വിഭാഗങ്ങള്‍
കഥകൾ

വേനലിന്റെ നൊമ്പരം

തന്നെ സ്നേഹത്തോടെ പരിഗണിക്കാൻ ആരുമില്ലെന്ന തോന്നൽ പലരുടെയെങ്കിലും ജീവിതങ്ങൾ താറുമാറാക്കിയേക്കാം. എന്നാൽ അവൾ……. Click on the title to read more

“സുമലതയെന്നാന്റെ പേര്. ‘പഷെങ്കില്’ അടുപ്പമുള്ളവർ സുമയെന്നാ വിളിക്കാറ്. നിങ്ങളും ഇനി അങ്ങനെ വിളിച്ചാ മതി. ‘എന്താച്ചാൽ’ എന്നെപ്പറ്റി ദേ നിങ്ങൾ കൂടുതൽ അറിയാൻ പോവുകയാണ്.”

_______________________________

സുമലത ഒരു സാധാരണ സ്ത്രീയല്ല. പക്ഷെ സുമലതയിലെ അസാധാരണത്വത്തിന്റെ അംശങ്ങൾ പലതും നമ്മുക്ക് ചുറ്റും അങ്ങിങ്ങു കാണുവാൻ സാധിക്കും.

സ്നേഹത്തോടെ പരിഗണിക്കാൻ ആരുമില്ലെന്ന തോന്നൽ പലരുടെയും ജീവിതങ്ങൾ താറുമാറാക്കിയേക്കാം. എന്നാൽ സുമലത, അവൾ അനുഭവിക്കുന്ന അവഗണനകളുടെ ഇടയിലും ജീവിതം എന്ന പായ് വഞ്ചി അതിന്റെ കാറ്റിലും കോളിലുപെട്ട് തകരാതെ ശ്രദ്ധിച്ചു. എല്ലാ പ്രതിബന്ധങ്ങളോടും അവൾ പൊരുതിനിന്നു. വേണ്ടപ്പെട്ടവർ എന്നു കരുതിയവർക്കു വേണ്ടി അവൾ എപ്പോഴും നിസ്വാർത്ഥമായി തന്നെ നിലകൊണ്ടു.

പ്രായം 50 തിനോട് അടുത്തിട്ടും അവൾ കുടുംബത്തിന് വേണ്ടി കഠിനമായി അധ്വാനിച്ചു കൊണ്ടിരുന്നു. മുഴുകുടിയനായ കെട്ട്യോനിൽ നിന്നോ, എങ്ങനെയോ വഴിതെറ്റിപ്പോയ മൂത്ത സന്തതിയിൽ നിന്നോ കുടുംബത്തിന് ഒരു ഗുണം പ്രതീക്ഷക്കാനില്ലെന്ന് സുമ എന്നോ മനസ്സിലാക്കിയിരുന്നു. തന്റെ ഇളയമകൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നതെന്ന് ഇടക്ക് തന്നോട് തന്നെ പറഞ്ഞു സുമ ബോധിപ്പിച്ചു കൊണ്ടേയിരുന്നു.

പല വീടുകളിൽ പോയി ജോലി ചെയ്‌തും, തൊഴിലുറപ്പ് പണിയ്ക്ക് പോയ്യുമൊക്കെയാണ് കുടുംബത്തിന്റെ സന്തുലനാവസ്ഥ അവൾ നിലനിർത്തി പോന്നത്. പക്ഷെ ആ കൊറോണ കാലം അതിനൊരു വെല്ലുവിളിയായി മാറുകയായിരുന്നു.

____________________________

അന്ന് അതിരാവിലെ എഴുന്നേറ്റ് ചോറ്‌ വയ്‌ക്കേണ്ട കാര്യമില്ലായിരുന്നു. മീനുകുട്ടിയ്ക്ക് ഇന്ന് സ്കൂളിൽ പോവണ്ടല്ലോ..ഇന്ന് മാത്രമല്ല , ഇനി കുറച്ചു നാളത്തേയ്ക്ക് പോവണ്ട. കാരണം കൊറോണ എന്നൊരു സൂക്കേടിനെ പേടിച്ച് അവളുടെ സ്കൂൾ അടച്ചിരിക്കുകയാണ്. സുമലത കട്ടിലിൽ കിടന്നുകൊണ്ട് ചിന്തിച്ചു.

ശീലമില്ലാത്തത് കൊണ്ടാകും, ഉറക്കം തുടരാനും സുമയ്ക്ക് കഴിയുന്നില്ല. അവൾ അടുത്ത് കിടക്കുന്ന മീനുകുട്ടിയെ ശല്യപ്പെടുത്താതെ പതിയെ എഴുന്നേറ്റു.

അടുക്കളയിലേയ്ക്ക് കയറി ചെന്ന സുമയെ വരവേറ്റത് ഉറുമ്പിന്റെ ഒരു നീണ്ട നിരയാണ്. വല്ല പ്രാണിയെയും തിന്നാനായിരിക്കും. സുമ ചിന്തിച്ചു. അല്ലാതെ ഉറുമ്പുകൾക്ക് അവളുടെ അടുക്കളയിൽ എന്ത് കാര്യം. മിനുക്കാതെ ഇട്ടിരിക്കുന്ന തറയിലും, തേക്കാതെ ഇട്ടിരിക്കുന്ന ചുമരിലുമായി കയറി പോകുന്ന ഉറുമ്പുകളെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ സുമയുടെ കണ്ണുകൾ പിന്തുടർന്നു. ആ വരി ചെന്ന് അവസാനിച്ചത് ഏതോ കാലത്ത് തീർന്ന ഒരു പഞ്ചസാര ടിന്നിലേയ്ക്കാണ്. ആ ടിന്നാരോ മുറുക്കി അടക്കാൻ മറന്നിരിക്കുന്നു. അങ്ങനെ വരാൻ വഴിയില്ലല്ലോ?..സുമ അത്ഭുതപ്പെട്ടു. ഇനി അവളുടെ കെട്ട്യോൻ രാത്രി എങ്ങാനും എഴുന്നേറ്റ്..ഏയ്..അതാവില്ല.. പുള്ളിയ്ക്ക് എന്തെങ്കിലും വേണമെങ്കിൽ ഉറങ്ങുകയാണേലും തന്നെ വിളിക്കുമെന്ന് സുമയ്ക്ക് അറിയാം. സുമ ആ ടിൻ മുറുക്കി അടച്ചില്ല..എന്തെങ്കിലും അതിൽ ബാക്കി ഉണ്ടെങ്കിൽ ഉറുമ്പുകളെലും അത് എടുത്തോട്ടെ എന്നു കരുതി തന്നെയാവണം.

സുമ തന്റെ ദിനചര്യകളിലേയ്ക്ക് പ്രവേശിച്ചു. കെട്ട്യോന് ഒരു കട്ടൻ ഇട്ടു കൊടുത്തു. ഇന്നലത്തേത് മണ്ടേന്നു ഇറങ്ങി കാണുമോ? ആ.. ബിവറേജസ് എല്ലാം അടച്ചിട്ടും അങ്ങേർക്ക് എന്തോ സാധനം കിട്ടുന്നുണ്ട്. ഇന്നലെ രാത്രിയും എന്നത്തേയും പോലെ കിറുങ്ങിയാണ് വന്നത്. പാറമടയിൽ വാറ്റ് തുടങ്ങി കാണുമെന്ന് സുമ ഉറപ്പിച്ചു.

അവൾ മുറ്റമടിക്കാൻ വെളിയിൽ ഇറങ്ങി. പല്ലുത്തേപ്പ് മുതലായ കൃത്യങ്ങൾ ദിവസത്തിൽ എപ്പോഴോ ഒക്കെയാണ് അവൾ ചെയ്യാറ്. അവൾ വീടിന് വേണ്ടി ചെയുന്ന കാര്യങ്ങൾക്കിടയിൽ അവൾക്കു വേണ്ടി ജീവിക്കാൻ പലപ്പോഴും മറക്കുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു അത്.

കഴിഞ്ഞ ദിവസം മീനു ആണ് മുറ്റം തൂത്തത്. ഇന്ന് പാവം കിടന്ന് ഉറങ്ങിക്കൊള്ളട്ടെ. സുമ വിചാരിച്ചു. മോളെ കൊണ്ട് പണിയെടുപ്പിക്കുന്നത് സുമയ്ക്ക് ഇഷ്ടമല്ല. കാരണം മീനുവിന്റെ ആരോഗ്യം അൽപ്പം മോശമാണ്. രോഗം ഒന്നുമുണ്ടായിട്ടല്ല. പക്ഷെ അവൾ വളരെ ക്ഷീണിച്ചാണിരിക്കുന്നത്. അവളുടെ ടീച്ചർമാർ അവളെക്കുറിച്ചു പറയാറുള്ള ഒരേയൊരു കുറ്റം അവളുടെ ഈ മെലിഞ്ഞ രൂപത്തെപ്പറ്റി മാത്രമാണ്. ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായ മീനുവിനെക്കുറിച്ച് അവർക്ക് വേറെ നല്ലതൊക്കെയെ പറയാനുണ്ടായിരുന്നുള്ളൂ. അപ്പോഴൊക്കെ ടീച്ചർമാർ മീനുവിന് വല്ലതും കഴിക്കാൻ കൊടുക്കണം എന്നു പറയുന്നത് തമാശയ്ക്കാണെങ്കിലും അതിലെ സത്യാവസ്ഥ സുമലതയെ വേദനിപ്പിക്കാറുണ്ടായിരുന്നു. ഈ അവധിക്കാലത്ത്‌ അവൾക്ക് ആരോഗ്യം വയ്ക്കാൻ നല്ല ഭക്ഷണവും ,വല്ല കഷായവുമൊക്കെ മേടിച്ചു കൊടുക്കണം എന്നു കരുതി ഇരിക്കുമ്പോഴാണ് ഈ ‘കൊറോണ കുരിശ്’ വന്ന് കയറുന്നത്. കാശിന് ഒരുപാട് ആവശ്യം വരുന്ന സമയമാണ് വരാൻ പോകുന്നത്. സ്കൂൾ തുറക്കുമ്പോൾ ഈ പ്രാവിശ്യം പുസ്തകം വാങ്ങാൻ മീനുന് കാശുകൊടുക്കണം. അവൾ അടുത്ത വർഷം 9ആം ക്ലാസ്സിലേക്കാണേ. 8 വരെ മാത്രമേ പെണ്കുട്ടികൾക്ക്‌ പുസ്തകങ്ങൾ ഫ്രീ ആയി കിട്ടൂ. അതെന്താ? അതു കഴിഞ്ഞ് ഇവിടെ പാവങ്ങളുടെ മക്കൾക്ക് പഠിക്കേണ്ടേ . സുമ പരിഭവപ്പെട്ടു.

സുമയ്ക്ക് ജോലി ഒന്നും ഇല്ലാതായിട്ട് അഞ്ചാറ് ദിവസമായി. വീട്ടിൽ അരി ഇന്നത്തേയ്ക്കു കൂടി കാണും. പുഴുങ്ങാനായി ഒരു ചക്ക തരാമെന്ന് മംഗലത്തുവീട്ടിലെ ലതികചേച്ചി പറഞ്ഞിട്ടുണ്ട്. അപ്പോൾ ഇന്നത്തേയ്ക്ക് വേറെ ഒന്നും നോക്കണ്ട. ഈ നാട്ടിൽ ലതികചേച്ചിയെ പോലെ മനുഷ്യപ്പറ്റുള്ളവർ ഉള്ളത് ഒരു ആശ്വാസമാണ്.

പക്ഷെ നാളെ? സുമ മുറ്റം തൂക്കുന്നതിനിടയിൽ ആലോചിച്ചു.

റേഷൻ കടയിൽ നിന്ന് പൈസ കൊടുക്കാതെ അരി കിട്ടുമെന്ന് കഴിഞ്ഞ ദിവസം കുടുംബശ്രീയിലുള്ള രമണി പറഞ്ഞിരുന്നു. സുമ ഇന്നലെ തന്നെ റേഷൻ കടയിലേക്ക് പോകാൻ ഒരുങ്ങിയതാണ്. പോകാൻ ഇറങ്ങിയപ്പോഴാണ് പ്ലാത്താഴത്തെ സെയ്താലിക്കയുടെ മരുമകൾ സീനത്ത് പറഞ്ഞത്, കാർഡിലെ നമ്പർ നോക്കിയാണ് സാധനം കൊടുക്കുന്നതെന്നുള്ള കാര്യം. മീനുനെ കൊണ്ട് നോക്കിച്ചപ്പോൾ അന്നല്ല അടുത്ത ദിവസത്തിലാണ് അവരു ചെല്ലേണ്ടതെന്ന് മനസ്സിലാക്കി..ഒരു ദിവസം കൂടി വൈകിയിരുന്നെങ്കിൽ സുമയുടെ കുടുംബം പട്ടിണി കിടക്കാതിരിക്കാൻ വേറെ എന്തെങ്കിലും വഴി നോക്കേണ്ടി വരുമായിരുന്നു.

ഇതൊക്കെ ആലോചിച്ച് കൊണ്ട്‌ യാന്ത്രികമായി മുറ്റം തൂത്തു കൊണ്ടിരുന്ന സുമയുടെ മുന്നിലൂടെ അവളുടെ മകൻ ആ സമയം കടന്നുപോയി. അവൻ തന്നെ ശ്രദ്ധിക്കാതെ വീടിനകത്തോട്ട് കയറിപോയതിൽ സുമയ്ക്ക് വല്യ ആശ്ചര്യമൊന്നും തോന്നിയില്ല. കുറച്ച് നാളുകളായി അവൻ അങ്ങനെ ആണ്. സ്വന്തം അമ്മയോട് പോലും മിണ്ടുന്നില്ല. എന്ന് തൊട്ടാണ് അങ്ങനെയായത് എന്ന് സുമയ്ക്ക് ഓർമ്മയില്ല. ‘തൊഴിലുറപ്പിന്’ കൂടെയുള്ള ശാന്തയിൽ നിന്ന് വലിയ ഒരു രഹസ്യമായാണ് സുമ ആദ്യം അവന്റെ ദുർനടപ്പിനെക്കുറിച്ച് കേൾക്കുന്നത്. പക്ഷെ സുമയ്ക്ക് അറിയാം ശാന്ത അവളോട് രഹസ്യമായി ചോദിച്ചന്നെയുള്ളൂ. ബാക്കി ഉള്ള പെണ്ണുങ്ങളോട് ഈ കഥകളൊക്കെ പറഞ്ഞു ശാന്ത ചിരിച്ചിരിക്കണം. പെണ്ണുങ്ങളുടെ പരദൂഷണത്തിന് പറ്റിയതാണ് ഈ തൊഴിലുറപ്പ് കൂട്ടായ്മകൾ എന്ന് സുമ മനസ്സിലാക്കിയിരുന്നു.

വീട്ടിൽ കുറച്ച് ദിവസങ്ങളായി രാവിലെ കഴിക്കാൻ ഒന്നും ഉണ്ടാക്കുന്നില്ലായിരുന്നു. വീടിന്റെ മുറ്റത്തുള്ള പുറമ്പോക്ക് പോലെ കിടക്കുന്ന സ്ഥലത്തായി കുറച്ച് കപ്പ നട്ടിട്ടുണ്ടായിരുന്നു. അതാണ് കഴിഞ്ഞാഴ്ച ഒരു പന്നിയെലി കുത്തികൊണ്ടുപോയത്. അല്ലെങ്കിൽ അത് മൂന്നു ദിവസത്തെ രാവിലെത്തെ കാപ്പിയ്ക്ക് ഉണ്ടായിരുന്നു. സുമ അതോർത്ത് വിഷമിച്ചു. കുറച്ചു നാളായി രാവിലെത്തേയ്ക്കും ഉച്ചയ്ക്കത്തേയ്ക്കും കൂടി ചേർത്തു ഒരു 12മണിയ്ക്ക് കുറച്ച് കഞ്ഞി എല്ലാവരും കുടിക്കാറാണ് പതിവ്.

മുറ്റമടിച്ചുവാരിയതിന് ശേഷം സുമ അടുക്കളയിലേക്ക് കയറി. അരികഴുകി കലത്തിൽ ഇടാനായി സുമ അരി അളക്കുന്ന പാത്രം തേടിട്ട് അവിടൊന്നും കാണുന്നില്ല. അത് കാണാതായിട്ട് കുറച്ച് ദിവസങ്ങളായി. മിക്കവാറും അത് അവളുടെ കെട്ട്യോൻ പാത്രം കൊട്ടി കൊറോണയെ ഓടിക്കുന്ന ദിവസം എവിടെയെങ്കിലും കൊണ്ടെ കളഞ്ഞതാകാനെ വഴിയുള്ളൂ. ഇന്ന് അളക്കാൻ ഉള്ള അരിപോലും ഇല്ലല്ലോ. അപ്പോൾ അതിന്റെ ആവശ്യമില്ല. അവൾ ഓർത്തു. ഓരോ കൈപിടിയായി അവൾ ചാക്കിൽ നിന്ന്‌ അരിയെടുത്തു കലത്തിലെ വെള്ളത്തിലേയ്‌ക്ക് ഇടുവാൻ തുടങ്ങി. അവസാന പിടി വെള്ളത്തിൽ ഇടുമ്പോൾ അവൾക്കു മനസ്സിലായിരുന്നു അവൾക്ക് കഴിക്കാനുള്ള പങ്ക് അതിൽ ഇല്ലെന്ന്…

റേഷൻ കടയിലേക്ക്…

2 മണി തൊട്ട് 5 മണി വരെ ഉള്ള സമയം റേഷൻ കടയിൽ ചെന്നാലെ അരി കിട്ടൂ. വെള്ള കാർഡ് ഉള്ളവർക്ക് അപ്പോഴാണ് കൊടുക്കുന്നതെന്ന് സീനത്ത് കഴിഞ്ഞ ദിവസം പറഞ്ഞത് സുമയുടെ ഓർമ്മയിൽ ഉണ്ടായിരുന്നു. നമ്മൾ വെള്ള കാർഡുള്ളവരാണ് എന്നു പറയുന്നതിൽ സീനത്ത് വലിയ അഭിമാനം കൊണ്ടിരുന്നു. പ്ലാത്താഴത്തുക്കാർക്ക് റേഷനരി വാങ്ങേണ്ട കാര്യമില്ല. അവർ പാരമ്പര്യമായി തടി കച്ചവടം ചെയ്യുന്നവരാണ്. ഇപ്പോൾ കുറച്ചെന്തോ സാമ്പത്തിക ഞരക്കം ഉണ്ടെന്നെയുള്ളൂ. പക്ഷെ അതൊന്നും സീനത്തിന്റെ വാക്കിലോ പ്രവൃത്തിയിലോ കാണില്ല. എന്നാലും അവർ റേഷനരി വാങ്ങും. കോഴിയ്ക്ക് കൊടുക്കാൻ ആ അരി ബെസ്റ്റ് ആണെന്ന് സീനത്ത് പറയുന്നത് എപ്പോഴോ സുമ കേട്ടിട്ടുണ്ട്. പക്ഷെ സീനത്തിന് മഞ്ഞയും പിങ്കും കാർഡുള്ളവരോട് എന്തിനാണ് ഇത്ര പുച്ഛം എന്നു സുമയ്ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. സുമയാകട്ടെ കാർഡ് മഞ്ഞ ആയിരുന്നെങ്കില്ലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആ കാർഡുള്ളവർക്ക് കൂടുതൽ അരി കിട്ടുന്നത് അവൾ കണ്ടിട്ടുണ്ട്. അവളുടെ കാർഡിന്റെ നിറം വെള്ളയായത് വീട്ടിൽ പാചകത്തിന് ഗ്യാസ് ‘കണക്ഷൻ’ ഉള്ളതുകൊണ്ടാണെന്നു മെമ്പർ രഘു പറഞ്ഞത് സുമ ഓർക്കുന്നു. പണ്ട് സുമയ്ക്ക് റേഷൻ കടയിൽ നിന്നു മണ്ണെണ്ണ കുറഞ്ഞ നിരക്കിൽ കിട്ടുന്നതായിരുന്നു. ഇപ്പോൾ അത് കിട്ടുന്നില്ല. ഗ്യാസ് അടുപ്പാകട്ടെ കുറ്റി നിറയ്ക്കാൻ കാശിലാതെ മാറ്റി വെച്ചിട്ട് മാസങ്ങളായി.

സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. നല്ല മഴക്കാറുണ്ട്. ഭൂമിയെ ചുട്ടുപ്പൊള്ളിച്ചു ഊറ്റിയെടുത്ത ജീവകണങ്ങൾ തിരികെ ഏൽപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ് പ്രകൃതി.

റേഷൻ കടയിലേയ്‌ക്ക്‌ പോകാൻ ഇറങ്ങിയപ്പോൾ തന്നെ ആ വേനൽ മഴ ഇറ്റിറ്റു വീഴാൻ തുടങ്ങിയിരിന്നു…സുമ അരിവാങ്ങുന്നതിനായി എടുത്ത സഞ്ചിയിൽ നിന്ന് ഒരു കീറിയ കുട പുറത്തെടുത്ത് നിവർത്തി. മീനുകുട്ടി സ്കൂളിൽ കൊണ്ടുപോകുന്ന കുടയാണിത്. വീട്ടിൽ ആകെ കൂടി ഇതൊരണമെയുള്ളൂ. തുറക്കാൻ എളുപ്പമാണെങ്കലും അത്‌ മടക്കി വയ്ക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഏതോ ഒരു പ്രത്യേക രീതിയിൽ മടക്കിയാലെ അത് മടങ്ങു. മീനുകുട്ടിയ്ക്ക് മാത്രമെയതറിയൂ.

മഴയുടെ ശക്തി കൂടുന്നതനുസരിച്ചു സുമ കുടയ്ക്കുള്ളിലേക്ക് കൂടുതൽ ഒതുങ്ങി നിന്നു. സാരിയിൽ വെള്ളം വീഴാതെ നോക്കണം. അവൾ ചിന്തിച്ചു. അൽപ്പം എങ്കിലും സാരി നനഞ്ഞാൽ ആ ശരീരഭാഗത്തേയ്ക്ക് റൊട്ടിൽ നിൽക്കുന്നയാളുകളുടെ തുറിച്ചു നോട്ടം സഹിക്കാൻ പറ്റുകയില്ല. ഒട്ടുമിക്ക പെണ്ണുങ്ങളെയും പോലെ അവളെയും തുറിച്ചുനോട്ടങ്ങളും കൊള്ളിവാക്കുകളും ഒരുപാട്‌ വേദനിപ്പിച്ചിട്ടുണ്ട്.

സുമ ചെറുപ്പത്തിൽ നല്ല സുന്ദരിയായിരുന്നു. ആ കറുത്ത നിറവും വീതികൂടിയ നെറ്റിയും ഒതുങ്ങിയ ഇടുപ്പും ഉയർന്ന് ഇടതിങ്ങിയ മാറിടവും ആരെയും ആകർഷിക്കാൻ പോന്നതായിരുന്നു. പ്രായം ഏറെ ആയിട്ടും, ജീവിതത്തിന്റെ ആലയിലെ ചൂട് ഒരുപാട് തട്ടിയിട്ടും ആ സൗന്ദര്യത്തിന്റെ ശേഷിപ്പുകൾ എവിടെയൊക്കെയോ സുമയിൽ ഇന്നും അവശേഷിക്കുന്നുണ്ട്. എന്നാൽ അവളുടെ മനോഗതിയിൽ ഒരുപാട് മാറ്റം വന്നിരിക്കുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് വായിനോക്കികളോട് പുച്ഛമായിരുന്നു അവൾക്ക്. തന്റെ സൗന്ദര്യത്തിൽ സ്വൽപ്പം അഹങ്കാരവും അന്ന് അവൾക്ക് ഉണ്ടായിരുന്നിരിക്കാം. പിന്നീട് എപ്പോഴോ ആ പുച്ഛം ഭയമായിമാറി. അവളുടെ അച്ഛന്റെ മരണമായിരിക്കാം അതിനൊരു കാരണം. എന്നാൽ കല്യാണം കഴിഞ്ഞപ്പോൾ ധൈര്യമെന്ന ചിന്ത എവിടെയോ അവളിൽ കടന്നുകൂടി. പക്ഷെ ജീവിതമെന്ന ഓട്ടുപാത്രം ക്ലാവ് പിടിച്ചു തുടങ്ങിയപ്പോൾ ആ നോട്ടങ്ങളെയൊക്കെ ഒരു അവജ്ഞയോടെയാണ് സുമ ഇപ്പോൾ നേരിടുന്നത്.

എന്തായാലും റൊട്ടിലൊന്നും ഒരു മനുഷ്യനില്ല. റേഷൻ കടയിലും പറയത്തക്ക തിരക്കൊന്നുമുണ്ടായിരുന്നില്ല. കടയുടെ വരാന്തയിൽ കുട നിവർത്തി വച്ച്, അവൾ റേഷൻ കടക്കാരൻ നിർദ്ദേശിച്ചത് അനുസരിച്ച് ഒരു ചോക്കുകൊണ്ട് വരച്ച വൃത്തത്തിന്റെയുള്ളിൽ കയറി നിന്നു. അകലം പാലിക്കുക എന്ന്‌ അവിടെ ഒരു ബോർഡിൽ എഴുതിവച്ചിട്ടുണ്ട്. കടയിൽ ഒരു സ്ത്രീ അരി വാങ്ങിച്ചു കൊണ്ടിരിക്കുകയായിരുന്നു.

സുമ കടയുടെ ഉള്ളിലേയ്ക്ക് നോക്കി. കടയുടെ മൂലയിലിരിയ്ക്കുന്ന ഒരു മനുഷ്യരൂപത്തിലേയ്ക്ക് അവളുടെ ശ്രദ്ധ പതിഞ്ഞു. ആ രൂപം അവൾക്ക് വ്യക്തമായപ്പോൾ അത് അവളെ ഓർക്കാൻ വെറുക്കുന്ന ഒരു ഓർമ്മയിലേയ്ക്ക് കൊണ്ടുപോയി. ആ രൂപം ഗോപാലൻ നായരുടേതായിരുന്നു. പണ്ട് റേഷൻ കട അങ്ങേരായിരുന്നു നടത്തിയിരുന്നത്. കട്ടി കണ്ണട വച്ച്, അയാൾ പെണ്ണുങ്ങളെ ആർത്തിയോടെ നോക്കിനിൽക്കുന്നത് കാണുമ്പോൾ അന്ന് സുമയ്ക്ക് വല്ലാത്തൊരു അറപ്പ് തോന്നാറുണ്ടായിരുന്നു…

സുമയുടെ ഓർമ്മയിൽ തിരണ്ടി വാല് അടിച്ച പോലെ വന്ന സംഭവം പക്ഷെ മറ്റൊന്നായിരുന്നു…

കുറെ കാലം മുമ്പ് നടന്നതാണ്. അവൾ റേഷൻ കടയിൽ സാധനം വാങ്ങാൻ വന്നതായിരുന്നു. അന്നാണ് അവളുടെ ശരീരവടിവ് ഗോപാലൻ നായരുടെ കണ്ണിൽ ഉടക്കിയതെന്ന് തോന്നുന്നു. അരി സഞ്ചിയിലേക്ക് ഇട്ട് തന്നപ്പോൾ നായര് അവളുടെ കൈയിൽ കയറി പിടിക്കാൻ ഒരു ശ്രമം നടത്തി. അവൾ പെട്ടന്ന് കൈ വലിച്ചു. അപ്പോൾ നായർ ഒരു കള്ളച്ചിരിയോടെ (സുമയ്ക്ക് ആ ചിരി അന്നങ്ങനെയല്ല തോന്നിയത്.) പാടി.

“അരിമണി തിന്നാൻ വകയില്ല

കരിവള ഇട്ടെ നടക്കാറുള്ളൂ..”

അന്നൊക്കെ അവൾ കൈയിൽ കരിവള ഇടാറുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം പിന്നീട് അവൾ കരിവള ഇട്ടിട്ടുമില്ല, കുറച്ചു കാലം റേഷൻ കടയിൽ പോയിട്ടുമില്ലായിരുന്നു. നായരുടെ ആ ചിരി ഒരു കറയായി മനസ്സിൽ കുറെ നാൾ കിടപ്പുമുണ്ടായിരുന്നു. സ്ത്രീകളുടെ പേരിൽ റേഷൻ കാർഡ് ആക്കിയതിൽ പിന്നെയാണ് അവൾ റേഷൻ കടയിൽ പോയി തുടങ്ങുന്നത്. അതും ഗോപാലൻ നായർ മാറി അങ്ങേരുടെ മകൻ എന്തോ ഒരു നായർ വന്നതിൽ പിന്നെ. അച്ഛൻ നായർക്ക് ഒരുപാട് വയസ്സായി. പക്ഷെ ഇന്നും അങ്ങേരുടെ ഇരിപ്പ് കണ്ടാൽ ഒരു പാട്ട് കൂടി പാടാൻ തയ്യാറെടുക്കുന്ന പോലെ ഉണ്ടായിരുന്നു.

സുമ ഗോപാലൻ നായർ ഇരിക്കുന്ന ഭാഗത്തേയ്ക്ക് പിന്നെ നോക്കിയതെ ഇല്ല..

ഫ്രീയായി കൊടുക്കുന്ന കിറ്റ് ഇതുവരെ വിതരണത്തിന് എത്തിയിട്ടെല്ലെന്ന കാര്യം മകൻ നായർ പറയുമ്പോഴാണ് അങ്ങനെയൊക്കെയുള്ള സംഗതികളുണ്ടെന്നു സുമ മനസ്സിലാക്കുന്നത്. എന്തായാലും 8 കിലോ അരി കിട്ടി. സീനത്തിന് 15 കിലോ കിട്ടിയാരുന്നല്ലോ?. അവരൊക്കെ മുഴുത്തവർ അല്ലേ..സുമ ചിന്തിച്ചു. കിറ്റ് വരുമ്പോൾ അറിയിക്കാം എന്നു അരവിന്ദൻ പറഞ്ഞു. അതായിരുന്നു ആ മകൻ നായരുടെ പേര്. അടുത്ത തവണ വരുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ കൊണ്ട് വരണം എന്ന് അരവിന്ദൻ പറഞ്ഞു. എന്തോ ‘ഓത്തൊപ്പി’യുടെ കാര്യം പറഞ്ഞത് സുമയ്ക്ക് മനസ്സിലായില്ല. എന്തായാലും അരവിന്ദൻ അവന്റെ അച്ഛനെ പോലെ അല്ല, പെണ്ണുങ്ങളോട് നല്ലരീതിയിൽ പെരുമാറാൻ അറിയാവുന്ന ഒരു പയ്യനാണെന്നു തോന്നുന്നു.. അല്ലേ..ഇക്കാലത്ത് ഒന്നും പറയാൻ പറ്റില്ല. ഇവിടെ മാന്യമാർ എന്നു പറഞ്ഞു നടക്കുന്നവരാണ് ഓരോ പെണ്ണുകേസ്സുകളിലൊക്കെ ആദ്യം പ്രതികളായി വരുന്നത്. അതും മനസ്സിൽ ചിന്തിച്ചു കൊണ്ട് സുമ റേഷൻ കടയിൽ നിന്നിറങ്ങി.

മഴ തോർന്നിരുന്നു. പക്ഷെ കുട ചൂടികൊണ്ട് തന്നെ സുമ വീട് ലക്ഷ്യമാക്കി നടന്നു. നടത്തത്തിന്റെ വേഗത കൂട്ടിയപ്പോൾ വയറ്റിൽ ഒരു നൊമ്പരം അനുഭവപ്പെട്ടു. അപ്പോഴാണ് ലതികചേച്ചി തരാമെന്ന് പറഞ്ഞ ചക്കയുടെ കാര്യം ഓർമ്മയിൽ വന്നത്. അതും മേടിച്ചു കൊണ്ട് വീട്ടിലേക്ക് പോകാം. സുമ കണക്ക് കൂട്ടി.

മംഗലത്തുവീട്ടിലെ അടുക്കളയുടെ വെളിയിൽ…

ലതികചേച്ചി:

“ഡി സുമേ, നീ വല്ലോം കഴിച്ചാരുന്നോ? കൊറച്ച് ചോറ്‌ എടുക്കട്ടേ”

ആ വീട്ടിൽ ജോലിക്ക് വരുമ്പോഴെല്ലാം ചേച്ചി ഭക്ഷണം തരാറുണ്ടായിരുന്നു. പക്ഷെ ഇന്ന് അരിയുമായി ഉടനെ വീട്ടിൽ എത്തണം. എല്ലാവരും സുമയെ നോക്കിയിരിക്കുകയാണെന്ന കാര്യം അവൾ ഓർത്തു.

“വേണ്ട ചേച്ചി, ഇപ്പോൾ വിശക്കുന്നില്ല.”

അവിടുന്ന് കിട്ടിയ ചക്ക ഒരു ചാക്കിലാക്കി അവൾ തലയിൽ വച്ചു. കൈയിൽ ആ അരി സഞ്ചിയുമെടുത്തു കൊണ്ട് അവൾ ചേച്ചിയോട് പറഞ്ഞു.

“ഞാന്നെന്നാ ഇറങ്ങട്ടെ ചേച്ചീ. പണിയെന്തെലുമുണ്ടെ വിളിച്ചാ മതി.”

ചേച്ചിയോടും തന്റെ തന്നെ മനസ്സിനോടും കള്ളം പറഞ്ഞെങ്കിലും സുമയുടെ ശരീരം ആ കള്ളങ്ങളൊന്നും വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. ലതികചേച്ചിടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്റെ അരക്കെട്ട് ഒന്നൂടെ മുറുക്കിയുടുക്കാത്തതിൽ അവൾ വിഷമിക്കുന്നുണ്ടായിരുന്നു….

_______________💐💐💐________________

________________💐💐💐_______________

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

One reply on “വേനലിന്റെ നൊമ്പരം”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.