“ടാ, ഉണ്ണികൃഷ്ണാ..നമ്മൾ?”
Edward Memorial Govt VHSS ലെ ആ 5 ആം ക്ലാസ് A ഡിവിഷനിലെ പിൻ ബെഞ്ചിൽ നിന്നു അവൻ എന്നെ ഇങ്ങനെ വിളിച്ചപ്പോൾ ഞാൻ മെല്ലെ തിരിഞ്ഞു നോക്കി…അന്ന് എന്റെ മുഖത്തു ഉണ്ടായിരുന്ന ഭാവം ദേഷ്യം ആയിരുന്നോ അതോ കള്ളത്തരത്തിന്റെത് ആയിരുന്നോ എന്ന് എനിക്ക് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല…എന്നാൽ അവന്റെ ആ പരിഭ്രമിച്ചുള്ള ആ മുഖം ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു..
ആ വിളിയും ആ മുഖവും ഇന്നും ഞാൻ ഓർത്തുവെക്കാനുള്ള കാരണം എന്താണ്???
അതെ… കുറ്റബോധം..അതാണ് മനുഷ്യന്റെ പല ഓർമകളെയും നിലനിർത്തുന്നത് എന്ന് തോന്നുന്നു…മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് വിൻസെന്റ് ഗോമസേട്ടൻ ആണ് പറഞ്ഞതെങ്കിലും ഞാൻ അതു എന്റെ 5ആം ക്ലാസ്സിൽ തന്നെ പ്രാവർത്തികമാക്കി കാണിക്കുകയുണ്ടായി..
സംഭവം ഞാൻ വ്യക്തമാക്കാം…
ഒരു ഫ്രീ പീരിയഡ് കിട്ടിയതിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം..അത് സ്കൂൾ ജീവിതത്തിൽ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഡ്രിൽ പീരിയഡ് ആക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു..സാധാരണ ഡ്രിൽ പീരിയഡ്കളിൽ ഞങ്ങൾ ഏറുപന്തോ കബഡിയോ ആവും കളിക്കുക..എന്നാൽ അന്ന് പതിവിന് വിപരീതമായി ഞങ്ങൾ ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ചു.
ഞങ്ങൾ തകർത്തു കളിച്ചു കൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല..ഇന്റർവെല്ലിന് ബെൽ അടിച്ചു..തുടർന്ന് കളിക്കാൻ എല്ലാ ക്ലാസ്സിലെയും കുട്ടികൾ ഗ്രൗണ്ടിൽ എത്തി….ആ ഗ്രൗണ്ടിന്റെ പലഭാഗങ്ങളായി പല ക്രിക്കറ്റ് പിച്ചുകൾ ഉണ്ടായി..ഒരു പിച് ഞങ്ങൾ കളിക്കുന്ന പിച്ചിന് കുറുകെ പോലും ഉണ്ടായിരുന്നു….അത്രയ്ക്ക് തിരക്കായി ക്രിക്കറ്റ് കളിക്കാൻ..
ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സിൽ കയറിയപ്പോഴാണ് ആ വാർത്ത ഞങ്ങൾ അറിഞ്ഞത്..കളിക്കുന്നതിനിടക്ക് ബാറ്റു കൊണ്ടു ഏതോ ഒരു കുട്ടിയുടെ തല പൊട്ടി…സ്വാഭാവികമായും ഞങ്ങൾ ക്രിക്കറ്റ് കളിച്ച എല്ലാവരും ആ കേസിൽ പ്രതികളായി..PT മാഷാണ് ഞങ്ങളുടെ ക്ലാസ്സിൽ തെളിവെടുപ്പിനായി വന്നത്…(subject ഉപയോഗിച്ച് ടീച്ചർമാരെ അഭിസംബോധന ചെയ്യരുതെന്ന മിനി ടീച്ചറുടെ ഉപദേശം ഞാൻ മറന്നതല്ല😢...ഇതാണ് എഴുത്തിനു യോജിച്ചതെന്നു വിചാരിച്ചതുകൊണ്ടാണ്.മാപ്പ്..)
PT മാഷിന്റെ കാര്യം പറഞ്ഞാൽ ഒട്ടുമിക്ക മാഷുമാരെ പോലെ 3 ആം കൈയായി ഒരു വടി എപ്പോഴും കൂടെ കാണും..ആ മാഷിന്റെ കൈയിൽ നിന്ന് അടികിട്ടാത്തവരായി ആരും കാണില്ല..എനിക്ക് പോലും..
അയ്യോ..തെറ്റിധരിക്കേണ്ട..എനിക്ക് പോലും എന്നു പറഞ്ഞത് ഞാൻ ആയിരുന്നു ക്ലാസ് ലീഡർ. അതുകൊണ്ടാണ്. എനിക്ക് അടികിട്ടിയ ആ കഥയും ഇവിടെ പറഞ്ഞേക്കാം….
ഒരു ദിവസം ക്ലാസ്സിൽ വലിയ കോലാഹലം നടന്നു കൊണ്ടിരിക്കുകയാണ്..പേര് എഴുതുവാനായി മേശയ്ക്ക് അരികിൽ നിൽക്കുകയായിരുന്ന ഞാൻ നിസ്സഹായനായിരുന്നു….എന്റെ നിസ്സഹായാവസ്ഥ കണ്ടു എന്നോട് അലിവ് തോന്നി മിണ്ടാതിരിക്കുന്ന ഒരാളെ ഉണ്ടായിരുന്നുള്ളൂ ക്ലാസ്സിൽ…എന്റെ സുഹൃത്തു ജോർജ്…ആ സമയം നമ്മുടെ PT മാഷ് ക്ലാസ്സിൽ കയറി വരുകയും എന്നോട് മിണ്ടിയവരുടെ പേര് വായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു..പണ്ടേ ഞാൻ ഒരു ‘പുത്തിമാൻ’ ആയിരുന്നു..ഞാൻ പറഞ്ഞു..
“സാറേ, ഞാനും ജോർജും ഒഴിച്ചു ബാക്കി എല്ലാവരും മിണ്ടി”
അതു പറഞ്ഞു ഞെളിഞ്ഞു നിൽക്കുന്ന എന്നെ ആണ് സാർ ആദ്യം തലിയത്..കൃത്യവിലോപം നടത്തിയതിന്..പ്ലിങ്..
അത് പോട്ടെ..അതു കഴിഞ്ഞു ഞാൻ അദ്ദേഹത്തിന്റെ വടി എന്റെ മേൽ പതിക്കാൻ ഇടവരാതെ ഞാൻ നോക്കിയിട്ടുണ്ട്..
അതിനാണ് അന്ന് ഭീഷണി ഉയർത്തിക്കൊണ്ടു ക്രിക്കറ്റ് കളിച്ചെന്ന ആരോപണ വിധേയനായി ഞാനും എന്റെ കൂട്ടുകാരും ക്ലാസ്സിൽ എഴുന്നേറ്റു നിൽക്കുന്നത്..
ഞങ്ങൾ നിരപരാധിത്വം തെളിയിക്കുന്നതിനായി നിരവധി വാദമുഖങ്ങൾ സാറിന് മുന്നിൽ അവതരിപ്പിച്ചു..എന്തായാലും അതിൽ ഒരെണം സാറിനു കുഴപ്പം ഇല്ലെന്ന് തോന്നി..അത് ഇതായിരുന്നു.
“സാറേ, ഞങ്ങൾ ഡ്രിൽ പീരിയഡ് ആണ് കളിച്ചത്..ഇന്റർവെൽ ആയപ്പോഴേക്കും കളി നിർത്തിയിരുന്നു.”
ഞാൻ ആയിരുന്നോ ആ വാദം മുന്നോട്ടു വച്ചത് ?..ആ….ഓർമ്മയില്ല.. എന്തായാലും ഡ്രിൽ പീരിയഡ് മാത്രം കളിച്ചവരോട് മാഷ് ഇരിക്കാൻ പറഞ്ഞു..
കുറ്റബോധവും യാന്ത്രികതയും ആയുള്ള ബന്ധത്തിൽ ഞാൻ യാന്ത്രികമായി ഇരുന്നു..അപ്പോഴാണ് അവൻ പുറകിൽ നിന്നു ആ വിളി വളരെ പരിഭ്രമത്തോടെ വിളിക്കുന്നത്….നമ്മളും ഇന്റർവെല്ലിൽ കളിച്ചതല്ലേ എന്നായിരുന്നു അവന്റെ വിളിയിലെ ചോദ്യം..എന്നാൽ അവനോടു ഞാൻ ഇരിക്കാൻ ആംഗ്യം കാട്ടുകയാണ് ചെയ്തത്..അതു കള്ളമാണെന്നു ഉള്ളിൽ അറിഞ്ഞുകൊണ്ടുതന്നെ..യാന്ത്രികതയുടെ ചുമലിൽ ആ പ്രവൃത്തിയും ചാർത്തിയേക്കാം…..എങ്ങനെ ഒക്കെ ആയാലും ഞങ്ങൾ അന്ന് ഒരു തലിൽ നിന്ന് രക്ഷപ്പെട്ടു..
അന്ന് എന്നെ കള്ളത്തരം കാണിക്കുന്നതിൽ നിന്നു വിലക്കാൻ ശ്രമിച്ച ആ ശബ്ദത്തിന്റെ ഉടമയുടെ പേര് ഇന്ന് എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല..പക്ഷെ ആ വിളിയുടെ ശബ്ദം എന്നിൽ നിന്ന് ഇന്നും ഒഴിഞ്ഞു പോയിട്ടില്ല… ഞാൻ കള്ളത്തരം കാണിക്കുന്നതിന് മുൻപായി ആ വിളി ഒരു അശരീരി പോലെ എവിടെ നിന്നോ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു...
_________________________
Nota Bene : എന്നും പറഞ്ഞോണ്ടു ഞാൻ കള്ളത്തരം കാണിക്കുന്നതിൽ കുറവൊന്നും ഇല്ല കേട്ടോ ..ഒരു കാര്യം പറഞ്ഞേക്കാം.. ഞാൻ അത്ര വെടിപ്പൊന്നുമല്ല…ജാഗ്രതേയ്…
“I don’t want your love , I don’t know what love is. I want your admiration and obedience as a player in my fake make-believe world.”….’*BuHaHaHA*’..
– Someone like me..
💐💐💐💐💐💐💐💐💐💐💐💐💐💐💐💐