ചുരുളി കണ്ടു. Spoiler Alert…
ഒരു കാര്യം ആദ്യമേ പറയാം. കേവലം തെറിവിളികൾ ഉണ്ടെന്ന കാരണം കൊണ്ട് ഒഴിവാക്കേണ്ട ഒരു സിനിമയല്ലിത്.
സിനിമ കാണാത്തവർ തുടർന്ന് വായിച്ചാൽ..
പിന്നീട് സിനിമ കണ്ടാൽ രസം പോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. കണ്ടവർക്ക് മാത്രം കാരണം അറിയാം.
സിനിമ കണ്ടതിന് ശേഷവും ഞാൻ ആ ചുരുളിൽ തന്നെ ചുരുണ്ട് കിടക്കുകയായിരുന്നു. 🙄😱
വീണ്ടും വീണ്ടും കണ്ടു. ഓരോ സീനും എടുത്ത് വെവേറെ കണ്ടു. ഓരോ കഥാപാത്രങ്ങളെയും എടുത്ത് വെവേറെ കണ്ട് പഠിച്ചു. പക്ഷെ, ഇപ്പോഴും എന്തൊക്കെയോ കാണാനും കേൾക്കാനും വിട്ടുപോയത് പോലെ തോന്നുന്നു. അതെ, നിഗൂഢതയാണ് ചുരുളി. ഈ സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്നത്, ഓരോ പ്രേക്ഷകർക്കും വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും പ്രദാനം ചെയ്യുന്ന ഒരു മായികാ ഭൂമികയാണ്.
നമ്പൂതിരിയുടെയും മാടന്റെയും കഥയിലൂടെ ആദ്യം തന്നെ സിനിമയെ സംവിധായകൻ തുറന്ന് കാട്ടുന്നു. ജീപ്പ് എന്ന പ്രതീകമാണ് രണ്ട് ലോകവും തമ്മിൽ ബന്ധിപ്പിക്കുന്നത്. ജീപ്പിൽ പാലം കടക്കുമ്പോൾ എല്ലാം മാറിമാറിയുന്നു. അവസാനം ജീപ്പിലൂടെ തന്നെ ഈ ലൂപ്പ് ആവർത്തിക്കുന്നതായി തോന്നും.
ഈ സിനിമയുടെ രഹസ്യവും, സമയത്തിന്റെ ചുറ്റി കറങ്ങലും മനസ്സിലാക്കാൻ ഒറ്റ തവണത്തെ കാഴ്ച്ചകൊണ്ട് ഒരു സാധാരണ പ്രേക്ഷകന് കഴിയുമെന്ന് തോന്നുന്നില്ല.
തുടക്കത്തിലെ ചായക്കടയിലെ ഏലിയൻസിനെപ്പറ്റിയുള്ള പത്രവാർത്ത ക്ലൈമാക്സുമായി കണക്ട് ചെയ്യുന്നത് എന്റെ രണ്ടാം കാഴ്ചയിലാണ്. ഷാപ്പുകാരന്റെ ജോർജ് എന്ന വിളിയ്ക്ക് ഷാജിവൻ വിളി കേൾക്കുന്നത് ശ്രദ്ധിക്കുന്നത് ഒരു സുഹൃത്ത് അതിനെപ്പറ്റി പറഞ്ഞപ്പോളാണ്.
ജോയ് ചെയ്ത അതേ കുറ്റം ഷാജിവനും ചെയ്യുന്നുണ്ടെന്ന് ഏതോ ഒരു കാഴ്ചയിൽ തോന്നി. നിയമപാലകരും കുറ്റവാളികളും ചുരുളിയിൽ ഒരേ തരത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നതായി നമ്മുക്ക് കാണാം. മനുഷ്യ മനസ്സിന്റെ പ്രഹേളികയിലേക്കുള്ള ഒരു എത്തിനോട്ടമാണോ ഇതിൽ? ലിജോ ജോസ് ജെല്ലിക്കെട്ടിൽ അവതരിപ്പിച്ച മനുഷ്യന്റെ മൃഗീയ തൃഷ്ണ ചുരുളിയിൽ എത്തുമ്പോൾ ഓരോ കണ്ണിലും വാക്കിലും കത്തിനിൽക്കുന്നതായി തോന്നും.
പുളിച്ച തെറിപറയുന്ന സിനിമ എന്ന ടാഗുമായി കാണാൻ തുടങ്ങിയ ഈ സിനിമയ്ക്ക്, കണ്ട് കഴിയുമ്പോൾ അതൊഴിച്ച് മറ്റ് കുറെ ടാഗുകളാണ് നന്നായി ചേരുന്നതെന്ന് തോന്നി.
ചില സമയത്ത് ഒരു സയൻസ് ഫിക്ഷൻ മൂവി പോലെ…. മാടനും തീച്ചാമുണ്ടിയും വരുമ്പോൾ ഒരു ഹോറർ മൂവി പോലെ… ജീവിതം ഒരു ടൈം ലൂപിൽ ആണെന്ന് സ്ഥാപിക്കുന്നത് പോലെ…

മൂന്നാം തവണ ഷാജിവൻ എന്ന കഥാപാത്രത്തെ മാത്രം കോണ്സെന്റര്ട്ട് ചെയ്ത് കണ്ടു.
ഷാജിവനിൽ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിച്ചു. കപ്പ എടുക്കാൻ പോകുന്ന വീട്ടിൽ കണ്ട യന്ത്രമാണ് ഷാജിവനിൽ മാറ്റം വരുത്തിയതെന്ന് വിശ്വസിക്കണോ? വാസുവിനെ ഒറ്റി കൊടുത്ത കപ്പക്കാരൻ തന്നെ ആണോ ജോയിയെം ഒറ്റി കൊടുത്തത്? അപ്പോൾ ലൂപ്പ് തുടങ്ങുന്നത് ഇവിടെ നിന്നാവും എന്നാണോ നമ്മൾ ഈ യന്ത്രത്തിന്റെ സ്ഥാനം കൊണ്ട് മനസിലാക്കേണ്ടത്?
ഷാജിവൻ ഇടയ്ക്ക് ഇടയ്ക്ക് മുകളിലേക്ക് നോക്കുന്നത് ശ്രദ്ധിച്ചോ? എന്തിനാണത്? ഷാജിവൻ കണ്ണാടിയിൽ നോക്കുന്ന ആ രംഗം. ഷാജിവൻ ഇടയ്ക്ക് കേൾക്കുന്ന അന്യഭാഷയിലുള്ള ശബ്ദം എവിടെ നിന്നാണ്?
ഇതൊരു ടൈം ലൂപ്പ് ആണെന്ന് കാണിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട്. ഷാജിവനെ എവിടെയോ കണ്ട് മറന്നു എന്നു പറയുന്നവർ. റബര് കുഴി എടുക്കാൻ വന്ന എത്രാമത്തെ ആൾ ആണെന്ന പരാമർശം. ഇവിടെ വന്നിട്ട് കുറെ നാളായി എന്ന് ഷാജിവനെ കൊണ്ട് തോന്നിപ്പിച്ചതും അങ്ങനെ ഒന്നാണ്.
പെങ്ങളുടെ വീട്. അത്ഭുതം തോന്നിപ്പിക്കുന്ന മറ്റൊരു സംഗതി. ചുരുണ്ട്, ചുവന്ന് കിടക്കുന്ന ഇടനാഴികളുള്ള.. ഒരു അത്ഭുത ലോകം പോലെ.. ആരോ പറഞ്ഞു, അതൊരു സ്പേസ്ഷിപ്പിന്റെ മാതൃകയിലാണെന്ന്. ആണോ? എന്തായാലും, മന്ത്രവാദവും ലൈംഗീകതയും ഇടകലർന്ന ആ പശ്ചാത്തലം ഷാജിവനെ കൊണ്ട് വീണ്ടും തെറ്റ് ചെയ്യിക്കുന്നു.
അതെ, ഈ ചുരുളിയിൽ ചെന്ന് കഴിഞ്ഞാൽ അവരെ നിയന്ത്രിക്കുന്നത് വേറെ ഏതോ ഒരു ശക്തിയാണ്. അതാണ് ഈ ജനങ്ങളെ ലൂപിൽ തുടരാൻ വർത്തിക്കുന്നത്. ജോയിയുടെ വീട്ടിൽ എല്ലാവരും ഒരുമിച്ചു കണ്ണുകൾ അടക്കുന്നത് ശ്രദ്ധിച്ചോ? എല്ലാവരുടെയും ഉള്ളിലുള്ള മാടനാണ് ആ ശക്തി എന്ന് വിചാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. വേഷം കെട്ടി വന്ന പൊലീസികാരാണ് എന്നറിഞ്ഞിട്ടും അവർ ഈ കളി കളിക്കുന്നത് ആ ശക്തിയുടെ പ്രചോദനത്തിലാണെന്നും കരുതാം. പിന്നെ ഒറ്റുകാരനായ കപ്പ കൃഷിക്കാരനെ ആരും എതിർക്കുന്നില്ലല്ലോ. അത് ഒരുപക്ഷേ, അയാൾ ഇല്ലെങ്കിൽ ഈ ലൂപ്പ് തുടരില്ലെന്നൊരു ബോധ്യം കൊണ്ടായിരിക്കുമോ?
ഈ സിനിമയുടെ കലാസംവിധാനത്തിന്റെ ചാതുര്യം വിളിച്ചറിയിക്കുന്ന മറ്റൊരു ഭൂമികയാണ് ഷാപ്പ്. ചുരുളി എന്ന സ്ഥലത്തിന്റെ ഹൃദയമാണ് ആ ഷാപ്പ്. തെറിപ്പാട്ടുകൾ കൊണ്ട് ആ നിറയുന്ന ആ അന്തരീക്ഷം ഒരു പള്ളിമേടയാകുന്നതും, തിരിച്ചാകുന്നതും കാലത്തിന്റെ വിരോധാഭാസത്തെ സൂചിപ്പിക്കുന്ന പോലെ തോന്നുന്നു.
പുരുഷകേന്ദ്രീകൃതമാണ് ഈ സിനിമ. എങ്കിലും ഉള്ള സ്ത്രീ കാഥാപാത്രങ്ങൾക്ക് ലിജോ ജോസ് പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഈ സിനിമയിൽ വിമർശിക്കാൻ ഒന്നുമില്ലെന്ന് കരുതുന്നില്ല. ആദ്യം നല്ല കാര്യങ്ങളുള്ളത് മനസിലാക്കി എടുക്കട്ടേ… അത് കഴിഞ്ഞ് വിമർശിക്കാം.😬

സൂചിപ്പിക്കാൻ വിട്ട് പോയ കാര്യങ്ങൾ കുറെ ഉണ്ടെന്ന് അറിയാം. ഒന്നൂടെ ഒന്ന് കാണട്ടെ. എന്നിട്ട് ചേർക്കാം. 😝
എസ്. ഹരീഷിന്റെ തിരക്കഥ. 👌 പിന്നെ ആ നമ്പൂതിരിക്കഥയുടെ ആനിമേഷൻ.👌
ഇപ്പോൾ വരെ കണ്ട് മനസിലാക്കിയതിന്റെ വെളിച്ചത്തിൽ ചുരുക്കി പറഞ്ഞാൽ, വളരെയധികം ചിന്തിപ്പിക്കുന്ന ഒരു സിനിമയാണ് ചുരുളി. പിന്നെയും പിന്നെയും നമ്മളെ ചിന്തിപ്പിക്കുന്നത്.
ഒരു ചുരുൾ ഒന്ന് അഴിഞ്ഞു തുടങ്ങുമ്പോൾ മറ്റൊരു വലിയ ചുരുളിലേക്ക് നമ്മൾ ചെന്നേത്തുന്നു.
ഹിപ്നോട്ടിക് സർക്കിൾ പോലെ…
