Is survival a choice?
“സർവൈവൽ ഒരു ചോയ്സ് ആയിരുന്നെങ്കിൽ ഞാനിത് ചെയ്യില്ലായിരുന്നു.”
കോവിഷീൽഡ് കുത്തി വെച്ചിട്ടാണ് ഈ ഡയലോഗ് അടിക്കുന്നെന്ന് ഓർക്കണെ. (ഓൺലൈനായി വാക്‌സിൻ ബുക്ക് ചെയ്ത് സ്വീകരിച്ച എനിക്ക്, ആ സൗകര്യം ഇല്ലാത്തയാളുകൾ അവിടെ കാത്തുനിൽക്കുന്നത് കണ്ടപ്പോൾ സ്വയം ഒരു previleged class ആയി തോന്നി. ആ അപഹർഷതാ ബോധമാവും എന്നെ അങ്ങനെ ചിന്തിപ്പിച്ചത്.)
ചങ്ങനാശേരി ജി.എഛ്.
അവിടുന്ന് രണ്ട് പാരസെറ്റമോൾ ഗുളിക കൂടി കിട്ടി.
“രാത്രി കിടക്കുന്നതിന് മുൻപ് കഴിക്കാൻ”
ഇതെന്തിനാ രണ്ടെണ്ണം എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. അപ്പോഴാണ് വയറിളക്കത്തിന് മരുന്ന് വാങ്ങിക്കാൻ പോയപ്പോൾ, ആ ഡോക്ടർ പറഞ്ഞ ഒരു ഡയലോഗ് ഓർമ്മയിൽ വന്നത്.
“നിങ്ങൾ ആറ് കൂട്ടുകാര് ഒരുമിച്ചാ താമസിക്കുന്നേന്നല്ലേ പറഞ്ഞേ. ദേ, പത്ത് പാരസെറ്റമോൾ കുറിച്ചിട്ടുണ്ട്. ആവശ്യം വരും.”
ജി.എഛ്. ന്റെ വരാന്തയിൽ ആ പാരസെറ്റമോൾ ഗുളികകൾ പോക്കറ്റിൽ ഇടുമ്പോൾ ഞാനും മനസ്സിൽ പറഞ്ഞു.
ഹാ…ആവിശ്യം വരും.
———————————————-
“കോവിഷീൽഡ്… ആരാ കണ്ടുപിടിച്ചെ. അയാൾക്കൊരു നന്ദി കൊടുക്കണ്ടേ?.”
“ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റിയും പിന്നെ വേറെ എന്തോ കിടുത്താപ്പും ചേർന്ന് നിർമ്മിച്ച വാക്സിന്റെ ഇന്ത്യൻ പതിപ്പാണ് കോവിഷീൽഡ്. അല്ലാതെ..” അവൾ പറഞ്ഞു നിർത്തി.
“പക്ഷെ, ഗിൽബെർട് എന്നൊരു പേര് കേട്ടാരുന്നു. ഇനി അങ്ങനെയൊരാളുണ്ടോ ഈ വാക്സിന്റെ പിതാവായി? ആവോ..”
പിന്നീട് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ എന്റെ കൂട്ടുകാരി പറഞ്ഞത് ഒരു രീതിയിൽ ശരിയായിരുന്നു. ഈ വാക്‌സിന് ഒരു പിതാവില്ല. പക്ഷെ, ഒരു മാതാവ് ഉണ്ടായിരുന്നു. ആഹാ…
സാറാ ഗിൽബെർട്.
നമ്മളിൽ പലരും വിചാരിച്ചിണ്ടാവും ഇത്ര പെട്ടെന്ന് ഒരു വാക്‌സിൻ ഒക്കെ എങ്ങനെ കണ്ടുപിടിച്ചെന്ന്. എന്നാൽ കേട്ടൊള്ളൂ. ഇത് നോവൽ കൊറോണ വൈറസല്ലേ!. പണ്ട് ഈ വൈറസിന്റെ ചേട്ടന്മാർ നമ്മെ കുറെ ബുദ്ധിപ്പിച്ചിട്ടുണ്ടെന്ന്. (സാർസും മേർസുമൊക്കെ). ഇതിൽ മെർസ് വൈറസ് പ്രതിരോധിക്കാനായുള്ള വാക്സിന് വേണ്ടിയുള്ള ഗവേഷണങ്ങൾ സാറ ഒരുപാട് നടത്തിയിരുന്നു. അതുകൊണ്ട് ഈ പുതിയ വൈറസിന്റെ ജനിതക ഘടന കിട്ടിയപ്പോൾ തന്നെ സാറ ഇതിനുവേണ്ടി വർക്ക് തുടങ്ങിയിരുന്നു. പിന്നീട് ഓക്സ്ഫോർഡുമായി ചേർന്ന് ഓക്‌സ്‌ഫോഡ്/അസ്ത്രസെനെക്കാ എന്ന വാക്‌സിൻ വിജയകരമായി നിർമ്മിക്കുകയും ചെയ്തു.
എനിക്ക് കിട്ടിയ ഈ അറിവ് അവളുമായി പങ്കുവെച്ചു. എന്റെ സുഹൃത്ത് ഒരു ശാസ്ത്രഗവേഷണ വിദ്യാർത്ഥിയാണെ. അവൾക്ക് ഇതിനെപ്പറ്റിയൊക്കെ അറിയാൻ വലിയ താല്പര്യം ഉണ്ടാകും എന്ന് വിചാരിച്ചാണ് ഞാൻ പറഞ്ഞത്.
“എടി, എനിക്കിത് കേട്ടപ്പോൾ അത്ഭുതം തോന്നി. ഒരു സ്ത്രീയോ! ഹാ.. ഒരുപാട് സ്ത്രീകൾ ശാസ്ത്രരംഗത്തേയ്ക്ക് കടന്നു വരണ്ടതല്ലേ?”
“പണ്ടൊന്നും സ്ത്രീകൾ ശാസ്ത്രരംഗത്ത് ഇല്ലാരുന്നെന്ന് നിന്നോട് ആരാ പറഞ്ഞേ? ഒരുപാട് പേര് ഉണ്ട് . നിനക്ക് അറിയാത്തതാ.”
“ഉവ്വെ..ഞാൻ മാഡം ക്യൂറിയെപ്പറ്റിയെ കേട്ടിട്ടുള്ളൂ. അല്ലേൽ പറാ. ഇത്രയും കാലത്തെ നോബൽ സമ്മാനം കിട്ടിയവരിൽ 23 സ്ത്രീകളെ ഉള്ളല്ലോ. അതെന്നാ?”
അവളോട് വഴക്കുണ്ടാക്കാൻ റെഡിയായി തന്നെ ഞാൻ പറഞ്ഞു. ഇങ്ങനെ അവളെ ചൂടാക്കിയാൽ ഒരുപാട് വിവരങ്ങൾ കിട്ടുമെന്ന് എനിക്കറിയാമായിരുന്നു.
അവൾ പറയാൻ തുടങ്ങി. ഉറച്ച സ്വരത്തിൽ..
“ആഹാ.. ഈ നോബൽ സമ്മാനമാണോ വലിയ കാര്യം. അത് നോക്കുമ്പോൾ കാണുന്നത് സ്ത്രീകളുടെ നേട്ടങ്ങളുടെ ദാരിദ്ര്യമല്ല. അവഗണനകളുടെ കഥകളാണ്.
നീ ലിസ് മേയ്റ്റനേറിനെപ്പറ്റി കേട്ടിട്ടുണ്ടോ?”
ഞാൻ ഇല്ലാന്ന് തലകുലുക്കി.
അവൾ തുടർന്നു.
“അണുവിഘടന പ്രക്രിയയുടെ കണ്ടുപിടുത്തത്തിന് ഓട്ടോ ഹാന് 1944 ലെ രസതന്ത്ര നോബൽ നൽകിയപ്പോൾ, അതിന്റെ പിന്നിൽ പ്രവർത്തിച്ച ലിസ് മേയറ്റനേർ എന്ന ഓസ്ട്രിയൻ ശാസ്ത്രജ്ഞ നൈസായി ഒഴിവാക്കപ്പെട്ടു. പിന്നെയും പല തവണ ലിസ് നോബലിന് നോമിനേറ്റ് ചെയ്യപ്പെട്ടു. സ്ത്രീയായ് പോയത് ഒഴിച്ചു നിർത്തിയാൽ അവർക്ക് നോബൽ സമ്മാനം ലഭിക്കാതെ പോയതിന് വേറൊരു കാരണവുമില്ല. അവരുടെ സംഭാവനകൾ മനസ്സിലാക്കിയവർ, പീരിയോഡിക് ടേബിളിന്റെ ഒരു കോളത്തിൽ അവസാനം അവരെ തളച്ചിടുകയാണ് ഉണ്ടായത്. (109 th element : Meitnerium)
ഞാൻ ഇപ്പോൾ വായിക്കുന്ന ഒരു പുസ്തകത്തെപ്പറ്റി തന്നോട് പറഞ്ഞിട്ടില്ലേ? ‘ദി കോഡ് ബ്രേക്കർ’. വാൾട്ടർ ഐസക്സണ് എന്ന ചരിത്രകാരൻ ആദ്യമായി ഒരു ശാസ്ത്രജ്ഞയെപ്പറ്റി എഴുതിയതാണ്.
ജെന്നിഫർ ഡൗണാ.. 2020 ലെ രസതന്ത്രനോബൽ കിട്ടിയവരിൽ ഒരാൾ.
അതിൽ ഒരു കഥ പറയുന്നുണ്ട്. അത് മറ്റൊരു അവഗണനയുടെതാണ്…
സ്കൂൾ വിട്ട് വീട്ടിൽ വന്ന ഒരു ദിവസം ജെന്നിഫർ കട്ടിലിൽ ഒരു പുസ്തകം കിടക്കുന്നത് കണ്ടു. ‘ദി ഡബിൾ ഹെലിക്സ്’. അവളുടെ അച്ഛൻ കൊണ്ട് വെച്ചതാവുമെന്ന് അവൾ ചിന്തിച്ചു. ഒരു ഫിക്ഷനോ ഡിറ്റെക്റ്റീവ് നോവലോ ആണെന്ന് കരുതിയാണ് അവളത് തുറന്നത്. ഡി.എൻ.എ യുടെ ത്രിമാനഘടന കണ്ടെത്തിയവരിൽ ഒരാളായ ജെയിംസ് വാട്സൻ എഴുതിയ പുസ്തകമായിരുന്നത്. ഇരട്ടപ്പിരിയൻ ഘടന കണ്ടെത്തിയ ആ അത്ഭുതയാത്ര കുട്ടിയായിരുന്ന ജെന്നിഫറിൽ ആവേശം ഉണ്ടാക്കി. പക്ഷെ, അവളെ കൂടൂതൽ സ്വാധീനിച്ചത് വേറെ ഒന്നായിരുന്നു. ആ കണ്ടുപിടുത്തിലെ ഒരു സ്ത്രീ സാന്നിധ്യം. റോസലിൻഡ് ഫ്രാക്ലിൻ. പക്ഷെ അവരെ ആ പുസ്തകത്തിൽ വേണ്ട രീതിയിൽ പരിഗണിച്ചിട്ടില്ല എന്ന് ജെന്നിഫറിന് തോന്നി. എക്‌സ് റേ ക്രിസ്റ്റല്ലോ ഗ്രാഫിയിൽ വിദഗ്ദ്ധ ആയിരുന്ന അവരുടെ പല കണ്ടെത്തലുകളും ഉപയോഗിച്ചാണ് ഫ്രാൻസിസ് ക്രിക്കും ജെയിംസ് വാട്സണും ഡി.എൻ.എ യുടെ സ്ട്രക്ച്ചർ കണ്ടുപിടിച്ചത്. എന്നാൽ റോസലിൻഡിനെ നോബൽ കമ്മിറ്റിയും അവഗണിച്ചു.
എങ്കിലും ജെന്നിഫറിന് ശാസ്ത്രത്തിൽ താല്പര്യം ഉണ്ടാക്കാൻ ഇത് മതിയായിരുന്നു. അവൾക്കും ആ രംഗത്തോട്ട് ഇറങ്ങാനുള്ള ഇന്ധനം ആ കഥയിൽ ഉണ്ടായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ശാസ്ത്രജ്ഞയായ ഇമ്മാനുവൽ കാർപ്പൻറിയുമായി ചേർന്ന് ക്രിസ്‌പാർ എന്ന ജീൻ എഡിറ്റിങ് ടെക്നോളജി ജെന്നിഫർ വികസിപ്പിച്ചെടുത്തു. റോസലിണ്ടയിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതെങ്കിലും, മറ്റൊരു റോസലിണ്ടയാവാൻ ജെന്നിഫർ തയ്യാറല്ലായിരുന്നു. വലിയൊരു പേറ്റന്റ് യുദ്ധത്തിന് ശേഷമാണ് ഈ വനിതകൾക്ക് ക്രിസ്‌പാർ വിദ്യയുടെ ഉപജ്ഞാതാക്കൾ എന്ന പദവി ലഭിച്ചത്. അങ്ങനെ 2020 ലെ രസതന്ത്ര നോബൽ സമ്മാനം ഇവർ പങ്കിട്ടു.”
എന്നത്തേയും പോലെ അവളുടെ ആ സംസാരത്തിന് മുന്നിൽ ഞാൻ തോറ്റ് നിന്നു.
ഞാൻ മനസ്സിൽ പറഞ്ഞു.
“വല്ല ഫുട്ബോളിനെക്കുറിച്ചോ ക്രിക്കറ്റിനെക്കുറിച്ചോ ആയിരുന്നെങ്കിൽ കാണിച്ച് കൊടുക്കാരുന്നു.ഹും”
2 replies on “ദി കോഡ് ബ്രേക്കേർസ്”
Oru Code ullath kondanu athine break cheyyenda gathikedum undavunnath!
Interesting read,Chetta☺
LikeLiked by 1 person
That’s true.. Thanku Ali😊😊
LikeLiked by 1 person