്ങിയതും. അഭി ആ പുസ്തകവുമായാണ് ആൽത്തറയിൽ ‘സൊള്ളാൻ’ വരുന്നത്. ലക്ഷ്യം — മാത്തുക്കുട്ടിയിലും ജ്യോതിഷത്തിൽ താല്പര്യം വളർത്തുക.

മാത്തു കുട്ടിയ്ക്കാവട്ടെ അതിൽ ഒന്നും പ്രത്യേകിച്ച് ഒരു താല്പര്യവുമില്ലായിരുന്നു. അവന് അവിടെ ഇരുന്ന് ആലിന്റെയൊക്കെ സയന്റിഫിക് നാമം* ആലോചിച്ചു കണ്ടെത്തുന്നതു പോലുള്ള കാര്യങ്ങളിൽ ആയിരുന്നു താല്പര്യം. എന്നാലും മാത്തു അവന്റെ കൂട്ടുകാരനെ പിണക്കാതിരിക്കാൻ കഴിവതും ശ്രമിച്ചു പൊന്നു.

(*Ficus benghalensis എന്നോ മറ്റോ ആണേ ആ നാമം.)

അഭിയുടെ ക്ലാസ്സുകൾ അവൻ ശ്രദ്ധയോടെ കേട്ടു. ഒരു ദിവസം അഭി സ്വന്തം അമ്മയുടെ ഗ്രഹനില നോക്കി തീപൊള്ളലുണ്ടാകും എന്നു പോലും പ്രവചിക്കുകയുണ്ടായി. അതെങ്ങനെ എന്ന് മാത്തു ചോദിച്ചപ്പോൾ വലിയ ഒരു പണ്ഡിതനെപോലെ അഭി പറഞ്ഞ മറുപടി ഇതായിരുന്നു.

“ശത്രു ക്ഷേത്രത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാ കാലത്ത് അഗ്നിഭയം ഉണ്ടാകും.”

(പക്ഷെ ആ പാണ്ഡിത്യം പുഷ്പ ആന്റിയുടെ മുന്നിൽ വിളമ്പിയപ്പോൾ, വിളമ്പുന്ന തവി കൊണ്ട് വീക്ക് കിട്ടാതെ ആ പണ്ഡിതൻ അടുക്കളവഴി ഓടുകയാണ് ഉണ്ടായത്.)

മാത്തു അപ്പോൾ ചിന്തിച്ചിരുന്നു. അമ്മമാർക്ക് പൊള്ളലെക്കാനുള്ള സാധ്യത എപ്പോഴുമുണ്ടല്ലോ. അത് പ്രവചിക്കാൻ ജ്യോതിഷമൊക്കെ വേണോ?

രാശി, ലഗ്നം, ഭാവം, ക്ഷേത്രം എന്നീ പദങ്ങൾ അഭിയുടെ വായിൽ നിന്ന് എപ്പോഴും കേട്ടുകൊണ്ടിരുന്നു. അഭിയുടെ ആ പുസ്തകം മാത്തു വായിക്കാൻ മേടിക്കുന്നത് ഈ വാക്കുകളുടെയെങ്കിലും അർത്ഥമൊന്ന് മനസ്സിലാക്കണമെന്ന് വച്ചാണ്. എന്നാലെ ആൽത്തറയിലെ ആ സൗഹൃദം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ എന്ന് മാത്തുവിന് തോന്നി കാണണം.

വീട്ടിലെത്തി വായിക്കാൻ തുടങ്ങുമ്പോഴാണ് പുസ്കത്തിന്റെ തലക്കെട്ട് മാത്തു ശ്രദ്ധിക്കുന്നത്. ‘ആചാര്യസംവാദം- ഒരു എത്തിനോട്ടം’. ഒരു എത്തിനോട്ടം തന്നെ ഇത്രേം ഉണ്ടെങ്കിൽ ഒർജിനെല്ലിന് എത്ര വലിപ്പം കാണും. മാത്തു ചിന്തിച്ചു.

പുസ്തകത്തിന്റെ പുറം ചട്ടയിൽ ഒരു ചക്രം..ഇതാണോ അഭി പറയാറുള്ള രാശിചക്രം?. അതിന്റെ ഉള്ളിൽ കുറെ മൃഗങ്ങൾ..മൃഗങ്ങൾ മാത്രമല്ല..ഒരു ത്രാസും അവന്റെ ശ്രദ്ധയിൽ പെട്ടു.. ഒരു തേള്, ഒരു ഞണ്ട് ..അപ്പോഴാണ് അവ തമ്മിലുള്ള വ്യത്യാസം അവൻ ശ്രദ്ധിക്കുന്നത്. തേളിന്റെ വാലിന് നീളം കൂടുതലാണെന്ന് അവൻ കണ്ടെത്തി..

മാത്തുവിന്റെ നാള് രേവതിയാണെന്ന് അഭി കണ്ടുപിടിച്ചു തന്നിട്ടുണ്ട്..അവന്റെ dob പറഞ്ഞു കൊടുത്തപ്പോൾ അഭി എങ്ങനെയൊക്കെയോ നോക്കി കണ്ടുപിടിച്ചതാണ്.

അവന് അത് ഇഷ്ടമായി. കാരണം രേവതി എന്ന സിനിമ നടിയെ അവന് വലിയ ഇഷ്ടം ആയിരുന്നു.

രേവതി അഭിനയിച്ച മൗനരാഗവും പുതിയമുഖവും കമലാഹാസന്റെ കൂടെ അഭിനയിച്ച ആ സിനിമ.. എന്തുവാരുന്നു? ..ഏതോ ഒരു മന്നനും അവൻ ഇടയ്ക്ക് ഇടയ്ക്ക് യൂട്യൂബിൽ നിന്ന് കാണുമായിരുന്നു. അതിലെ പാട്ടുകളും മാത്തുകുട്ടി പാടി നടന്നിരുന്നു. അയ്യോ ടോപിക്ക് മാറി പോയി..

രേവതി നക്ഷത്രം… ആചാര്യ സംവാദം… തിരിച്ചു വാ!…

ആ നക്ഷത്രത്തെക്കുറിച്ച് തന്നെയായിരുന്നു മാത്തുവിന് അറിയേണ്ടത്. അത് അങ്ങനെ ആയിരിക്കുമല്ലോ. നമ്മൾ എവിടെ വാരഫലം കണ്ടാലും നമ്മുടെ നക്ഷത്രം അല്ലെ ആദ്യം നോക്കുന്നത്..അയ്യോ..! അതു തെറ്റാണെന്നല്ലാ പറഞ്ഞത്. അതു പിന്നെ.. നമ്മുടെ നോക്കിയാൽ അല്ലേ ചില മുൻകരുതലുകളൊക്കെ എടുക്കാൻ പറ്റൂ? അതു തന്നെയാണ് മാത്തുവിന്റെയും ന്യായം.

അഭി എന്നും പറയുന്നത് അവൻ ഓർത്തു.

“ജ്യോതിഷം ഒരു പ്രവചനമല്ല.. സാധ്യതയാണ്. നമ്മളെ ചിലപ്പോൾ ജീവിതത്തിൽ അധികം പ്രശ്നങ്ങൾ ഉണ്ടാകാതെ മുന്നോട്ട് പോകാൻ സഹായിക്കുന്ന ശാസ്ത്രം.”

ആ ശാസ്ത്രം എന്ന പദം ഉപയോഗിച്ചതൊഴിച്ചു നിർത്തിയാൽ അഭി പറയുന്നത് ശരിവയ്ക്കാൻ മാത്തു സന്നദ്ധനാണ്.

ആ പുസ്തകം അരിച്ച് പെറക്കിയിട്ടും വാരഫലം പോലെയുള്ള ഒന്ന് അവന്റെ കണ്ണിൽ പെട്ടില്ല. അവസാനം അനുബന്ധത്തിലാണ് ‘ അറിയാം 27 നക്ഷത്രക്കാരുടെയും പൊതു സ്വഭാവങ്ങൾ‘ എന്ന തലക്കെട്ട് കാണുന്നത്. അതിൽ രേവതി നക്ഷത്രക്കാരുടേത് മാത്രമായി അവൻ ഫോട്ടോ എടുത്തു.

ആ തലക്കെട്ട് കണ്ടപ്പോൾ തന്നെ മാത്തുകുട്ടിയ്ക്ക് ജ്യോതിഷത്തിൽ ചെറിയ വിശ്വാസം ഒക്കെ വന്നു.

“കാമതുരമായ ഹൃദയം ഉണ്ടായിരിക്കും” ..കാമാതുരമോ?.. മാത്തു മീനിംഗ് ഗൂഗിളിൽ തപ്പി… അശ്ലീലതയോ…ഹേയ്..അതായിരിക്കില്ല ഉദ്ദേശിച്ചത്‌. “പ്രേമാതുരമായ ഹൃദയം” എന്ന് മതിയാരുന്നെന്ന് മാത്തുവിന് തോന്നി.

“സ്ത്രീകൾക്ക് പെട്ടെന്ന് വഴങ്ങുന്ന കൂട്ടത്തിൽ അല്ല”. വെറുതെ അല്ല ആരുടെയും വലയിൽ ഒന്നും പോയി ചാടാത്തെ..അവൻ ചിന്തിച്ചു. എഡിറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ തിരുത്താമായിരുന്നു. “വഴങ്ങാൻ ആഗ്രഹം ഉണ്ട്, പക്ഷെ ഒന്നും ഒത്തുവരുന്നില്ല.” എന്ന്.

“ശരീരത്തിൽ പ്രത്യേക അടയാളം”. ഉണ്ട്…ഉണ്ട്..അവന് ഉണ്ട്… മാത്തു തന്റെ നെറ്റിയിലെ ആ മുറിപ്പാട് തൊട്ടുനോക്കി.. പണ്ട് അമ്മ വീട്ടിൽ പോയി നിന്നപ്പോൾ ഒരു ചെടിച്ചട്ടിയിലേക്ക് വീണ് പതിപ്പിച്ച അടയാളമാ….മാത്തു ചിന്തിച്ചു..അങ്ങനെ എന്തേലും അടയാളം എല്ലാവർക്കും കാണില്ലേ?…ആ…

അടുത്ത പേജിലും കുറച്ച് കാര്യങ്ങൾ പറയുന്നുണ്ട്..”തങ്ങളെ അവഗണിക്കുന്നത് ഈ നക്ഷത്രക്കാർക്ക് താങ്ങാനാവില്ല.”. അത് പിന്നെ ആർക്കാ താങ്ങാൻ കഴിയുക?. അതൊരു ജനറൽ സ്റ്റേമെന്റ് എന്ന രീതിയിൽ മാത്തു തള്ളിക്കളഞ്ഞു.

“അംഗീകാരം എപ്പോഴും തേടിക്കൊണ്ടിരിക്കും. എവിടെ ചെന്നാലും പരിഗണന ലഭിക്കണമെന്ന ശാഠ്യം.”. ആ കാര്യത്തോട് മാത്തു യോജിക്കുന്നു.

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

(പണ്ടത്തെ സിനിമകളിൽ കാണുന്ന, പഴയകാലം മാറി പുതിയതിലേക്ക് വരുന്ന ‘മൂസിക്ക്’)


മാത്തുക്കുട്ടി ഇപ്പോൾ റൂമിലിരുന്ന് ‘എത്തിനോക്കുവല്ല’. റെയിൽവേ പ്ലാറ്റ്ഫോമിൽ ഇരുന്ന് വായിനോക്കുവാണ്. ആ കാര്യം നിങ്ങൾ മറന്നുപോയോ? അവന്റെ സ്വഭാവശുദ്ധി പരിശോധിക്കാൻ നിങ്ങളെ ഒന്ന് കൂട്ടികൊണ്ട് പോയതല്ലേ? അത് മനസ്സിലായില്ലെന്ന് മാത്രം പറയരുത്.🙏

അവഗണനകളിൽ തളരുന്ന, അംഗീകാരവും പരിഗണനയും വല്ലാതെ ആഗ്രഹിക്കുന്ന, പ്രണയിനികൾ ഇല്ലാത്ത, ഒരു കാമാതുരനായ അയ്യോ അല്ല, ഒരു പ്രേമാതുരനായ ചെറുപ്പക്കാരനാണ് മാത്തുകുട്ടിയെന്ന് പറയാനാണ് ഇങ്ങനെയൊക്കെ പറഞ്ഞു കൂട്ടിയത്.

(ഓ..ഓവറായോ !… അങ്ങ് ക്ഷമിക്കെന്നേ… ലോക്ക്ഡൗണ്നോക്കെ അല്ലേ?.. തിരിച്ചറിവുകളുടെയും ക്ഷമ പറച്ചിലിന്റെയുമൊക്കെ ഒരു കാലം..)

മാത്തു സ്റ്റേഷനിൽ വന്ന സമയത്ത് നല്ല മഴക്കോള് ഉണ്ടായിരുന്നു. അതിപ്പോൾ ശക്തമായ മഴയായി മാറിയിരിക്കുന്നു. അവൻ ഇരിക്കുന്ന ബെഞ്ചിൽ ആളുകൾ കൂടി കൂടി വരുന്നു. ആ ഓരോ മുഖങ്ങളിലും പരിചയത്തിന്റെ മുദ്രയായ പുഞ്ചിരി അവൻ തേടികൊണ്ടിരുന്നു. മഴയുടെ ഇരമ്പിലിനോട് മത്സരിച്ചെന്നോളം ഒരു ട്രെയിൻ മൂന്നാം നമ്പർ ട്രാക്കിലൂടെ ചീറി പാഞ്ഞു വരുന്നു. മാത്തു ആ കാഴ്ച്ച കാണാനായി തിരിഞ്ഞു ഇരുന്നു.

“ട്രെയിൻ എറണാകുളത്തേക്കാണ്. ഇവിടെ സ്റ്റോപ്പില്ല. അല്ലേൽ വിളിച്ചു പറഞ്ഞേനെ…”

അടുത്തിരിക്കുന്ന ഒരു ചേട്ടൻ ഒരു അപ്പൂപ്പനോട് പറയുന്നു.

ആ ട്രെയിൻ വളരെ വേഗത്തിൽ കടന്നു പോയി. മാത്തുവിന്റെ ചിന്തകൾ പോലും അതിന്റെ സ്പീഡിന്റെ മുന്നിൽ തോറ്റുപോയി. പെട്ടെന്ന് ആ കാഴ്ച മറഞ്ഞു പോയപ്പോൾ മനസ്സിൽ എന്തോ ഒരു കൊളുത്ത് വിട്ടപ്പോലെ അവന് തോന്നി. അവൻ ഡയറി എടുത്ത് എന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി.

“ഹലോ. മാത്യൂസ്, ഇയാൾ ഇപ്പോഴും ഡയറിയൊക്കെ എഴുതാറുണ്ടോ?”

ആ ശബ്ദത്തിന്റെ ഉറവിടം അറിയാൻ മാത്തു തല ഉയർത്തി നോക്കി..

(കഥ തുടരും….)


1. റെയിൽവേ സ്റ്റേഷനിൽ ആരെയാണ്  മാത്തുകുട്ടി കണ്ടുമുട്ടിയത്?

2.അവനെന്തിനാണ് പരിചയക്കാരെ തേടിയത്?

3.അവന്റെ യാത്ര എങ്ങോട്ടാണ്?

4.തീവണ്ടി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് വരുന്നതെന്ന് അറിഞ്ഞിട്ടും അവനെന്തിനാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ പോയി ഇരുന്നത്.?

(ഓ..സോറി..അതിനെ കുറിച്ചൊന്നും പറഞ്ഞില്ലായിരുന്നല്ലേ?.. എന്നാ..വെട്ടി കളഞ്ഞേക്കാം..)

🎶🎶🎶🎶🎶🎶🎶🎶🎶.

(ഏഷ്യാനെറ്റിലെ സീരിയലുകളുടെ പരസ്യത്തിന്റെ ‘മൂസിക്’. മാത്തുവിന്റെയും അഭിയുടെയും ഫോട്ടോ കൂടി കിട്ടിയിരുന്നേൽ, അവർ തെക്ക് വടക്ക് നോക്കി നിൽക്കുന്ന രീതിയിൽ അത് ഇവിടെ ആഡ് ചെയ്യാമായിരുന്നു.)


അനന്തം അജ്ഞാതം 2 :കഥാകാരൻ മാത്തുക്കുട്ടി.

http://sreekanthan.in/2020/05/08/anatham_anjatham_2/


NB:

“നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെ സമ്മാനിക്കാനുള്ള യാതൊരു ബാധ്യതയും ജീവിതത്തിനില്ല.”

— മാർഗരറ്റ് മിച്ചൽ

(അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ അതുല്യ നടൻ ഇർഫാൻ ഖാൻ, താൻ കാൻസർ രോഗബാധിതനാണെന്ന വാർത്ത ലോകത്തെ അറിയിച്ചത് ഈ വാക്കുകൾ കടമെടുത്തായിരുന്നു.)


മാർഗരറ്റ് മിച്ചലിന്റെ നോവലായ ‘ഗൊണ് വിത് ദി വിൻഡ്’ നെ കുറിച്ച് വായിച്ചു. അമേരിക്കൻ സിവിൽ വാറിന്റെ സമയത്ത് നടക്കുന്ന ഒരു ലൗ സ്റ്റോറി ആണ് പോലും. ഒരു ലൗ സ്റ്റോറി ഒക്കെ ഒരു നോവൽ ആക്കാൻ പറ്റുമോ? അതിനൊക്കെ ഉള്ളത് ഉണ്ടോ?😏 ആലോചിച്ചു…

കൂടുതൽ വായിച്ചപ്പോൾ മാത്തുകുട്ടിയെ പോലെ പ്രേമാതുരമായ ഹൃദയമുള്ള ‘സ്‌കാർലെറ്റ്’ എന്ന സ്ത്രീയുടെ കഥയാണിതെന്ന് മനസ്സിലാക്കാൻ സാധിച്ചു. സ്‌കാർലെറ്റ് ഈ നോവലിൽ, തന്റെ ആദ്യ പ്രണയം വെറും ഫാന്റസി ആയിരുന്നെന്ന് തിരിച്ചറിയുകയും പിന്നീട് ജീവിതയാഥാർഥ്യങ്ങളിൽ പെട്ട് അലയുമ്പോൾ സത്യമായ സ്നേഹം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ജീവിതത്തിൽ തടസ്സങ്ങളും തിരിച്ചടികളും നേരിടുമ്പോൾ സ്‌കാർലെറ്റിന് ശക്തിപകരുന്ന ഒരു മന്ത്രം ഇതിൽ സൂചിപ്പിക്കുന്നുണ്ട്.

” Tomorrow is another day”.

ഈ മന്ത്രം നൽകുന്ന പ്രതീക്ഷയിലാണ് നോവൽ അവസാനിക്കുന്നത്.

“അനന്തം അജ്ഞാതം 1 : ജ്യോതിഷരത്നം മാത്തുക്കുട്ടി” ന് ഒരു പ്രതികരണം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: