നിങ്ങൾ ആരെയെങ്കിലും ഭയപ്പെടുത്തിയിട്ടുണ്ടോ?
ശെ.. വെറുതെ തമാശയ്ക്കല്ലന്നേ. സീരിയസായിട്ട്?..
ഹാ…
ഞാൻ ഉണ്ട് കേട്ടോ…
ഈ വരികൾ വായിച്ചു തുടങ്ങുമ്പോൾ തന്നെ ഒരാളങ് ഭയപ്പെടും. ‘ലവൻ’ എന്തിനുള്ള പുറപ്പാടാണെന്നു കരുതി. അത് വിട്ട് കളാ.. ആ കാര്യത്തിൽ എനിക്കൊന്നും ഇനി ചെയ്യാൻ കഴിയില്ല.
ഒരിക്കൽ അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.
“എല്ലാവരുടെയും സ്വഭാവം ഒരുപോലെ ആയിരിക്കില്ല. അതാദ്യം നീ മനസ്സിലാക്ക്. കേട്ടോ..?”
അത് തന്നെ ഞാനും ഇപ്പോൾ പറയട്ടെ.
കാലം കൂടുതൽ തുറന്ന് കാട്ടുന്നു….
ഭയം….
“അതെന്താന്ന് നിനക്ക് അറിയാമോ?”
“അറിയാം. സ്വപ്നമാണ് ഭയം.”
“സ്വപ്നമോ? റബ്ബിഷ്.. എന്താ നീയ് പറയുന്നേ? രാവിലെ തന്നെ ഹൈയാണല്ലോ?”
“ഇന്നലെ കണ്ട സ്വപ്നമാണ് ഭയം.”
“ഡെയ്, നീ വല്ലോം മനസിലാകുന്ന രീതിയിൽ പറ. നീ പറയുന്നതിനെക്കാളും നല്ലത്, കാര്യങ്ങൾ എഴുതുമ്പോഴാണ്. അത് കൊണ്ട് നീ എഴുത്..”
(‘ഞാൻ’ എന്ന പ്രയോഗം എന്റെ എഴുത്തിൽ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നെ അംഗീകരിക്കാനുള്ള വിമുഖത മാത്രമായിരുന്നു അതെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ട്…)
💐💐💐💐💐💐💐💐💐💐💐💐💐💐
കണ്ണ് തുറന്നപ്പോൾ, അവൻ എന്നും കിടക്കാറുള്ള മുറിയിലല്ല. ജനൽ വഴി എത്തി നോക്കുന്ന നിലാവെളിച്ചത്തിൽ, മുന്നിലെ കാഴ്ചകളിൽ കുറച്ചൊക്കെ വ്യക്തതയുണ്ട്.
പെട്ടെന്ന്, കട്ടിലിന്റെ അങ്ങേ അറ്റത്ത് പുതച്ച് മൂടി കിടക്കുന്ന ഒരു രൂപം കണ്ട് അവൻ അത്ഭുതപ്പെട്ടു.
ആരാണതെന്ന് നോക്കാൻ അവൻ മെല്ലെ കൈ നീട്ടി.
അപ്പോൾ..
ചെറിയൊരു വാവ്വൽ കണക്കെ ഒരു പ്രാണി അവന്റെ മുഖത്തിന് നേരെ പാഞ്ഞടുത്തു. അവൻ തല വെട്ടിച്ചു.
ആ പ്രാണി മേശയിൽ കമന്ന് കിടക്കുന്ന ‘സാപ്പിയൻസിന്റെ’ മുകളിൽ ചെന്നിരുന്നു.
അവൻ അതിനെ കൂടുതൽ ശ്രദ്ധിച്ചു. ഏയ്..അതൊരു ചെല്ലിയല്ല, വവ്വാലുമല്ല. ചിറക് തന്നെ രണ്ട് ലയറായി ഉണ്ട്. രണ്ട് പ്രാണികൾ ഒന്നിൽ മറ്റൊന്ന് സൂപ്പർഇമ്പോസ് ചെയ്ത് വച്ചാൽ കിട്ടുന്ന ഒരു പ്രത്യേക രൂപമാണ് അതിന്. രണ്ട് തലയുണ്ടോ എന്ന് പോലും തോന്നിപ്പോകും.
അടുത്ത് കട്ടിലിൽ കിടക്കുന്ന രൂപത്തിലേക്ക് അവന്റെ ശ്രദ്ധ തിരിച്ചു വന്നു. അവൻ മെല്ലെ കൈകൾ നീട്ടി. ആ പുതപ്പിൽ തൊട്ടു. കമ്പിളിയുടെ മാർദ്ദവത്തോടൊപ്പം മുടിയിഴകളുടെ ഒരു തണുപ്പും അവൻ തിരിച്ചറിഞ്ഞു.
പെട്ടെന്ന് മേശ പുറത്ത് നിന്ന് വലിയൊരു ശബ്ദം. ആ പ്രാണിയുടെ മൂളൽ അവനെ ഞെട്ടിച്ചു.
ഇത് വല്യ ശല്യമായല്ലോ.
ആ പ്രാണിയെ കൊല്ലാൻ ആയുധം എന്തേലും അവൻ തിരഞ്ഞു.
ദാ.. കിടക്കുന്നു. ടോയ്ലറ്റ് കഴുകുന്ന ഒരു ബ്രഷ് കട്ടിലിന് സമീപം. അവനത് എടുത്തു.
ആ പ്രാണിയെ പുസ്തകത്തിൽ വച്ചു തന്നെ അടിച്ചു. പ്രാണിയ്ക്ക് പറക്കാൻ കഴിയുന്നതിന് മുൻപേ അതിന് അടി കിട്ടി. അതിന്റെ ചോര ആ പുസ്തകം മുഴുവൻ പടർന്നു.
പിന്നെ.. വളരെ ആകാംഷയോടെ അടുത്ത് കിടക്കുന്ന രൂപത്തിന്റെ പുതപ്പ് മാറ്റാൻ അവൻ കൈ നീട്ടി.
അപ്പോഴാണ് ആ പ്രാണി ചെറുതായി പിടയുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടത്. അവന് ആ പ്രാണിയോട് സഹതാപം തോന്നി. അതിനെ കൂടുതൽ കഷ്ടപ്പെടുത്താതെ കൊല്ലേണ്ടത് അവന്റെ കടമയാണെന്ന് അവൻ കരുതി.
വീണ്ടും അടിക്കാനായി അവൻ ഓങ്ങി.
പെട്ടെന്ന്, അവനെ ഭയപ്പെടുത്തികൊണ്ട്, ആ പ്രാണി സംസാരിച്ചു തുടങ്ങി.
“നിർത്ത്, ഹേ മനുഷ്യാ, എന്തിനാണ് എന്നെ കൊല്ലുന്നത്? എന്റെ വർഗ്ഗത്തിൽ പെട്ട എല്ലാത്തിനെയും നിന്റെ കൂട്ടർ കൊന്നു കഴിഞ്ഞു. ഞങ്ങൾ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്, മർക്കടസന്തതികളെ?”
അവന് ഒന്നും മറിച്ച് പറയാൻ കഴിഞ്ഞില്ല.
പ്രാണി തുടർന്നു..
“നിന്റെ ഈ ധാർഷ്ട്യമുണ്ടല്ലോ… ഒന്നും ചെയ്തിട്ടില്ല എന്ന് കരുതിയുള്ള ഈ ഇരിപ്പ്.. ഹോ.. നാണമില്ലേ? ഈ ഭൂമി എല്ലാവർക്കും കൂടി ഉള്ളതാ.. അത് നീയൊക്കെ കൈക്കലാക്കി. നിന്റെയൊക്കെ എതിരെ നിൽക്കുന്ന, നിനക്ക് ശല്യമാകുന്ന എന്തിനെയും നശിപ്പിച്ചോണ്ടുള്ള ഈ പോക്കുണ്ടല്ലോ… അത് ഒടുക്കത്തെ പോക്കാണ്..”
അവൻ ധൈര്യം സംഭരിച്ച് പറഞ്ഞു.
“ഞങ്ങൾ മനുഷ്യന്മാരെയാണ് ദൈവം ഏറ്റവും മികച്ചവന്മാരായി സൃഷിച്ചിരിക്കുന്നത്. ഞങ്ങൾക്ക് വേണ്ടിയാണ് ഈ ഭൂമി തന്നെ. നിങ്ങളൊക്കെ ഞങ്ങളെ സപ്പോർട് ചെയ്യാൻ ഉണ്ടാക്കിയവരാണ്.”
പ്രാണിയുടെ തലയിൽ നിന്ന് രക്തം ചീറ്റി. അത് പറഞ്ഞു തുടങ്ങി.
“ദൈവമോ.. ഛി.. അതരാണ്.. അതും നിങ്ങളുടെ ഭാവന തന്നെ അല്ലെ? അല്ലെങ്കിൽ തന്നെ സ്വാർത്ഥത മാത്രം കലർത്തിയ നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുന്നത് ചെകുത്താനല്ലേ? നിങ്ങളും ഞങ്ങളുമായി ഒരു വ്യത്യാസമേയുള്ളൂ. നിങ്ങൾക്ക് ഭാവനയിൽ എന്തും മേനയാം. അതിനെ വിശ്വസിച്ച് ജീവിക്കാം.”
“മനസ്സിലായില്ല”
“ഈ മതവും രാഷ്ട്രവും എല്ലാം തന്നെ നിങ്ങൾ ഉണ്ടാക്കിയ ഭാവനകൾ അല്ലെ? ആ കള്ളങ്ങളിൽ വിശ്വസിച്ച് നിങ്ങൾ സംഘടിച്ചു. സ്വന്തം സഹോദരന്മാരെ പോലും ഇല്ലാതാക്കി. അതാണ് നിങ്ങളുടെ ശക്തി . അതിൽ നിന്നാണ് നീയൊക്കെ ഇന്ന് കാണുന്ന എല്ലാം ഉണ്ടാക്കിയെടുത്തത്. വെറും ഭാഗ്യം. അത് വളരെ കുറച്ച് കാലത്തേയ്ക്കെ ഉണ്ടാവുകയുള്ളൂ എന്ന് നീ മനസ്സിലാക്കുക. നിങ്ങളുടെ മുൻപും ഇവിടെ പല വമ്പന്മാർ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പോൾ ഇല്ലാതായില്ലേ. അതു പോലെ നിങ്ങളും ഉടനെ നശിക്കും. നിങ്ങൾ കാരണം ഈ ഭൂമി നശിക്കുമെന്ന് നിങ്ങൾ തന്നെ വീമ്പ് പറയുന്നില്ലേ? അത് നിങ്ങളുടെ അഹംഭാവമാണ്. നിങ്ങളുടെ അന്ത്യമാണ് സുനിശ്ചിതം. ഭൂമി വീണ്ടും തളിർക്കും.. ഭൂമി നിങ്ങൾ ഇല്ലാതെയും ഒരുപാട് കാലം ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകും. ”
പ്രാണിയുടെ ശബ്ദം നിലച്ചു.
ആ നിശബ്ദതയിൽ കട്ടിലിൽ കിടക്കുന്ന രൂപത്തെ പോലും അവൻ ഭയപ്പെട്ടു.
അവൻ കണ്ണുകൾ മുറുക്കി അടച്ചു.
അന്ന് ആദ്യമായി ഉറക്കത്തിൽ നിന്ന് മറ്റൊരു ഉറക്കത്തിലേക്ക് വഴുതി വീണത് അവൻ തിരിച്ചറിഞ്ഞു.
NB:
“ഗുരു, ഞാൻ ഇന്നലെയൊരു സ്വപ്നം കണ്ടു. ഒരു ചിത്രശലഭമായി, ഞാൻ പറന്ന് ചെന്ന് ഒരു പൂവിൽ ഇരിക്കുന്നത്. എന്താണ് അതിന്റെ അർത്ഥം? ഗുരു , അങ് അടിയനോട് അരുളിയാലും.”
“മകനെ, സത്യത്തിൽ ആ ശലഭമാണ് നീ. ഒരു യുവാവിന്റെ രൂപത്തിൽ ഗുരുവിന്റെ മുന്നിൽ നിൽക്കുന്നത്, ആ ശലഭം കാണുന്ന ഒരു സ്വപ്നമാണ്..”
💐💐💐💐💐💐💐💐