ഇനി വെറുതെ നോക്കി നിന്നിട്ട് കാര്യമില്ലെന്ന് നന്ദുവിന് തോന്നി. ആ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ ഉള്ളിൽ ഒന്നൂടെ കയറി കാറ് തപ്പാൻ അവൻ തീരുമാനിച്ചു.
എട്ടാം നില തൊട്ട് താഴേയ്ക്ക്.. അവൻ ഓരോ ഫ്ലോറിലും നടന്ന് വിശദമായി പരിശോധിച്ചു. ഇനി അവന്റെ കണ്ണ് അവനെ പറ്റിക്കുന്നതാണോ? അതുകൊണ്ട് ഓരോ ഫ്ലോറ് പരിശോധിക്കുമ്പോഴും, അവൻ കീയിലെ സെന്റർ ലോക്ക് സ്വിച്ച് ഞെക്കി നോക്കിയിരുന്നു. എന്നിട്ടും..
ശെടാ…
അവൻ ഉറപ്പിച്ചു. ഈ പാർക്കിങ്ങിൽ അവന്റെ കാറില്ല. ഇവിടെ സ്ഥലം തികയാതെ വന്നപ്പോൾ വെളിയിൽ എവിടെയെങ്കില്ലും പാർക്ക് ചെയ്തതാവുമോ. പക്ഷെ, എവിടെ?
അവൻ സെക്യൂരിട്ടിയോട് ചോദിച്ചു.
ഇവിടെ ഉച്ചയ്ക്ക് ഫില്ലായിരുന്നെന്ന്. കാർ ചിലപ്പോൾ വിസ്മയ ബിൽഡിങ്ങിലാവാം തപസ്യയിലാവാം വിപ്രോയുടെ ഫ്രണ്ടിൽ ആ റോഡിലെ സ്പേസിൽ വേണമെങ്കിലും ആവാമെന്ന്.
ശെടാ… ഫ്രഡി വിളിക്കാതെ ഒരു കാര്യവും ഇനി നടക്കില്ലെന്ന് തീർച്ചയായി.
നന്ദുവിനാണെങ്കിൽ നന്നായി വിശക്കുന്നുമുണ്ട്. സാധാരണ വീട്ടിലോട്ട് പോകാൻ ഇറങ്ങിയാൽ, വീട്ടിൽ എത്തിയിട്ടേ വല്ലതും അവൻ കഴിക്കൂ. ഫ്രഡി വിളിക്കാൻ ഇനിയും സമയമെടുത്താലോ? ഒരു ചായ എങ്കിലും കുടിക്കാമെന്ന് അവൻ തീരുമാനിച്ചു.
അവൻ ഒരു ചായ വൈകിട്ട് കുടിച്ചതാണ്. എന്നാലും ഒരെണ്ണം കൂടി ആകാം. ക്യാന്റീനിലേയ്ക്ക് അവൻ നടന്നു.
അവിടെ ചെന്നപ്പോൾ.. ശെടാ…
ദേ നമ്മുടെ ഫ്രഡിയും ജോയും അവിടെ ഇരിക്കുന്നു. ഒരു ഫുൾ ബിരിയാണി വാങ്ങി, ഷെയർ ചെയ്ത് രണ്ടുപേരും കൂടി കഴിക്കുന്നു.
ഓഹോ.. കാറിന്റെ കാര്യമൊക്കെ പിന്നെ. അപ്പോൾ തന്നെ നന്ദുവും ഒരു ഫുൾ ബിരിയാണി വാങ്ങി. അവരുടെ ഒപ്പം ഇരുന്ന് കഴിച്ചു.
വയറൊന്ന് നിറഞ്ഞപ്പോഴാണ് കാറിന്റെ കാര്യം ഫ്രഡിയോട് നന്ദു ചോദിച്ചത്.
“ഹാ.. കാർ പാർക്കിങ്ങില് സ്‌ഥലം ഇല്ലാരുന്നോണ്ട് വിപ്രോടെ മുന്നിലാ ഇട്ടെ. ഇപ്പൊ നീ ചോദിച്ചത് നന്നായി. ഞാൻ മറന്ന് കിടക്കുവാരുന്നു. അല്ലേൽ നീ പാർക്കിങ് മുഴുവൻ തപ്പി നടന്നെനേ ല്ലെ?”
“അതേടാ😥……”
ജോയും ഫ്രഡിയും നന്ദുവും കൂടി ഒരുമിച്ചാണ് കാർ കിടക്കുന്നിടത്തേയ്ക്ക് ചെന്നത്. വിപ്രോയുടെ ഫ്രണ്ടിലാണ് കാർ കിടക്കുന്നത് എന്ന് നേരത്തെ അറിഞ്ഞിരുന്നേൽ, നന്ദുവിന് അവന്റെ ഓഫീസിന്റെ ഫ്രണ്ടിലൂടെ തന്നെ വന്നാൽ മതിയായിരുന്നു. ഹാ… പറഞ്ഞിട്ട് എന്ത് കാര്യം. ബിരിയാണി കഴിച്ചതു മാത്രം നന്ദുവിന് ഒരു ആശ്വാസമായി തോന്നി.
അപ്പോഴാണ് അണ്ണൻ ചോദിച്ച ആ ചോദ്യം ജോയും ചോദിക്കുന്നത്.
“ഇത്ര ലയിട്ട് ആയി നീ ഇറങ്ങാറില്ലല്ലോ നന്ദു? ഇനി നാളെ പോയാ പോരെ?”
“ഇല്ല ടാ. വീട്ടിൽ ചെന്നിട്ട് ഒരു കാര്യണ്ട്.”
അവർ നടന്ന് വരുന്ന വഴിയിൽ തന്നെ ദൂരെ നിന്നേ കാർ കണ്ടു.
കാറിന്റെ കിടപ്പിൽ എന്തോ ഒരു പന്തികേട്. കാറിന് എന്തോ പറ്റിയിരിക്കുന്നു.
മൂവരും ഓടി കാറിന്റെ അടുത്തെത്തി.
കാറിന്റെ ഇടത് വശം നീളത്തിൽ ആരോ പോറിച്ചിരിക്കുന്നു. ഡോര് അൽപ്പം ചളുങ്ങിയിരിക്കുന്നു. റിയർ വ്യു മിറർ കാണുന്നില്ല. ശെടാ…
ആരോ വണ്ടി കൊണ്ട് വന്ന് ചാർത്തിയതാണ്…😟😟 ഫ്രഡി പറഞ്ഞു.
“എടാ, ഡോർ ജാമായൊന്ന് നോക്കിക്കേ.”
സെന്റർ ലോക്ക് കീ പ്രസ് ചെയ്തു ഡോർ തുറക്കാൻ നന്ദു നോക്കി.
തുറക്കാൻ പറ്റുന്നില്ല…😔
അതിനിടയിൽ ജോ വിളിച്ചു.
“നന്ദു, ഫ്രഡി ഇത് നോക്കിക്കേടാ.”
കൈയിൽ ഒരു വെള്ള പേപ്പർ എടുത്ത് കാണിച്ച് കാറിന്റെ മുന്നിൽ നിൽക്കുകയായിരുന്നു ജോ.
(തുടരും)
ഒരു അഭിപ്രായം ഇടൂ