അവരോഹണം ഭാഗം – 2

എന്താണ് മരണം?

സ്ഥലകാല ബന്ധനങ്ങളിൽപ്പെട്ട് ഇഴയാൻ വിധിക്കപ്പെട്ട ഒരു ജീവിതത്തിൽ നിന്നുള്ള വിടുതലാണ് മരണം. പിന്നെ എന്തിനാണ് നമ്മൾ ഈ ജീവിതത്തെ ഇത്ര വലിയ അമൂല്യ വസ്തുവായി കാണുന്നത്? അജ്ഞതയായിരിക്കാം അതിന് കാരണം. മരണത്തിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞത.

എന്നാൽ പീറ്ററിന് മരണത്തിന് മുൻപോ അതിന് ശേഷമോ ഒരു പ്രതീക്ഷയും ഇല്ലായിരുന്നിരിക്കണം. ആ നിസ്സംഗനായുള്ള പെരുമാറ്റം തന്നെയാണ് ഗർവാസിസ് അച്ഛനെ പ്രാർത്ഥന മുഴുപ്പിക്കാതെ തിരികെ പോകുവാൻ നിർബന്ധിച്ചത്.

ഉച്ചയ്ക്ക് ഭക്ഷണം കൊണ്ട് വന്നത് വാസൂട്ടൻ തന്നെയായിരുന്നു.

പീറ്ററിന് ഇന്ന് ഒന്നും കഴിക്കാൻ തോന്നുന്നില്ല. അല്ലെങ്കിലും അവൻ വേണ്ടിട്ടല്ല എന്നും കഴിച്ചിരുന്നത്…. അവന് വിശപ്പിലാഞ്ഞിട്ടല്ല. ആ വിശപ്പിന് ഭക്ഷണവുമായി യാതൊരു ബന്ധവുമില്ലെന്നവൻ മനസ്സിലാക്കിയിരുന്നു.

വാസൂട്ടനോട് കഞ്ഞി വിളമ്പിയത് മതിയെന്ന്, കൈ അഴികളിൽ തട്ടിക്കൊണ്ട് പീറ്റർ ആംഗ്യത്തിൽ പറഞ്ഞു.

അതിന് മറുപടി നൽകിയത് ആ പോലീസ്യെമാനായിരുന്നു.

“ടാ.. നന്നായി ഭക്ഷണം കഴിക്കാനാ ഡോക്ടർ പറഞ്ഞെ. പുള്ളി ചെക്കപ്പിന് വൈകിട്ട് വരുമ്പോൾ പ്രശ്നമുണ്ടാക്കാതെ വല്ലതും കഴിക്കടാ.”

വാസൂട്ടൻ പാത്രത്തിൽ ഒരു തവി കഞ്ഞിയും കൂടി വിളമ്പി. പക്ഷെ അതിൽ വറ്റ് വളരെ കുറവായിരുന്നു. വാസൂട്ടന്റെ കണ്ണുകളിൽ ഒരു സഹതാപം നിഴലിച്ചിരുന്നു.

പോലീസ്യെമാൻ പീറ്ററൊട് ചോദിച്ചു.

“ടാ, രാത്രിലെത്തേയ്ക്ക് എന്തെങ്കിലും സ്‌പെഷ്യൽ വേണോ? ലാസ്റ് സപ്പർ നമ്മുക്ക് സെലിബ്രേറ്റ് ചെയ്യേണ്ടേ?”

പീറ്ററെ മരണത്തിലേയ്ക്ക് ചേർക്കാൻ വല്ലാത്തൊരു ഉത്സാഹമാണ് ആ ജയിലിലെ ചില പൊലീസ്കാർക്ക്. ആ കഴുകൻ കണ്ണുകളെ പീറ്ററിന് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ ഇപ്പോൾ പറ്റുന്നുണ്ട്.

യെമാൻ തുടർന്നു.

“ടാ..*** .. ഇപ്പൊ പറഞ്ഞില്ലേൽ കിട്ടുകേല… കടയിൽ ചരക്ക് എടുക്കാൻ പോകുനെന്ന് മുന്പേലും പറയണം, കേട്ടോടാ?”

ഇനി ഒന്നിനെയും തന്റെ ജീവിതത്തിൽ സ്‌പെഷ്യലായി കാണാൻ കഴിയില്ലെന്ന് പീറ്ററിനറിയാം? അല്ലെങ്കിൽ തന്നെ, ഒരുക്കാലത്തും നല്ല രീതിയിൽ ഭക്ഷണം കഴിച്ചതായി ഇന്ന് അവൻ ഓർക്കുന്നില്ല. ഭക്ഷണത്തിന്റെ രുചികൾ അവനിൽ നിന്നും എന്നോ അകന്നുപോയിരുന്നു. അവനിനി രുചിച്ചുനോക്കാൻ കഴിയുന്നത് മരണത്തിന്റെ ആ രുചി മാത്രമെന്ന് അവൻ മനസ്സിലാക്കുന്നു. (ആ രുചി അരുചിയാണോ? ആ..)

പീറ്റർ അവന് കിട്ടിയ ആ കഞ്ഞിയിൽ, മുഴുവനരയാത്ത ചമ്മന്തി ഇളക്കിക്കൊണ്ടിരുന്നു.


ഗർവാസീസ് അച്ഛൻ പ്രാർത്ഥിക്കാനായി അവനെ ഏൽപ്പിച്ച സങ്കീർത്തനത്തിന്റെ ആ പുസ്തകം, തറയിൽ ഒരു മൂലയിൽ ശവമായി കിടക്കുന്നു.

പീറ്റർ അവിടുന്ന് അതെടുത്ത് മെല്ലെ അതിന്റെ താളുകൾ പുറകോട്ട് മറിച്ചു.

പഴയ പുസ്തകത്താളുകൾ മറിക്കുമ്പോൾ അനുഭവപ്പെടുന്ന മണം അവന് ഇഷ്ടമായിരുന്നോ? എന്തായാലും അവന് ഇന്ന് ഒരു മണവും അനുഭവപ്പെടുന്നില്ല. മരണത്തിന്റെ മണം അവനെ ബാക്കിയുള്ളതിൽ നിന്ന് അകറ്റിയതാവാം.

പീറ്ററിന് ആ തടവറയിലെ ചുമരിൽ എന്തെങ്കിലുമൊക്കെ കോറിയിടണം എന്ന് തോന്നുന്നു. അവന്റെ സർഗാത്മകത പ്രകടിപ്പിക്കുവാനുള്ള അവസാനത്തെ ഒരു ത്വര. ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും അടയാളങ്ങൾ വേണ്ടേ?

അവൻ തന്റെ നഖംകൊണ്ട് ആ ചുമരിൽ വരച്ചു . പക്ഷേ വരച്ച രൂപങ്ങളെല്ലാം അവസാനം പല വൃത്തങ്ങളായി മാറി. ഓരോ വൃത്തങ്ങളും വളരെ വേദനയോടെയാണവൻ കൂട്ടി യോജിപ്പിച്ചത്.

വൃത്തങ്ങൾ… കുരുക്കില്ലാത്ത ആ വൃത്തങ്ങൾ ആ ഉച്ചവെളിച്ചത്തിൽ കത്തുന്നതായി പീറ്ററിന് തോന്നി.


താക്കോൽ കൂട്ടം കരയുന്ന ശബ്ദം കേട്ടാണ് അവർ തലയുയർത്തി നോക്കിയത്….ഹാ.. പോലീസ്യെമാൻ ആയിരുന്നു. കൂടെ റോയ് ഡോക്ടർ .

ഇവിടെ, ഈ ജയിലിൽ പീറ്ററെ മനുഷ്യനായി പരിഗണിക്കുന്ന ചുരുക്കം ചിലരിലൊരാളാണ് റോയ് ഡോക്ടർ.

ക്രിമിനലുകളുമായാണ് ഇടപെടുന്നതെങ്കിലും എന്നും പ്രസാദമുള്ള ഒരു മുഖവുമായാണ് റോയി ഡോക്ടറെ മുന്നിൽ വരുന്നത്. എന്നാൽ ഇന്ന് റോയി ഡോക്ടറുടെ മുഖത്ത് വല്ലാത്തൊരു ഭാവം.

അത് അസഹിഷ്ണുതയുടെയാണോ? പീറ്ററോടായിരിക്കില്ല. മരണത്തോടുള്ള അസഹിഷ്ണുതയാവണമത്. ഒരു കാര്യം ഡോക്ടർ മനസ്സിലാക്കണം, മരണവും പീറ്ററും ഒരാളാകാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രം ബാക്കി.

ഡോക്ടർ അവന്റെ കണ്ണുകൾ പരിശോധിച്ചു.

എന്തൊക്കെയോ കൈയിൽ കരുതിയ നോട്ടിൽ കുത്തിക്കുറിച്ചു.

“രാത്രി നന്നായി ഭക്ഷണം കഴിച്ചോണം. ഞാൻ കുറച്ചു കഴിഞ്ഞു ഇന്നുതന്നെ ഒന്ന് കൂടി വരുന്നുണ്ട്.”

എന്തൊരു വിരോധാഭാസം. തൂക്കിലേറ്റുമ്പോൾ ഒരുവൻ പൂർണ ആരോഗ്യവാനായി ഇരിക്കണം പോലും. നീതിവ്യവസ്ഥിതിയുടെ ധാർഷ്ട്യമല്ലേയത്?

മരണത്തിനു പോലും ഇത്ര ധാർഷ്ട്യമില്ലല്ലോ…ഹും..

ഡോക്ടർ നടന്നകന്നു . ആ കാൽ പെരുമാറ്റം മരിക്കുന്നത് പീറ്റർ ശ്രദ്ധിച്ചു കേട്ട് നിന്നു.

(തുടരും..)

ഭാഗം – 3

http://sreekanthan.in/2020/06/09/avarohanam_3/


NB :

സദയം

സംവിധാനം -സിബി മലയിൽ

തിരക്കഥ – എം.ടി. വാസുദേവൻ നായർ (1993 ലെ ദേശീയ അവാർഡ് നേടിക്കൊടുത്ത തിരക്കഥ).

തൂക്കിലേറ്റാൻ വിധിക്കപ്പെട്ട ഒരു ആർട്ടിസ്റ്റ് കൂടെയായ സത്യനാഥനെന്ന (മോഹൻലാൽ) കഥാപാത്രം..

ആ സിനിമയിലെ ഒരു രംഗം.(ജയിലിൽ)

ഡോക്ടർ : “ഒരാളുകൂടി മരിക്കുന്നത് കൊണ്ട് നഷ്ടം വന്നവർക്ക് ഒന്നും കിട്ടുന്നില്ലല്ലോ… നമ്മുക്ക് ദയാ ഹർജി കൊടുക്കാം.”

സത്യനാഥൻ : “സാർ. ഈയിടെയായി ഉറങ്ങാൻ പറ്റുന്നില്ല. നിറം മങ്ങിയാൽ മാറ്റാം. കളർ സ്കീം തന്നെ ബോർഡ് എഴുത്തില് മാറ്റാം. അതാണ് ആലോചനയിൽ വരുന്നത്……………. ഒന്നു കൂടി മാറ്റി വരക്കാൻ ചാൻസ് ഇല്ലല്ലോ, ……. മനുഷ്യന്മാർക്ക് ജീവിതത്തില്. ഒരു സെക്കന്റ്കോട്ട് ഇടാൻ വയ്യ. ടച്ചപ്പിനും സമയമില്ല..”


ഭാഗം – 3

http://sreekanthan.in/2020/06/09/avarohanam_3/

1 thoughts on “അവരോഹണം ഭാഗം – 2

Add yours

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑