ഭഗിനി (ഭാഗം – 3)

ആ ആക്സിഡന്റിന് ശേഷമുള്ള ഹോസ്പിറ്റൽ ജീവിതം ശ്രീനാഥിനെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു.

ഒരുപാട് അനുഭവങ്ങൾ… ഒരുപാട് തിരിച്ചറിവുകൾ…

അന്ന് അവന്റെ ജീവിതത്തിലേയ്ക്ക് കടന്ന് വന്ന ഒരു പെണ്കുട്ടിയായിരുന്നു മീര.

ഒരു അനിയത്തിയില്ലാത്തതിന്റെ വിഷമം ശ്രീനാഥിന് എന്നും ഉണ്ടായിരുന്നു. അമ്മയുടെ ഒരു അസിസ്റ്റന്റിനെ പോലെ അവന്റെ കാര്യങ്ങളിൽ ഇടപെടാനും അവനെ ശ്രദ്ധിക്കാനും സ്വന്തം അനിയത്തിക്ക് മാത്രമേ കഴിയൂ എന്ന് അവൻ ചിന്തിച്ചിരുന്നു. ആ വിഷമം ഒരു പരിധി വരെ അവൻ മറക്കുന്നത് അവന്റെ ചേച്ചിയുടെ “ഉണ്ണി ചേട്ടായി” വിളികൾ കേട്ടിട്ടാണ്. അന്ന് ഐ സി യുവിൽ ശ്രീനാഥിനെ ഉണർത്തുവാനായി “ഉണ്ണി ചേട്ടായി” എന്നു വിളിക്കുന്ന അവന്റെ ചേച്ചിയുടെ മുഖം കണ്ടില്ലെങ്കിലും, അത് അവന്റെ മനസ്സിൽ എങ്ങനെയോ പതിഞ്ഞിട്ടുണ്ടായിരുന്നു.

ആ സ്നേഹവും അനിയത്തിയായുള്ള ആ വിളിയും കണ്ട് കൊണ്ട് തന്നെയാണ് ശ്രീനാഥിന് ബോധം തെളിഞ്ഞ ദിവസം, ‘നഴ്സിങ് സ്റ്റുഡന്റായ മീര ജെയിംസ്’ അവനോട് ചോദിച്ചത്.

“ചേട്ടാ, എന്നെ ചേട്ടന്റെ അനിയത്തിയാക്കുമോ? ഇനി ഞാൻ ചേട്ടനെ ‘ഉണ്ണി ചേട്ടായി’ എന്ന് വിളിച്ചോട്ടെ?”

അവന്റെ ചലനശേഷിയിൽ കുറവ് വന്ന വലത് ഭാഗത്തിലെ ചുണ്ടുകൾ ചേർത്ത് വച്ച് അവൻ മീരയോട് സംസാരിക്കാൻ ശ്രമിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞു.

അവൻ തന്റെ ഇടത് കൈ കൊണ്ട് മീരയുടെ നെറ്റിയിൽ തൊട്ടു….

————————————————


“മീരാ? മോൾ ഇപ്പോൾ ഇവിടെയാണോ?”

മുട്ടുചിറ ഹോസ്പിറ്റലിന് മുന്നിൽ ഒരു നഴ്സിന്റെ യൂണിഫോമിൽ യാദൃച്ഛികമായി കണ്ട തന്റെ ‘അനിയത്തി’യോട് ശ്രീനാഥ് ചോദിച്ചു.

മീര വളരെ സന്തോഷത്തോടെ സംസാരിച്ചു.

“അതെ ചേട്ടാ, മൂന്നാല് മാസമായി. കോഴ്സ് കഴിഞ്ഞ് നേരെ ഇങ്ങോട്ട്. ചേട്ടന് എങ്ങനുണ്ട്? വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി എല്ലാവരും സുഖമായി ഇരിക്കുന്നോ?”

സുഖ വിവരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അന്വേഷിക്കുന്നതിനിടയിൽ ശ്രീനാഥ് വന്ന കാര്യം തന്നെ മറന്നു. മീര തന്നെയാണ് അവന്റെ ചേട്ടനെ ആ കാര്യം ഓർമിപ്പിച്ചത്.

“കൃഷ്ണപ്രിയ ചേച്ചി എന്റെയും സുഹൃത്താണ്. ചേച്ചി പറഞ്ഞിരുന്നു ചേട്ടൻ വരുമെന്ന്. ഇന്നലെയാണ് ചേച്ചി ഈ കാര്യം എന്നോട് പറഞ്ഞത്.”

ശരിയാണ്. ഇത്ര പെട്ടെന്ന് ശ്രീനാഥ് വരുമെന്ന് മീരയുടെ ‘കൃഷ്ണപ്രിയ ചേച്ചി’യും പ്രതീക്ഷിച്ച് കാണില്ല.

ശ്രീനാഥ് മീരയോട് ചോദിച്ചു.

“മോൾക്ക്, സിസ്റ്റർ മേരി ജോണിനെ അറിയാമോ? സിസ്റ്ററിനെ കാണാനാണ് ഞാൻ വന്നത്.”

മീരയുടെ സംസാരത്തിൽ ഒരു നഴ്സിന്റെ പാകത അവൻ അപ്പോഴാണ് കണ്ടത്. മീര വിശദീകരിച്ച് പറഞ്ഞു.

“ചേട്ടായി, സിസ്റ്റർ ഒരു വർഷമായി സ്ട്രോക്ക് വന്ന് ചികിൽസയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് സംസാരിച്ചു തുടങ്ങിയത്. സിസ്റ്റർ ആദ്യം ആവശ്യപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു ചേട്ടായിയെ കാണണമെന്ന്. കാര്യം എന്താണെന്ന് ആർക്കും അറിയില്ല?”

“ഓഹോ, സിസ്റ്റർ ഇപ്പോൾ ഹോസ്പിറ്റലിൽ ആണോ? ഞാൻ കോണ്-വെന്റിൽ പോയി അന്വേഷിക്കാൻ തുടങ്ങുവായിരുന്നു”

ശ്രീനാഥ് തിരിച്ചു ഹോസ്പിറ്റലിലേയ്ക്ക് തന്നെ പോകുവാൻ ഒരുങ്ങി.

മീര അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു.

“അല്ല ചേട്ടായി, സിസ്റ്ററിനെ ഇപ്പോൾ കോണ്-വെന്റിലേയ്ക്ക് മാറ്റി. കൃഷ്ണപ്രിയ ചേച്ചിയൊക്കെ ഇപ്പോൾ അവിടെ പോയാണ് സിസ്റ്ററിനെ നോക്കുന്നത്.”

മീര അവളുടെ ഡ്യൂട്ടി ആരെയോ ഏൽപ്പിച്ചിട്ട് ശ്രീനാഥിന്റെ ഒപ്പം കോണ്- വെന്റിലേയ്ക്ക് ചെന്നു.

ആ കോണ്-വെന്റിന്റെ വരാന്ത ശ്രീനാഥിന്റെ ഓർമ്മയിലുള്ള ഏതോ ഒന്നായി അവന് തോന്നി. മീരയ്ക്ക് കോണ്-വെന്റ് നല്ല പരിചയമുണ്ടെന്നു ശ്രീനാഥിന് മനസിലായി. അവൾ നേരെ സിസ്റ്റർ കിടക്കുന്ന റൂമിലേയ്ക്കാണ് ശ്രീനാഥിനെ കൊണ്ടുപോയത്.

സിസ്റ്റർ ഉറങ്ങുകയായിരുന്നെന്നു തോന്നുന്നു. മീര സ്വല്പം മടി അഭിനയിച്ച്, എന്നാൽ വളരെ ഉത്സാഹത്തോടെ തന്നെ സിസ്റ്ററിനെ വിളിച്ചു.

“സിസ്റ്റർ, സിസ്റ്റർ നോക്കിക്കേ.. ഇതാരാ വന്നിരിക്കുന്നെന്ന്. സിസ്റ്ററിന്റെ ഉണ്ണി”

ഒരു നിമിഷംഎന്താണ് അവിടെ സംഭവിക്കുന്നതെന്ന് ശ്രീനാഥിന് മനസ്സിലായില്ല…

സിസ്റ്ററിന്റെ ഉണ്ണിയോ! ..?

————————————————


ഭാഗം – 4 വായിക്കൂ.. @

http://sreekanthan.in/2020/06/14/bhagini_04/


ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑