ഇത് എന്നെ പറ്റിച്ച നിനക്കാണ്

ഇത്രയും ഭംഗിയുള്ള ഒരു ചിരി മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. ഉറപ്പ്..

ആ ചിരി, എന്നെ നോക്കിയായിരുന്നെങ്കിൽ എന്നുപോലും ഞാൻ ആഗ്രഹിച്ചു പോകുന്നു.

തിരുവന്തപുരത്ത് നിന്ന് ചങ്ങനാശ്ശേരിക്കുള്ള ട്രെയിൻ യാത്രയിലാണ് ഞാൻ.

കോവിഡിന്റെ കാലമായതുകൊണ്ടാണ് സീറ്റ് ഒക്കെ ബുക്ക് ചെയ്ത് ഈ ട്രെയിനിൽ യാത്ര ചെയ്യേണ്ടി വന്നത്. പക്ഷെ, അത് കൊണ്ടാണല്ലോ ഇന്ന് എന്റെ മുന്നിൽ ആ ചിരി കണ്ടത്….

സാധാരണ ഞാൻ കയറുന്ന ബോഗിയിൽ, ഒരു പൊടിക്ക് വായിനോക്കാൻ പോലും ഒരു പെണ്കുട്ടിയെയും കാണാത്തതാണ്. ഇന്ന് എന്തുപറ്റിയോ എന്തോ? എന്റെ ട്രാൻസ്പോർട്ടെഷൻ ഡിപാർട്ട്മെന്റ് നിയന്ത്രിക്കുന്ന ദേവി ലീവിലാണോ?🤔

അവൾ ആദ്യം എതിരെ വന്ന് ഇരുന്നപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. എനിക്കിഷ്ടമില്ലാത്ത റോസ് കളറിലുള്ള ഒരു ടോപ്പും ജീൻസുമായിരുന്നു അവളുടെ വേഷം. ഹോ..ആ റോസ് കളർ കാണുമ്പോൾ തന്നെ, എനിക്ക് പണ്ട് കഴിച്ചിരുന്ന ആ ചുമമരുന്ന് ഓർമ്മ വരും. അത് ഓർത്താൽ പിന്നെ, ഛർദ്ദിക്കാനും തോന്നും.

പക്ഷെ, ഫോൺ ചെയ്യാൻ വേണ്ടി അവൾ ആ മാസ്‌ക് ഊരിയപ്പോളാണ് ആ ചിരി ഞാൻ കണ്ടത്. അപ്പോൾ തന്നെ ഫ്ലാറ്റ്…

എന്റെ പൈങ്കിളി മനസ്സിൽ ഒരു പാട്ട് ഉണർന്നു.

“നിന്റെ മിഴിയിൽ നീലോൽപ്പലം…. നിന്നുടെ ചുണ്ടിൽ പൊന്നശോകം…. നിൻ കവിളിണയിൽ കനകാമ്പരം…. നീയൊരു നിത്യ വസന്തം….”

ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞങ്ങൾ ഇരുവരും ഒരുമിച്ച് എൻ സ്വപ്നമാളികയിൽ ഒരു ജന്മം മുഴുവനും ജീവിച്ചു തീർത്തു.

ഞാൻ എന്റെ ആ ‘സ്വതസിദ്ധമായ’ സ്റ്റൈലിൽ തന്നെ അവളോട് ചോദിച്ചു.

“എസ്ക്യൂസ്‌ മീ, കുട്ടി എങ്ങോട്ടാണ്?”

“തിരുവല്ല”

“ഞാൻ ചങ്ങനാശേരിയിലേക്കാണ്. എന്റെ പേര് ഉണ്ണികൃഷ്ണൻ. കുട്ടിയുടെയോ?”

“ജെസി”

“ജെയ്സിയാണോ ഡെയ്‌സി ആണോ?”

“ജെ… ജെസ്സി..”

ആഹാ…എന്റെ ഗൗതെട്ടെന്റെ ജെസ്സി..

“കുട്ടി, ചെന്നൈ പോളാരിസിലാണോ വർക്ക് ചെയ്യുന്നേ?”

“അല്ലാ, എനാ അങ്ങനെ ചോദിച്ചേ?”

“സാധാരണ അങ്ങനെ ആണല്ലോ.”

അവൾക്കത് മനസ്സിലായില്ല. അത് അവളുടെ കുറ്റം അല്ല. എന്റെ ചളികൾ മനസ്സിലാക്കാനുള്ള സ്റ്റാൻഡേർഡ് ആ കുട്ടിയ്ക്ക് ഇല്ലാതെ പോയി. ശ്ശെ..

ഇത്രയും ചോദ്യങ്ങൾ ഞാൻ അങ്ങോട്ട് ചോദിച്ചതല്ലേ. ഒരു ചോദ്യമേങ്കിലും ഇങ്ങോട്ട്?.. ദാ വരുന്നു.. ഹേ..

“വർക്ക് ചെയ്യുവാണോ?”

വെറുതെ അല്ല ഞാൻ ഒരുത്തിയെയും പരിചയപ്പെടാൻ പോകാത്തെ. വേറെ എന്തൊക്കെ ചോദിക്കാൻ ഉണ്ട്.

“വർക്കോ.. ഞാനോ? പഠിച്ചു കഴിഞ്ഞിട്ടില്ല. ഈ ലോകത്ത് പഠിക്കാൻ തന്നെ കുറെ ഉണ്ടല്ലോ?”

അവൾക്കത് മനസ്സിലായില്ല. എങ്കിലും അവൾ അതിനൊന്ന് കഷ്ടപ്പെട്ട് ചിരിച്ചു. ഞാൻ പിന്നെ, അവളോട് ഒന്നും ചോദിച്ചില്ല. എന്റെ ആ കൊണച്ച ഉത്തരം ആ ഫ്‌ളോ അങ് കളഞ്ഞെന്നാ തോന്നുന്നെ.

“നീ എന്നാടാ ഒരു പെണ്കുട്ടിയെ ഇമ്പ്രെസ് ചെയ്യാൻ പഠിക്കുന്നെ.”

ങേ! ഒരു അശരീരി മുഴങ്ങിയോ? ഏയ്. തോന്നിയതാവും.

കൊല്ലം സ്റ്റേഷൻ എത്തിയതെ ഉള്ളൂ. അപ്പോൾ..

ദേ..അവൾ… എങ്ങോട്ടോ എഴുന്നേറ്റ് പോകുന്നു!

എന്റെ മനസ്സ് അവളെ തടഞ്ഞു നിർത്തി ചോദിച്ചു.

“അങ്ങനെയങ്ങ് പോയാലോ.. അംഗനെ… നീ അങ് പോവതെങ്ങനെ…”

(പഴയകാല നടൻ ഉമ്മറിന്റെ ടോണിൽ, ഇപ്പോൾ പറഞ്ഞത് ഒന്നൂടൊന്ന് വായിച്ചു നോക്കിക്കേ..)😉

അവൾ അത് കേട്ടെന്നാ തോന്നുന്നേ. ഹായ്. അവൾ തിരിച്ചു വരുന്നു. ☺️

അവളുടെ ബാഗും എടുത്തു കൊണ്ടാണ്, പിന്നെ അവൾ അവിടെനിന്ന് പോയത്.

പ്ലിങ്..😢

“എന്റെ ഒരു ഫ്രണ്ട് ഇവിടുന്ന് കയറീട്ടുണ്ട്. അങ്ങോട്ട് പോവാണ്. അപ്പോൾ ശരി.”

☹️😒 എനിക്ക് വിഷമായി.. വിഷമം വന്നാൽ ഞാൻ എന്താ ചെയ്യാ എന്നറിയാമോ?

കടാപ്പുറത്തൂടെ പാടി പാടി നടക്കണമെന്നോ?.. അതു ഓൾഡ് സ്കൂൾ അല്ലെ?..

എന്റെ വിഷമങ്ങൾ എല്ലാം ഞാൻ എഴുതി, എഴുതി മരിക്കും. അല്ലാ.. എഴുതി എഴുതിയിരിക്കും….ഹാ..

ഉടനെ തന്നെ വേർഡ്പ്രെസ് ആപ്പ് തുറന്നു. ന്യൂ ഡ്രാഫ്റ്റ് ഓപ്പൺ ചെയ്തു..

ആരോടൊയുള്ള ദേഷ്യമൊക്കെ അവളുടെ തലയിൽ കെട്ടി വെച്ച് കൊണ്ട്, ആദ്യം തന്നെ ഞാൻ ആ ടൈറ്റിൽ അങ് കൊടുത്തു..

“ഇത് എന്നെ പറ്റിച്ച നിനക്കാണ്”

4 thoughts on “ഇത് എന്നെ പറ്റിച്ച നിനക്കാണ്

Add yours

Leave a reply to സായൂജ് മറുപടി റദ്ദാക്കുക

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑