ശ്രീനാഥിന്റെ കൈ പിടിച്ച് കൊണ്ട് സിസ്റ്റർ മേരി ചോദിച്ചു.
“മോനെ, നിനക്ക് ഇപ്പൊ കുഴപ്പം ഒന്.. ..ലോ? അച്ഛ അമ്മ സുഗ്മ..ലെ.?”
വ്യക്തമാകാത്ത ആ ശബ്ദങ്ങളെ തിരിച്ചറിഞ്ഞ്, ശ്രീനാഥ് വളരെ വിനയത്തോടെ മറുപടി പറഞ്ഞു.
“ദൈവം സഹായിച്ച് എല്ലാം നല്ല രീതിയിൽ പോകുന്നു, സിസ്റ്റർ.”
“ന്..ന്റെ അമ്മടെ അച്ചായ്… ടെ പ്രാത്- നയാണ് നീ ഇന്…”.
സിസ്റ്ററിന് അത് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല. ഒരു ചുമയിലായിരുന്നു ആ ശ്രമം അവസാനിച്ചത്.
ശ്രീനാഥ് ആ വാക്കുകൾ ഏറ്റെടുത്ത് തുടർന്നു.
“അറിയാം. സിസ്റ്റർ.. പക്ഷെ അവരോട് എങ്ങനെ ഞാൻ കടപ്പെടും. അവര് രണ്ടു പേരും തന്നെയല്ലെ, ഈ ഞാൻ.”
സിസ്റ്റർ കുറച്ച് നേരം ജനലിലൂടെ വെളിയിലേക്ക് നോക്കി കിടന്നു, ഒന്നും മിണ്ടാതെ..കൈയിൽ ഒരു കൊന്തമാല.. എന്തോ ജപിക്കുന്നുമുണ്ട്…
ശ്രീനാഥ് അപ്പോൾ മീരയെ നോക്കി.
മീര പറഞ്ഞു.
“സിസ്റ്റർ ഇപ്പോൾ ഇങ്ങനെയാണ്. കുറച്ചു നേരമേ സംസാരിക്കൂ. അതു കഴിഞ്ഞ് ഇതുപോലെ പ്രാർത്ഥിച്ചും, എന്തോ ചിന്തിച്ചുമൊക്കെയിരിക്കും..”
ശ്രീനാഥ് ആലോചിച്ചു. തന്റെ ഈ ജീവിതത്തിലൂടെ സിസ്റ്ററിനെ പോലെയുള്ള വ്യക്തികൾ കടന്ന് പോയിട്ട്, താൻ ഇത്രനാളും അറിയാതിരുന്നത് എത്ര നിർഭാഗ്യകരമാണ്. ഈ അവസരം താൻ നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ… ഭിത്തിയിൽ എവിടൊയിരുന്ന ഒരു പല്ലി ചിലച്ചു.
അപ്പോഴാണ് റൂമിലേയ്ക്ക് രണ്ട് സിസ്റ്റർമാർ കടന്ന് വന്നത്. മീരയായിരുന്നു ശ്രീനാഥിനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തത്. അവളുടെ ചേട്ടനാണെന്ന കാര്യം, വലിയ അവകാശത്തോടെയാണ് അവൾ അവരോട് പറഞ്ഞത്. അത് കേട്ടപ്പോൾ ശ്രീനാഥിന് അവന്റെ അമ്മയും ചേച്ചിയും അവിടെ, അപ്പോൾ തന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. അവൻ ‘മനസ്സ് നിറയുക’ എന്ന പ്രയോഗം അന്നുവരെ എവിടെയൊക്കെയോ വായിച്ചു മനസ്സിലാക്കിയിട്ടെ ഉണ്ടായിരുന്നുള്ളൂ. ശ്രീനാഥിനെ കുറിച്ച് മീരയ്ക്ക് ഇത്ര ഒക്കെ കാര്യങ്ങൾ അറിയാമെന്ന് അവൻ പോലും വിചാരിച്ചിരുന്നില്ല.
കുറച്ച് സമയം അങ്ങനെ കടന്നു പോയി. റൂമിലെ ക്ലോക്ക് പതിനൊന്നടിച്ചു.
ഇപ്പോൾ സിസ്റ്റർ മേരി ശ്രീനാഥിനെ നോക്കി കിടക്കുകയാണ്. എന്തോ അവനോട് പറയാൻ ശ്രമിക്കുന്നത് പോലെ…. ശ്രീനാഥ് സിസ്റ്ററിന്റെ അടുത്തേയ്ക്ക് കൂടുതൽ ചേർന്ന് ഇരുന്നു.
ശ്രീനാഥ് മീരയെ നോക്കി. അവളും സിസ്റ്ററിന്റെ അടുത്തേയ്ക്ക് ചേർന്ന് നിന്നു.
സിസ്റ്റർ തലയണയുടെ അടിയിൽ നിന്ന് എന്തോ ഒന്ന് എടുക്കാൻ ശ്രമിക്കുന്നു. മീര സിസ്റ്ററിനെ സഹായിച്ചു. ഒരു ബൈബിളും ഒരു താക്കോൽക്കൂട്ടവും … സിസ്റ്ററിന്റെ കൈയിൽ മീര എടുത്തു കൊടുത്തു.
ആ താക്കോൽക്കൂട്ടം സിസ്റ്റർ ശ്രീനാഥിന്റെ കൈയിൽ കൊടുത്തു. എന്നിട്ട് റൂമിലുള്ള ഒരു തടി അലമാരിയിലേയ്ക്ക് നോക്കി. അതിൽ നിന്ന് എന്തോ എടുക്കാനാണ് പറയുന്നതെന്ന് ശ്രീനാഥ് മനസ്സിലാക്കി.
അവൻ ആ അലമാരിയുടെ അടുത്തേയ്ക്ക് ചെന്നു. ഓരോ താക്കോലും ആ താഴിലിട്ട് തുറക്കാൻ ശ്രമിച്ചു.
അതിൽ കുരിശിന്റെ രൂപത്തിലുള്ള ഒരു താക്കോൽ അവൻ പ്രത്യേകം ശ്രദ്ധിച്ചു. അവൻ ആ താക്കോൽ ഇട്ട് തിരിച്ചുനോക്കി.
ഒരുപാട് കാലം തുറക്കാതിരുന്ന ഒരു അലമാരിപോലെ, വലിയൊരു കരച്ചിലിനൊപ്പം അത് മെല്ലെ ശ്രീനാഥിന്റെ മുന്നിൽ തുറക്കപ്പെട്ടു.
(എന്തായിരിക്കും അതിൽ?)
ഭാഗം -5 വായിക്കൂ @
2 replies on “ഭഗിനി (ഭാഗം – 4)”
പൊന്നു ശ്രീകു … ഇങ്ങനെ suspense വക്കല്ലെ….
ഒരു series final episode ഇറങ്ങാതെ കണ്ട് തുടങ്ങാത്ത എന്നോടോ ബാലാ….
LikeLiked by 1 person
😆😉
LikeLike