“ശുമ്പോദയ , ഹേഗേ ഇതിരാ”
ഗോപാൽ അവൾക്കു മെസ്സേജ് അയച്ചു…മനസിലുള്ള വികാരം എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവ് അവനു നഷ്ടപ്പെട്ടിരുന്നു.. അതിനെന്നോളം അവൻ ഒരു ചോദ്യ ചിഹ്നവും ടൈപ്പ് ചെയ്ത് അയച്ചു.
“?”
ഒരു മറുപടിക്കായി അവൻ കാത്തിരുന്നു.അവന്റെ ഹൃദയം പടപടാന്നു മിടിക്കാൻ തുടങ്ങി.അവൾ busy ആയിരിക്കും എന്ന് ഓർത്തു അവൻ സമാധാനിച്ചു..അഞ്ചു മിനിറ്റിനു ശേഷം സ്ക്രീനിൽ മറുപടി വന്നിട്ടാണ് അവൻ കണ്ണൊന്നു ചിമ്മിയത്.
“ചന്ന ഇതിനി” കൂടെയൊരു സ്മൈലിയും.
പക്ഷെ ഈ ഉത്തരം അല്ലായിരുന്നു അവൻ പ്രതീക്ഷിച്ചത്. അവന്റെ കന്നഡ സുഹൃത്തു വേറെ എന്തോ ആയിരുന്നു മറുപടിയായി പഠിപ്പിച്ചിട്ടുണ്ടായിരുന്നത്.
മറുപടിയുടെ അർത്ഥം എന്തായാലും ആ സ്മൈലിയിൽ അവൻ ആനന്ദിച്ചു. എന്തായാലും ഇന്നലെ രാത്രി കഷ്ടപ്പെട്ടിരുന്നു കന്നഡയിൽ രണ്ടു dialogue പഠിച്ചത് കൊണ്ടാണല്ലോ ഇങ്ങനെ ഒരു ഓപ്പണിങ് കിട്ടിയതു.അവനു അവനോടു തന്നെ മതിപ്പു തോന്നി.
“തിരക്കിലാണോ” അവൻ ചോദിച്ചു.
“അല്ല എന്റെ കന്നഡ ഫ്രണ്ടിനോട് ചോദിക്കാൻ പോയതാരുന്നു.. ഇതിന്റെ അർത്ഥവും മറുപടിയും” കൂടെ ഒരു നാക്കു നീട്ടിയ സ്മൈലി.
ഈ മറുപടി അവനെ വേറെ ഏതോ ലോകത്തേക്ക് കൊണ്ടുപോയി..
അവനും അയച്ചു ഒരു സ്മൈലി..നാക്കു നീട്ടിയ സ്മൈലി അല്ല.. ഒരു പുഞ്ചിരിയുടെ സ്മൈലി.
അവൾ തുടർന്നു..
“കന്നഡ ഒക്കെ അറിയാമല്ലോ”
അവൻ മനസ്സിൽ സൂക്ഷിച്ചു വച്ച മറുപടി പറഞ്ഞു .
” ഒരു roommate കന്നടക്കാരനാണ്”
അവനു കന്നഡ പഠിക്കാനുള്ള താൽപ്പര്യം കൊണ്ടല്ല, അവൾക്കു വേണ്ടിയാണ് അവൻ ആ വഴങ്ങാത്ത ഭാഷ പഠിക്കാൻ ശ്രമിച്ചത്.പക്ഷെ അത് അവൻ അവളോട് പറഞ്ഞില്ല..
__________________________
യഥാ സമയത്തിനായി അവൻ മനസ്സു തുറക്കാൻ കാത്തിരുന്നു.
അവർക്കിടയിലുള്ള ഇരുണ്ട മൂടുപടം അവൻ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല.പിന്നീട് എപ്പോഴോ അവൻ തിരിച്ചറിഞ്ഞു അവൾ തന്റേതാവിലെന്നു. അവൻ ഒരുപാട് വേദനിച്ചെങ്കിലും അവന്റെ മനസ്സു തകരാൻ അനുവദിച്ചില്ല..അവൻ തന്റെ ആത്മാവിനോട് മന്ത്രിച്ചു.
“ഈ ജന്മത്തിൽ അവൾക്കു ഉതകുന്നവൻ ആയിരുന്നില്ല ഞാൻ.അടുത്ത ജന്മത്തിനായി ഞാൻ കാത്തിരിക്കാം”
#####
കാത്തിരിക്കുന്നു അടുത്ത
ജന്മത്തിലേക്കായി, എങ്കിലും
ഓർത്തിരിക്കുന്നു നിൻ ഓർമകൾ
ഈ ജന്മത്തിൽ; ഞാൻ
സ്വപ്നങ്ങൾ നെയ്തിരിക്കുന്നു.
######