പരിചയമില്ലാത്ത ഒരാളോട് പണം കടമായി ചോദിക്കാൻ പോലും മടിയുള്ളവർ ആണ് നമ്മൾ.
അപ്പോൾ ഒന്ന് ആലോചിച്ച് നോക്ക്, ഭിക്ഷ ചോദിക്കുന്നവരുടെ അവസ്ഥ. ആ നിസ്സഹായാവസ്ഥ… ശാരീരികമായ ക്ലേശം അനുഭവിക്കുന്നവർക്ക് മാത്രം ഭിക്ഷ കൊടുത്താൽ മതി എന്നാണ് ഞാൻ ഇത് എഴുതുന്നത് വരെയും ചിന്തിച്ചു വച്ചിരുന്നത്. കാരണം എന്റെ ആ നിലപാടിനെ ഛേദിക്കാൻ വേറൊരു യുക്തിയും ന്യായവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു… ഇത് എഴുതുന്നത് വരെ…
ഒരു മുഖത്തിന്റെ ഓർമ്മയിൽ നിന്നാണ് എനിക്കാ ന്യായം കിട്ടിയത്. ഇന്നലെ ഏറ്റുമാനൂർ അമ്പലത്തിൽ പോയിരുന്നു. ഞാനും അമ്മയും. എല്ലാവരുടെയും പേരിൽ വഴിപാടുകൾ ഒക്കെ കഴിച്ച്, കാണിക്ക ഒക്കെ സമർപ്പിച്ചു അമ്പലത്തിൽ നിന്ന് ഇറങ്ങുന്ന സമയമാണ് ആ മുഖം എന്റെ മുന്നിൽ വന്നത്. എന്റെ കൈയിൽ കൊടുക്കാൻ ഒന്നുമില്ലായിരുന്നു. മുൻപേ നടന്ന അമ്മയുടെ അടുത്ത് നിന്ന് എന്തേലും വാങ്ങിച്ചു കൊടുക്കാനുള്ള അവസരം എനിക്കുണ്ടായിരുന്നു. പക്ഷെ, വഴി മാറി നടക്കുകയാണ് ഞാൻ ചെയ്തത്. ആ മുഖം എന്റെ മനസിൽ വഴി തെറ്റാതെ പിന്നെയും നിൽക്കാൻ അത് കാരണമാവുകയും ചെയ്തു.
സാധാരണയായി ഞാൻ ചെയ്യുന്നത്, ചെയ്തതിന് ന്യായം കണ്ടെത്തി ആ അദ്ധ്യായം അടയ്ക്കുക എന്നതായിരിക്കും. പക്ഷെ, ആ മുഖത്തിൽ അന്യായമായ ഒരു ന്യായത്തെ അടിച്ചേൽപ്പിക്കാൻ എനിക്ക് കഴിയുന്നില്ല.
ആ മുഖമാണ് എന്നെ ഇത് എഴുതിപ്പിക്കുന്നത്. എന്നെ തിരുത്തുന്ന ഒരു ന്യായമായ് ഞാൻ എഴുതി…
“മനസ്സ് എത്രത്തോളം താഴ്ന്ന് നിന്നാണ് ഒരാൾ നമ്മളോട് ഭിക്ഷ യാചിക്കുന്നത്? ശാരീരകമായ കഷ്ടതകൾ ഇല്ലെങ്കിൽ പോലും… മനസ്സ് കൊണ്ട് അത്രത്തോളം താഴ്ന്ന അവസ്ഥയുള്ള ഒരാളെ നമ്മൾ എന്തായാലും സഹായിക്കണമെന്നാണ് എന്റെ പുതിയ ന്യായം. “