“നീ ഓർക്കുന്നുണ്ടോ ഉണ്ണീ? പണ്ട് പദ്മനാഭ ക്ഷേത്രത്തിൽ പോയ സമയത്ത്, ആ തിരക്കിൽ നിന്നെ കാണാതെ പോവും എന്ന് പറഞ്ഞ്, ക്ഷേത്രത്തിൽ കയറാതെ അന്ന് പോയ കാറിൽ തന്നെ നീ പേടിച്ചിരുന്നത്?”
മുത്തശ്ശിയോട് അടുത്ത ദിവസം തിരുവനന്തപുരത്ത് പോയി ജോലിയിൽ ജോയിൻ ചെയ്യാൻ പോവാണ് എന്ന് പറയാൻ ചെന്നതായിരുന്നു അവിടെ ഞാൻ. മുത്തശ്ശിടെ ഈ ചോദ്യം എന്നെ ഒരുപാട് വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോയി.
അന്ന് എന്റെ അച്ഛൻ പൂജപ്പുര എസ് ഐ. 🤭 കളിയാക്കേണ്ടന്നേ…സിനിമ ഡയലോഗ് പോലെ പറഞ്ഞതല്ല. സത്യമാണ്😌.
എനിക്ക് അന്ന് അഞ്ചോ ആറോ വയസ്സ് ഉണ്ടാകും. ഇപ്പോഴത്തെ ഈ പേര് പോലും എനിക്കന്ന് സ്വന്തമായില്ല. നഴ്സറിയിൽ( പ്രീ സ്കൂൾ ) പഠിക്കുന്ന ഉണ്ണികൃഷ്ണനായിരുന്നു അന്ന് ഞാൻ . മുത്തശ്ശി ഞങ്ങളുടെ ഒപ്പം താമസിക്കാൻ വന്ന ഒരു ദിവസം, ഞങ്ങൾ എല്ലാവരുംകൂടി പദ്മനാഭ ക്ഷേത്രത്തിൽ തൊഴാൻ പോയി. അപ്പോഴായിരുന്നു ഈ സംഭവം നടന്നത്. ആ കാര്യങ്ങൾ കുറച്ചൊക്കെ എന്റെ ഓർമ്മയിൽ ഇന്നും ഉണ്ടേ. ഒരു അംബാസിഡർ കാറിൽ, അജ്ഞാതനായ ഒരു ഡ്രൈവർ ചേട്ടനൊപ്പം ഞാൻ അവരെ കാത്തിരിക്കുന്ന ഒരു ചെറിയ ഓർമ്മ.😅
ഞാൻ മുത്തശ്ശിയോട് പറഞ്ഞു.
“ഹാ.. ഓർമ്മയുണ്ട് മുത്തശ്ശി. അന്ന് ഞാൻ എന്നെ സൂക്ഷിച്ചോണ്ട് ഇവിടേം വരെ എത്തിയില്ലേ. അന്ന് എന്നെ കാണാതെ പോയിരുന്നേല്ലോ?”
മുത്തശ്ശിയുടെ പതിവ് ഉമ്മയും അനുഗ്രഹവും വാങ്ങി അവിടെ നിന്ന് ഇറങ്ങുമ്പോൾ പക്ഷേ, ആ സംഭവം എന്റെ മനസ്സിൽ കൊളുത്തി കിടന്നു.
പിന്നെയും ആലോചിച്ചു. ആ സംഭവം കഴിഞ്ഞിട്ട് ഞാൻ ഇന്നുവരെ പദ്മനാഭനെ കണ്ടിട്ടില്ലെന്നേ. പിന്നീട് പഠിപ്പൊക്കെ കഴിഞ്ഞിട്ട് ആറ് വർഷം തുടർച്ചയായി ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അപ്പോൾ പോലും.
പദ്മനാഭന്റെ തൊട്ടടുത്ത് വരെ പലപ്പോഴും പോയിരുന്നു. സായൂജ് താമസിച്ചിരുന്ന, ക്ഷേത്രത്തിന്റെ കോമ്പോഡിൽ തന്നെയുള്ള, മഠത്തിൽ വരെ. ക്ഷേത്രത്തിന്റെ വാതിൽക്കലുള്ള സംഭാരം കിട്ടുന്ന കടയും ഞങ്ങൾ കൂട്ടുകാരുടെ ഇഷ്ട സ്പോട്ടായിരുന്നു.
പക്ഷേ ആ വർഷങ്ങളിലൊന്നും എനിക്ക് ആ വിളി മാത്രം കിട്ടിയില്ല. പദ്മനാഭനെ കാണാൻ.
ഹാ… കുഴപ്പമില്ലെന്നേ. ഒന്ന് പിഴച്ചാൽ മൂന്ന് എന്നാണല്ലോ…. നമ്മുക്ക് നോക്കാം.
ഒരു അഭിപ്രായം ഇടൂ