“അപ്പൂപ്പാ നോച്ചിക്കെ”
ഒരു ചെറു തൂമ്പയും കയ്യിലേന്തി, മുറ്റത്ത് അവൻ നട്ട ഒരു തൈ ചൂണ്ടിക്കാണിച്ച് കണ്ണൻ പറഞ്ഞു.
സിറ്റ് ഔട്ടിൽ പത്രം വായിക്കുകയായിരുന്നു അവന്റെ അപ്പൂപ്പൻ. വട്ട കണ്ണട മാറ്റി അങ്ങോട്ടേക്ക് നോക്കി.
“ആഹാ!”
പള്ളിക്കലെ സ്കൂളിൽ കഴിഞ്ഞ ദിവസം ഒന്നാം ക്ലാസ്സില് കണ്ണനെ ചേർത്തതേയുള്ളൂ . അവിടെ അവൻ കണ്ണൻ അല്ല, കേട്ടോ. ഒന്നാം ക്ലാസ് എ ഡിവിഷനിലെ കാളിദാസ് എസ് എ ആണ്. (എസ് ഫോർ ശ്രുതി, അവന്റെ അമ്മയുടെ പേര്. എ ഫോർ അവിനാഷ്; അവന്റെ അച്ഛന്റെ പേര്.)
കാർ പോർച്ചിൽ നിന്ന് ഇറങ്ങി വന്ന അവിനാഷ് അപ്പോൾ കണ്ണനോട് പറഞ്ഞു.
“ടാ, കൈയും കാലുമൊക്കെ വൃത്തിയായി പോയി കഴുക്. ഉടുപ്പേൽ ചെളിയാക്കാതെ..ഹും പെട്ടെന്ന്. ”
എന്നിട്ട് കണ്ണന്റെ അപ്പൂപ്പനോടായി അവിനാഷ് പറഞ്ഞു.
“അച്ഛാ, സ്കൂളിലെ പരിപാടി ആണ്. പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടണം എന്ന്. ഹോ. വെറും ഷോ ഓഫ്.”
അപ്പൂപ്പൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഹാ.. ശരിയാ. അവർക്കൊക്കെ ഇതൊരു ഷോ ഓഫ് ആരിക്കും. പക്ഷെ നമ്മളാണ് കുട്ടികളുടെ മനസ്സിൽ പ്രകൃതി സ്നേഹത്തിന്റെ വിത്തു പാകേണ്ടത്.”
“അയ്യോ. അച്ഛാ നിർത്തിക്കേ, പണ്ടത്തെ ഒരു സയൻസ് മാഷിന്റെ ഉപദേശമാണോ?”
“നീയാ, ആ മാവ് കണ്ടോ? ”
കണ്ണന്റെ അപ്പൂപ്പൻ വീടിന്റെ തെക്കേ തൊടിയിൽ നിൽക്കുന്ന മാവിനെ ചൂണ്ടി കാണിച്ചു. എന്നിട്ട് തുടർന്നു.
“ഹാ… അതും, ഇത് പോലൊരു ചെക്കൻ പണ്ട് കുഴിച്ചു വെച്ചതാണ്. അവനത് ഒരു മാസം പോലും പരിപാലിച്ചില്ല. പക്ഷെ, അത് പിന്നീട് തന്നത്താൻ വളർന്ന് ഇത്രേമായി. രണ്ട് വർഷമായി അത് കായിക്കുന്നുമുണ്ട്. പിന്നെ, ആ മഹാഗണി നോക്ക്. അത് എന്റെ അച്ഛന്റെ കാലത്ത് നട്ടതാണ്. ഇതൊക്കെ പറഞ്ഞും കാണിച്ചും വേണം പുതിയ തലമുറയെ വളർത്താൻ.”
അപ്പൂപ്പൻ കണ്ണനെ തന്റെ അടുത്തേയ്ക്ക് വിളിച്ചു. കണ്ണന്റെ ദേഹത്ത് പറ്റിയ ചെളിയൊന്നും കാര്യമാക്കാതെ, അപ്പൂപ്പൻ അവനെ മടിയിലിരുത്തി പറഞ്ഞു.
“അപ്പൂപ്പൻ മോനെ ഒരു പാട്ട് പഠിപ്പിക്കാം. കേട്ടോ.
🎶
ഓർത്തെടുക്കുക മനസ്സിൽ,
നിങ്ങൾക്ക്
എത്ര ചെടിയുടെ പേരറിയാം?
എത്ര കിളിയുടെ പാട്ടറിയാം?
എത്ര മരത്തിൻ തണലറിയാം?
എത്ര പൂവിൻ മണമറിയാം?
അറിഞ്ഞിടുമ്പോൾ അറിയാനിനിയും അറിയാൻ ഒത്തിരി ബാക്കി , ഒത്തിരി ഒത്തിരി ബാക്കി.
🎶 “
💐💐💐💐💐💐💐
NB: തലമുറകളിലൂടെ പകരുന്ന നന്മയാണ് പ്രകൃതി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരു അഭിപ്രായം ഇടൂ