താങ്ക് യു അങ്കിൾ

റെയിൽവേ പ്ലാറ്റ്ഫോമിൽ, ഞാൻ സീറ്റ്‌ റിസേർവ് ചെയ്ത s 4  കമ്പാർട്മെന്റിന് വെളിയിൽ ചായ കുടിച്ച് കൊണ്ട് നിൽക്കുമ്പോഴാണ് ഒരു അങ്കിൾ എന്റെ മുന്നിലേക്ക് ഒരു ടിക്കറ്റ് നീട്ടി കാണിച്ച് ചോദിക്കുന്നത്.

“മോനെ, ഇത്‌ വെച്ച് ഈ ട്രെയിനിൽ കയറാമോ?”

ചങ്ങനാശ്ശേരിയിലേക്കുള്ള ടിക്കറ്റ് ആണ്. പക്ഷെ, ജനറൽ ടിക്കറ്റ് ആണ്. ഇതെല്ലാം റിസേർവ്ഡ് ആണെന്നും ട്രെയിനിന്റെ ഫ്രണ്ട് ഇലും ബാക്കിലും UR എന്ന് എഴുതിയ കമ്പാർട്മെന്റ് കാണുമെന്നും ഞാൻ അദ്ദേഹത്തിന് മനസിലാക്കി കൊടുത്തു. മെഷീനിൽ നിന്ന് വന്ന ആ ചായ പാതി കുടിച്ച് ട്രെയിനിൽ കയറുമ്പോൾ, ട്രെയിൻ എടുക്കാൻ ഇനിയും ഒരു 15 മിനിറ്റ് ഉണ്ടെന്ന് ഞാൻ വാച്ച് നോക്കി മനസിലാക്കി.

എന്റെ സീറ്റ്‌ നമ്പറിന് അടുത്ത സീറ്റിൽ ഇരുന്ന ഒരു ചേട്ടൻ കണ്ട പാടെ എന്നോട് ചോദിച്ചു.

“അതേ, ഈ കോട്ടയം പോകുന്നെ അങ്ങോട്ടാണോ അതോ ഇങ്ങോട്ടാണോ?”

ഞാൻ സ്ഥിരമായി പോകാറുള്ള റൂട്ട് ആണെങ്കിലും ആ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് സംശയിച്ചു. എന്നാലും ഞാൻ ഉത്തരം പറഞ്ഞു. ആ ചേട്ടൻ ഉടനെ തന്നെ ഓപ്പോസിറ്റ് സീറ്റിലേക്ക് മാറിയിരുന്നു. ഇതിൽ നിന്ന് എനിക്ക് രണ്ട്‌ കാര്യം മനസിലായി. ആ ചേട്ടൻ ഒരിക്കലും പുറകോട്ട് പോകാൻ ഇഷ്ടപ്പെടുന്നില്ലെന്നും സീറ്റ്‌ ബുക്ക്‌ ചെയ്തിട്ടില്ലെന്നും. അത് ഞാൻ ഉറപ്പിച്ചത് ഒരു അമ്മയും മോളും ( തോന്നുന്നു ) ആ സീറ്റ് തേടി വന്നപ്പോഴാണ്. അപ്പോഴും ആ ചേട്ടൻ എന്നോട് ഇങ്ങനെ ഒക്കെ ഉണ്ടോന്ന് ചോദിക്കുകയും റിസേർവ് ചെയ്ത സീറ്റ്‌ ആണെന്ന് ഞാൻ മറുപടി പറഞ്ഞത് കേട്ട് വേറെ എങ്ങോട്ടോ എഴുന്നേറ്റ് പോവുകയാണ് ചെയ്തത്.

പിന്നെയും കുറച്ച് സമയം ബാക്കി ഉണ്ടാരുന്നു. എന്റെ കഥയിലേക്ക് ഇനി ആരൊക്കെ വരും എന്ന് ഞാൻ ആകാംക്ഷയോടെ ഇരുന്നു.

അപ്പോഴാണ് ഒരു ഫാമിലി അങ്ങോട്ട് വരുന്നത്… അച്ഛൻ,അമ്മ, മൂന്ന് ചെറിയ കുട്ടികൾ. മൂത്ത കുട്ടികൾക്ക് ( ഒരു ആണ്ണ് ഒരു പെണ്ണ് ) എന്റെ ശബരീയേക്കാൾ പ്രായം കാണും (ഏകദേശം 10 വയസ്സ് കാണും ) ട്വിൻസ് ആണെന്ന് തോന്നുന്നു. ഇളയ പെൺകുട്ടിക്ക് 4 വയസ്സ് ഉണ്ടാകും. അവരെ സീറ്റിൽ ഇരുത്തി, അവർക്ക് യാത്രയിൽ കഴിക്കാനും കുടിക്കാനുമായി ഐറ്റംസ് വാങ്ങാൻ ആ അച്ഛൻ  ട്രെയിനിൽ നിന്ന് ഇറങ്ങി.

അതിന് കുറേ സമയം എടുക്കുന്നത് കണ്ട് കുട്ടികൾ അവരുടെ അച്ഛനെ നോക്കി ഇരിക്കുന്നത് ഞാൻ വളരെ കൗതുകത്തോടെ നോക്കി. അവരുടെ അച്ഛന് ട്രെയിൻ മിസ്സ്‌ ആകുന്നതും ഞാൻ അവരുടെ രക്ഷകൻ ആകുന്നതും ഒക്കെ ചിന്തിച്ച് എനിലെ ഒരു കഥാകാരൻ ഉണർന്നു. പിന്നെയും അവരുടെ അച്ഛൻ വൈകിയപ്പോൾ… ദൈവമേ അതൊക്കെ ശരിക്കും സംഭവിക്കുമോ എന്നോർത്തു ഞാൻ ഒന്ന് പേടിച്ചു.

പക്ഷെ, ആ അച്ഛൻ വന്നു. കുട്ടികൾക്ക് ബിസ്‌ക്കറ്റും ചോക്ലേറ്റ്സും ഫ്രൂട്ടിയും എല്ലാം കൊണ്ട് വന്നു കൊടുത്തു, വിൻഡോ യിലൂടെ. അപ്പോഴാണ് ഞാൻ ആ സത്യം തിരിച്ചറിഞ്ഞത് അവരുടെ അച്ഛൻ അവരെ യാത്രയാക്കാൻ വന്നതാണെന്ന കാര്യം.

എന്റെ മനസ്സ് ഒന്ന് പിടഞ്ഞു. ആ ഇളയ കുട്ടി അച്ഛാ ബൈ എന്ന് പറഞ്ഞു അച്ഛന്റെ കൈ തൊട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ ആ അച്ഛൻ വിഷമിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ ഈ ദൃശ്യം പരതുകയായിരുന്നു.

എന്നാൽ ആ ട്രെയിൻ ആരുടേയും വികാരങ്ങൾ പരിഗണിക്കാതെ മുന്നോട്ട്… മുന്നോട്ട്.. വെറുതെയല്ല ഈ യന്ത്രങ്ങളെ വെറും യന്ത്രങ്ങൾ എന്ന് വിളിക്കുന്നത്.

കുട്ടികളുടെ മനസ്സല്ലേ. അവർ ട്രെയിൻ യാത്ര ആസ്വദിച്ചിരിക്കുകയായിരുന്നു. ചെറിയ ചെറിയ കിണുങ്ങളും വഴക്ക് പറച്ചിലുമായി അവിടേം മുഴുവൻ സന്തോഷമായി തീർന്നു. അതിനിടയിൽ മൂത്ത കുട്ടികൾ സൈഡ് അപ്പറിൽ കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവരുടെ ശ്രമം പരാജയപ്പെട്ടുകൊണ്ടിരുന്നു. അവർ അപ്പോൾ ഓർത്ത് കാണും അവരുടെ ഒപ്പം അവരുടെ അച്ഛൻ ഉണ്ടായിരുന്നെങ്കിലെന്ന്. ഞാൻ ഓർത്തു കേട്ടോ. കുറേ ആയപ്പോൾ ഞാൻ അവർക്ക് കയറാൻ ഉള്ള ടെക്‌നിക്കും പറഞ്ഞു കൊടുത്തു. അത് കേട്ട് ആൺകുട്ടി കോൺഫിഡൻസോടെ ഞാൻ പറഞ്ഞ പോലെ കയറി. കയറി ഒരു വിജയിയെ പോലെ ഇരുന്ന അവൻ പെട്ടെന്ന് ഒരു കാര്യം എന്നോട് പറഞ്ഞു. ആദ്യമായി കേട്ടത് കൊണ്ടാകും അതോ അത് പ്രതീക്ഷിക്കാത്തത് കൊണ്ടാണോ എനിക്ക് പെട്ടെന്ന് അവൻ പറഞ്ഞത് മനസിലായില്ല. പിന്നെ ഞാൻ അത് ചിന്തിച്ചെടുത്തു. അത് ഇതാരുന്നു.

“താങ്ക് യു അങ്കിൾ “

വയസ്സ് ഒരു സംഖ്യ മാത്രമല്ലെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. 😂

പിന്നെ ചങ്ങാനാശ്ശേരിയിൽ ട്രെയിൻ ഇറങ്ങി മണിമലയ്ക്ക്  പണ്ട് സ്കൂളിൽ പോക്കൊണ്ടിരുന്ന “ആൽഫിയ” ബസ്സിൽ എനിക്ക് കയറേണ്ടി വന്നു… എന്റെ ചെറുപ്പം വീണ്ടെടുക്കാൻ.. 😌

NB: എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ… 🎉🎉🥰

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑