മുട്ട ബിരിയാണിയും പ്രണയവും തമ്മിൽ എന്ത് ബന്ധം.? ഉണ്ട്…എന്നെ സംബന്ധിച്ചിടത്തോളം.
“ചാർലി” എന്ന സിനിമയിൽ പറഞ്ഞപോലെ കാലവർഷം തകർത്തു പെയ്തു , ഒപ്പം പ്രേമവും മൂത്തു..എന്ന് ഞാൻ പറഞ്ഞാൽ അത് തെറ്റാകാൻ സാധ്യത ഉണ്ട്..കാരണം അത് കാലവർഷത്തിന്റെ സമയം ആയിരുന്നെന്ന് തോന്നുന്നില്ല..പക്ഷെ മറ്റേ condition വളരെ apt ആരുന്നു..
അവളെ കാണാനുള്ള ഒരു സാഹചര്യവും ഞാൻ വെറുതെ കളഞ്ഞില്ല.വൈകുന്നേരങ്ങളിൽ അവൾ ഓഫീസിൽ നിന്ന് ഇറങ്ങുന്നതും കാത്തു മണിക്കൂറുകളോളം വെളിയിൽ കാത്തു നിന്നിട്ടുണ്ട്. ഒന്നും സംസാരിക്കാൻ ആവാതെ ദൂരെ നിന്ന് ഒന്ന് നോക്കി കാണാൻ മാത്രമായിരുന്നു അന്നൊക്കെ എനിക്ക് സാധിച്ചിരുന്നത്.ആ കാത്തിരിപ്പിന് ശേഷം തിരിച്ചു ഓഫീസിൽ കയറി ജോലി ചെയ്ത ദിവസങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
അങ്ങനെ കുറച്ചുനാളുകൾക്കു ശേഷമാണ് ഒരു പരിചയക്കാരൻ എന്ന പേരിൽ എങ്കിലും ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങിയത്. ആ നാളുകളിൽ തന്നെ ആണ് ഉച്ചഭക്ഷണത്തിന്റെ സമയം അവളെ കാണുവാൻ വേണ്ടി മാത്രമായി ഞാൻ നേരത്തെ ആക്കിയത്..കാരണം അവൾ 12.30ക്കു മുൻപ് ഭക്ഷണം കഴിക്കാൻ ഇറങ്ങുമായിരുന്നു.
കാന്റീനിലേക്കുള്ള നീണ്ട ഇടനാഴിയിലൂടെ അവളോട് സംസാരിച്ചു നടക്കാൻ ഞാൻ ശ്രമം നടത്തിയെങ്കിലും അവളുടെ കൂട്ടുകാർ ആ ഉദ്യമത്തിന് തടസ്സമായി നിന്നു.
സാധാരണ ദിവസങ്ങളിൽ അവൾ ഭക്ഷണം പാകം ചെയ്തുകൊണ്ട് വരുമായിരുന്നു.എന്നാൽ ചില ദിവസങ്ങളിൽ അവൾ കാന്റീനിൽ നിന്നു ഭക്ഷണം മേടിച്ചു ആയിരുന്നു കഴിച്ചിരുന്നത്.കൂടുതലും കഴിച്ചിരുന്നത് എനിക്ക് അത്ര താത്പര്യം ഇല്ലാത്ത മുട്ടബിരിയാണി ആയിരുന്നു.
പക്ഷെ മുട്ടബിരിയാണിക്കായുള്ള ക്യുവിൽ നിൽക്കുന്ന അവളോട് സംസാരിക്കാൻ ആയി ഞാനും ആ ദിവസങ്ങളിൽ മുട്ടബിരിയാണി കഴിക്കുമായിരുന്നു.
അതാണ് എന്റെ പ്രണയത്തിനും മുട്ടബിരിയാണിക്കും തമ്മിലുള്ള ബന്ധം.
_________________
അവളോട് എന്റെ പ്രണയം തുറന്ന് പറയാൻ പോലും ആവാതെ, അവൾ എന്റെ ജീവിതത്തിൽ നിന്ന് അകന്നു പോയി..
പ്രണയബോധം തീർത്തും ശൂന്യമായി തീർന്ന എന്റെ മനസ്സിൽ ബാക്കി ഉള്ളത് ആ ഓർമകളും പിന്നെ ആ മുട്ടബിരിയാണിയുടെ അരുചിയും, മുട്ടയുടെ നാറ്റവും ആണ്….