ശംഭു വീട്ടിൽ നിന്നിറങ്ങി. ചിറ്റയുടെ വീട്ടിലേക്ക്… ചക്കപ്പുഴുക്ക് കൊടുക്കാനായി…അവൻ മുറ്റത്ത് എത്തിയപ്പോൾ, അടുക്കളയിൽ നിന്ന് അവന്റെ അമ്മച്ചി വിളിച്ച് പറഞ്ഞു.
“ചെക്കാ, വെട്ടം വല്ലോം എടുത്തോണം. ദേ.. നല്ലപോലെ ഇരുട്ടീട്ടുണ്ട്. ഇനിയീയിരിട്ടത്ത് കയ്യാലയൊന്നും ചാടി, നീയ് പോണ്ടാ, റോഡേ പോയാ മതി. കേട്ടോ?”
സമയം സന്ധ്യ കഴിയുന്നതെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ സമയം തെറ്റി വന്ന രാത്രി, അതിന്റെ ചവർപ്പുള്ള ഇരുട്ടിനെ നന്നായി പുതച്ചുനിന്നിരുന്നു; ആരോടോ പിണങ്ങിയിട്ടെന്നപ്പോലെ.
ശംഭു ധൃതിയിൽ പറഞ്ഞു.
“അമ്മച്ചി, മൊബൈലിന്റെ വെട്ടം ഉണ്ട്. ദാ പോയി, ദേ വന്നു.”
മഹാഭാരതത്തിന്റെ എപ്പിസോഡ് തീരുന്നതിന് മുൻപേങ്കിലും തിരിച്ചെത്തണം. ശംഭു മനസ്സിൽ കണക്കുകൂട്ടി.
ഫ്ർ ഫ്ർ…
ഫ്ർ ഫ്ർ…
(കാഞ്ഞിരപ്പള്ളി കോടതി മുറിയിലെ ഫാൻ കറങ്ങുന്ന ഒച്ചയാണെ. കഴിഞ്ഞ ഭാഗത്തിൽ പറയാൻ മറന്നോ എന്നൊരു സംശയം.)
നന്ദഗോപാൽ മാരാരുടെ ഡയലോഗ് കുറച്ചൊക്കെ കാണാപ്പാഠം പഠിച്ചായിരുന്നു ശംഭു അന്ന് കോടതിയിൽ എത്തിയത്.
ഷാൾ ഐ റിമെൻഡ് യു സമ്തിങ്...
അതോന്നും പക്ഷെ, ഉപയോഗിക്കാൻ അവസരമായില്ലെന്ന് അവന് തോന്നി.
ആ പോലീസ് ജീപ്പിന്റെ വെട്ടത്തിൽ കുരുത്ത കുറെ നിഴലുകൾ, അവയ്ക്ക് പതിഞ്ഞിരിക്കാനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞിരുന്നു.
കൊണ്സ്റ്റബിൾ സത്യപാലൻ പ്രഭാകരൻ സാറിനോട് രഹസ്യത്തിൽ പറഞ്ഞു.
“സാറേ, ചെക്കൻ അത്ര പാവമൊന്നുമല്ല. കണ്ടില്ലേ, അവന്റെ കാവിമുണ്ട് മടക്കി തന്നെയുള്ള ആ നിൽപ്പ്. പേടിയൊക്കെ വെറും അഭിനയമാ സാറേ.”
ആ പയ്യന്റെ അടുത്തേയ്ക്ക് വന്ന് പ്രഭാകരൻ സാറ് ചോദിച്ചു.
“ശംഭു എന്നല്ലെ പേര് പറഞ്ഞെ. മോന് എത്ര വയസ്സായി.”
അവനെ വീട്ടിൽ വിളിക്കുന്ന പേരായിരുന്നു അത്. അപ്പോൾ ഉണ്ടായ പേടി കാരണം ശരിയായ പേരായിരുന്നില്ല, ചോദിച്ചപ്പോൾ അവൻ പറഞ്ഞത്. ഇനി തിരുത്തിയാൽ സാറുമാര് ചീത്ത പറഞ്ഞാല്ലോ. ശംഭു അത് തിരുത്താൻ പോയില്ല.
അവൻ പറഞ്ഞു.
“ചേട്ടാ… അയ്യോ അല്ല… സാറേ, പതിനെട്ട്”
അത് കേട്ടപ്പാടെ, സത്യപാലൻ ആവേശത്തോടെ പ്രഭാകരൻ സാറിനോട് ചോദിച്ചു.
“സാറേ, പിഴ ചുമ്മത്തട്ടെ?”
ഇരുട്ടിന്റെ ദാക്ഷിണ്യം കാംഷിച്ച്, എന്ത് ചെയ്യണമെന്നറിയാതെ ശംഭു ആ വഴിയിൽ വിരണ്ട് നിന്നു.
ഒരു കൈയിൽ ചക്കപ്പുഴുക്കിന്റെ ഒരു ചെരുവം. മറ്റേ കൈയിൽ മൊബൈലിൽ നിന്ന് വരുന്ന പ്രകാശം. വീടിന്റെ മുന്നിലെ റോഡിൽ ശംഭു പെട്ടന്ന് എത്തി. അവന്റെ മനസ്സിൽ ഇന്നലെ കേട്ട ഒരു പാട്ട് ഓർമ്മ വരുന്നു.
“🎶🎶മരിയേടമ്മേടെ ആട്ടിൻ കുട്ടി, മണിയന്റമ്മേടെ സോപ്പുപ്പെട്ടി……. ഹേ ഹേ…………………………..🎶🎶”
അപ്പോഴാണ് ഒരു വണ്ടിയുടെ പ്രകാശം അവന്റെ കണ്ണിലേയ്ക്ക് അടിക്കുന്നത്.
ദൈവമേ… പോലീസാണല്ലോ… ബ്‌ര് ബ്‌ര്..
ശെടാ.. കുറച്ച് നാളായി എന്നും മാസ്‌ക് വച്ചെ ശംഭു വെളിയിൽ ഇറങ്ങാറുണ്ടായിരുന്നുള്ളൂ. പക്ഷെ കറക്ടായി ഇന്ന് തന്നെ.. മറന്നു.
ഹാ..അത് പിന്നെ അങ്ങനെയാണെല്ലോ.
അവന് കൂടുതൽ ആലോചിക്കാനുള്ള സമയം കിട്ടിയില്ല.
ശംഭുവിന്റെ മുന്നിൽ ജീപ്പ് നിർത്തി.
അവന്റെ കൈയിലിരുന്ന ഓപ്പോ മൊബൈൽ ഫോൺ, അവൻ മുണ്ട് മടക്കിക്കുത്തിയതിലേയ്ക്ക് ഇട്ടു. ഇനി വല്ല രാജ്യദ്രോഹക്കുറ്റവും ആരോപിച്ചു പിടിച്ചാല്ലോ എന്ന് കരുതിയാവുമോ, അവൻ അത് ഒളിപ്പിച്ചത്? ഏയ്… അത്രയ്ക്കുള്ള വിവരം ശംഭുന് ഉണ്ടോ!
ശംഭുവിനെ,രാത്രിയുടെ ആർക്കും തിരിച്ചറിയാൻ പറ്റാത്ത ആ പരിഹാസത്തെ ഏൽപ്പിച്ചിട്ട്, ആ പോലീസ് ജീപ്പിന്റെ വെട്ടം അകന്ന് പോയി.
പോലീസ് ഏമാന്മാർ കൊടുത്തിട്ട് പോയ എന്തോ ഒന്ന് ശംഭുവിന്റെ കൈയിലിരുന്ന് വിറകൊണ്ടു…
——-//———//———–//———-//———-//—–
നോട്ടീസ്
COVID 19 പകർച്ചവ്യാധി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലത്ത് എത്തുന്ന എല്ലാവരും യുക്തമായ മുഖാവരണം (മാസ്‌ക്) ധരിക്കണമെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കെ, ആയതിൽ വിരുദ്ധമായി താങ്കൾ ശംഭു age 18 , S/O രഘുവരൻ, പൊന്നാണിക്കൽ (H), 26/6/2020 തീയതി 6.55pm മണിക്ക് കോത്തലപ്പടി എന്ന സ്ഥലത്ത് മാസ്‌ക് ധരിക്കാതെ കാണപ്പെട്ട് sec 290 IPC പ്രകാരം കുറ്റം ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യത്തിൽ കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്ന് സമൻസ് ഉത്തരവാകുന്ന മുറയ്ക്ക് താങ്കൾ ബഹു. കോടതിയിൽ ഹാജരായി പിഴ ഒടുക്കേണ്ടതാണ് എന്ന വിവരം താങ്കളെ അറിയിക്കുന്നു.
നോട്ടീസ് കൈപ്പറ്റി
(ഒപ്പ്)
SHO/ സബ്
ഇൻസ്‌പെക്ടർ
(ഒപ്പ്)
——-//———//———–//———-//———-//—–
(തുടരും..)
ഭാഗം-3 വായിക്കൂ @
http://sreekanthan.in/2020/07/10/objection_your_honour_03/
3 replies on “ഒബ്ജക്ഷൻ യുവർ ഓണർ (ഭാഗം-2)”
Jeevithathil ninn adarthi edutha oru cheelu aayrikum.. Llyo😂
LikeLiked by 1 person
വേറൊരാളുടെ അനുഭവം കണ്ടപ്പോൾ, നമ്മുക്കും ഇങ്ങനെയൊക്കെ സംഭവിക്കാമല്ലോ എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ചീള്..😆
LikeLike
Ohh ath.. Okk🤣
LikeLiked by 1 person