ക്യാൻവാസ്

“പ്രണയം എന്താണെന്നാ തന്റെ അഭിപ്രായം?”

ആദിത്യനോട് ഡോക്ടർ ചോദിച്ചു.

അതിനെപ്പറ്റി ആലോചിക്കുന്ന ആ സമയം, ഡോക്ടറുടെ റൂമിലെ ഭിത്തിയിലെ ഒരു രവിവർമ്മ ചിത്രത്തിൽ അവന്റെ കണ്ണുകൾ ഉടക്കി. അവൻ യാന്ത്രികമായി പറഞ്ഞു.

“പ്രണയം ഒരു ചിത്രമാണ്.. ഒരു രവിവർമ്മ ചിത്രം പോലെ… ”

കുറച്ച് വർഷങ്ങൾക്ക് മുൻപ് അവന്റെ നേതൃത്വത്തിൽ കോളേജിൽ നടന്ന ഒരു എക്സിബിഷനിൽ ആ ചിത്രം ഉണ്ടായിരുന്നതാണ്. പക്ഷെ അതിലുപരി ആ ചിത്രത്തിന് അവന്റെ ജീവിതവുമായി എന്തോ ഒരു ബന്ധം ഉള്ളതായി അവന് ഇപ്പോൾ തോന്നുന്നു. അവൻ ദൃഷ്ടി ആ ചിത്രത്തിൽനിന്ന് പറിച്ചെടുത്തു. മനസ്സ് ഒരു അപ്പൂപ്പൻതാടിപോലെ തെന്നിപറന്നു. ഒരു നീണ്ട നിശ്ശബ്ദത അവൻ ആഗ്രഹിച്ചു. പക്ഷെ ഡോക്ടർ അതിന് തയ്യാറായിരുന്നില്ല. ഡോക്ടർ വളരെ കൗതുകം അഭിനയിച്ച് ചോദിച്ചു.

“ആഹാ… തനിക്ക് അൽപ്പം സാഹിത്യത്തിന്റെ ഏനക്കേടുണ്ടല്ലോ. ഇവിടെ ട്രീട്മെന്റിന് വരുന്ന പലർക്കും ഈ പ്രശ്നമുള്ളതാ. നമ്മുടെ ഉള്ളിനെ സ്പർശിച്ച് ഇതുപോലെ സംസാരിക്കുന്നത് കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. പ്ലീസ് കണ്ടിന്യു…”

ആദിത്യൻ അപ്പോൾ ആ മുറിയിലെ ഫ്രഞ്ച് വിൻഡോവിലൂടെ വെളിയിലേക്ക് നോക്കുകയായിരുന്നു. ഡോക്ടർ പറഞ്ഞത് അവൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ, അവന് ഒന്നും തന്നെ തുടർന്ന് പറയാൻ തോന്നിയില്ല.

ഡോക്ടർ തന്നെയാണ് തുടർന്നും സംസാരിച്ചത്.

“എന്നാൽ ഞാൻ പറയട്ടെ . പ്രണയം മനസ്സാകുന്ന ക്യാൻവാസിൽ വരയ്ക്കപ്പെടുന്ന ഒരു ചിത്രമാണ്. ഏത് രീതിയിൽ വേണമെങ്കിലും നമ്മുക്ക് വരയ്ക്കാം. ഇഷ്ടമുള്ള രൂപങ്ങൾ നമ്മുക്ക് ചേർക്കാം.. ഇഷ്ടമുള്ള നിറങ്ങൾ ചാർത്താം…രണ്ട് മനസ്സുകൾ ചേർന്ന് അതിന് ഇഷ്ടമുള്ള പശ്ചാത്തലം നമ്മുക്ക് ഒരുക്കാം….”

അവൻ ഡോക്ടറുടെ സംഭാഷണം തടസ്സപ്പെടുത്തി കൊണ്ട് പറഞ്ഞു.

“വേണ്ടാ…രണ്ട് വേണ്ടാ..ഒരാൾ തനിച്ചു വരയ്ക്കുന്നതായ മനോഹരമായ ചിത്രങ്ങളില്ലേ?”

ഡോക്ടർ മറുപടി പറഞ്ഞു.

“തനിച്ചും ഒരാൾക്ക് പ്രണയചിത്രങ്ങൾ വരയ്ക്കാം..പക്ഷെ അത് സ്വന്തം ചില്ലുക്കൂട്ടിൽ..”

വീണ്ടും ആദിത്യൻ ഡോക്ടറെ അത് മുഴുവിപ്പിക്കാൻ വിട്ടില്ല.

“മതി..സ്വന്തം ഫ്രെമിൽ. …സ്വന്തം ചില്ല് അലമാരയിൽ.. പൊടിപിടിക്കാതെ എന്നും തുടച്ച് … അങ്ങനെ…അങ്ങനെ…”

ഡോക്ടർ എഴുന്നേറ്റ് ചെന്ന് അവന്റെ ചുമലിൽ പിടിച്ചു. അവൻ സംസാരം നിർത്തി. അവന്റെ കണ്ണുകൾ ഡോക്ടറിന് നേരെ നീങ്ങി, ഡോക്ടറിൽ നിന്ന് എന്തോ ഒന്ന് കേൾക്കാൻ ആഗ്രഹിക്കുന്ന രീതിയിൽ.

ഡോക്ടർ അവനോട് പറഞ്ഞു.

“ആദിത്യാ, ഈ ലോകത്തിലേക്ക് നോക്കൂ. എത്ര എത്ര വർണ്ണങ്ങൾ, പൂക്കളായും ശലഭങ്ങളായും… മനുഷ്യനിലേയ്ക്ക് തന്നെ നോക്കൂ.. എത്ര നല്ല മനുഷ്യമനസ്സുകൾ.. ഒരു മനുഷ്യജീവിതം ഏതെങ്കിലും ഒരു വർണ്ണത്തെ ചില്ലുക്കൂട്ടിൽ അടച്ചുവച്ച് എന്തിനൊവേണ്ടി നഷ്ടപ്പെടുത്തേണ്ടതാണോ?”

ആദിത്യന്റെ കണ്ണുകൾ ആ രവിവർമ്മ ചിത്രത്തിൽ പിന്നെയും ഉടക്കി.

അവൻ ഡോക്ടർ പറഞ്ഞത് ഒന്നും കേട്ടിലെന്ന പോലെ പതിയെ മന്ത്രിച്ചു.

“പ്രണയം ഒരു ചിത്രമാണ്. ഒരു രവിവർമ്മ ചിത്രം.. ക്യാൻവാസിൽ നിറങ്ങൾ പതിഞ്ഞു കഴിഞ്ഞാൽ… പിന്നെ… മായ്ക്കാൻ സാധിക്കാത്തത്.”

ഡോക്ടർ തിരിച്ച് കസേരയിൽ ചെന്ന് ഇരുന്നു. എന്തൊക്കെയോ ഒരു പേപ്പറിൽ കുറിച്ചു. എന്നിട്ട് പറഞ്ഞു.

“ആദിത്യാ, ഇന്ന് ആദ്യ ദിവസമല്ലേ. നേരത്തെ നിർത്താം. അടുത്ത ആഴ്ച്ച വരുമ്പോൾ ഈ പേപ്പറും കൂടി കൊണ്ടുവരണം.”

റൂമിൽ നിന്ന് ആ പേപ്പറും കൈയിൽ പിടിച്ച് ഇറങ്ങുമ്പോൾ, അവസാനമായി ആ ചിത്രത്തിലേയ്ക്ക് തന്നെ അവൻ നോക്കുന്നുണ്ടായിരുന്നു.


NB :

പുരുരവസും ഉർവശിയും…

‘എങ്ങും ഇല്ലാത്ത ആ കണ്ടിഷൻസ് വച്ചപ്പോൾ തന്നെ നീ മനസ്സിലാക്കേണ്ടതായിരുന്നു, ആ ‘ആട്ടക്കാരി’ ചാടിപ്പോകാൻ ഉദ്ദേശിച്ചായിരുന്നു ഒപ്പം കൂടിയതെന്ന്.’

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: